ഇസ്രയേലിൽ തട്ടി ഉലയുന്ന യുഎസ് - ഗൾഫ് ബന്ധങ്ങൾ

Published : Sep 26, 2025, 11:36 AM IST
US Gulf relations

Synopsis

ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ, അമേരിക്കയിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഗൾഫ് രാജ്യങ്ങൾ സൗദി-പാകിസ്ഥാൻ പ്രതിരോധ കരാർ പോലുള്ള പുതിയ സഖ്യങ്ങളിലേക്ക് നീങ്ങുന്നു. ഇത് പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിവരയ്ക്കുന്നു.

 

പോളണ്ടിന്‍റെയും റൊമാനിയയുടെയും ആകാശത്ത് റഷ്യൻ ഡ്രോണുകൾ വന്നതിന് പിന്നാലെ എസ്റ്റോണിയയിലും എത്തി റഷ്യയുടെ ജെറ്റുകൾ. മൂന്ന് മിഗ് 31 യുദ്ധ വിമാനങ്ങളാണ് അനുമതിയില്ലാതെ എത്തി, 12 മിനിറ്റ് തങ്ങിയത്. ഇത് നാലമത്തെ തവണയാണെന്നാണ് എസ്റ്റോണിയയുടെ ആരോപണം. പോളിഷ് ആകാശത്തെത്തിയ ഡ്രോണുകൾ നേറ്റോ വെടിവച്ചിടുകയായിരുന്നു. തങ്ങളുടേതല്ല, യുക്രെയ്ന്‍റെത് എന്നായിരുന്നു റഷ്യയുടെ മറുപടി. കടന്നുകയറ്റങ്ങൾ കൂടുകയാണോയെന്ന സംശയത്തിന് ശക്തി കൂടുന്നു. അതിന് അടിസ്ഥാനവുമുണ്ട്.

കടന്നു കയറ്റങ്ങൾ

ഗാസയിൽ ഇസ്രയേലും കൂടുതൽ കടന്നുകയറുകയാണ്. കൂട്ടപ്പലായനമാണ് നാട്ടുകാർക്ക് ശേഷിക്കുന്ന വഴി. ആശുപത്രികൾ നിറഞ്ഞു കവിയുന്നു. അമേരിക്ക ആറാം തവണയും യുഎൻ സുരക്ഷാ സമിതി കരട് പ്രമേയം വീറ്റോ ചെയ്തു. സ്ഥിരമായ വെടിനിർത്തലും ബന്ദികളുടെ മോചനവും ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ഹമാസിനെ കുറ്റപ്പെടുത്തുന്നത് പോര, ഇസ്രയേലിന്‍റെ സ്വയം പ്രതിരോധ അവകാശം അംഗീകരിക്കുന്നില്ല എന്നൊക്കയാണ് കാരണമായി പറഞ്ഞത്. 14 അംഗങ്ങളും പ്രമേയം അംഗീകരിച്ചു. ആഗോളതലത്തിൽ ഒറ്റപ്പെടുകയാണ് അമേരിക്കയും ഇസ്രയേലും എന്നാണ് വിലയിരുത്തൽ.

പലായനം നടക്കുന്നു ഒരു വശത്ത്, അത്രയും തന്നെ ആൾക്കാർ ഒഴിഞ്ഞു പോകാനും വിസമ്മതിക്കുന്നു. ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ ലഘുലേഖകൾ വിതരണം ചെയ്യുന്നു. പോയാൽ പിന്നെ ഒരു തിരിച്ചു വരവുണ്ടാകില്ലെന്ന് പേടിച്ച് കുറേപ്പേർ പോകുന്നില്ല. പോകാമെന്ന് വെച്ചാലും ചെലവ് താങ്ങാൻ പറ്റില്ല. ഭീമമായ കൂലിയാണ് വാഹനങ്ങൾക്ക്. അതുകൊണ്ട് ഭൂരിപക്ഷവും നടന്ന് തന്നെ പോകുന്നു. മണിക്കൂറുകളോ ദിവസങ്ങളോ നടന്ന്, എത്തുന്ന സ്ഥലത്തും അവസ്ഥ മോശം. തെരുവിലിരിക്കയാണ് ഭൂരിപക്ഷം പേരും.

(ട്രംപ് ഖത്തർ സന്ദര്‍ശന വേളയില്‍)

ഭീകര കേന്ദ്രങ്ങൾ തകർക്കുന്നു എന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഭീകരരെ വധിക്കുന്നുവെന്നും. ഇനിയും 3,000 പേരുണ്ട് ഹമാസിന് എന്നാണ് വാദം. അവരെല്ലാം ഗാസ നഗരത്തിലുണ്ടെന്നും. 10 ലക്ഷം പേരുടെ വാസസ്ഥലം. ക്ഷാമം ഉറപ്പിച്ചത് കഴിഞ്ഞ മാസം. അവിടെയാണ് കെട്ടിടങ്ങൾ ഒന്നോടെ ഇസ്രയേൽ തകർത്തെറിയുന്നത്. ആശുപത്രികളിൽ ഇടമില്ല. കുഞ്ഞുങ്ങളുടെ കരച്ചിൽ പ്രതിധ്വനിക്കുന്നു. വംശഹത്യയാണ് നടക്കുന്നതെന്ന് എല്ലാവരും ഒരേസ്വരത്തിൽ പറയുന്നു. പക്ഷേ, നെതന്യാഹുവിന് മാത്രം കുലുക്കമില്ല.

വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം

പശ്ചിമേഷ്യയിലെ മാത്രമല്ല ഗൾഫ് മേഖലയിലേയും സാഹചര്യം മാറ്റിവരയ്ക്കപ്പെടുകയാണ് ഇപ്പോൾ. ഖത്തറിനെ ആക്രമിച്ച ഇസ്രയേൽ പരിധി കടന്നുവെന്ന വിലയിരുത്തലിൽ മുന്നോട്ട് നീങ്ങുകയാണ് രാജ്യങ്ങൾ. അടിയന്തര ഉച്ചകോടികളും അതിൽ തീരുമാനങ്ങളുമുണ്ടായി. ജിസിസി രാജ്യങ്ങൾക്ക് സ്വന്തമായി സൈന്യമുണ്ട്. സൗദിയാണതിൽ മുന്നിൽ. അമേരിക്കയുമായി സുരക്ഷാ ധാരണയുണ്ട് ഗൾഫ് രാജ്യങ്ങൾക്ക്. പക്ഷേ, ഔദ്യോഗികമല്ല. സെനറ്റ് അംഗീകരിച്ചിട്ടില്ല. പതിറ്റാണ്ടുകളായി അമേരികയ്ക്ക് ഈ രാജ്യങ്ങളിലെല്ലാം സൈനികാസ്ഥാനവുമുണ്ട്. ഖത്തറിലാണ് അതിൽ ഏറ്റവും വലുത്. വ്യോമപ്രതിരോധ സംവിധാനങ്ങൾ അമേരിക്കൻ യൂറോപ്യൻ, റഷ്യൻ, ചൈനീസ് സംവിധാനങ്ങൾ ചേർന്നതാണ്. ആക്രമണത്തിന് പിന്നാലെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഖത്തറിലെത്തി ചർച്ചകൾ നടന്നു. പക്ഷേ, ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്കയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോയെന്ന് സംശയിക്കണം. സൗദിയും ആണവ ശക്തിയായ പാകിസ്ഥാനും ഒപ്പിട്ട പ്രതിരോധ കരാർ അതിന്‍റെ പ്രതിഫലനമാണ്. പാകിസ്ഥാന്‍റെ സൈനിക ശക്തി ഇനി സൗദിയുടെ സഹായത്തിനുണ്ടാവും എന്നുറപ്പിക്കുന്ന കരാറാണത്. ഒരു രാജ്യത്തിന് നേർക്കുണ്ടാകുന്ന ആക്രമണം രണ്ട് കൂട്ടർക്കുമെതിരെ എന്ന കണക്കാക്കുന്ന കരാർ. റഷ്യയും ചൈനയും തമ്മിലൊപ്പിട്ട പോലൊന്ന്.

സഹായത്തിന് എത്താത്ത യുഎസ്

പക്ഷേ, അമേരിക്കയിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടാനുള്ള കാരണങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. 2019-ൽ ഇറാൻ, സൗദിയിലെ എണ്ണഖനന കേന്ദ്രങ്ങൾ ആക്രമിച്ചത് ഒന്ന്, ഇറാനെതിരായ ട്രംപിന്‍റെ നടപടികളെ പിന്തുണച്ചതിനായിരുന്നു ആക്രമണം. അമേരിക്ക പക്ഷേ, ഇറാനെതിരെ ഒരു നടപടിയുമെടുത്തില്ല. അതോടെ സുരക്ഷാ ധാരണ എഴുതിത്തയ്യാറാക്കണമെന്നും അതിലൊപ്പിടണമെന്നും സൗദി നിലപാടെടുത്തു. ഇതുവരെ അതുമുണ്ടായിട്ടില്ല. ഇസ്രയേലിനെ അംഗീകരിച്ചാൽ ആവാമെന്ന് ജോ ബൈഡനും ട്രംപും പറഞ്ഞെങ്കിലും പലസ്തീൻ രാജ്യ രൂപീകരണമാണ് സൗദി വ്യവസ്ഥയായി മുന്നോട്ട് വച്ചത്. അതുണ്ടായില്ല, കരാറുമുണ്ടായില്ല.

(ജിസിസി രാജ്യങ്ങളുടെ ദേശീയ പതാകകൾ)

ഇപ്പോൾ ഖത്തറിനെ ആക്രമിച്ചിട്ടും അമേരിക്ക നോക്കി നിന്നു. അതാണ് പാകിസ്ഥാനുമായുള്ള ധാരണയ്ക്ക് അടിസ്ഥാനമായത്. പക്ഷേ, അതിലും പരസ്പരം സഹായത്തിനെത്തണമെന്ന് വ്യവസ്ഥയില്ലെന്നാണ് വിദഗ്ധപക്ഷം. പാകിസ്ഥാനുമായി സൗദിക്ക് സാമ്പത്തിക - സുരക്ഷാ ബന്ധങ്ങളുണ്ട്. ഇസ്ലാമാബാദിന്‍റെ ആണവ പദ്ധതിക്ക് സഹായം നൽകിയെന്ന റിപ്പോർട്ട് ഉൾപ്പടെ. സൗദിയിലെ മക്കയും മദീനയും സംരക്ഷിക്കാമെന്ന് പാകിസ്ഥാൻ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തോടെ ബന്ധത്തിന് ആഴം കൂടിയെന്നാണ് റിപ്പോർട്ട്. ധാരണ എന്തായാലും ഇസ്രയേലിന് ഒരു മുന്നറിയിപ്പാണ്. ഇസ്രയേലുമായുള്ള ധാരണക്ക് പകരമായി സൈനികേതര ആണവ പദ്ധതിക്ക് അമേരിക്കയുടെ സഹായം സൗദി തേടിയിട്ടുണ്ട്. അതും യാഥാർത്ഥ്യമായില്ല.

ജിസിസി ഐക്യപ്പെടുമോ?

സൗദിക്ക് ബാലിസ്റ്റിക് മിസൈൽ പദ്ധതിയുണ്ട്. അത് ആണവായുധത്തിന് തുടക്കമാവാം. പക്ഷേ, nuclear non proliferation treaty യിൽ സൗദി ഒപ്പിട്ടിട്ടുണ്ട്. അങ്ങനെ പല മുഖങ്ങളാണ്, പ്രശ്നത്തിന്. ജിസിസി രാജ്യങ്ങൾക്ക് സംയുക്ത സൈന്യം വേണെമന്ന അഭിപ്രായമുണ്ട്. പക്ഷേ, നടപ്പായിട്ടില്ല. അത് പല കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. അവിശ്വാസം ഒന്ന്, വിദേശനയത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകൾ മറ്റൊന്ന്. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സൗദി - യുഎഇ - ബഹ്റൈൻ നടപടി ഉദാഹരണം. പക്ഷേ, അമേരിക്കയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ ഇനി പ്രയാസമാകുന്നതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാം മാറ്റിവരയ്ക്കപ്പെട്ടേക്കാം. ഗാസ യുദ്ധ സാഹചര്യത്തിൽ പ്രത്യേകിച്ചും.

 

PREV
Read more Articles on
click me!

Recommended Stories

നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം
അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി