യുഎൻ പൊതുസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കനത്ത തിരിച്ചടി. ഇറാൻ യുദ്ധവും നയതന്ത്ര പരാജയങ്ങളും ട്രംപിനെ പ്രതിരോധത്തിലാക്കിയപ്പോൾ, നെതന്യാഹുവിന് സഭയിൽ വൻ ബഹിഷ്കരണം നേരിടേണ്ടി വന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ സംഭവവികാസങ്ങൾ ഇരുവർക്കും വലിയ വെല്ലുവിളിയാകും.
യുഎൻ പൊതുസഭയിലെ പ്രസംഗം, ഷീയുമായുള്ള കൂടിക്കാഴ്ച, രണ്ട് നയതന്ത്രകാര്യങ്ങളിലും ട്രംപിന് ഉദ്ദേശിച്ച ലക്ഷ്യം നേടാനായില്ലെന്നാണ് പൊതുപക്ഷം. ഷീയെ എഐയിലോ തായ്വാനിലോ അനുനയിപ്പിക്കാൻ ട്രംപിനായില്ല. ഷീ ഉദ്ദേശിച്ചതും നടന്നില്ലെന്നാണ് നിരീക്ഷണം. ട്രംപിന് തായ്വാനിൽ മുന്നറിയിപ്പ് നൽകി എന്നുമാത്രം. പക്ഷേ, ട്രംപിന് വേറെയും ചില ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇടിയുന്ന ജനപ്രീതിയും ഇറാൻ യുദ്ധത്തിൽ ജനങ്ങൾക്കുള്ള മടുപ്പും വിലക്കയറ്റ ആശങ്കയും എഐ ആശങ്കകളും... ഒക്കെയായി പല പ്രശ്നങ്ങൾ നേരിടുന്നെങ്കിലും ഒന്നുമുണ്ടായില്ല. താൻ ശക്തനാണ് എന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. അതും നടന്നില്ലെന്ന് പറയുന്നു നിരീക്ഷകർ.
'തനിക്കെല്ലാം തനിവഴി, ഒടുവിൽ...'
ട്രംപ്, ഭരണത്തിലേറിയ അന്നുമുതൽ വെല്ലുവിളികളും പ്രവചനാതീതമായ പ്രതികരണങ്ങളും പ്രഖ്യാപനങ്ങളുമായി ലോകക്രമം തന്നെ അട്ടിമറിക്കുകയായിരുന്നു. അമേരിക്ക കൂടി സ്ഥാപിച്ച ലോകക്രമം. 'തനിക്കെല്ലാം തനിവഴി' എന്നായിരുന്നു നയം. നയത്തിനോ നയതന്ത്രത്തിനോ അവിടെ സ്ഥാനമില്ല. കൂടിയാലോചനകളില്ല. ഡോണൾഡ് ട്രംപിന്‍റെ ഭരണകാലത്ത്, പ്രസിഡന്‍റിനെ ന്യായീകരിക്കാൻ പാടുപെടുന്ന വക്താക്കളെ മാത്രമേ കണ്ടിട്ടുള്ളു. ഇറാൻ യുദ്ധത്തിലും കൂടിയാലോചനയുണ്ടായില്ല. യൂറോപ്പ് അതിലെ അസ്വാരസ്യം പ്രകടമാക്കുകയും ചെയ്തു. ലോകസമാധാനത്തിന് അത്യന്താപേക്ഷിതമെന്ന് പറഞ്ഞ് തുടങ്ങിയ യുദ്ധം ഇപ്പോൾ ലോക സംവിധാനങ്ങളെയും സാമ്പത്തിക അടിത്തറയെതന്നെയും തകർക്കുകയാണ്. ഏഴുമാസത്തെ യുദ്ധം അമേരിക്കയ്ക്ക് നാശം മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. ഇന്ധന വിലക്കയറ്റമടക്കം ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു. ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കുഴഞ്ഞുമറിഞ്ഞ പ്രശ്നമായിരിക്കയാണ് 'ഇറാൻ യുദ്ധം'.
ബഹിഷ്ക്കരണങ്ങളുടെ പൊതുസഭ
പക്ഷേ, യുഎൻ പൊതുസഭയിൽ ട്രംപ് നടത്തിയ പ്രസംഗം കൂടുതൽ ഗുരുതരമായിരുന്നു. സ്വന്തം നേട്ടങ്ങൾ പറഞ്ഞ് തുടക്കം. ഇറാനെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ്. ഇറാൻ യുദ്ധത്തിന് ന്യായീകരണം. ഭീഷണികളിലൂടെ കാര്യം നേടാമെന്ന വിശ്വാസം ശേഷിക്കുന്നുവെന്ന് കൂടുതൽ വ്യക്തമായി. അതിനുള്ള ഇറാൻ പ്രസിഡന്‍റിന്‍റെ മറുപടിയും കിട്ടി. മുട്ടുമടക്കില്ല, ചെറുത്തുനിൽപ്പ് കൂടുതൽ ശക്തമാകുമെന്ന് പറഞ്ഞു പെസഷ്കിയാൻ. പെസഷ്‍കിയാന്‍റെ പ്രസംഗത്തിനിടെ അമേരിക്കൻ സംഘം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭാ സമ്മേളനത്തിനിടെ അമേരിക്കൻ - ഇറാൻ മധ്യസ്ഥർ കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടായിരുന്നു. വെനിസ്വേലൻ നയത്തിന് ന്യായീകരണം, ക്യൂബയെ അധിക്ഷേപിക്കൽ, അവരുടെ ബഹിഷ്കരണം ഒക്കെ നടന്നു ഇതിനിടെ. മറ്റൊന്ന് കൂടി നടന്നു. നെതന്യാഹുവിനെ കാത്തിരുന്നതും ബഹിഷ്കരണമാണ്. പല രാജ്യങ്ങളുടെയും പ്രതിനിധികൾ വാക്കൗട്ട് നടത്തി. ആദ്യമായല്ല നെതന്യാഹു ബഹിഷ്കരണം നേരിടുന്നത്. കഴിഞ്ഞ വർഷവും ഇത്തവണയും ഉണ്ടായി. പക്ഷേ, പലസ്തീനിയൻ സംഘം മറ്റ് നയതന്ത്ര സംഘങ്ങളോട് പറ്റുന്നത്ര ജീവനക്കാരെ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നിട്ട്, ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു.
നെതന്യാഹുവിന് കൂക്കിവിളി
ഇത്തരത്തിലെ ബഹിഷ്കരണങ്ങൾ പലരും നേരിട്ടിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രിയെ ബഹിഷ്കരിച്ചത് 40 -ഓളം രാജ്യങ്ങളാണ്. സെപ്തംബർ 11 ആക്രമണം (9/11) ദുരൂഹമെന്ന് വിശേഷിപ്പിച്ച ഇറാൻ പ്രസിഡന്‍റ് അഹ്മദി നെജാദ്, അങ്ങനെ പലർ. പ്രതിഷേധം കൂട്ടമായിട്ടാവുമ്പോൾ അത് തിരിച്ചറിയേണ്ട ബാധ്യത അതിനിരയാവുന്നവർക്ക് ഉണ്ട്. അമേരിക്കൻ പ്രസിഡന്‍റിനെ അങ്ങനെ എതിർപക്ഷത്താക്കാൻ പക്ഷേ, ആരുമുണ്ടായില്ല. അമേരിക്കയുടെ വിരോധം സമ്പാദിക്കാൻ താൽപര്യമില്ലെന്നർത്ഥം.
നെതന്യാഹു, പ്രസംഗത്തിനിടെ ഒരു പേജർ ഉയർത്തിക്കാണിച്ചു. ഹെസ്ബുള്ളയെ നിർവീര്യമാക്കിയ പേജർ സ്ഫോടനത്തിന് ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നതിന്‍റെ മാതൃക. ഏഴ് മുന്നണികളിലാണ് ഇക്കഴിഞ്ഞ 3 വർഷമായി ഇസ്രയേലി സൈനികർ പൊരുതുന്നത്. ന്യൂജേഴ്സിയുടെ അത്ര വലിപ്പമുള്ള മറ്റേതെങ്കിലും രാജ്യത്തിന് അത് കഴിയുമെന്ന് തോന്നുന്നുണ്ടോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇറാനെയും ന്യൂയോർക്കിൽ കാലുകുത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിൽ നിന്ന് പിന്നോട്ട് പോവുകയും ചെയ്ത ന്യൂയോർക്ക് മേയർ മംദാനി മുതൽ ബ്രിട്ടനെയും ഫ്രാൻസിനെയും വരെ കടന്നാക്രമിച്ചായിരുന്നു പ്രസംഗം.
പക്ഷേ, കൈയടിയല്ല, കൂക്കിവിളിയായിരുന്നു പ്രതികരണം, പിന്നാലെ ബഹിഷ്കരണവും. സ്വന്തം സംഘം മാത്രം കൈയടിച്ചു.പ്രധാനമന്ത്രി, ഇസ്രയേലിന്‍റെ യുദ്ധങ്ങളെ ന്യായീകരിച്ചു. ജയിച്ചേ തീരൂ. വേറെ വഴിയില്ലെന്നും പ്രഖ്യാപിച്ചു. പലസ്തീൻ പ്രസിഡന്‍റിന്‍റെ റെക്കോഡഡ് സന്ദേശമാണെത്തിയത്. അമേരിക്കൻ വീസ കിട്ടാത്തതാണ് കാരണം.
വരാനുള്ളത് തെരഞ്ഞെടുപ്പുകൾ
ട്രംപിനെയും നെതന്യാഹുവിനേയും കാത്തിരിക്കുന്നത് തെരഞ്ഞെടുപ്പുകളാണെന്നുള്ളത് ഇതിന്‍റെയെല്ലാം വാൽക്കഷ്ണം. അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലും ഇസ്രയേലി ജനതയ്ക്ക് യുദ്ധങ്ങൾ മടുത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടിയുന്ന ജനപ്രീതി ട്രംപിന് മാത്രമല്ല, റിപബ്ലിക്കൻ പാർട്ടിക്ക് തന്നെയും ഭീഷണിയാണ്.
ഡാനി ഡാനണന്‍റെ നീക്കം
ഇതിനിടെ മറ്റൊരു സംഭവം നടന്നു. ഇസ്രയേലിന്‍റെ യുഎൻ അംബാസിഡർ ഇറാനിയൻ പ്രതിനിധിയെ സമീപിച്ചു. സ്റ്റാർലിങ്ക് തരുന്നത് നല്ലതാവുമെന്ന് തോന്നുന്നു. ജനങ്ങൾക്ക് ഉപകാരമാവും. നിങ്ങലുടെ സർക്കാർ അവരോട് ചെയ്തത് വച്ച് നോക്കിയാൽ അവർക്ക് സ്വാതന്ത്ര്യം കിട്ടാൻ ഉപകാരപ്പെട്ടേയ്ക്കുമെന്നാണ് പറഞ്ഞത്. ഇറാനിയൻ പ്രതിനിധി, പ്രതികരിച്ചില്ല. ഇസ്രയേൽ പ്രതിനിധി ഡാനി ഡാനൺ, വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. അത് മറ്റൊരു വാൽക്കഷ്ണം.


