സാറ്റ്ലൈറ്റ് സേവനം പിൻവലിച്ച് ട്രംപ്, യുദ്ധമുഖത്ത് യുക്രെയ്ൻ ഒറ്റപ്പെടുമ്പോൾ റഷ്യയുമായി ഡീസൽ കരാറും ഒപ്പിട്ടു!

Published : Oct 19, 2026, 10:45 AM IST
Ukraine on the war front

Synopsis

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെയ്റ്റി സ്കറിയ അഞ്ച് ദിവസത്തിനുള്ളിൽ പുറത്തായി. ഇതിന് പിന്നാലെ യുക്രെയ്നുള്ള സ്റ്റാർലിങ്ക് സേവനങ്ങൾ അമേരിക്ക നിയന്ത്രിച്ചതും റഷ്യയ്ക്ക് അനുകൂലമായ ട്രംപിന്റെ നിലപാടുകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. റഷ്യൻ ഡീസൽ ഉപരോധത്തിൽ ഇളവ് നൽകിയ അമേരിക്കൻ നടപടി യുക്രെയ്ന് കനത്ത തിരിച്ചടിയായി.

അഞ്ച് ദിവസം മാത്രം നീണ്ട വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി. 14 മിനിറ്റ് നീണ്ടൊരു പ്രസ് കോൺഫറൻസോടെ കെയ്റ്റി സ്കറിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായി. ഏറ്റവും കുറഞ്ഞ സമയത്തിൽ പുറത്തായെന്ന റെക്കോർഡുമായി. പ്രസ് കോൺഫറൻസ് വൻപരാജയം, അവകാശപ്പെട്ടിരുന്ന അഭിഭാഷക ഡിഗ്രി ഇല്ലെന്നും കണ്ടെത്തി. പരിഹാസവും വിവാദവുമായതോടെ ട്രംപ് ഇടപെട്ടു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പും ഇടിയുന്ന ജനപ്രീതിയും മറ്റ് പല പ്രതിസന്ധികളും അലട്ടുന്ന വൈറ്റ്ഹൗസിന് സമർത്ഥയായൊരു പ്രസ് സെക്രട്ടറിയെയാണ് വേണ്ടിയിരുന്നത്. രാജിവച്ച് പോയ കരോലൈൻ ലീവിറ്റിനെപ്പോലെ. പ്രസിഡന്‍റ് പറയുന്നതെന്തും ന്യായീകരിക്കുന്നതും അതിന് കാര്യകാരണങ്ങൾ നിരത്തുന്നതും ഒട്ടും എളുപ്പമുള്ള ജോലിയല്ല. അതിന് കെയ്റ്റി പോരെന്ന് ഒരൊറ്റ പ്രസ് കോൺഫറൻസ് തന്നെ തെളിയിച്ചെന്നായിരുന്നു മാധ്യമങ്ങളുടെ വിലയിരുത്തൽ. ആദ്യം പ്രസിഡന്‍റ് പ്രതികരിച്ചില്ല. പിന്നെ ഇടപെടാൻ നിർബന്ധിതനായെന്നാണ് റിപ്പോർട്ട്. ടെലിവിഷനിലെ സ്ഥിരം മുഖം, തന്‍റെ നയങ്ങളെ പ്രതിരോധിക്കുന്നതിൽ മുന്നിൽ, ഇതാണ് പ്രസിഡന്‍റിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത്. പക്ഷേ, തീരെ തയ്യാറെടുപ്പില്ലാതെ കെയ്റ്റി, പ്രസ് കോൺഫറൻസിനെത്തി. ചോദ്യങ്ങൾക്ക് ഉത്തരം പറയാനും കഴിഞ്ഞില്ല. യുക്രെയ്നുമായുള്ള ഇന്‍റലിജൻസ് പങ്കുവയ്ക്കൽ അമേരിക്ക നിർത്തിയോ എന്നറിയുമായിരുന്നില്ല കെയ്റ്റിക്ക്. ട്രംപിന്‍റെ ഉപദേശകർ പോലും കെയ്റ്റിയുടെ പ്രസ് കോൺഫറൻസ് കണ്ട് അമ്പരന്നുവെന്നാണ് റിപ്പോർട്ട്. എന്തായാലും പ്രസ് സെക്രട്ടറി കസേര പിന്നെയും കാലിയായി. പലരെ പരിഗണിച്ചതാണ്. പക്ഷേ, പ്രസിഡന്‍റിനെതിരായ പരാമർശങ്ങളെച്ചൊല്ലി ഉപേക്ഷിക്കുകയായിരുന്നു. കെയ്റ്റിക്ക് അറിയാതെ പോയ യുക്രെയ്ൻ ചോദ്യത്തിനുള്ള ഉത്തരത്തിന് പിന്നിൽ മസ്കിന്‍റെ സ്റ്റാർലിങ്കും റഷ്യൻ പ്രസിഡന്‍റുമായി ഒപ്പിട്ട ധാരണയുമുണ്ട്. അതാണ് പ്രധാന കഥ.

നഷ്ടപ്പെട്ട പിന്തുണ

ഇലൺ മസ്കിന്‍റെ സ്റ്റാർലിങ്കാണ് യുക്രെയ്ന്, യുദ്ധമുന്നണിയിൽ ശക്തി പകരുന്നത്. കൃത്യമായി പറഞ്ഞാൽ സ്റ്റാർലിങ്കിന്‍റെ മിലിട്ടറി ഗ്രേഡ് സേവനം. ഡ്രോണുകളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും നട്ടെല്ല്. ഈ സേവനത്തിന്‍റെ വേഗം നിയന്ത്രിക്കുന്നത് അമേരിക്കയാണ്. പെട്ടെന്നൊരു ദിവസം യുക്രെയ്ൻ സൈന്യത്തിന് സ്റ്റാർഷീൽഡിലേക്കുള്ള 'അക്സ്സി'ന് തടസം നേരിട്ടു. അതോടെ റഷ്യയ്ക്കുനേരെയുള്ള ആക്രമണങ്ങൾ തടസപ്പെട്ടു. ചിലത് പരാജയപ്പെട്ടു. റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെയാണ് ഇതുണ്ടായത്. അതും അമേരിക്കയുടെ മുന്നറിയിപ്പ് കിട്ടാതെപോയ രണ്ടാമത്തെ ബാലിസ്റ്റിക് മിസൈലാക്രമണം. സൂചകങ്ങളായി എല്ലാം. വൈറ്റ് ഹൗസിൽ നിന്നുതന്നെയാണ് സ്റ്റാർഷീൽഡ് നിയന്ത്രണത്തിനുള്ള ഉത്തരവ് വന്നതെന്നാണ് റിപ്പോ‍ർട്ട്.

എല്ലാ നിയന്ത്രിക്കുന്നത് ട്രംപ്!

ഇലൺ മസ്കിന്‍റെ സ്പെയ്സ് എക്സിന്‍റെ (SPACE X) വാണിജ്യ ഉപഗ്രഹ ഇന്‍റർനെറ്റ് സർവീസാണ് സ്റ്റാർ ലിങ്ക് (StarLink). സ്റ്റാർ ലിങ്ക് സൈനിക ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് സ്പേസ് എക്സിന്‍റെ നിയമം. പ്രതിരോധം മാത്രമേ പാടുള്ളൂ. സ്റ്റാർ ലിങ്കിന്‍റെ മറ്റൊരു യൂണിറ്റാണ് സ്റ്റാർഷീൽഡ് (StarShield). സ്റ്റാർഷീൽഡിന് ഈ വ്യവസ്ഥയൊന്നും ബാധകമല്ല. പെന്‍റഗണിന് വേണ്ടി മിലിട്ടറി , ഇന്‍റലിജൻസ് ഉപഗ്രഹ സംവിധാനങ്ങൾ വികസിപ്പിക്കുന്നത് സ്റ്റാർഷീൽഡാണ്. അതാണ് യുക്രെയ്ന് നൽകിയിരിക്കുന്നത്. യുക്രെയ്ന് നൽകിയെങ്കിലും നിയന്ത്രിക്കുന്നത് അമേരിക്കയാണ്. മധ്യദൂരഡ്രോണുകളിൽ പലതിലും യുക്രെയ്ൻ, സ്റ്റാർലിങ്ക് റിസെപ്റ്റേഴ്സ് (Satellite Internet Receivers - Receptors) ഘടിപ്പിച്ചാണ് വിടുന്നത്. നിയന്ത്രണത്തിലും ലക്ഷ്യഭേദത്തിനും. പക്ഷേ, ചൊവ്വാഴ്ച ഒരു മുന്നറിയിപ്പുമില്ലാതെ റിസപ്റ്റേഴ്സ് പ്രവർത്തിക്കാതെയായി. അതോടെ കീവിന്, ഡ്രോണുകളുടെ ആക്രമണം നിർത്തിവയ്ക്കേണ്ടിവന്നു. വ്യോമപ്രതിരോധ സംവിധാനങ്ങളും തടസ്സപ്പെട്ടു. അതോടെ റഷ്യൻ ഡ്രോണാക്രമണങ്ങളെ തടുക്കാനും കഴിയാതെയായി. താനല്ല അതിന് ഉത്തരവാദിയെന്നും അമേരിക്കയാണ് നിയന്ത്രിക്കുന്നതെന്നും മസ്ക് വ്യക്തമാക്കി. വേഗവും ഉപയോഗവും അമേരിക്കൻ സൈന്യത്തിന്‍റെ, അഥവാ പ്രസിഡന്‍റിന്‍റെ നിയന്ത്രണത്തിലാണെന്നും മസ്ക് അടിവരയിട്ട് പറഞ്ഞു.

ഒരുവഴിക്ക് ഉപരോധം, മറുവഴിക്ക് കരാറുകൾ

സ്റ്റാർഷീൽഡ് നിശ്ചലമായതിനിടെ റഷ്യ, യുക്രെയ്നിയൻ നഗരങ്ങൾക്കുമേൽ മിസൈൽ മഴ പെയ്തു. അമേരിക്കയുടെ മുന്നറിയിപ്പുണ്ടായതുമില്ല. ഇതിനൊക്കെ മുമ്പ് ചില സംഭവങ്ങൾ നടന്നു. റഷ്യൻ ഡീസലിനുമേലുള്ള ഉപരോധങ്ങൾക്ക് അമേരിക്കൻ പ്രസിഡന്‍റ് ഇളവ് നൽകി. ഡീസൽ ഇറക്കുമതിക്കുള്ള ധാരണയും ഒപ്പിട്ടു. ഇന്ധനവിലക്കയറ്റം ചെറുക്കാനുള്ള നടപടി. മോസ്കോയെക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നിയമത്തിലൊപ്പിട്ട് ആഴ്ചകൾക്കകമാണ് ഈ നടപടിയെന്നത് വിചിത്രം. ലിൻഡ്സേ ഗ്രഹാം ചട്ടം ഉദ്ധരിച്ചാണ് ഉപരോധങ്ങളിൽ ഇളവ് നൽകിയത്. ദേശീയ താൽപര്യമെന്ന ആവശ്യം കൂട്ടിക്കെട്ടി.

'റഷ്യക്കുള്ള സമ്മാനം'

റഷ്യക്കുള്ള സമ്മാനമെന്നതിനെ വിശേഷിപ്പിച്ചു യുക്രെയ്ൻ പ്രസിഡന്‍റ്. അതിന് പിന്നാലെ റഷ്യൻ റിഫൈനറികൾ ആക്രമിക്കുന്നത് നിർത്തിവയ്ക്കണമെന്ന് യുക്രെയ്നോട് ട്രംപ് ആവശ്യപ്പെട്ടു. സെലൻസ്കിയെ പുറത്താക്കണമെന്ന് യുക്രെയ്ൻ ജനതയോടും ആവശ്യപ്പെട്ടു. അടുത്തത് പ്രകൃതിവാതക ധാരണയായിരിക്കുമന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. വേദനിപ്പിക്കുന്ന നടപടി എന്നും. റഷ്യൻ റിഫൈനറികൾ ആക്രമിക്കരുതെന്ന് പറഞ്ഞതിന്‍റെ കാരണം ഡീസൽ ധാരണയാണെന്ന് വ്യക്തവുമാണ്. ഒരാഴ്ച മുമ്പ്, പരസ്പരമുള്ള ഊർജകേന്ദ്ര ആക്രമണങ്ങൾ നിർത്തിവയ്ക്കണെന്ന് ട്രംപ്, റഷ്യയോടും യുക്രെയ്നോടും ആവശ്യപ്പെട്ടിരുന്നു. അങ്ങനൊരു ധാരണയ്ക്ക് തങ്ങൾ തയ്യാറാല്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. യുക്രെയ്ൻ കുറച്ചുദിവസം കാത്തിരുന്നു. പിന്നെ, ആക്രമണം തുടർന്നു.

യുക്രെയ്നെ കാത്തിരിക്കുന്നത്...

യുക്രെയ്ൻ അല്ലെങ്കിൽ തന്നെ സ്ഥിരമായി നേരിടുന്നൊരു പ്രശ്നം അമേരിക്കയുടെ പേട്രിയറ്റ് മിസൈലുകളുടെ കുറവാണ്. യൂറോപ്പിന് സഹായിക്കാനാകും. പക്ഷേ, ഒരു പരിധിവരെ മാത്രം. അടുത്ത വർഷമാകുമ്പോഴേക്ക് യുദ്ധത്തിന്‍റെ ചെലവ് 155 ബില്യനാകുമെന്നാണ് സെലൻസ്കി, യൂറോപ്യൻ കൗൺസിലിനെ അറിയിച്ചത്. ഡ്രോണുകൾ നിർമ്മിക്കാനുള്ള പണംതന്നെ കഷ്ടിയെന്നും കൂട്ടിച്ചേർത്തു. ട്രംപ് തന്നെ ബലിയാടാക്കുകയാണോയെന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.

സ്റ്റാർലിങ്ക് പഴയത് പോലെയായില്ലെന്നാണ് സെലൻസ്കി യൂറോപ്യൻ യൂണിയന്‍ നേതാക്കളെയും അറിയിച്ചത്. റഷ്യ പുതിയ ഡ്രോൺ ആസ്ഥാനം നിർമ്മിച്ചതിന്‍റെ ഉപഗ്രഹചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. ജെറ്റ് ഡ്രോണുകളുടെ ആസ്ഥാനം. ശീതകാലത്ത് യുക്രെയ്ന് നേർക്കുള്ള ആക്രമണം കൂടുമെന്ന് ചുരുക്കം.

PREV
Read more Articles on
click me!

Recommended Stories

സ്കൂളില്ല, അധ്യാപകരില്ല! ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം, വേട്ടയ്ക്കിറങ്ങി പോലീസ് ഒടുവിൽ, സമയം ചോദിച്ച് സർക്കാർ
സൈനികനെ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ട് ട്രംപ്, അതും ലൈവ് സ്ട്രിംമിൽ; 'ഇരുണ്ട മധ്യകാല'മെന്ന് ഡമോക്രാറ്റുകൾ