
സിറിയയിലും നല്ല അവസ്ഥയല്ല. അഹ്മതദ് അൽ ഷരാ സർക്കാരിന്. സൗദി അറേബ്യയും അമേരിക്കയും ഫ്രാൻസും പിന്തുണച്ചാണ് അധികാരത്തിലെത്തിയതും ആഗോള രാഷ്ട്രീയ രംഗത്ത് സിറിയയുടെ സാന്നിധ്യം അറിയിച്ചതും. പക്ഷേ സമ്പദ്‍രംഗം താറുമാറായ രാജ്യമാണ് ഷരായക്ക് കൈമാറിക്കിട്ടിയത്. അസദിനെതിരായി ആയുധമെടുത്തവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ട് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഭരണമേറ്റ ഷരായ്ക്ക് കൈയിൽ കിട്ടിയത് കാലിയായ ഖജനാവാണ്. അന്താരാഷ്ട്രതലത്തിലെ സിറിയയുടെ ഒറ്റപ്പെടൽ ഷരാ അവസാനിപ്പിച്ചു. സൗദിയുടെ പിന്തുണ, അമേരിക്കയെ അടുപ്പിച്ചു. ഫ്രാൻസടക്കമുളള രാജ്യങ്ങളും സഖ്യത്തിലായി. മുൻ സർക്കാരിന്‍റെ സഖ്യകക്ഷിയായ റഷ്യയുമായി പോലും ഷരാ സഖ്യം നിലനിർത്തുന്നു. പക്ഷേ, സമ്പദ് സ്ഥിതി മോശം. രാജ്യത്ത് പ്രതിഷേധങ്ങൾ തുടങ്ങിയിരിക്കുന്നു. ഇറാൻ സംഘർഷം കാരണം ഇന്ധനത്തിന് വിലകൂടി. വിലക്കയറ്റം മറ്റുൽപ്പന്നങ്ങളെയും ബാധിച്ചു. അതോടെ ജനമിളകി. തെരുവിലിറങ്ങിയവരെ ആരും തടഞ്ഞില്ല. അസദ് ഭരണകാലത്തേതിൽ നിന്ന് വ്യത്യസ്തം. ആകെ ജനസംഖ്യയിൽ മൂന്നിൽ രണ്ടും ഇടത്തരക്കാരുടെ തന്നെ താഴേത്തട്ടിലാണെന്നാണ് ലോകബാങ്കിന്‍റെ കണക്ക്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് കഴിയുന്നില്ല. നിത്യച്ചെലവിന് തന്നെ ജനം പാടുപെടുന്നു. അതാണിപ്പോഴത്തെ അവസ്ഥ.
സിറിയയുടെ പുനർനിർമ്മാണത്തിൽ 216 ബില്യൻ വേണ്ടിവരുമെന്നായിരുന്നു കണക്ക്. അതിന് വിദേശ നിക്ഷേപമായിരുന്നു പ്രതീക്ഷ. നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ഷരാ വിജയിച്ചു. ഒരു വർഷത്തിനിടെ ഷരാ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നാലുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സിറിയയ്ക്ക് മേലുണ്ടായിരുന്ന ഉപരോധങ്ങൾ അമേരിക്ക പിൻവലിച്ചു. വിദേശനിക്ഷേപം എത്താനുള്ള ആദ്യ പടിയാണത്. തുർക്കി, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ 28 ബില്യന്‍റെ നിക്ഷേപം നടത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ സമ്മതിച്ചിരിക്കുന്നത് 2.7 ബില്യനാണ്. ഫ്രഞ്ച് പ്രസിഡന്‍റ് സാമ്പത്തിക, ഗതാഗത രംഗങ്ങളിൽ നിരവധി പുതിയ ധാരണകളിൽ ഒപ്പിട്ടിട്ടുണ്ട്. പക്ഷേ, പ്രതീക്ഷിച്ചത്ര വേഗത്തിൽ നിക്ഷേപമെത്തിയിട്ടില്ല.
ജനത്തിന്‍റെ അസംതൃപ്തി പ്രക്ഷോഭത്തിലെത്തിയാൽ അസ്ഥിരത മുതലെടുക്കാൻ പല ശക്തികളുണ്ടാവും. ഇറാന്‍റെ പ്രോക്സികളായ സംഘടനകൾ, ഇസ്ലാമിക് സ്റ്റേറ്റിന്‍റെ അവശേഷിക്കുന്ന സംഘങ്ങൾ, അങ്ങനെ പലത്. സിറിയയ്ക്ക് ഇറാൻ യുദ്ധം മറ്റൊരർത്ഥത്തിൽ സഹായകമായിട്ടുണ്ട്. തന്ത്രപ്രധാനമായ സ്ഥാനമാണ് അതിന് കാരണം. ഏഷ്യയുടേയും യൂറോപ്പിന്‍റെയും ഇടയിലെ പാലമാവുന്നു സിറിയ. രണ്ട് മെഡിറ്ററേനിയൻ തുറമുഖങ്ങൾ വഴി. ലറ്റാക്കിയ തുറമുഖം, ടാർട്ടൂസ് തുറമുഖം.
ഇറാൻ സംഘർഷം കാരണം ഹോർമൂസ് അടഞ്ഞതോടെ സിറിയൻ തുറമുഖങ്ങൾ രക്ഷക്കെത്തി. അതങ്ങനെ എത്തിക്കാൻ ഷരായും ശ്രമിച്ചു. ബാബ് അൽ മന്ദബ് ഹൂതികളുടെ നിയന്ത്രണത്തിലായതോടെ സിറിയൻ തുറമുഖങ്ങൾക്ക് പ്രാധാന്യം ഒന്നുകൂടി കൂടി. കരവഴിയും ചരക്കുവാഹനങ്ങൾ പോയിത്തുടങ്ങി. തെക്കൻ ഇറാഖ് വഴി സിറിയയിലേക്ക്, അവിടെ നിന്ന് തുറമുഖത്തേക്ക്. പക്ഷേ ഇതൊന്നും സാധാരണക്കാർക്ക് പ്രയോജനം ചെയ്തുതുടങ്ങിയിട്ടില്ല. അന്താരാഷ്ട്ര ഒറ്റപ്പെടൽ അവസാനിച്ചതിന്‍റെ അടയാളമായി ആകെ കാണാനാവുന്നത് ഊർജരംഗത്തെ മാറ്റങ്ങളും ദമാസ്കസ് വിമാനത്താവളത്തിന്‍റെ പുനർനിർമ്മാണവുമാണ്.
വിദേശരാജ്യങ്ങളുമായുള്ള ധാരണകൾ പലതും 10 വർഷത്തെ പദ്ധതികളാണ്. അത് നടപ്പിലായിവരാൻ സമയമെടുക്കും. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടാൻ പിന്നെയും സമയമെടുക്കും. ഇപ്പോഴത്തെ വിലക്കയറ്റത്തിന് പരിഹാരമല്ല. അമേരിക്കൻ ഉപരോധങ്ങൾ അവസാനിച്ചതോടെ ചെറിയ പദ്ധതികൾ എത്തിത്തുടങ്ങിയെന്നും കുറച്ചൊക്കെ ഫലം കണ്ടുതുടങ്ങുമെന്നും നിരീക്ഷണമുണ്ട്. അതിനും സമയമെടുക്കും, ഒന്നോ രണ്ടോ വർഷം.
സർക്കാരിന് പ്രധാനം മില്യൻ ഡോളർ പദ്ധതികളാണെന്നുള്ള പരാതിയാണ് ജനത്തിന്. റൗണ്ടെബൗട്ടുകളും മാളുകളുമല്ല തങ്ങൾക്ക് വേണ്ടത്, ജീവിക്കാനുള്ള വഴിയാണെന്ന് പറയുന്നവർ ഒരു മുന്നറിയിപ്പ് കൂടി നൽകുന്നു സർക്കാരിന്. പിന്തുണ നൽകിയവർക്ക് അത് പിൻവലിക്കാനുമറിയാമെന്ന മുന്നറിയിപ്പ്.
യുക്രെയ്ൻ യുദ്ധവും സിറിയയ്ക്ക് തിരിച്ചടിയാണ്. സിറിയ റഷ്യൻ ക്രൂഡ് വാങ്ങിയിരുന്നു. യുദ്ധം തുടങ്ങിയതോടെ റഷ്യ ഉത്പാദനം തന്നെ കുറച്ചു. കയറ്റുമതിയും. പോരാത്തതിന് സിറിയയിലെ തന്നെ ഏറ്റവും വലിയ റിഫൈനറി അടച്ചിട്ടു. പുനർനിർമ്മാണത്തിനായി. അതോടെ ഇന്ധനക്ഷാമം പിന്നെയും കൂടി. വിലയും. 86 ശതമാനമാണ് പെട്രോൾ വില കൂടിയത്. ഡീസലിന് ഇരട്ടി വില. ബ്രെന്‍റ് ക്രൂഡിന് 44 ശതമാനം. ജനത്തിന് ശ്വാസംമുട്ടുകയാണ്. പ്രതിഷേധമായി അണപൊട്ടുന്നെങ്കിൽ തെറ്റുപറയാനാവില്ല. പക്ഷേ, അതിരുകടന്നാൽ സിറിയ പിന്നെയും യുദ്ധക്കളമാകാൻ അധികം സമയമെടുത്തേക്കില്ല. ഇതൊന്നും യൂറോപ്പിനും നല്ല വാർത്തയല്ല. സിറിയൻ അഭയാർത്ഥിപ്രവാഹമാണ് യൂറോപ്പിലെ തന്നെ തീവ്രവലതിന്‍റെ മുന്നേറ്റത്തിനും അമേരിക്കയിലെയടക്കം കുടിയേറ്റ വിരുദ്ധതയ്ക്കും ഒരർത്ഥത്തിൽ വിത്തുപാകിയത്. അതിന്‍റെ ദുരന്തഫലങ്ങൾ അവസാനിച്ചിട്ടില്ല. പലതരത്തിലാണ് ഇപ്പോഴും പ്രത്യാഘാതങ്ങൾ.