വാക്‌സിന്‍ വിരുദ്ധരേ, ഈ മരണത്തിന് നിങ്ങള്‍ക്കെന്ത് മറുപടി പറയാനുണ്ട്?

Published : Sep 19, 2017, 03:56 PM ISTUpdated : Oct 05, 2018, 02:52 AM IST
വാക്‌സിന്‍ വിരുദ്ധരേ, ഈ മരണത്തിന് നിങ്ങള്‍ക്കെന്ത് മറുപടി പറയാനുണ്ട്?

Synopsis

അപ്പോഴും ഇന്നും എപ്പോഴും ഞാന്‍ അഫ്രീന്റെ വാപ്പയോടും സമൂഹത്തോടും ചോദിച്ചു കൊണ്ടിരിക്കുന്നു, 'നിങ്ങള്‍ എന്ത് കൊണ്ട് കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തില്ല?'

മനുഷ്യന് മരണം വിധിച്ചതാണ്. പക്ഷെ ചിലര്‍ അറിയാതെ അതിലേക്ക് വലിച്ചെറിയപ്പെടുന്നു.

അവന്റെ പേര് അഫ്രീന്‍ എന്നായിരുന്നു. വെള്ളാരം കണ്ണുകളും ചുവന്നു തുടുത്ത കവിളുകളുമുള്ള പന്ത്രണ്ടു വയസുകാരന്‍. പനിച്ചു വിറച്ച് എന്റെ പരിശോധനാ മുറിയിലേക്ക് വരുമ്പോള്‍ അവന് പക്ഷെ കുടിനീര് പോലും ഇറക്കാന്‍ വയ്യായിരുന്നു. ടോര്‍ച്ചിന്റെ വെട്ടത്തില്‍ അമീന്റെ തൊണ്ടയില്‍ ഞാന്‍ കണ്ടു, 'സ്യൂഡോ മെ ബ്രെയ്ന്‍'

കുട്ടിക്ക് തൊണ്ട മുള്ള് അഥവാ ഡിഫ്തീരിയ ആണെന്ന നിഗമനത്തിലെത്താന്‍ എനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. ഒരു കൂട്ടം മനുഷ്യത്വമില്ലാത്ത 'വല്ലാത്ത ജീവികള്‍' സ്വയം പ്രസിദ്ധിക്ക് നടത്തുന്ന വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ പാടേ വിശ്വസിച്ച് അഫ്രീന് കുഞ്ഞിലേയുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ പാടെ നിഷേധിച്ച ഒരു പാവം മുസലിയാരായിരുന്നു അവന്റെ വാപ്പ. അഫ്രീനെ ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റെഫര്‍ ചെയ്തു. അവനവിടെ പോയി. ജീവന്‍ രക്ഷിക്കാന്‍ ഉള്ള സര്‍വ്വ ശ്രമങ്ങളും പരാജയപ്പെട്ട് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അഫ്രീന്‍ മരിച്ചു. 

വാക്‌സിന്‍ യഥാസമയത്ത് കൊടുത്തിരുന്നെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്ന ഒരു കുഞ്ഞു ജീവന്‍. അപ്പോഴും ഇന്നും എപ്പോഴും ഞാന്‍ അഫ്രീന്റെ വാപ്പയോടും സമൂഹത്തോടും ചോദിച്ചു കൊണ്ടിരിക്കുന്നു, 'നിങ്ങള്‍ എന്ത് കൊണ്ട് കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തില്ല?'

ഇവരൊക്കെ ചരിത്രമറിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍, ശാസ്ത്രത്തെ മുന്‍ധാരണകളില്ലാതെ  മനസിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായേനെ.

1769 ല്‍ എഡ്വേര്‍ഡ് ജന്നര്‍ വസൂരിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ഇന്നും ലോകം മുഴുവന്‍ വസൂരി വന്ന് മില്യന്‍ കണക്കിനാളുകള്‍ മരിച്ചു വീണേനേ. വസൂരിയെ ഭൂമുഖത്ത് നിന്ന് തന്നെ തുരത്തിയോടിച്ച അതിമഹത്തായ ശാസ്ത്ര സംഭാവനയായിരുന്നു വാക്‌സിന്‍. പിന്നെ പിള്ള വാതം അഥവാ പോളിയോ ഒരു പാട് ജീവനുകളെ തളച്ചിട്ടപ്പോഴും മനുഷ്യര്‍ തളര്‍ന്നില്ല... കാര്യക്ഷമതയുള്ള വാക്‌സിന്‍ കൊണ്ടുവന്നു. ഇന്ന് ലോകം പോളിയോ നിര്‍മാര്‍ജ്ജനത്തിന് അടുത്തു നില്‍ക്കുന്നു.

ഒട്ടനവധി മരണങ്ങള്‍ക്ക് ഇന്നും കാരണമാവുന്ന അഞ്ചാം പനിയെയും ജന്മ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് കാരണമാവുന്ന റുബല്ല പനിയെയും ഇനി നമുക്ക്  നിര്‍മാര്‍ജ്ജനം ചെയ്യണം. വികസിത രാജ്യങ്ങള്‍ കുറെ മുന്‍പ് തന്നെ ഈ നേട്ടം കൈവരിച്ചു കഴിഞ്ഞു. നമുക്കും നേടണം ആരോഗ്യം അവര്‍ക്കൊപ്പം. ഇതിനായി ലോകാരോഗ്യ സംഘടന ആവിഷ്‌ക്കരിച്ച ബൃഹത്തായ MR ക്യാംപയ്ന്‍ അടുത്ത മാസം മുതല്‍ നടപ്പിലാക്കുന്നു. 10 മാസം മുതല്‍ പത്താം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഓരോ ഡോസ്  MR വാക്‌സിന്‍ നല്‍കി അഞ്ചാം പനിയെയും റുബല്ല പനിയെയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നമുക്കും പങ്കു ചേരാം.

എങ്കിലും ഒരു കൂട്ടര്‍ ഇതിനെതിരെയെല്ലാം കുപ്രചരണങ്ങള്‍ അഴിച്ചു വിടും. കാലങ്ങളായി ഒരു പാടു ജീവനുകള്‍ രക്ഷിച്ച പ്രതിരോധ കുത്തിവെപ്പുകള്‍ പ്രത്യുല്‍പാദന ശേഷി കുറക്കുന്നവയാണെന്നും ബില്‍ ഗേറ്റ്‌സിന്റെ തന്ത്രങ്ങളാണെന്നും തട്ടി വിടും. (അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ നന്നായി അറിയുന്നുണ്ട്). മറ്റൊരു കൂട്ടര്‍ ദൈവം അവര്‍ക്കു കൊടുത്ത ബുദ്ധിയെ അവലോകനം ചെയ്യാന്‍ വിടാതെ അന്ധമായി ഇവരെ പിന്‍പറ്റും. അത് കൊണ്ട് തന്നെ ഡിഫ്തീരിയ മരണങ്ങള്‍ വീണ്ടും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കാഴ്ച്ച.. കേള്‍വി ശക്തിയില്ലാത്ത ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങള്‍ വീണ്ടും ജനിക്കാന്‍ വിധിക്കപ്പെടുന്നു. വെള്ളാരം കണ്ണുകള്‍ ദ്രവിച്ചു കാണും.  പക്ഷെ അഫ്രീന്‍ ഇപ്പൊഴും നമ്മളോട് ചോദിച്ചു കൊണ്ടിരിക്കുന്നു. 'നിങ്ങള്‍ എന്തിനായിരുന്നു മരണമേറ്റു വാങ്ങാന്‍ എന്നെ എറിഞ്ഞു കൊടുത്തത്?'

വാല്‍ക്കഷണം: വാക്‌സിന്റെ മഹത്തായ കണ്ടു പിടിത്തം നടത്തിയ ജന്നര്‍ മരണ സമയത്ത് ഇങ്ങനെ പറയുകയുണ്ടായി.. ' ഇല്ല എനിക്ക് അത്ഭുതമോ സങ്കടമോ ഇല്ല   എന്തെന്നാല്‍ മനുഷ്യര് ദൈവത്തോട് തന്നെ നന്ദിയില്ലാത്തവരാണ്.'

(ഓമാനൂര്‍ സി.എച്ച്.സിയിലെ അസി. സര്‍ജനാണ് ഡോ. ഹസ്‌ന) 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കോവൽ; നല്ല വിപണി സാധ്യത, വളർത്താനും വിളവെടുക്കാനും എളുപ്പം
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി