വെടിനിർത്തല്‍; യുക്രൈന് ആശ്വാസം, ആശങ്ക പോളണ്ടിന്, നേടിയതും കൈവിടുമോയെന്ന ഭയത്തില്‍ റഷ്യ

Published : Mar 20, 2025, 12:43 PM ISTUpdated : Mar 20, 2025, 12:46 PM IST
വെടിനിർത്തല്‍; യുക്രൈന് ആശ്വാസം, ആശങ്ക പോളണ്ടിന്, നേടിയതും കൈവിടുമോയെന്ന ഭയത്തില്‍ റഷ്യ

Synopsis

30 ദിവസത്തെ വെടിനിര്‍ത്തല്‍ ഫലത്തില്‍ യുക്രൈന് സാവകാശം നല്‍കുന്നു. അതേ സമയം റഷ്യയ്ക്ക് ഇതുവരെയുണ്ടായ ചെറിയ മേല്‍ക്കൈ പോലും നഷ്ടപ്പെടുമോയെന്ന ഭയമുണ്ട്. അതിനിടെ യുക്രൈന് പിന്നാലെ റഷ്യ പോളണ്ടിനെ ലക്ഷ്യമിടുമോ എന്ന ഭയത്തിലാണ് പോളണ്ട്. വായിക്കാം ലോകജാലകം.   

സൗദി അറേബ്യയിൽ അമേരിക്ക, യുക്രൈയ്ൻ പ്രതിനിധികൾ തമ്മിൽ നടന്ന ചർച്ചയിൽ 30 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചു യുക്രൈയ്ൻ. അമേരിക്കൻ പ്രതിനിധികൾ റഷ്യയിലെത്തിയപ്പോൾ തന്നെ മോസ്കോയുടെ പ്രതികരണം വന്നു. താൽക്കാലിക വെടിനിർത്തലിനോട് താൽപര്യമില്ല. പക്ഷേ, ഒടുവിൽ പുടിൻ സമ്മതിച്ചു. വ്യവസ്ഥകൾക്ക് വിധേയം എന്ന അടിക്കുറിപ്പോടെ. സത്യത്തിൽ പുടിൻ വെടിനിർത്തലിന് തയ്യാറല്ല, അത് ട്രംപിനോട് പറയാൻ പേടിച്ചിട്ട് വ്യവസ്ഥകൾ വയ്ക്കുകയാണ് എന്ന് പറഞ്ഞു സെലൻസ്കി.

ആശങ്കയോടെ റഷ്യ

കുർസ്ക് വച്ച് വിലപേശാമെന്ന സെലൻസ്കിയുടെ പ്രതീക്ഷ വെറുതേയായി. കൂടുതലും വീണ്ടെടുത്ത് കഴിഞ്ഞു എന്നാണ് റഷ്യയുടെ അവകാശവാദം. ശേഷിക്കുന്ന യുക്രൈയ്ൻ സൈനികർ കീഴടങ്ങണം, അല്ലെങ്കിൽ കൊല്ലും എന്നാണ് റഷ്യൻ പ്രസിഡന്‍റിന്‍റെ ഭീഷണി. പിന്നെ ചോദ്യങ്ങളുടെ ഒരു നീണ്ട പട്ടിക അതിനുത്തരം വേണം. യുക്രൈയ്ന് ആയുധശേഖരണത്തിനും പരിശീലനത്തിനുമുള്ള സമയമാണോ 30 ദിവസം എന്നാണ് ചോദ്യം. ആരാണ് മേൽനോട്ടം വഹിക്കുക, ലംഘനം നടന്നോ എന്നാര് പരിശോധിക്കും? അങ്ങനെ ചോദ്യങ്ങൾ ഒരുപിടി. ഒന്നും നടക്കാതിരിക്കാനാണ് പുടിന്‍റെ ചോദ്യപ്പട്ടിക എന്നാരോപിച്ചു സെലൻസ്കി.

(പുടിന്‍)

Read More: ട്രംപിന്, ഒരു മാസ്റ്റർ പ്ലാന്‍ ഉണ്ടോ? റഷ്യയെ ഒപ്പം നിർത്തി, യൂറോപ്പിനെ സ്വയം പര്യാപ്തമാക്കി, ചൈനയെ അകറ്റുമോ?

നിരോധനവുമായി യുഎസ്

യുക്രൈയ്ന് വേണ്ടത് വെടിനിർത്തൽ, പിന്നെ സ്ഥിരസമാധാനത്തിന് ചർച്ചകൾ. എല്ലാം ഒരുമിച്ച് തീരുമാനിക്കണമെന്ന് റഷ്യ. അതാണിപ്പോഴത്തെ സ്ഥിതിയെന്നാണ് നി‍രീക്ഷണം.
വെടിനിർത്തലിന്‍റെ വിശദാംശങ്ങൾ യുക്രൈയ്നുമായി ചർച്ച ചെയ്തു എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെല്ലാം ഇടയിൽ തന്നെ റഷ്യക്ക് മേൽ പുതിയ ഉപരോധങ്ങൾ നടപ്പിലാക്കി അമേരിക്ക. എണ്ണ വില ഡോളറുകളിൽ തന്നെ വാങ്ങാൻ ചില റഷ്യൻ ബാങ്കുകൾക്ക് ലൈസൻസ് നൽകിയിരുന്നു. അതിന്‍റെ കാലാവധി മാർച്ച് 12 ന് അവസാനിച്ചു. മുന്നറിയിപ്പില്ലാതെ നിയന്ത്രണങ്ങൾ നടപ്പാക്കി അമേരിക്ക.  എണ്ണവിൽപന തന്നെ ബുദ്ധിമുട്ടാകും റഷ്യക്ക്. എന്തായാലും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ തുടരുകയാണ്. റഷ്യക്ക് പലതാണ് മോഹങ്ങൾ. എല്ലാം പ്രായോഗികമായേക്കില്ല.

റഷ്യൻ അതിർത്തിയോടടുത്ത് നിന്ന് നേറ്റൊ പിൻമാറണമെന്ന മോഹം നടക്കണമെന്നില്ല. യുക്രൈയ്ന്‍റെ നിരായുധീകരണവും നടക്കില്ല. ധാരണ തങ്ങൾക്ക് അത്ര അനുകൂലമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ക്രെംലിൻ പ്രതിരോധം തീർത്തുതുടങ്ങി. കുർസ്കിലെത്തിയ റഷ്യൻ പ്രസിഡന്‍റ് സൈനികോദ്യോഗസ്ഥരുമായി  കൂടിക്കാഴ്ച നടത്തി, അതും സൈനിക വേഷമിട്ട്.

(യുക്രൈന്‍ സൈനികന്‍ കീഴടക്കിയ റഷ്യന്‍ ടാങ്കിന് മുകളില്‍)

Read More: പുടിന് വിധേയനായ ട്രംപ്; മൂന്നാം ലോക മഹായുദ്ധത്തിന് വഴി തെളിയുകയാണോ?

യുക്രൈന് സാവകാശം, റഷ്യക്ക്...

യുക്രൈയ്നും പടിഞ്ഞാറും വിട്ടുവീഴ്ചകൾക്ക് സമ്മതിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപനം നേരത്തെ വന്നതാണ്. അത് ആവർത്തിച്ചു റഷ്യൻ പ്രതിനിധി. യുക്രൈയ്ന് മാത്രം പ്രയോജനം ചെയ്യുന്ന ധാരണ എന്ന വിമർശനവുമുണ്ടായി. പക്ഷേ, വിട്ടുവീഴ്ചകൾക്ക് പുടിൻ തയ്യാറാവേണ്ടിവരും എന്നാണ് വിലയിരുത്തൽ. റഷ്യ ഇപ്പോൾ യുദ്ധത്തിൽ നേടിയിരിക്കുന്ന മുൻതൂക്കം നീണ്ടുനിൽക്കണമെന്നില്ല. യുക്രൈയ്ൻ വെടിനിർത്തലിന് സമ്മതിച്ചതോടെ അമേരിക്ക യുക്രൈയ്നുള്ള ഫണ്ടും ഇന്‍റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്നതും പുനസ്ഥാപിച്ചു. ഇനിയുമൊരു യുദ്ധത്തിന് യുക്രൈയ്ന് ശക്തികിട്ടി എന്നർത്ഥം. പക്ഷേ. മറിച്ചാണ് റഷ്യയുടെ അവസ്ഥ.

ഇതിനിടയിലും ആക്രമണങ്ങൾ തുടരുകയാണ് രണ്ടുകൂട്ടരും. യുക്രൈയ്ന്‍റെ 20 ശതമാനം പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണിപ്പോൾ. 95,000 ആണ് റഷ്യയുടെ പക്ഷത്തെ നഷ്ടം. യുക്രൈയ്ന് 43,000 എന്ന് ഔദ്യോഗി കകണക്ക്. അനൗദ്യോഗികം അതിനിരട്ടി എന്നാണ് അഭിപ്രായം.

(പോളണ്ട് പ്രസിഡന്‍റ് ആൻഡ്രജ്ദ് ഡുഡ)

Read More: ഷിയ അലവൈറ്റുകളെ വേട്ടയാടി സിറിയൻ സൈന്യം; വംശീയ കൂട്ടക്കൊലയെന്ന് മുന്നറിയിപ്പ്

ഭയത്തോടെ പോളണ്ട്

റഷ്യയുടെ ഓരോ നീക്കത്തിലും  പോളണ്ട് പ്രസിഡന്‍റിന്‍റെ ആശങ്ക കൂടുകയാണ്. റഷ്യ ഇനി പോളണ്ടിലേക്ക് എന്നാണ് ആശങ്ക. ആണവായുധ ആസ്ഥാനം പോളണ്ടിൽ സ്ഥാപിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കയാണ് പ്രസിഡന്‍റ് ആൻഡ്രജ്ദ് ഡുഡ. പ്രസിഡന്‍റ് വലതുപക്ഷമാണ്, ട്രംപിന്‍റെ സുഹൃത്ത് എന്നാണ് സ്വയം കരുതുന്നതും. പ്രധാനമന്ത്രി ഡോണൾഡ് ടസ്ക്, മധ്യ ഇടതാണ്. അമേരിക്കയുടെ നയം മാറ്റങ്ങളിൽ ആശങ്ക പ്രധാനമന്ത്രിക്കുമുണ്ട്. ഫ്രാൻസിന്‍റെ ന്യൂക്ലിയർ കുടയ്ക്ക് കീഴിൽ സംരക്ഷണം എന്ന മക്രോണിന്‍റെ നിർദ്ദേശവും സ്വാഗതം ചെയ്തു ഡുഡ. അമേരിക്കയുടെ 10,000 വരുന്ന സൈനികർ പോളണ്ടിലെപ്പോഴും ഉണ്ടാവും. പ്രതിരോധത്തിന് പോളണ്ട് ചെലവാക്കുന്നത് വരുമാത്തിന്‍റെ 50 ശതമാനമാണ്. നേറ്റോ അംഗങ്ങളിൽ മുന്നിൽ. പക്ഷേ, അതൊന്നും റഷ്യയെ ചെറുക്കാൻ പോരാതെ വരും എന്നാണ് സംശയം.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്