മൂന്നു വര്‍ഷത്തെ പുറംലോകമറിയാത്ത ക്രൂരപീഡനം; രക്ഷപ്പെടാന്‍ കാരണമായത് മകളുടെ ഒരുവാക്ക്

By Web TeamFirst Published Oct 22, 2018, 6:08 PM IST
Highlights

2005 ല്‍ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് സ്കോട്ടും ജോഡീയും കണ്ടുമുട്ടിയത്. 2009 ഒക്ടോബര്‍ 31നാണ് അവര്‍ വിവാഹിതരായത്. ഹാലോവീന്‍ തീമിലായിരുന്നു വിവാഹം. അവളെ ജോലിക്ക് പോകാനോ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ, സുഹൃത്തുക്കളെയോ, ബന്ധുക്കളെയൊ കാണാനോ ഒന്നും സ്കോട്ട് അനുവദിച്ചില്ല. 

യോക് ഷെയര്‍: പലപ്പോഴും ഗാര്‍ഹിക പീഡനങ്ങള്‍ പുറംലോകം അറിയാറില്ല. പലരും അതിനകത്ത് കിടന്ന് കഷ്ടപ്പെടാറാണ് പതിവ്. ഇവിടെയും സംഭവിച്ചത് അതാണ്. പക്ഷെ, ഒടുവില്‍ അവള്‍ അതില്‍ നിന്നും പുറത്ത് കടന്നു. 

മൂന്നു വര്‍ഷത്തെ ക്രൂരമായ ശാരീരിക പീഡനത്തിനൊടുവിലാണ് ഭര്‍ത്താവ് സ്കോട്ടില്‍ നിന്നും ജോഡീ എന്ന സ്ത്രീ രക്ഷപ്പെട്ടത്. അതിന് കാരണമായതാകട്ടെ മകളുടെ ഒരു വാക്കും. മകള്‍, തന്‍റെ  അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് ടീച്ചറോട് പറഞ്ഞതാണ് ജോഡീ രക്ഷപ്പെടാന്‍ കാരണമായത്. ജോഡീ കീഗന്‍ മൂന്നു വര്‍ഷമായി ഭര്‍ത്താവ് സ്കോട്ട് കീഗനില്‍ നിന്നും ക്രൂരമായ പീഡനങ്ങളേറ്റ് വാങ്ങുകയാണ്. കീഗന് ശിക്ഷ വിധിച്ച ജഡ്ജി തന്നെ പറഞ്ഞത് താനിതുവരെ കണ്ടതില്‍ ഏറ്റവും ഭയാനകമായ കേസാണിത് എന്നാണ്. 18 വര്‍ഷത്തേക്കാണ് സ്കോട്ടിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 

2005 ല്‍ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് സ്കോട്ടും ജോഡീയും കണ്ടുമുട്ടിയത്. 2009 ഒക്ടോബര്‍ 31നാണ് അവര്‍ വിവാഹിതരായത്. ഹാലോവീന്‍ തീമിലായിരുന്നു വിവാഹം. അവളെ ജോലിക്ക് പോകാനോ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ, സുഹൃത്തുക്കളെയോ, ബന്ധുക്കളെയൊ കാണാനോ ഒന്നും സ്കോട്ട് അനുവദിച്ചില്ല. ജോഡീയുടെ സഹോദരി മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പോലും  അവളെ അനുവദിച്ചില്ല. പത്തുവര്‍ഷം ജോഡിയെ അടക്കി ഭരിച്ചു സ്കോട്ട്. പിന്നീട് അത് അക്രമമായിത്തുടങ്ങി. മര്‍ദ്ദിക്കാനും മുറിവേല്‍പ്പിക്കാനും തുടങ്ങി. 

ഒരിക്കല്‍ ചെവി മുറിഞ്ഞുപോയി. ആശുപത്രിയില്‍ പോകാന്‍ ഒരു വിധത്തിലും സ്കോട്ട് സമ്മതിച്ചില്ല. പശ ഇട്ട് അത് പരിഹരിക്കാനാണ് സ്കോട്ട് പറഞ്ഞത്. കാപ്പി ഉണ്ടാക്കിയത് ശരിയായില്ല എന്നതുപോലെയുള്ള നിസാരമായ കാരണങ്ങള്‍ പറഞ്ഞാണ് സ്കോട്ട് ജോഡീയെ ഉപദ്രവിച്ചിരുന്നത്. അയാളുറങ്ങാത്ത ദിവസങ്ങളിലൊന്നും അവളെയും അയാള്‍ ഉറങ്ങാന്‍ സമ്മതിച്ചില്ല.  

എല്ലാ ദിവസവും കുട്ടികളോട് ചോദിക്കും, ഇന്ന് അമ്മ ആരോടെല്ലാം സംസാരിച്ചു എന്ന്. അവര്‍ ആരോടും സംസാരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായിരുന്നു അത്. ജോഡീയോട് എപ്പോഴും അവള്‍ മടിച്ചിയാണെന്നും കുട്ടികളോട് അമ്മ ഒന്നിനും കൊള്ളാത്തവളാണെന്നും നിരന്തരം പറയും. 

എനിക്ക് ഹൊറര്‍ സിനിമകള്‍ കാണുന്നത് ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഹാലോവീന്‍ വിവാഹവും നടത്തിയത്. പക്ഷെ, അയാളുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയ ശേഷം അങ്ങനെയൊരു സിനിമ കാണാന്‍ കഴിയുമായിരുന്നില്ല, അത്രയും ഭയമായിരുന്നുവെന്ന് അവള്‍ പറയുന്നു. രണ്ട് മണിക്കൂറാണ് ആ ദിവസങ്ങളിലൊന്നില്‍ വടി ഉപയോഗിച്ച് അവരെ അയാള്‍ അടിച്ചത്. ശരീരത്തില്‍ 95 ശതമാനവും ഉപദ്രവമേറ്റതിന്‍റെ പാടുകളാണ്. ഇതില്‍ നിന്നും അവളെ രക്ഷിച്ചത് അവളുടെ മകളുടെ ധൈര്യമാണ്. അവളാണ് ആദ്യമായി അവളുടെ സ്കൂളില്‍ ചെന്ന് അവളുടെ അമ്മയുടെ നരകയാതനകളെ കുറിച്ച് പറഞ്ഞത്. അവളാണ് തന്‍റെ ജീവന്‍ രക്ഷിച്ചതെന്നും ജോഡീ. 

പൊലീസെത്തി. തന്‍റെ മുറിവുകളെല്ലാം അവര്‍ക്ക് കാണിച്ചുകൊടുത്ത ശേഷം അവള്‍ പറഞ്ഞു, 'ഞാന്‍ ഗാര്‍ഹിക പീഡനത്തിന്‍റെ ഇരയാണ്.' ആ സമയത്താണ് എനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും എനിക്ക് സഹായം വേണമെന്നും എനിക്ക് തന്നെ മനസിലാകുന്നതെന്നും അവര്‍ പറയുന്നു.

സ്കോട്ട് അതിനു ശേഷമാണ് അറസ്റ്റിലാകുന്നത്. ഗാര്‍ഹിക പീഡനത്തിനു മാത്രമല്ല, ബലാത്സംഗത്തിനും സ്കോട്ടിനെതിരെ കേസുണ്ട്. കുട്ടികളെയും ജോഡീയെയും സുരക്ഷിതസ്ഥാനത്താക്കി. അപ്പോഴാണ് തനിക്ക് സമാധാനമായതെന്ന് ജോഡീ പറയുന്നു. 

അടിയുടെയുടെയും കടിയുടേയും പാടുകള്‍, എല്ലുകള്‍ പൊട്ടിയിരുന്നു... ആശുപത്രിയിലെത്തിച്ചപ്പോള്‍ ദയനീയമായിരുന്നു ജോഡീയുടെ അവസ്ഥ.  മൂന്നു വര്‍ഷത്തെ ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍ അന്നാണ് ആദ്യമായി അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ക്രിസ്തുമസ് ദിവസമായിരുന്നു അത്. അഞ്ച് ദിവസം അവര്‍ ആശുപത്രിയില്‍ കഴിഞ്ഞു. തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ക്രിസ്തുമസ് എന്നാണ് ആ ക്രിസ്തുമസിനെ ജോഡീ വിശേഷിപ്പിച്ചത്. 

സ്കോട്ട് അറസ്റ്റിലായ ശേഷം ജോഡീ തന്‍റെ ജീവിതം പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയാണ്. അത്രയും വര്‍ഷം അകത്ത് കിടക്കുമ്പോള്‍ സ്കോട്ടിന് എന്തെങ്കിലും മാറ്റമുണ്ടാകുമെന്നാണ് കരുതുന്നതെന്നാണ് ജോഡീ പറയുന്നത്. 

ഇപ്പോള്‍ ജോഡീ തന്നെപ്പോലെ ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീകളെ സഹായിക്കുകയാണ്. അവര്‍ക്ക് സഹായം നല്‍കാനാണ് താനിഷ്ടപ്പെടുന്നത്. ഒറ്റ ചുവട് വെച്ചാല്‍ ജീവിതം തന്നെ രക്ഷപ്പെട്ടേക്കാം. പീഡനങ്ങളില്‍ നിന്ന് പുറത്ത് കടക്കണം എന്നും അവര്‍ പറയുന്നു. 

 

(കടപ്പാട്: ഡെയ്ലി മെയില്‍)

click me!