ട്രംപ് തുടക്കമിട്ട നികുതി യുദ്ധം ആഗോള വിപണിയെ തന്നെ വിറപ്പിക്കുകയാണ്. പ്രവചനാതീതമായ കയറ്റിറക്കത്തിലാണ് ലോക വിപണി. പക്ഷേ. ട്രംപിനോ ട്രംപ് ആരാധകര്‍ക്കോ അതൊന്നും പ്രശ്നമല്ല. എല്ലാം ട്രംപ് ശരിയാക്കും അമേരിക്കയെ ശക്തമാക്കുമെന്നാണ് വാദം. വായിക്കാം ലോകജാലകം.
നികുതി ചുമത്തുക, ഇളവ് കൊടുക്കുക, പട്ടിക വലുതാക്കുക. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ പരീക്ഷണങ്ങളാണ്. പക്ഷേ, കാറ്റേതുവഴിക്ക് എന്നോരോ ദിവസവും നോക്കേണ്ടിവരുന്ന രാജ്യങ്ങൾക്ക് അതത്ര സുഖമുള്ള കാര്യങ്ങളല്ല. ആകെക്കൂടി കുഴപ്പമെന്നാണ് ട്രംപ് പക്ഷത്തല്ലാത്ത, മാധ്യമങ്ങളുടെ റിപ്പോർട്ട്.
'കളർഫുൾ കോൺവർസേഷന്‍'
മെക്സിക്കൻ -കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി വന്നതോടെ ചില ഉൽപ്പന്നങ്ങൾ പ്രസിഡന്‍റ് ഒഴിവാക്കി. ഇപ്പോൾ ആ പട്ടിക വലുതാക്കി. മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയ്ൻബാം നന്ദി പറഞ്ഞു. യുഎസ് പ്രസിഡന്‍റുമായി വളരെ നല്ലൊരു സംഭാഷണം നടന്നുവെന്നും അറിയിച്ചു. രണ്ടാംഘട്ട നികുതി ഉത്തരവ് താൽകാലികമായി തടഞ്ഞുവെന്ന് കനേഡിയൻ പ്രധാനമന്ത്രിയും അറിയിച്ചു. പക്ഷേ, ട്രൂഡോയും ട്രംപും തമ്മിൽ നടന്ന സംഭാഷണത്തിലാണ് ഇപ്പോൾ ചർച്ച നടക്കുന്നതന്ന് മാത്രം. 'കളർഫുൾ കോൺവർസേഷന്‍' (Colourful Conversation) എന്ന് ട്രൂഡോ വിശേഷിപ്പിച്ചത് ട്രംപിന്‍റെ മോശം വാക്കുകളെയാണ്. 'തെറിയഭിഷേകം' എന്നാണ് അമേരിക്കൻ - കനേഡയിൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഫെന്‍റനൈൽ (ക്യാന്‍സർ രോഗികൾക്കും മറ്റും ഉയോഗിക്കുന്ന വേദനാ സംഹാരി - Fentanyl) കടത്തായിരുന്നു പ്രധാന വിഷയം. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ട്രൂഡോ ശ്രമിക്കുന്നുവെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപിച്ചു. കനേഡിയൻ അതിർത്തി വഴി ഒരു ശതമാനത്തിൽ താഴെ മാത്രം ഫെന്‍റനൈലാണ് വരുന്നതെന്ന ട്രൂഡോയുടെ വാദം ട്രംപ് നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
പരസ്പര ബന്ധിത വ്യാപാരം, എന്നിട്ടും നികുതി യുദ്ധം
തൽകാലം വ്യാപാരയുദ്ധ സാധ്യത ഇല്ലെന്ന് ട്രൂഡോ സ്ഥിരീകരിച്ചു. പക്ഷേ, ഭാവിയിലെ സാധ്യത തള്ളിക്കളയുന്നുമില്ല. മെക്സിക്കോയിൽ നിന്നുള്ള 50 ശതമാനം ഇറക്കുമതിക്കും കാനഡയിൽ നിന്നുള്ള 62 ശതമാനം ഇറക്കുമതിക്കും ഇപ്പോഴും നികുതി ബാധകമാണ്. ട്രംപിന്‍റെ ആദ്യഭരണ കാലത്താണ് കാനഡയും മെക്സിക്കോയുമായി ഫ്രീ ട്രേഡ് പാക്റ്റ് (Free Trade Pact) ഒപ്പിട്ടത്. USMCA -യുടെ (United States–Mexico–Canada Agreement) കീഴിൽ വരുന്ന ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ നികുതി. അല്ലെങ്കിൽ, നികുതി ഇല്ല അങ്ങനെയായിരുന്നു ഇതുവരെ.
ഈ നികുതി യുദ്ധം ആഗോളവിപണിയെ തന്നെ വിറപ്പിക്കുകയാണ്. പ്രവചനാതീതമായ കയറ്റവും ഇറക്കവുമാണ് അവരുടെ പ്രശ്നം. പക്ഷേ, പ്രസിഡന്‍റിന് അത് വിഷയമല്ല. 'താൻ ഓഹരി വിപണികൾ നോക്കുന്നേയില്ല. താൽകാലികമാണ് കയറ്റിറക്കങ്ങൾ, അമേരിക്ക ശക്തമാകും' എന്നാണ് വാദം. ബില്യൻ കണക്കിന് ഡോളറിന്‍റെ ഉൽപ്പന്നങ്ങളാണ് ഈ മൂന്ന് രാജ്യങ്ങളുടെയും അതിത്തി വഴി ഓരോ ദിവസവും കടന്നുപോകുന്നത്. പരസ്പര ബന്ധിതമായ സാമ്പത്തിക മേഖല.
ഏറ്റവും നല്ല ഉദാഹരണം കാർ വ്യവസായമാണ്. അലൂമിനിയം അമേരിക്കയിലെ ടെന്നിസിയിൽ നിന്ന്. അത് കമ്പിയാകുന്നത് പെൻസിൽവേനിയയിൽ. പോളിഷിംഗിനും ഷെയ്പ്പിഗിനുമായി കാനഡയിലെ പിസ്റ്റണുകളിലേക്ക്. അവിടെ നിന്നും അസംബിൾ ചെയ്യുന്നതിനായി മെക്സിക്കോയിലേക്ക്. പിസ്റ്റണുകൾ കാർ എൻജിന്‍റെ ഭാഗകമാകുന്നതിനായി വീണ്ടും അമേരിക്കയിലെ മിഷിഗനിൽ. ഈ സങ്കീർണമായ വ്യാപാരമേഖല എല്ലാം ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പ്രസിഡന്‍റ് പറയുന്നത് പോലെ ദീർഘകാലാടിസ്ഥാനത്തിൽ ഒക്കെയും നല്ലതാകുമോയെന്ന് പറയാൻ വിദഗ്ധർക്കും കഴിയുന്നില്ല. 'പ്രയോജനം ചെയ്തേക്കാം' എന്നൊരു അഭിപ്രായം ഉണ്ടെന്ന് മാത്രം. തൽകാലം പക്ഷേ, റോളർ കോസ്റ്ററാണ്. അമേരിക്കയ്ക്ക് തന്നെയും.
പ്രശ്നത്തിലായ യുഎസ്
വിലക്കയറ്റമാണ് അമേരിക്കയുടെ പ്രശ്നം. വാണിജ്യകമ്മി 34 ശതമാനം ഉയർന്നു. വ്യാപാരികൾ വില കൂട്ടിയും കുറച്ചും മടുത്തു. അനിശ്ചിതത്വമാണ് അതിലും വലിയ പ്രശ്നം. നികുതി ഭീഷണി ചിലപ്പോൾ നടപ്പാകാറില്ല. പക്ഷേ, ഉറപ്പില്ലല്ലോ. അതുകാരണം നിക്ഷേപങ്ങൾ കുറയുന്നു, നികുതി കൂടുമെന്ന അനുമാനത്തിൽ വില കൂടുന്നു. തിരിച്ചടി പലതരത്തിലായിരിക്കുമെന്നാണ് പ്രവചനം. മെക്സിക്കോയും കാനഡയും ചൈനയെ തേടി പോയേക്കാം. യൂറോപ്യൻ യൂണിയനും ഇത്രയും കാലത്തെ സഹകരണം അവസാനിപ്പിക്കാൻ പ്രയാസമാണെങ്കിലും മറ്റ് സാധ്യതകളെ കുറിച്ച് ചിന്തിക്കാൻ നിർബന്ധിരായേക്കാം.
ആദ്യം നികുതി ചുമത്തും, പിന്നെ മരവിപ്പിക്കും
ട്രംപിന്‍റെ കളികൾക്ക് ഒരു നയം ഉണ്ടോ എന്നിപ്പോഴും വ്യക്തമായിട്ടില്ല. ഉണ്ടെന്ന് ചിലരൊക്കെ പറയുന്നുണ്ട്. പക്ഷേ, ഈ നയം ഫലം കാണാൻ എടുക്കുന്ന സമയവും നിർണായകമാണ്. അപ്പോഴേക്ക് പടിഞ്ഞാറൻ സഖ്യകക്ഷികൾ അകന്നെന്നും വരാം. അമേരിക്കയുടെ ശക്തി ക്ഷയം യൂറോപ്പിന് താൽപര്യമില്ലാത്ത കാര്യമാണ്. പക്ഷേ, സ്വന്തം താൽപര്യങ്ങൾ അത്ര തന്നെ പ്രധാനവും.
ചൊവ്വാഴ്ച ഏർപ്പെടുത്തിയ 25 ശതമാനം നികുതിയിൽ നിന്ന് വാഹന വ്യവസായത്തെ ഒഴിവാക്കിയത് പിറ്റേ ദിവസം. ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ ഏപ്രിൽ വരെ എല്ലാം നിർത്തിവച്ചു. തിരിച്ചടികൾ തുടങ്ങിയെന്ന് പറയുന്നു വിമർശകർ. ഏപ്രിൽ 2 വളരെ പ്രധാനം എന്ന് പറഞ്ഞിരിക്കയാണ് അമേരിക്കൻ പ്രസിഡന്‍റ്. അതിനർത്ഥം പുതിയ പ്രഖ്യാപനങ്ങൾ, നികുതി പ്രഖ്യാപനങ്ങൾ എന്നാവണം. ഈ അനിശ്ചിതത്വം, വ്യവസായങ്ങൾക്ക് ഡമോക്ലീസിന്‍റെ വാളായിരിക്കുന്നു.
ഡോജ് എന്ന മസ്കിന്‍റെ 'ചെയിൻസോ'
റിപബ്ലിക്കൻ പാർട്ടിയിലും മുറുമുറുപ്പുകൾ തുടങ്ങി. മസ്കിന്‍റെ 'ചെയിൻസോ'യിലും എതിർപ്പ് കൂടുന്നുണ്ട്. ജനപ്രതിനിധികൾ വിചാരിച്ച പോലെയല്ല കാര്യങ്ങൾ നീങ്ങുന്നത്. 'പുറത്ത് നിന്നുള്ള ഉപദേശം' എന്ന് മാത്രമാണ് മസ്കിനെ കുറിച്ച് അവർ വിചാരിച്ചിരുന്നത്.അവരെയും കടത്തിവെട്ടുന്ന, ആരോടും ഉത്തരം പറയേണ്ടാത്ത അധികാരം മസ്കിനുണ്ടെന്നായപ്പോൾ പരിധി ലംഘിക്കപ്പെട്ടുവെന്ന് അവർക്കും മനസിലായിരിക്കുന്നു. ജോലി നഷ്ടപ്പെട്ടവർ, ചോദ്യ ചിഹ്നമായി മുമ്പിൽ നിൽക്കുമ്പോൾ അത് അവഗണിക്കാനും പറ്റില്ല.
സർക്കാർ ജീവനക്കാരുടെയും ഏജൻസികളുടെയും എണ്ണത്തിൽ ഒരുപാട് പരാതികൾ നേരത്തെയുണ്ട്. പക്ഷേ, മസ്കിന്‍റെ ചെയിൻസോ ഇത്രയ്ക്കങ്ങ് മുറിച്ചുകളയുമെന്ന് ആരും വിചാരിച്ചിരുന്നില്ല.മുൻ സൈനികരുടെ ക്ഷേമത്തിനുള്ള വകുപ്പിനെ ലക്ഷ്യമിട്ടിരിക്കുന്ന വെട്ട് പല ആശങ്കകൾക്കാണ് കാരണമായിരിക്കുന്നത്. സ്വകാര്യവൽകരിക്കാനാണോ നീക്കം എന്ന സംശയം ശക്തം. തന്‍റെ ആദ്യഭരണ കാലത്ത് അങ്ങനെയൊരു ആലോചന ഉണ്ടായിരുന്നു ട്രംപിന്. മസ്കിന്‍റെ വെട്ടുകൾ തീരുമാനിക്കുന്നതിൽ തങ്ങളും ഉൾപ്പെടണമെന്ന് റിപബ്ലിക്കൻ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു കഴിഞ്ഞു. ഒടുവില്‍, കാബിനറ്റ് സെക്രട്ടറിമാരെ ഉൾപ്പെടുത്താമെന്ന് പ്രസിഡന്‍റ് തീരുമാനിച്ചു. ജനപ്രതിനിധികളുമായി മസ്ക് ചർച്ച നടത്തി.
സുപ്രീംകോടതിയും തൽകാലം എതിരാണ്. കോൺഗ്രസ് തടഞ്ഞുവച്ചിരിക്കുന്ന വിദേശ സഹായ ഫണ്ട് റിലീസ് ചെയ്യേണ്ടി വരുമെന്ന് കോടതി ഉത്തരവിട്ടു. അതിനൊപ്പം ഒരു നിരീക്ഷണം കൂടി നടത്തി. വൈറ്റ് ഹൗസിന്‍റെ ഏകപക്ഷീയ അടച്ചുപൂട്ടൽ തീരുമാനങ്ങളെ ചോദ്യം ചെയ്യേണ്ടി വരും എന്ന നിരീക്ഷണം. അത് ട്രംപ് - മസ്ക് ചെയിൻസോക്കിന് തിരിച്ചടിയാണ്. റിപബ്ലിക്കൻ അംഗങ്ങൾക്ക് വെട്ടൽ താൽപര്യമാണ്. അവർ കൂടി ഇടപെട്ട വെട്ട് നടപ്പാക്കിയാൽ പിന്നെ, കോടതിക്ക് ഇടപെടുന്നതിനും പരിധിയുണ്ടാവും.
മസ്കിന് കടിഞ്ഞാൺ ?
വെള്ളിയാഴ്ച നടന്ന കാബിനറ്റ് യോഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഇലൺ മസ്കിനെ കുറച്ചൊന്ന് നിയന്ത്രിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഒന്നുമില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞെങ്കിലും മസ്കിന്‍റെ അധികാരത്തിന് പരിധി കൽപ്പിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. ലോകത്തെ ഏറ്റവും സമ്പന്നനായ വ്യവസായിയും അമേരിക്കയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും തമ്മിലെ കൂട്ടുകെട്ടിൽ ആശങ്കകൾ പലതായിരുന്നു. അതും മസ്ക് സെനറ്റിനോ മറ്റാർക്കെങ്കിലുമോ ഉത്തരം പറയേണ്ടതില്ലെന്ന അപകടം നിലനിൽക്കുമ്പോൾ. സൗഹൃദത്തിൽ ആദ്യത്തെ വിള്ളൽ വീണോ എന്നു പറയാറായിട്ടില്ലെന്ന് മാത്രം.
പക്ഷേ, കാബിനറ്റ് യോഗത്തിൽ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ മസ്കുമായി ഏറ്റുമുട്ടി. റൂബിയോയെ അധിക്ഷേപിച്ചു മസ്ക്. പിന്നെ ഏറ്റുമുട്ടിയത് ട്രാൻസ്പോർട്ട് സെക്രട്ടറിയുമായിട്ടാണ്. ട്രാഫിക് കൺട്രോളർമാരെ പിരിച്ചുവിടുന്നതിൽ മുമ്പേതന്നെ മസ്കിന്‍റെ ഡോജും (DOGE) സീൻ ഡഫിയുമായി ഏറ്റുമുട്ടിയതാണ്. തർക്കം രൂക്ഷമായപ്പോൾ പ്രസിഡന്‍റ് ഇടപെട്ടു. കാബിനറ്റ് അംഗങ്ങൾക്കാണ് അധികാരം, മസ്ക് ഉപദേശം മാത്രം നൽകിയാൽ മതി എന്നുത്തരവിട്ടു. സമൂഹ മാധ്യമ പോസ്റ്റിലൂടെ പ്രസിഡന്‍റ് തന്നെ ചില കാര്യങ്ങൾ വ്യക്തമാക്കി. 'ആര് ജോലിയിൽ തുടരണം ആര് പിരിഞ്ഞു പോകണം എന്ന് സെക്രട്ടറിമാർക്ക് തീരുമാനിക്കാം. ചെറിയ കത്തി മതി, കോടാലി വേണ്ട' എന്നും കുറിച്ചു. കൺസർവേറ്റിവ് യോഗത്തിൽ ചെയിൻസോയുമായി മസ്ക് എത്തിയത് കുറച്ചുനാൾ മുമ്പാണ്. അതിനൊരു തിരിച്ചടിയായി വേണമെങ്കിൽ വായിക്കാം പ്രസിഡന്‍റിന്‍റെ ഉത്തരവിനെ. പക്ഷേ, യോഗം കഴിഞ്ഞ് പ്രസിഡന്‍റിനൊപ്പം എയർഫോഴ്സ് വണ്ണിലാണ് മസ്ക്, മാരാലാഗോയിലേക്ക് പോയത്. വാരാന്ത്യം ചെലവഴിക്കാൻ.
ഇളവില്ലാതെ ചൈന
ട്രംപ് ഇളവ് നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ ചൈനയില്ല. ട്രംപിന്‍റെ ചൈനാ വിരുദ്ധതക്കും റഷ്യൻ ചായ്‍വിനും ഒരു ലക്ഷ്യം ഉണ്ടെന്നാണ് ഒരു പക്ഷം. ചൈനയുടെ ചില നിരീക്ഷണങ്ങൾ അതിലൊരു സത്യമില്ലേയെന്ന് സംശയവും ജനിപ്പിക്കുന്നുണ്ട്. കാര്യമെന്തായാലും യുക്രൈയ്ൻ ആക്രമണം കടുപ്പിച്ച റഷ്യക്കുമേൽ ഉപരോധം എന്നാണിപ്പോൾ ട്രംപിന്‍റെ പ്രസ്താവന.
'കാടിന്‍റെ നിയമം' എന്നാണ് ചൈനയുടെ പ്രതികരണം. ഉപരോധങ്ങളോടാണ്. 190 രാജ്യങ്ങളിൽ ഓരോന്നും തങ്ങളാണ് ആദ്യം എന്ന് ചിന്തിച്ച് തുടങ്ങിയാൽ പിന്നെ കാടിന്‍റെ നിയമമല്ലേ എന്നാണ് ചോദ്യം. പക്ഷേ, ചൈന ഇതൊരവസരമയി കൂടി കാണുന്നു എന്നാണ് പീപ്പിൾസ് കോൺഗ്രസിലെ വിദേശകാര്യമന്ത്രിയുടെ പ്രതികരണം നൽകുന്ന സൂചന.തങ്ങളാണ് വിശ്വാസ യോഗ്യർ, എന്നത് തന്നെ തെളിവ്. ചൈനയ്ക്ക് റഷ്യയോടുള്ള താൽപര്യമല്ല, അമേരിക്കയുടെ റഷ്യൻ ചായ്‍വാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്ന് ചൈനയുടെ യൂറോപ്യൻ അഫയേഴ്സ് പ്രതിനിധിയും ചൂണ്ടിക്കാട്ടുന്നു. തങ്ങൾക്കും റഷ്യക്കുമിടയിൽ വിടവുണ്ടാക്കുകയാണ് അമേരിക്കയുടെ ഉദ്ദേശ്യമെന്ന വിദേശകാര്യമന്ത്രിയുടെ വാക്കുകൾ പക്ഷേ മറ്റൊരു വിലയിരുത്തലിലേക്കുള്ള ചൂണ്ടുപലകയാണ്.
ട്രംപ്, റഷ്യയെ ചൈനയില്‍ നിന്നും അകറ്റുമോ?
ട്രംപിന്‍റെ യഥാർത്ഥ ഉദ്ദേശം, റഷ്യയെയും ചൈനയെയും തമ്മിൽ അകറ്റുകയാണ് എന്നൊരു പക്ഷമുണ്ട്. ശീതയുദ്ധത്തിന് ശേഷമുള്ള അമേരിക്കയുടെ നിലപാടുകളും നേറ്റൊയുടെ വികസനവുമാണ് റഷ്യയെ അമേരിക്കയിൽ നിന്ന് അകറ്റിയതെന്നും ചൈനയോട് അടുപ്പിച്ചതെന്നും ഈ വിഭാഗം വിലയിരുത്തുന്നു. അതിൽ നിന്ന് റഷ്യയെ വലിച്ചകറ്റുക. അമേരിക്കയോടും യൂറോപ്പിനോടും അടുപ്പിക്കുക. അതാണ് ട്രംപ് ഇപ്പോൾ നടപ്പാക്കുന്നത് എന്ന് വിശദീകരണം. പക്ഷേ, ഡോണൾഡ് ട്രംപെന്ന പ്രസിഡന്‍റിന് അത്രയ്ക്ക് ദീർഘവീക്ഷണമുണ്ടോ എന്ന സംശയത്തിനും ഇവിടെ ഇടമുണ്ട്. അതിന് യുക്രൈയ്നെ എന്തിന് കുരുതി കൊടുക്കണം എന്ന ചോദ്യവും അതിനൊപ്പമുണ്ട്. ഇപ്പോൾ ഒന്നും വ്യക്തമല്ല.
ആക്രമിച്ച് റഷ്യ, ഉപരോധമെന്ന് ട്രംപ്
അതേസമയം തന്നെ യുക്രൈയ്നുള്ള സൈനിക സഹായം നിർത്തിയ അമേരിക്കൻ നടപടിക്ക് പിന്നാലെ റഷ്യ യുക്രൈയ്നിൽ ആക്രമണം ശക്തമാക്കി. ഊർജോത്പാദന കേന്ദ്രങ്ങളുടെ നേർക്കുള്ള ആക്രമണം യുക്രൈയ്ൻ പ്രതിരോധിച്ചത് ഫ്രഞ്ച് മിറാഷ് വിമാനങ്ങൾ കൊണ്ടാണ്. ഒറ്റ രാത്രി വീണത് 67 മിസൈലുകൾ. അതിൽ 20 എണ്ണം വന്നത് കരിങ്കടലിലെ റഷ്യൻ കപ്പലുകളിൽ നിന്ന്. അപ്പോഴാണ് ട്രംപിന്‍റെ ഇടപെടൽ. യുക്രെയ്നെ ഇങ്ങനെ ആക്രമിക്കുന്നതിന്‍റെ പേരിൽ റഷ്യക്കുമേൽ ഉപരോധങ്ങളും നികുതികളും ചുമത്താൻ ആലോചിക്കുന്നു എന്നാണ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റ്. വെടിനിർത്തൽ ധാരണയിൽ അവസാന തീരുമാനം ഉണ്ടാകുന്നതുവരെയെന്നും കൂട്ടിചേര്‍ത്തു.
പ്രതിരോധം ശക്തമാക്കാന്‍ യൂറോപ്യന്‍ യൂണിയൻ
ഇപ്പോൾ റഷ്യക്ക് മേലുള്ളത് 21,000 ഉപരോധങ്ങളാണ്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ബ്രിട്ടൻ എന്നിവരുടെ വക. പണവും വ്യവസായവും ലക്ഷ്യമിട്ടാണെല്ലാം. കൂടാതെ റഷ്യയിലേക്ക് സാങ്കേതിക വിദ്യ കയറ്റുമതി, റഷ്യയിൽ നിന്ന് സ്വർണവും വജ്രവും ഇറക്കുമതി, വിമാന സർവീസ്... എല്ലാറ്റിനും നിരോധനമാണ്. റഷ്യന്‍ കോടീശ്വരൻമാർക്ക് വ്യക്തിപരമായുള്ള ഉപരോധങ്ങൾ വേറെ. അവരുടെ സ്വകാര്യ യാട്ടുകൾ വരെ പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, യൂറോപ്യൻ കൌൺസിൽ ഉച്ചകോടിയിൽ പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കയാണ് രാജ്യങ്ങൾ. പ്രതിരോധച്ചെലവിൽ കാലാകാലമായി കാട്ടിയിരുന്ന അനാസ്ഥ, ട്രംപിനെ പ്രകോപിപ്പിച്ചിരുന്ന അനാസ്ഥ, അവസാനിപ്പിക്കുകയാണ് യൂറോപ്പ്. അതും ട്രംപിന്‍റെ പദ്ധതിയെന്ന് വാദിക്കുന്നു ഒരു വിഭാഗം നിരീക്ഷകർ. 80 വർഷത്തെ സഹകരണത്തിന് ശേഷം യൂറോപ്പിനെയും നേറ്റൊയെയും അകറ്റിനിർത്തുമെന്ന അറ്റകൈ പ്രയോഗമാണ് നേറ്റൊയ്ക്ക് നൽകുന്ന വിഹിതം കൂട്ടാൻ അവരെ പ്രേരിപ്പിച്ചത് എന്നാണ് വാദം. ശരിയെന്ന് വേണമെങ്കിൽ പറയാം. അപ്പോഴും സംശയം ട്രംപെന്ന പോപ്പുലിസ്റ്റ് പ്രസിഡന്‍റിന് അത്ര വ്യക്തമായൊരു രൂപരേഖ മനസിലുണ്ടോ എന്നതാണ്. പക്ഷേ, ഈ പോസ്റ്റ് അത്രക്കങ്ങ് വിശ്വസിക്കാൻ പറ്റില്ല. ജനുവരിയിൽ അധികാരമേറ്റയുടൻ ട്രംപ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതാണ്. എന്തായാലും സൈനിക ബജറ്റ് കൂട്ടാൻ യൂറോപ്യൻ കൌൺസിലിൽ തീരുമാനമായി.
അംഗരാജ്യങ്ങൾക്കുള്ള ബജറ്റ് നിയന്ത്രണം നീക്കുക വഴി 650 ബില്യൻ, പിന്നെ അംഗരാജ്യങ്ങളുടെ നിക്ഷേപം 150 ബില്യൻ, അത് വായ്പയായും സ്വീകരിക്കും. അപ്പോൾ ആകെ 800 ബില്യൻ. സൈനിക ബജറ്റ് കൂട്ടുക വഴി, യുക്രൈയ്നെയും സഹായിക്കാനാവുമെന്നാണ് യൂറോപിന്‍റെ പ്രതീക്ഷ. പ്രായപൂർത്തിയായ പുരുഷൻമാർക്ക് യുദ്ധപരിശീലനം നൽകാനും സൈനികശക്തി 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കാനുമാണ് പോളണ്ട് തീരുമാനിച്ച് കഴിഞ്ഞു. പക്ഷേ, സ്ലൊവാക്യ യുക്രൈയ്നെ സഹായിക്കില്ല. പണമോ സൈനിക സഹായമോ നൽകില്ല. പ്രധാനമന്ത്രി റോബർട്ട് ഫികോ അത് പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും, സ്ലൊവാക്യയുൾപ്പെടുന്ന 26 രാജ്യങ്ങൾ കീവിന്‍റെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനവും സൈനിക സഹായവും ആഹ്വാനം ചെയ്യുന്ന പ്രസ്താവനയിൽ ഒപ്പുവച്ചു. ഹംഗറിയൊഴിച്ച്.
