ചൈനീസ് പ്രസിഡന്‍റിന് കിട്ടിയത് വൻ വരവേൽപ്പാണ്. സൈനികത്താവളത്തിൽ സൈനിക ബഹുമതികളോടെ സ്വാഗതം. വിരുന്ന്, ചല പദ്ധതികളുടെ പ്രഖ്യാപനം. സുഹൃദ് ബന്ധം തുടരണമെന്ന് രണ്ടുകൂട്ടരും പ്രതിജ്ഞയുമെടുത്തു. പക്ഷേ, ത്യൂസിഡിസ് ട്രാപിനെ കുറിച്ച് പിന്നെയും മുന്നറിയിപ്പ് നൽകി ഷീ.
ട്രംപ്, ഷീ കൂടിക്കാഴ്ച ലോകം മുഴുവൻ കാത്തിരുന്നു എന്നൊന്നും പറയാനില്ല. പക്ഷേ എന്തിലൊക്കെ ചർച്ച നടക്കുമെന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു എല്ലാവർക്കും. തായ്‍വാന് പ്രത്യേകിച്ച്. എഐ മേഖലയും അതിന്‍റെ വിമർശകരും കാത്തിരുന്നു. എന്താവും എന്നറിയാൻ. ഒന്നുമുണ്ടായില്ല. ചർച്ച നടന്നോയെന്നുതന്നെ വ്യക്തമല്ല. ഒരു പരാമർശമൊഴിച്ചാൽ ഷീ എഐയെ കുറിച്ച് ഒന്നു പറഞ്ഞതായി അറിഞ്ഞിട്ടില്ല. തായ്‍വാന്‍റെ കാര്യത്തിൽ അമേരിക്കയ്ക് മുന്നറിയിപ്പും കിട്ടി. ഷീ, ത്യൂസിഡിസ് ട്രാപിനെ (Thucydides Trap) കുറിച്ച് വീണ്ടും പറഞ്ഞു. വ്യാപാര വെടിനിർത്തൽ നീട്ടി. സമ്മാനങ്ങൾ കൈമാറി. എഐയിൽ സഹകരിക്കാമെന്ന് വെറുതെയൊരു വാക്കും പറഞ്ഞു. അത്രേയുണ്ടായുള്ളൂ.
വൻ വരവേൽപ്പ്, പക്ഷേ...
ചൈനീസ് പ്രസിഡന്‍റിന് കിട്ടിയത് വൻ വരവേൽപ്പാണ്. സൈനികത്താവളത്തിൽ സൈനിക ബഹുമതികളോടെ സ്വാഗതം. വിരുന്ന്, ചല പദ്ധതികളുടെ പ്രഖ്യാപനം. സുഹൃദ് ബന്ധം തുടരണമെന്ന് രണ്ടുകൂട്ടരും പ്രതിജ്ഞയുമെടുത്തു. പക്ഷേ, ത്യൂസിഡിസ് ട്രാപിനെ കുറിച്ച് പിന്നെയും മുന്നറിയിപ്പ് നൽകി ഷീ. ത്യൂസിഡിസ് ട്രാപ്പെന്നാൽ, ആഗോള ശക്തിപരീക്ഷണത്തിൽ, മുന്നിലെത്തുന്ന രാജ്യവും പിന്നിലാകുന്ന രാജ്യവും തമ്മിലെ അസ്വാരസ്യം യുദ്ധത്തിലെത്തുന്ന സ്ഥിതിവിശേഷമാണ്. ചൈന മുന്നിലും അമേരിക്ക പിന്നിലുമെന്ന് വ്യംഗ്യാർത്ഥം. ചൈനയുടെ മുന്നേറ്റത്തെ തടുക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്നാണ് ചൈനയുടെ നേരത്തെയുള്ള സംശയം. അത് വേണ്ട, ചർച്ചകൾ നടക്കണം, പരസ്പരം മനസിലാക്കണമെന്ന് ഷീ ആവശ്യപ്പെട്ടു. അതത്ര എളുപ്പമല്ല. പരസ്പരമുള്ള സംശയങ്ങൾ അത്രത്തോളമാണ്. മത്സരവും. നയതന്ത്ര പരിഹാരം എളുപ്പവുമല്ല. ചുങ്കത്തിലാണ് തീരുമാനങ്ങൾ പ്രതീക്ഷിച്ചത്. തൽകാലത്തേക്ക് ഉദ്യോഗസ്ഥർ ഒരു നീട്ടിവയ്ക്കൽ പ്രഖ്യാപിച്ചു. അത്രേയുള്ളൂ.
ഏക ആശ്വാസം നീട്ടിയ വ്യാപാര വെടിനിർത്തൽ
വ്യാപാര, നിക്ഷേപ ബോർഡുകൾ രൂപീകരിക്കാൻ മെയിലെ കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും തീരുമാനിച്ചിരുന്നു. വ്യാപാരത്തിൽ ഒരു വർഷത്തെ വെടിനിർത്തൽ ഇപ്പോൾ, രണ്ട് മാസത്തേക്ക് കൂടി നീട്ടി. അതുമാത്രമാണ് ആശ്വാസം. അതുകൊണ്ട് തൽകാലത്തേക്ക് ആശ്വാസം.
നിലപാടില്ലാതെ എഐ
എഐയിലെ ചൈനയുടെ മുന്നേറ്റം ട്രംപിന് നീരസമാണ്. അതുകൊണ്ടുതന്നെ എഐയിലെ ആശങ്കകളെല്ലാം തള്ളിക്കളയുകയാണ് ട്രംപ്. സംശയങ്ങൾ ശരിവച്ചാൽ എഐ രംഗത്ത് വികസനം മുരടിക്കുമെന്നും അതോടെ സമ്പദ് വ്യവസ്ഥ താറുമാറാകുമെന്നും ട്രംപ് സംശയിക്കുന്നു. അത് കുറച്ചൊക്കെ സത്യവുമാണെന്നാണ് വിദഗ്ധ പക്ഷം. തന്‍റെ ഭരണകാലത്ത് അത് സംഭവിക്കരുതെന്ന് ട്രംപിന് നിർബന്ധമുണ്ട്. മത്സരം കുറയ്ക്കാൻ തയ്യാറുമല്ല. എന്നാൽ, അമേരിക്കൻ ജനതയ്ക്ക് മറിച്ചാണ്. എഐ മനുഷ്യന്‍റെ അന്ത്യം കുറിക്കുമെന്ന തരത്തിലെ പ്രചാരണങ്ങൾ വ്യാപകവുമാണ്. ഡേറ്റാ സെന്‍ററുകൾ നിർമ്മിക്കാൻ പല സംസ്ഥാനങ്ങളിലെയും പ്രദേശങ്ങൾ വിസമ്മതിച്ച് തുടങ്ങിയിരുന്നു. വളരെ സൂക്ഷിച്ച് മാത്രം, അങ്ങേയറ്റത്തെ മുൻകരുതലുകൾ പാലിച്ച് കൊണ്ട് മാത്രം മുന്നോട്ടെന്നാണ് പല വിദഗ്ധരുടെയും മുന്നറിയിപ്പ്. ട്രംപ്, ഷീ കൂടിക്കാഴ്ച ഇതിലൊന്നും തീരുമാനങ്ങൾ എടുത്തിട്ടില്ല. ഷീയുടെ ചെറിയൊരു പരാമർശമൊഴിച്ചാൽ.
വാക്ക് കൊടുക്കാതെ ചൈന
അമേരിക്കയുടെ കാർഷികോത്പന്നങ്ങൾ വാങ്ങാമെന്ന വാക്കൊന്നും ചൈന പാലിക്കാൻ തയ്യാറായിട്ടില്ല. കൂടുതൽ അപൂർവധാതുക്കൾ വിൽക്കാമെന്ന വാക്കും പാലിച്ചിട്ടില്ല. അതേസമയം, അമേരിക്കയുടെ തായ്വാൻ നയത്തിലാണ് ചൈനയുടെ ബുദ്ധിമുട്ട്. തായ്വാന് ആയുധം നൽകുന്നത് നിർത്തണമെന്ന് നേരത്തെ തന്നെ ഷീ, ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതുകാരണം 154 ബില്യന്‍റെ ആയുധവിൽപനയാണ് ട്രംപ് തടഞ്ഞുവച്ചിരിക്കുന്നത്. പക്ഷേ, തായ്വാന്‍റെ സുരക്ഷ അമേരിക്കയുടെ ചുമതലയാണ്. രണ്ടുരാജ്യങ്ങളും തമ്മിലെ ധാരണയനുസരിച്ച്. എന്നാൽ, തായ്വാൻ പ്രശ്നം സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ യുദ്ധം വരെയെത്തും കാര്യങ്ങളെന്നാണ് ഷീ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ത്യൂസിഡിസ് ട്രാപ് എന്ന വാക്കുപയോഗിച്ചത് അമേരിക്കയെ പിന്നിലാകുന്ന ശക്തിയെന്ന സൂചിപ്പിച്ച് കൊണ്ടുകൂടിയാണ്.
പാണ്ട നയതന്ത്രം
നല്ലൊരു ചർച്ചയെന്ന് ട്രംപ് വിശേഷിപ്പിച്ചത് കാര്യമാക്കാനും പറ്റില്ല. കാഴ്ചയിൽ എല്ലാം ശുഭം. അമേരിക്കയുടെ ദേശീയ ചിഹ്നമായ കഷണ്ടി കഴുകന്‍റെ ശിൽപം ട്രംപ്, ഷീക്ക് സമ്മാനമായി നൽകി. ഷീയെ സംബന്ധിച്ച് വ്യക്തിബന്ധം വലുതാണെന്നാണ് വിദഗ്ധപക്ഷം. അത് നിലനിർത്തേണ്ടത് അത്യാവശ്യവും. ഷീ പ്രഖ്യാപിച്ച സമ്മാനം രണ്ട് പാണ്ടകളാണ്. അറ്റ്ലാന്‍റയിലെ മൃഗശാലയിലേക്കാണ് അവയെ എത്തിക്കുക. ഒരു സ്റ്റുഡൻ്റ് എക്സ്ചേഞ്ച് പ്രോഗ്രാമും. 1 ലക്ഷം അമേരിക്കൻ വിദ്യാർത്ഥികൾക്ക് ചൈനയിൽ 5 വർഷത്തെ പഠനം.
ചൈന പൊതുവേ വലിയ സമ്മാനങ്ങളാണ് നൽകാറ്. പക്ഷേ, പടിഞ്ഞാറൻ രാജ്യങ്ങൾക്ക് അതിന് പരിധികളുണ്ട്. വാങ്ങാനും കൊടുക്കാനും. അമേരിക്കൻ പ്രസിഡന്‍റിന് 525 ഡോളറിൽ കൂടുതൽ വിലയുള്ള സമ്മാനങ്ങൾ സ്വീകരിക്കാൻ പാടില്ല. അത് സ്വകാര്യസ്വത്തുമാവില്ല. അതിൽ കൂടുതൽ വിലയുള്ളത് കോൺഗ്രസിന്‍റെ അനുമതിയോടെയേ വാങ്ങാവൂവെന്നാണ് നിയമം. ഖത്തർ നൽകിയ വിമാനത്തിന്‍റെ കാര്യത്തിൽ ട്രംപ് അതൊന്നും അനുസരിച്ചില്ലെങ്കിലും. പക്ഷേ, സമ്മാനങ്ങൾ ചിലപ്പോൾ ചീറ്റിപ്പോകാറുമുണ്ട്. പണ്ട്, ഒബാമ ബ്രിട്ടിഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിന് നൽകിയത് ഡിവിഡികളാണ്. പക്ഷേ, ബ്രിട്ടിഷ് പ്ലെയറുകളിൽ ഇല്ലാതിരുന്ന ഫോർമാറ്റായിരുന്നു എല്ലാം. എന്നാൽ, ഷീയുമായുള്ള നൂൽപ്പാലത്തിൽ തൂങ്ങുന്ന ബന്ധത്തിൽ അങ്ങിനെയൊരു അബദ്ധം പറ്റാൻപാടില്ല. അതുകൊണ്ട് ശ്രദ്ധ വളരെ കൂടുതലുമാണ്.
ആന്ത്രോപിക്കിന്‍റെ അസാന്നിധ്യം
കൂടിക്കാഴ്ചയിലും വിരുന്നിലുമായി, മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ മേധാവികളും ആപ്പിൾ, നിവീഡിയ തുടങ്ങിയവയുടെ മേധാവികളും പങ്കെടുത്തു. ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ, ഗൂഗിളിന്‍റെ സുന്ദർ പിച്ചൈ, ആമസോണിന്‍റെ ജെഫ് ബെസോസ്, ടിക് ടോക്കിന്‍റെ അമേരിക്കൻ ഷെയർഹോൾഡർ ജെഫ് യാസ് എന്നിവരെല്ലാം പങ്കെടുത്തു. പക്ഷേ, ശ്രദ്ധിക്കപ്പെട്ട അസാന്നിധ്യം ആന്ത്രോപിക്കിന്‍റെതാണ്. ക്ഷണിക്കാത്തതാണോ വരാത്തതാണോയെന്ന് വ്യക്തമല്ല.
ചൈനീസ് 'സോഫ്റ്റ് പവർ'
ഷീ, ട്രംപിന് നൽകിയ തായ്വാൻ മുന്നറിയിപ്പ് അടഞ്ഞ വാതിലിന് അപ്പുറത്തെ ചർച്ചയിലാണ്. പരസ്യമായല്ല. ചൈനീസ് മാധ്യമങ്ങൾ അത് എടുത്തുപറയുകയും ചെയ്തു. ഷീയോട് ട്രംപ് ഏറ്റുമുട്ടിയതുമില്ല. അപൂർവധാതുക്കളിലടക്കം ചൈനയ്ക്കുള്ള മേൽക്കൈ പരിഗണിച്ചാവണം എന്നാണ് വിലയിരുത്തൽ. ശക്തനെന്ന് അവകാശപ്പെടുന്ന പ്രസിഡന്‍റ്, ഷീയുടെ മുന്നിൽ പരുങ്ങുന്നത് പലരും ചൂണ്ടിക്കാട്ടുന്നു. വ്യാപാര ചർച്ചകളുടെ വിശദമായ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ട്രംപ്, ഷീ ബന്ധത്തിന്‍റെ ഉയർച്ചതാഴ്ചകൾ എങ്ങനെയായാലും ഷീയുടെ ഭാര്യ പെങ് ലീയ്വാൻ ചൈനയുടെ 'സോഫ്റ്റ് പവർ' ആയുധമായി എന്നാണ് മാധ്യമങ്ങളുടെ വിശേഷണം.
കളം പിടിച്ച് പെങ് ലീയ്വാൻ
അമേരിക്കൻ പ്രഥമവനിത മെലാനിയ ട്രംപുമായി ഇംഗ്ലീഷിൽ തന്നെ സംഭാഷണം, ട്രാൻസിലേറ്റർ ഇല്ലാതെ. ഇരുവരും Smithsonian Museum of Asian Art സന്ദർശിച്ചു. നീലയും പച്ചയും കലർന്ന നിറങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങളും ചൈനീസ് പോർസിലെയ്‍നും കണ്ടു. ചൈനീസ് സ്കൂളിലെ കുട്ടികളുടെ ക്വയർ പാടിയ ചൈനീസ് ഗാനത്തിനൊപ്പം പാടി പെങ് ലീയ്വാൻ.
വൈറ്റ് ഹൗസിലെ ചായ സൽക്കാരവും അവസാന ദിവസമായിരുന്നു.
രണ്ട് നേതാക്കളുടെയും ശരീരഭാഷ വിശകലനം ചെയ്ത ചൈനീസ് മാധ്യമങ്ങളുടെ നോട്ടത്തിൽ ട്രംപ്, ഷീക്ക് നൽകിയത് ബഹുമാനം. ടാർമാക്കിൽ വന്ന് വരവേറ്റത് തന്നെ തെളിവ്. പക്ഷേ, ഷീയുടെ ശരീരഭാഷയിൽ പതിവിന് വിപരീതമായി ഒന്നുമുണ്ടായിരുന്നില്ല. ഇത് ചൈനീസ് പക്ഷം.
കോടതി കയറിയിറങ്ങി മാധ്യമങ്ങൾ
ഇതിനിടെ ഒരു വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഷീയ്ക്ക് നൽകിയ വിരുന്നിൽ നിന്ന് ചില മാധ്യമങ്ങളെ വിലക്കി. CNN, MS NOW എന്നിവർക്കായിരുന്നു വിലക്ക്. ഫെഡറൽ കോടതി ഉത്തരവിട്ടിട്ടും വിലക്ക് നീക്കാൻ തയ്യാറായില്ല. മാധ്യമങ്ങൾ പിന്നെയും കോടതിയിലെത്തി. വിലക്ക് തൽകാലത്തേക്കെങ്കിലും നീക്കണമെന്ന് പിന്നെയും ഉത്തരവുണ്ടായി. അങ്ങനെയാണ് പ്രവേശനം കിട്ടിയത്.
'ഫേക് ന്യൂസ്, കടക്ക് പുറത്ത്!'
നെഗറ്റീവ് കവറേജിനുള്ള ശിക്ഷ എന്നാണ് MS NOW -വിന് കിട്ടിയ മറുപടി. വിരുന്നിന്‍റെ ദൃശ്യങ്ങൾ വൈറ്റ് ഹൗസ് യൂട്യൂബ് ചാനൽ ലൈവായി സംപ്രേഷണം ചെയ്തെങ്കിലും വിലക്കിൽ പ്രതിഷേധിച്ച് ഒരു മാധ്യമവും അത് നൽകിയില്ല. ആദ്യം പൊളിറ്റിക്കോയ്ക്കുമുണ്ടായിരുന്നു വിലക്ക്. പാസ് വരെ പിടിച്ചെടുത്തു. പ്രവേശനം അനുവദിച്ചുവെന്നും പാസ്, ഗേറ്ററിൽ കൊടുത്തിട്ടുണ്ടെന്നും പ്രസ് ഓപ്പറേഷൻസ് ഡയറക്ടർ അറിയിച്ചെങ്കിലും സിഎൻഎന്നിന് അനുവാദം കിട്ടിയില്ല. ഫേക് ന്യൂസ് കൊടുക്കുന്നുവെന്നാണ് ട്രംപിന്‍റെ ആരോപണം. ദേശീയ സുരക്ഷ പോലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ വ്യാജ റിപ്പോർട്ടുകൾ നൽകുന്നുവെന്ന് മറ്റൊരു ആരോപണം. മാധ്യമങ്ങൾ കോടതിയെ സമീപിച്ചിരുന്നു. വൈറ്റ് ഹൗസിനോട് കാരണം ബോധിപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. പക്ഷേ, കാരണം മതിയായതല്ലെന്നായിരുന്നു നിരീക്ഷണം.
