ഗ്രീൻലൻഡിൽ ഫലം കണ്ട റട്ടെ തന്ത്രം, യുഎസിന്‍റെ പുതിയ ശത്രുപട്ടികയിൽ നിന്ന് റഷ്യയും ചൈനയം പുറത്ത്!

Published : Jan 27, 2026, 07:35 PM IST
Trump's news World order

Synopsis

യുഎസ് പ്രതിരോധ വകുപ്പ് പുതിയ നയരേഖ പുറത്തുവിട്ടതോടെ ലോകക്രമത്തിൽ മാറ്റങ്ങൾ പ്രകടമാവുകയാണ്. ഇതിനിടെ, ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണി യൂറോപ്പിനെ അസ്വസ്ഥമാക്കി. എന്നാൽ, മാർക്ക് റട്ടെയുടെ ഇടപെടൽ ഈ പ്രതിസന്ധിക്ക് താൽക്കാലിക വിരാമമിട്ടു.

 

മേരിക്കൻ പ്രതിരോധവകുപ്പ് പുതിയ നയരേഖ പുറത്തുവിട്ടു. ചൈനയും റഷ്യയും ശത്രു പട്ടികയിലില്ല. പടിഞ്ഞാറൻ ഗോളാർദ്ധവും അമേരിക്കയും പ്രധാനം, ഇവയുടെ സുരക്ഷയും. സഖ്യകക്ഷികൾക്ക് കുറച്ചുമാത്രം പിന്തുണ. യാഥാർത്ഥ്യബോധത്തോടയുള്ള നീക്കങ്ങൾ എന്നാണ് പ്രസ്താവന. യുട്ടോപ്യൻ ആശയങ്ങൾ ഇല്ല. തായ്‍വാനെക്കുറിച്ച് പരാമർശമേയില്ല. അതുമാത്രമല്ല, റഷ്യയുടെ യുക്രൈയ്ൻ അധിനിവേശം, നേറ്റോയുടെ കിഴക്കോട്ടുള്ള അംഗങ്ങൾക്ക് നിയന്ത്രിക്കാവുന്ന ഭീഷണി എന്നാണ് രേഖ, വടക്കൻ കൊറിയയും അമേരിക്കയ്ക്ക് ഭീഷണിയല്ല. അത് തെക്കൻ കൊറിയ നോക്കട്ടെ. ഇതൊക്കെയാണ് പുതിയ പെന്‍റഗൺ നയരേഖ. പഴയ ലോകക്രമം ഇനി ഓർമ്മമാത്രം. ഐക്യം, ആവശ്യം എന്ന് പറഞ്ഞ കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ വാക്കുകൾക്ക് പ്രാധാന്യമേറുകയാണ്. ഇതിനോടെല്ലാം ചേർത്തുവായിക്കണം ട്രംപിന്‍റെ ഗ്രീൻലൻഡ് മോഹവും യുക്രൈയ്നിലെ ത്രികക്ഷി ചർച്ചകൾ പോലും. ലോകക്രമം മാറുന്നു.

'Whisperer in chief'

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഗ്രീൻലൻഡിന്‍റെ പേരിൽ മുഴക്കിയ ഭീഷണികൾ ഡാവോസിലെ മഞ്ഞിലുരുകിപ്പോയി, തൽകാലത്തേക്കെങ്കിലും. എല്ലാം മായ്ച്ചു എന്ന മട്ടിലാണിപ്പോൾ പ്രസിഡന്‍റിന്‍റെ പ്രതികരണം. ധാരണയുണ്ടായിയെന്നു പറയുന്നെങ്കിലും അതിനെപ്പറ്റി ഡെൻമാർക്കിന് ഒന്നുമറിയില്ല. ചർച്ച നടന്നത് ട്രംപും നേറ്റോ മേധാവി മാർക്ക് റൂട്ടെയുമായാണ് (Mark Rutte). എന്തായാലും റുട്ടെയ്ക്ക് ഒരു വിശേഷണം കൂടി കിട്ടി, 'whisperer in chief'. ഡച്ച് പ്രധാനമന്ത്രിയായിരുന്ന കാലത്ത് 'Teflon Mark' എന്നാണ് അറിയപ്പെട്ടിരുന്നത്. ഏത് പ്രതിസന്ധിയിൽ നിന്നും തലയൂരാനുള്ള കഴിവ് കാരണം. ഏറ്റവും കൂടുതൽ കാലം ഡച്ച് പ്രധാനമന്ത്രിയായിരുന്ന റട്ടെ, അന്ന് നാല് സഖ്യകക്ഷി സർക്കാരുകളെ നയിച്ചു. അക്കാലത്ത് പല വിവാദങ്ങൾ അതിജീവിച്ചു. പിന്നെ നേറ്റോ മേധാവി സ്ഥാനത്തേക്ക് പിന്തുണക്കാൻ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബനേയും തുർക്കി പ്രസി‍ഡന്‍റ് തയിബ് എർദോഗനെയും പ്രേരിപ്പിച്ചത് അവിശ്വസനീയമായിരുന്നു.

(മാർക്ക് റട്ടെ)

ഗ്രീൻലൻഡിന് മുകളിലെ ഭീഷണി

കഴിഞ്ഞ രണ്ടാഴ്ചയായി യൂറോപ്പ് മുൾമുനയിലായിരുന്നു. ട്രംപിന്‍റെ ഗ്രീൻലൻഡ് പ്രസ്താവനകൾ കാരണം. ഗ്രീൻലൻഡ് വേണം, തന്നില്ലെങ്കിൽ പിടിച്ചെടുക്കും, വേണ്ടിവന്നാൽ ബലപ്രയോഗം ഇങ്ങനെ പോയി പ്രസിഡന്‍റിന്‍റെ ഭീഷണികൾ. അതിന് സമ്മതിക്കാതിരുന്നാൽ യൂറോപ്പിന് അധിക ചുങ്കം ചുമത്തുമെന്നും പ്രഖ്യാപിച്ചു. അമേരിക്കയുടെയും യൂറോപ്പിന്‍റെയും സുരക്ഷക്ക് ഗ്രീൻലൻഡ് അമേരിക്ക ഭരിക്കുന്നതാണ് നല്ലതെന്നും പ്രസിഡന്‍റ് പറഞ്ഞു. ഗ്രീൻലൻഡിന്‍റെ തന്ത്രപ്രധാന സ്ഥാനം ഒരു വിഷയമാണ്. പക്ഷേ അതുമാത്രമല്ല, ധാതുസമ്പത്ത് കൂടിയാണ് അമേരിക്കയുടെ ലക്ഷ്യമെന്നായി വ്യാഖ്യാനം. യൂറോപ്പ് ഒറ്റക്കെട്ടായി എതിർത്തു. ഡെൻമാർക്കിനൊപ്പമെന്ന് പ്രഖ്യാപിച്ചു. ഗ്രീൻലൻഡിലെ ഇന്യൂയിറ്റ് വംശജരായ നാട്ടുകാർ പരിഭ്രമിച്ചു.

മാർക്ക് റട്ടെയുടെ തന്ത്രം

നേറ്റോ അംഗരാജ്യമായ അമേരിക്ക, അതേപോലെ അംഗമായ ഡെൻമാർക്ക്. പരസ്പരം വാളെടുത്താൽ അത് നേറ്റോയുടെ അന്ത്യം കുറിക്കുമെന്ന ആശങ്ക മുന്നറിയിപ്പിന്‍റെ രൂപത്തിൽ പ്രകടിപ്പിച്ചു നേറ്റോ മേധാവി. യൂറോപ്പ് അമേരിക്കയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന് പലതവണ ഓർമ്മപ്പെടുത്തലുണ്ടായി. അമേരിക്കയുമായുള്ള വ്യാപാര കരാറിന് അംഗീകാരം നൽകാനുള്ള നടപടികൾ യൂറോപ്യൻ പാർലമെന്‍റ് നിർത്തിവച്ചു. ദാവോസിലെ ഉച്ചകോടിയിൽ ഒരേറ്റുമുട്ടലാവണം യൂറോപ്പ് പ്രതീക്ഷിച്ചത്.

ഒന്നുമുണ്ടായില്ല. ഗ്രീൻലൻഡ് ബലം പ്രയോഗിച്ച് പിടിച്ചെടുക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. നേറ്റോ മേധാവി മാർക്ക് റട്ടെയുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയിലെത്തിയെന്നും തൊട്ടുപിന്നാലെ പ്രഖ്യാപിച്ചു. യൂറോപ്പിന് അധിക ചുങ്കം ചുമത്തില്ലെന്നും അറിയിച്ചു. അമ്പരപ്പ് ഇതുവരെ തീർന്നിട്ടില്ല യൂറോപ്പിനും ബാക്കിയുള്ളവർക്കും. ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ചോദ്യം. പക്ഷേ, ഉത്തരമില്ല. ധാരണയുണ്ടായി, അമേരിക്കയ്ക്ക് സർവസ്വാതന്ത്ര്യം എന്നാണ് ധാരണയെന്ന് പ്രസിഡന്‍റ് പറഞ്ഞു. പക്ഷേ, അങ്ങനെയൊരു ചർച്ചയെ നടന്നിട്ടില്ല, തങ്ങളുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഡെൻമാർക്ക് അറിയിച്ചു. പിന്നെ ശ്രദ്ധ നേറ്റോ മേധാവിയിലേക്കായി. അതിന് കാരണമുണ്ട്. ട്രംപിന്‍റെ ആദ്യഭരണ കാലത്ത് നെതർലൻഡ്സ് പ്രധാനമന്ത്രിയായിരുന്നു മാർക് റട്ടെ. അന്ന് നേറ്റോക്കെതിരായി ഒച്ചയിട്ട്, ട്രംപ് പിണങ്ങി. അനുനയിപ്പിച്ചത് റട്ടെയാണ്. അക്കാലത്ത് വാഷിംഗ്ടൺ പല തവണ സന്ദർശിച്ചിട്ടുണ്ട് റട്ടെ.

അതുകഴിഞ്ഞ് റട്ടെ നേറ്റോ മേധാവിയായപ്പോഴും ആ സൗഹൃദം തുടർന്നു. നേറ്റോയുടെ യോഗത്തിനിടെ ഇസ്രയേൽ - ഇറാൻ ശത്രുത പരാമർശിച്ച് ഒരു മോശം വാക്പ്രയോഗം ട്രംപ് നടത്തി. അതും ക്യാമറകൾക്ക് മുന്നിൽ. റട്ടെ ഉടനെ ഇടപെട്ടു. 'Daddy has to sometimes use strong language' എന്ന് പറഞ്ഞത് ചിരിച്ചുകൊണ്ട്. അത് വ്യാപക പ്രചാരം നേടി. ട്രംപിനും അതിഷ്ടപ്പെട്ടു. പിന്നീടത് വ്യക്തമാക്കുകയും ചെയ്തു. പരസ്യമായി ട്രംപിനെ പ്രശംസിക്കുന്നതിൽ മടി കാണിച്ചിട്ടില്ല റട്ടെ. സ്വകാര്യ ഫോൺ സന്ദേശങ്ങളിലെ പ്രശംസ ട്രംപ് തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. ഇതിന് ചിലപ്പോഴെങ്കിലും റട്ടെയ്ക്കുനേരെ വിമർശനവും ഉണ്ടായിട്ടുണ്ട്. വേറെ പലരുടെയും സൗഹൃദശ്രമങ്ങൾ നിലനിൽക്കാതെ പോയിടത്താണ് റട്ടെയുടെ ശ്രമം വിജയിച്ചത്. കഴിഞ്ഞ വർഷത്തെ നേറ്റോ ഉച്ചകോടിക്ക് മുമ്പും ടെക്സ്റ്റ് മെസേജസ് അയച്ചിരുന്നു റട്ടെ. ആ ഉച്ചകോടി പിരിഞ്ഞത് എല്ലാവരും പ്രതിരോധച്ചെലവ് കൂട്ടണമെന്ന തീരുമാനമെടുത്തിട്ടാണ്.

അതിത്തവണയും ഫലം കണ്ടു, ഗ്രീൻലൻഡിലെ വാശി ട്രംപ് ഉപേക്ഷിച്ചു. ധാരണകൾക്കല്ല റട്ടെ പ്രാധാന്യം നൽകിയത്. സുരക്ഷക്കാണ്. ഗ്രീൻലൻഡിലെ മാത്രമല്ല, ധ്രുവപ്രദേശത്തിന്‍റെ സുരക്ഷക്ക്. അതും ട്രംപിന്‍റെ ആശങ്കകൾ പരിഹരിക്കത്തക്കവണ്ണമുള്ള സുരക്ഷ. 'We discussed his vision' എന്നാണ് റട്ടെ പിന്നീട് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ട്രംപിനെ തളയ്ക്കാൻ റട്ടെ

ഡോണൾഡ് ട്രംപെന്ന അമേരിക്കൻ പ്രസിഡന്‍റിനെ സമാധാനിപ്പിച്ച് നിർത്താൻ കഴിയും റട്ടെയ്ക്കെന്ന് അന്നേ കേട്ടുതുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ റട്ടെ നേറ്റോ മേധാവിയായപ്പോൾ പൊതുവേ യൂറോപ്പിന് ആശ്വാസമായിരുന്നു താനും. മിതവാദിയാണ് റട്ടെ, മുൻ ടെക്നോക്രാറ്റ്. നെതർലൻഡ്സ് ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി. 14 വർഷം നീണ്ട ഭരണം റട്ടെയുടെ പ്രായോഗികതയും എന്തിലും മധ്യസ്ഥം വഹിക്കാനുള്ള കഴിവും തെളിയിച്ചതാണ്.

നേറ്റോ മേധാവിയായ ശേഷം കിഴക്കൻ യൂറോപ്പിനെയും പടിഞ്ഞാറൻ യൂറോപ്പിനെയും ഒരുമിച്ചുകൊണ്ടുപോകുന്നതിലും റട്ടെ കഴിവുതെളിയിക്കുന്നുണ്ട്. ശാന്തതയുടെ പ്രതിരൂപമെന്നാണ് പേര്. പ്രധാനമന്ത്രിയായിരുന്ന കാലത്തും ഓഫീസിലെത്തിയിരുന്നത് സൈക്കിളിലാണ്. നേർവിപരീതമാണ് ട്രംപ്. എല്ലാം വ്യവസായത്തിന്‍റെ മാത്രം കണ്ണിലൂടെ കാണുന്ന പ്രസിഡന്‍റ്, പ്രവചിക്കാനാവാത്ത നീക്കങ്ങളും സ്വഭാവവും. എന്തായാലും തൽക്കാലത്തെ അധിനിവേശ ഭീതിയൊഴിഞ്ഞിരിക്കുന്നു. പൂർണ നിയന്ത്രണം എന്ന വാക്ക് ആവർത്തിക്കുന്നുണ്ട് അമേരിക്കൻ പ്രസിഡന്‍റ്. അതിൽ മാത്രമാണ് ആശങ്ക.

 

PREV
Read more Articles on
click me!

Recommended Stories

വെനിസ്വേലയിൽ യുഎസ് കാത്തിരിക്കുന്നു; ഇന്ന് ഡെൽസി റോഡ്രിഗസ് പിന്തുണ, നാളെ?
ദാവൂദ് ഇബ്രാഹിമിന്റെ ശത്രു, ഹാജി മസ്താന്റെ മിത്രം; മുംബൈയെ വിറപ്പിച്ച കാലിയ ആന്റണി