സിറിയയില്‍ മനുഷ്യക്കുരുതിക്ക് അവസാനമില്ല. ഏറ്റവും ഒടുവിലായി മുന്‍ പ്രസിഡന്‍റ് ബാഷർ അൽ അസദ് അനുകൂലികളും ഷിയാ മുസ്ലിങ്ങളുമായ അലവൈറ്റ് സമൂഹത്തെ വേട്ടയാടുകയാണ് അഹ്മദ് അൽ-ഷറായുടെ സിറിയന്‍ സൈന്യം. വായിക്കാം ലോകജാലകം.
സിറിയയിൽ പിന്നെയും സംഘർഷം മുളപൊട്ടിയിരിക്കുന്നു. മുൻ പ്രസിഡന്‍റ് ബാഷർ അൽ അസദിന്‍റെ അനുകൂലികളും ഇപ്പോഴത്തെ സർക്കാരിന്‍റെ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. അതിന് പിന്നാലെ ഒരു വംശീയ കൂട്ടക്കൊലയും നടന്നുവെന്നാണ് റിപ്പോർട്ട്. സിറിയയിലെ ജനസംഖ്യയുടെ പത്തുശതമാനം വരുന്ന ന്യൂനപക്ഷമായ അലവൈറ്റ് വിഭാഗക്കാരാണ് ഇരകളായത്. മുൻ പ്രസിഡന്‍റ് അസദിന്‍റെ വിഭാഗക്കാർ. മൃതശരീരങ്ങൾ വലിച്ചു കൊണ്ട് പോകുന്ന ചില ദൃശ്യവും പുറത്തുവന്നു.
ഏറ്റുമുട്ടൽ നടന്നത് ഹോംസ് നഗരത്തിലാണ്. അലവൈറ്റ് വിഭാഗത്തിന്‍റെയും അസദ് കുടുംബത്തിന്‍റെയും ശക്തികേന്ദ്രം. മരിച്ചവരുടെ കൃത്യമായ കണക്കില്ല. 35 ഓളം സർക്കാർ സൈനികരും മുപ്പതോളം അസദ് വിഭാഗക്കാരും കൊല്ലപ്പെട്ടു എന്നാണ് വിവരം. അസദ് അനുകൂലികൾ ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ആരോപണം. സൈനിക കേന്ദ്രങ്ങൾ അവർ പിടിച്ചടക്കി, സൈനികരെ വധിച്ചു. പ്രത്യാക്രമണവുമുണ്ടായി. 70 പേരെ വധിച്ചു എന്നാണ് സർക്കാർ സൈന്യം അറിയിച്ചത്. ആയുധം താഴെവച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടു പ്രതിരോധമന്ത്രി.
Read More: സിറിയന്‍ ഭരണം പിടിച്ച് വിമതര്‍, തുറന്നുവയ്ക്കപ്പെട്ട തടവറകൾ, രാജ്യം വിട്ട ഭരണാധികാരി
Read More: പുടിന് വിധേയനായ ട്രംപ്; മൂന്നാം ലോക മഹായുദ്ധത്തിന് വഴി തെളിയുകയാണോ?
പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം തീരദേശ മേഖലയിലെ അലവൈറ്റുകളെ ആക്രമിക്കുന്നു എന്നാരോപണം നേരത്തെയുണ്ട്. അതിന്‍റെ തിരിച്ചടിയായിട്ടാവണം ആക്രമണം നടന്നത്. പക്ഷേ, പ്രത്യാഘാതം കടുത്തതായിരുന്നു. അലവൈറ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കി സൈന്യം എന്നാണ് വിവരം. എത്രപേർ മരിച്ചുവെന്ന് കണക്കില്ല. രണ്ടായിരത്തിൽ കൂടും. തീരദേശമായ ലതകിയയിലാണ് (Latakia) കൂട്ടക്കൊല നടത്ത്. 13 സ്ത്രീകളും 5 കുട്ടികളും കൊല്ലപ്പെട്ടുവെന്ന് സിറിയൻ ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേറ്ററി (Observatory)പറയുന്നുണ്ട്.
സൈനി നടപടി തീർന്നിട്ടില്ല, മുൻ പ്രസിഡന്‍റ് ജനിച്ച പട്ടണത്തിലും നടപടി തുടരുന്നുവെന്നാണ് സർക്കാർ അറിയിപ്പ്. അസദിന്‍റെ അനുകൂലികളെ തെരഞ്ഞുപിടിച്ച് നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു പുതിയ സർക്കാർ. എന്തായാലും അലവൈറ്റ് സമൂഹം ഭീതിയിലാണ്. സഹായിക്കാൻ ആരുമില്ലെന്നും കൂട്ടക്കൊലയാണ് നടക്കുന്നതെന്നും അവർ ആരോപിക്കുന്നു. രക്തച്ചൊരിച്ചിൽ വീണ്ടും മേഖലയെ അസ്ഥിരമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് തുർക്കിയും റഷ്യയും.
