അപകടം കണ്ടാല്‍ മൊബൈല്‍ഫോണ്‍ ഉയര്‍ത്തുന്നവര്‍ അറിയാന്‍

Published : May 02, 2019, 06:57 PM IST
അപകടം കണ്ടാല്‍ മൊബൈല്‍ഫോണ്‍ ഉയര്‍ത്തുന്നവര്‍ അറിയാന്‍

Synopsis

ഇന്നലെ പാതിരയോടടുത്ത നേരത്താണ് ഒരു സ്ത്രീ, തന്റെ ഇടുപ്പെല്ലിന്റെ ലെവലില്‍ വെച്ച് ശരീരം കത്തി കൊണ്ട് വെട്ടിയിട്ടത് പോലെ രണ്ട് കഷ്ണമായിപ്പോയ ഒരു ആക്‌സിഡന്റിന്റെ വീഡിയോ ദൃശ്യം ഫേസ്ബുക്ക് മെസഞ്ചറില്‍ എത്തുന്നത്. ചുവന്ന ലെഗിംഗ്‌സ് ധരിച്ച രണ്ട് കാലുകള്‍ ഒന്നിച്ച് ശരീരത്തില്‍ നിന്ന് വേര്‍പെട്ട് അനക്കമറ്റ് കിടക്കുന്നു. ശരീരത്തിന്റെ മറുപാതി സംസാരിക്കുന്നുണ്ട്, അനങ്ങുന്നുണ്ട്. ട്രെയിലര്‍ കയറിയിറങ്ങിയതാണ്.

ഹിന്ദി സംസാരിക്കുന്ന അവരുടെ അടുത്തേക്ക് 'മേരി ബേട്ടീ' എന്ന് നിലവിളിച്ച് കൊണ്ട് ഓടി വരുന്ന പെറ്റമ്മ. അവര്‍ ദൃശ്യം കണ്ട് തളര്‍ന്ന് വീഴുന്നു, വേവലാതിപ്പെടുന്നു, വിലപിക്കുന്നു. അവരെയൊന്ന് പിടിച്ച് മാറ്റാന്‍ ചുറ്റുമുള്ള കാഴ്ചക്കാര്‍ക്ക് സങ്കോചം. ആ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണോ എന്നതൊന്ന് പരിഗണിക്കുന്നത് കൂടിയില്ല. മൊബൈലില്‍ ഒരു വിറ പോലുമില്ലാതെ ഏതായാലും എല്ലാം നന്നായി പതിഞ്ഞിട്ടുണ്ട്, രണ്ട് മിനിറ്റോളം കഷ്ടപ്പെട്ട് പടം പിടിച്ചതല്ലേ !

ആ പെണ്‍കുട്ടിയുടെ നേരെ മുകളില്‍ വരെ വെച്ച് ഷൂട്ട് ചെയ്യുന്നത് വീഡിയോയില്‍ സുവ്യക്തം

'ഈ പെണ്‍കുട്ടി രക്ഷപ്പെടുമോ' എന്നതാണ് മെസഞ്ചറിലെ സുഹൃത്തിന്റെ ചോദ്യം. ഇത്ര ഭീകരമായ അപകടം നേരിട്ട് കണ്ടിട്ടില്ലെങ്കിലും, ആക്‌സിഡന്റും രക്തവും കണ്ട് കണ്ണിലെ പുളിപ്പ് മാറിയത് കൊണ്ട് ആ വീഡിയോയില്‍ ഉടനീളം ചുറ്റുപാടാണ് ശ്രദ്ധിച്ചത്. കൈ കെട്ടി നോക്കി നില്‍ക്കുന്ന പത്തമ്പത് പേര്‍, കൂടെ കുറേ മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രാഫേഴ്‌സ്. അവര്‍ മുഖാന്തരം ഇതെല്ലാം പങ്ക് വെക്കുന്ന സമൂഹത്തിന്റെ മനസ്സില്‍ എന്തായിരിക്കും? 

  • എനിക്കും പ്രിയപ്പെട്ടവര്‍ക്കും ഇത് വന്നില്ലല്ലോ എന്ന ആശ്വാസം?
  • ഭീകരമെങ്കിലും അപൂര്‍വ്വമായൊരു ദൃശ്യം പങ്ക് വെക്കുന്നതിന്റെ സായൂജ്യം? സ്വന്തം വീട്ടുകാര്‍ക്ക് വല്ലതും പറ്റിയാല്‍ ഇങ്ങനെ വൈറലാക്കുമോ?
  • സിനിമയിലൊക്കെ കാണുന്നതിന്റെ realtiy version എന്ന WOW factor?
  • മുന്‍കൈ എടുത്ത് എന്തെങ്കിലും ചെയ്യാനുള്ള മടി? സ്വന്തക്കാരോ ബന്ധുക്കളോ ആണെങ്കില്‍?
  • രക്തം/അപകടം എന്നിവയോടുള്ള അറപ്പ്?അതുണ്ടെങ്കില്‍ നോക്കി നില്‍ക്കുമോ?
  • കൗതുകം? അങ്ങനെയെങ്കില്‍ മനുഷ്യരെന്ന് വിളിക്കപ്പെടാമോ!
  • ആശുപത്രിയില്‍ കൊണ്ടു പോയാല്‍ ഏറ്റെടുക്കേണ്ടി വരുമോ എന്ന ആശങ്ക?
  • സ്വാര്‍ത്ഥത?
  • തനിക്കിത് നാളെ സംഭവിക്കില്ല എന്നുള്ള ഉറപ്പ്? അമിതമായ ആത്മവിശ്വാസം?
  • മനുഷ്യത്വമില്ലായ്മ?

മനുഷ്യ ജീവനാണ് ടാറിന്‍മേല്‍ ചോരയില്‍ മുങ്ങി പിടഞ്ഞ് കളിക്കുന്നത്.

എന്ന് സംഭവിച്ചെന്നോ എപ്പോള്‍ സംഭവിച്ചെന്നോ അറിയാത്ത, അന്യസംസ്ഥാനത്ത് നടന്ന അപകടം. ഇര മിക്കവാറും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടാകില്ല. എന്നിട്ടും പാതിക്ക് മുറിഞ്ഞ് പോയൊരു പെണ്ണിന്റെ വീഡിയോ പങ്ക് വെക്കപ്പെടുന്നു. അവളുടെ അമ്മയുടെ വേദന ആസ്വദിക്കപ്പെടുന്നു. ഇനിയും കോടിക്കണക്കിന് ആളുകളത് കാണും. വാഹനമോടിക്കുന്നവരെ ബോധവല്‍ക്കരിക്കാനെന്നും ദൈവം തന്ന അനുഗ്രഹങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ എന്നുമൊക്കെയുള്ള ന്യായീകരണങ്ങളുണ്ടാകും. കാഴ്ചക്കാര്‍ക്ക് തോന്നുന്ന ഭയം തമ്മില്‍ പറഞ്ഞു തീര്‍ക്കുന്ന ആ ഒരു നിമിഷത്തെ ആത്മരതിയെ ഇത് കൊണ്ടൊന്നും തടഞ്ഞു വെക്കാനുമാവില്ല. മനുഷ്യന്റെ ജീവനാണ് ടാറിന്‍മേല്‍ ചോരയില്‍ മുങ്ങി പിടഞ്ഞ് കളിക്കുന്നത്.

ആ പെണ്‍കുട്ടിയുടെ നേരെ മുകളില്‍ വരെ വെച്ച് ഷൂട്ട് ചെയ്യുന്നത് വീഡിയോയില്‍ സുവ്യക്തം. ഷൂട്ട് ചെയ്ത് പരത്തിയ മഹദ്‌വ്യക്തിയെക്കുറിച്ചൊന്നും പറയാനുമില്ല !

ട്രാഫിക് നിയമങ്ങള്‍ അറിയാഞ്ഞിട്ടല്ല നാം പാലിക്കാത്തത്. പാലിച്ചില്ലെങ്കില്‍ തീരുന്നത് താനും തനിക്കുള്ളവരും മാത്രവുമാവില്ല, എതിരെ വരുന്നവര്‍ കൂടിയാണ്. ഓരോ മനുഷ്യനും ആരുടെയോ പ്രാണനാണ്. അത് നിലനില്‍ക്കാന്‍ വ്യഗ്രത കൊള്ളുന്നത് പടത്തിലേക്ക് പകര്‍ത്തി ആസ്വദിക്കുന്നവരുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുകയാണ് വേണ്ടത്. പടം പിടിക്കുന്നതിന് പകരം അതേ കൈ വേദനിക്കുന്നവര്‍ക്ക് ഒന്ന് നീട്ടിക്കൊടുത്തിരുന്നുവെങ്കില്‍....

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

കൈകൂപ്പി കണ്ണടച്ച് പ്രാർത്ഥനാ​ഗീതത്തിനൊപ്പം കുഞ്ഞന്റെ നൃത്തം, മനസ് നിറഞ്ഞ് നെറ്റിസൺസ്, വീഡിയോ
'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ