കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാര്‍  ഉണ്ടാവുന്നത് ഈ രോഗം കൊണ്ടുകൂടിയാണ്!

By Speak UpFirst Published May 2, 2019, 6:42 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്: അഞ്ജന മറോളി എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.


ഒരു പ്രസവത്തിലൂടെ അചിന്തനീയം ആയ പ്രബോധോദയം ഉണ്ടായി സ്ത്രീ ദേവിയോ ജ്ഞാനിയോ അതോ  സന്യാസിതുല്യയായി എല്ലാം പരിത്യജിക്കുന്നവളോ ഒന്നും ആവില്ല എന്ന് മനസിലാക്കാന്‍ എനിക്ക് ഒന്ന് പ്രസവിക്കേണ്ടി വന്നു. പറയുന്നത് അമ്മ എന്ന പദവിയെ അനാവശ്യമായി മഹത്വവല്‍ക്കരിച്ചു അധികഭാരം ചുമക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളെ കുറിച്ചാണ്. 

ഒരു കുഞ്ഞു ഉണ്ടാവുന്നതിലൂടെ, അമ്മക്ക് അച്ഛനില്‍ നിന്ന് ഏറെ ബുദ്ധി-ജ്ഞാന-പ്രവര്‍ത്തി പരിചയമോ ഉത്‌ബോധനമോ മാനസികം ആയി ഉണ്ടാവുന്നില്ല. മറിച്ചു ശാരീരികമായും മാനസികമായും  കുറച്ചു കൂടെ മുറിപ്പെടത്തക്കതായ അവസ്ഥയില്‍ ആവുന്നു. അപ്പോള്‍ കുഞ്ഞിന്റെ ഉത്തരവാദിത്വങ്ങള്‍, മഹത്തായ മാതൃത്വം മാത്രം ചുമക്കേണ്ടി വരുമ്പോള്‍, അവള്‍ മാനസികം ആയി കടന്നുപോയേക്കാവുന്ന അവസ്ഥ എത്ര ഭയാനകം എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. 

കുഞ്ഞിനെ കൊല്ലുന്ന, കുഞ്ഞിനെ നോക്കാതെ,  പാലു പോലും കൊടുക്കാന്‍ താല്പര്യം കാണിക്കാതെ ആത്മഹത്യ ചെയ്യുന്ന അത്ര ശരിയല്ലാത്തവളുമാരായ അമ്മമാര്‍  ഈ നാട്ടില്‍ ഇന്ന് ഉണ്ടായതല്ല. ഇത്തരം തിരിച്ചറിഞ്ഞിട്ടില്ലാത്ത വാര്‍ത്തകളില്‍ ഇടം പിടിക്കാതെ മണ്ണിനടിയില്‍ പോയ അമ്മമാര്‍ എന്നും ഉണ്ടായിരുന്നു. 

ഒരു ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് ഞാന്‍ സ്‌കൂള്‍ പഠിക്കുന്ന കാലം. ബന്ധത്തില്‍ ഉള്ള ഒരു കുഞ്ഞമ്മ അപ്രതീക്ഷിതമായി ഒരു ദിവസം ആത്മഹത്യ ചെയ്തു, രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ട്. ഒരാള്‍ രണ്ട് വയസ്സും മറ്റയാള്‍ അഞ്ച് വയസ്സും. ഭര്‍ത്താവ് ഗള്‍ഫില്‍. അദ്ദേഹം കൂടെ ഇല്ലാതെ കുഞ്ഞുങ്ങളെ നോക്കാന്‍ വയ്യ, ഒറ്റപ്പെട്ടു പോവുന്ന പോലെ എന്നീ ഭയപ്പാട് കുഞ്ഞമ്മ പറയുമ്പോള്‍. ഈ കുഞ്ഞമ്മ താമസിച്ചിരുന്ന കൂട്ടുകുടുംബ വീട്ടില്‍ ഓരോരുത്തരും പറയും 'നല്ല സുഖവും കാശും ഒക്കെ ഉള്ളപ്പോള്‍ അവള്‍ക്ക് എല്ലിന്റെ ഉള്ളില്‍ കുത്ത്' എന്ന്.  ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ നോക്കാന്‍ വയ്യാന്നു പറഞ്ഞ ആ കുഞ്ഞമ്മ, ഒരു ദിവസം, മരണത്തിലേക്ക് ഒറ്റക്ക് യാത്ര ആയി. അന്ന് മുതല്‍ ഇന്ന് വരെ 'അഹങ്കാരി, മക്കളെ പറ്റി ചിന്തിക്കാതെ ചത്ത താടക' എന്നീ പട്ടങ്ങള്‍ ആണ് ആ അമ്മയ്ക്ക് ലഭിച്ചത്. ഇന്നും അറിയില്ല എന്ത് മാനസികാവസ്ഥയില്‍ കൂടെ ആയിരിക്കാം ആ അമ്മ അന്ന് കടന്ന് പോയതെന്ന്. 

വേറൊരു അമ്മ, അനാവശ്യം ആയ വഴക്കും കോലാഹലവും കരച്ചിലും നിറഞ്ഞ ഗൃഹാന്തരീക്ഷത്തില്‍ നിന്ന് സ്വന്തം കുഞ്ഞിനേയും കൊന്നു ജീവനൊടുക്കി. 

രണ്ടാമത്തെ കുഞ്ഞിന്റെ ജന്മത്തോട് കൂടി, കുഞ്ഞുങ്ങളില്‍ കാണിക്കുന്ന ശ്രദ്ധ,  മാതൃത്വം അളവുകോലില്‍ എത്തിയില്ല എന്ന് കുറ്റാരോപണം സഹിക്കാതെ രണ്ടില്‍ കൂടുതല്‍ ആത്മഹത്യാ ശ്രമം നടത്തുകയും, മൂന്നാമത്തെ ശ്രമത്തില്‍ മരണമടയുകയും ചെയ്തു. ആറു വയസ്സുള്ള മൂത്ത കുഞ്ഞിനെ ബാക്കി വച്ചു അമ്മയും ഇളയ മൂന്ന് വയസ്സുള്ള കുഞ്ഞും കെട്ടിപ്പുണര്‍ന്ന് പുഴയില്‍ ചാടി മരിച്ചു. അമ്മയും കുഞ്ഞും കെട്ടിപ്പിടിച്ച മൃതശരീരം ആയി കിടന്നത് കണ്ടവര്‍ ഒക്കെയും ഓര്‍ക്കും. ഇവിടെ അമ്മയ്ക്ക് 'തലയ്ക്കു സുഖമില്ലാത്തവള്‍/പ്രാന്തി' എന്നീ പട്ടങ്ങള്‍ ആണ് ലഭിച്ചത്. 

ഇനി മരിച്ചതോ കൊന്നതോ  ആയ അമ്മക്കഥകള്‍ അല്ല , അതു പറഞ്ഞാല്‍ തീരാത്ത  അത്രയും ഉണ്ടല്ലോ.

ഇതു ഒരു 30 വര്‍ഷം മുന്‍പ് ഡൗണ്‍സിന്‍ഡ്രോം ബാധിച്ച പെണ്‍ കുഞ്ഞു ജനിച്ച അമ്മ, ആ  മാതൃത്വത്തിനു  ഈ കുഞ്ഞിനെ ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ജാതകം നോക്കി, പത്തുവയസ്സ് കടക്കില്ലെന്നു ജ്യോല്‍സ്യന്‍. അമ്മ കുഞ്ഞിനെ മുത്തശ്ശിയുടെ കൂടെ വിട്ടു, നഗരത്തില്‍ ജീവിതം തുടര്‍ന്നു. രണ്ടാമത്തെ കുഞ്ഞു ജനിച്ചു, അവന്‍ മിടുക്കനായി അമ്മയുടെ കൂടെ (അച്ഛന്റേം) ജീവിച്ചു വളര്‍ന്നു. ഇവിടെ ജ്യോല്‍സ്യ പ്രവചനം പിഴച്ചു, പെണ്‍കുഞ്ഞിന് ഇന്ന് 31 വയസ്സ്. ഇന്നും നോര്‍മല്‍ ആയ മകനില്‍ തോന്നിയ മാതൃത്വം ആ അമ്മയ്ക്ക് ഡൗണ്‍സിന്‍ഡ്രോം ബാധിച്ച മകളില്‍ കാണാന്‍ സാധിച്ചിട്ടില്ല. 

വേറൊന്ന്, മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ചത് അമ്മയുടെ ശ്രദ്ധയില്ലായ്മ ആണെന്ന് പറഞ്ഞു മാനസികവും ശാരീരികവും ആയ പീഡനംനാല്‍പതിലേറെ  വര്‍ഷം ആയി അനുഭവിക്കുന്ന വേറൊരു അമ്മ. 

'മാതൃത്വം' സ്വയം സമൂഹത്തെകൊണ്ട്  അംഗീകരിച്ചു കിട്ടാന്‍ വേണ്ടി കുഞ്ഞുങ്ങളെ തീറ്റിച്ചും പഠിപ്പിച്ചും വീടും വീട്ടാരേം നോക്കി വലഞ്ഞു സ്വയം ഒന്നുമാകാതെ മാനസികം ആയി ദുര്‍ബലര്‍ ആവുന്ന അമ്മമാര്‍ വേറെ. 

പ്രസവവും മുലയൂട്ടലും ഒഴികെ ഒരു കുഞ്ഞിന്റെ സര്‍വ്വതും അമ്മയെ പോലെ  അച്ഛനും ചെയ്യാവുന്നതാണ്. അതിനാല്‍  മഹത്വവല്‍ക്കരിച്ച 'മാതൃത്വം' അമ്മയുടെ ഭാരം അല്ല... അച്ഛന്‍േറത് കൂടെ ആണ്. ചിലയിടങ്ങളില്‍ അമ്മയേക്കാള്‍ 'മാതൃത്വം' സ്വചേതന ആയികണ്ടു  കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്ന അച്ഛനെയും കാണാം. ധാരാളം ഇല്ലെങ്കിലും, അത്യാവശ്യം കാണാന്‍ സാധിക്കുന്നുണ്ട് ഇന്ന്. 

ഇനി പറയാനുള്ളത് എന്റെ സ്വന്തം അനുഭവം ആണ്. ഞാന്‍ ആഗ്രഹിച്ചു അമ്മ ആയ ഒരാളാണ്. വേണമെങ്കില്‍ കല്യാണം കഴിച്ചത് ഒരു അമ്മ ആവണം എന്ന ആഗ്രഹത്തിന് പുറത്താണ്. (കല്യാണം കഴിക്കാതെയും അമ്മയാകാം എന്ന സാങ്കേതികതയോട് താല്പര്യം ഇല്ലാത്തത് കൊണ്ട്). എന്നിട്ട് പോലും 'മാതൃത്വ- മഹത്വം' എനിക്ക് അധികഭാരം ആയി അനുഭവപെട്ടിട്ടുണ്ട്. 

ക്ലിനിക്കലി അങ്ങനെ പറഞ്ഞില്ലെങ്കിലും, ഞാന്‍ പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാവുന്ന വിഷാദരോഗമായ  പോസ്റ്റ്‌പോര്‍ട്ടം ഡിപ്രഷന്‍ രോഗി (PPD) ആയിരുന്നു എന്ന് വളരെ വൈകിയാണ്  മനസിലാക്കിയത്. നാം മനസ്സിലാക്കുന്നതിലും എത്രയോ ശതമാനം കൂടുതല്‍ സ്ത്രീകള്‍ ഇതു ബാധിച്ചു ജീവിക്കുകയും, അതിജീവിക്കുകയും, മരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ഒരവസ്ഥ എന്താണെന്ന് പ്രസവാനന്തരം ആ അമ്മയോ കൂടെ ഉള്ളവരോ മനസിലാക്കിയെങ്കില്‍ ഇങ്ങനെ ഉള്ള അവസ്ഥയില്‍ നിന്ന് സ്ത്രീകളെ/അമ്മമാരെ രക്ഷിക്കാന്‍ സാധിച്ചേനെ (പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍). എന്‍േറത് വളരെ ചെറിയ അളവില്‍ ആയിരുന്നു എങ്കിലും ആ അവസ്ഥയില്‍ അനുഭവിച്ച വേദന എന്നും കൂടെ ഉണ്ട്. സമാന അവസ്ഥയിലൂടെ കടന്നുപോയ പല  സ്ത്രീകളോട് സംസാരിച്ചപ്പോള്‍ മനസിലായത്, PPD ഇത്രയും വേദനിക്കുന്ന ഒന്നായി മാറ്റിയത് സമൂഹവും കുടുംബവും കൂട്ടുകാരും ചുമത്തിയ 'മാതൃത്വ-മഹത്വം' കാരണമായിരുന്നുഎന്നാണ്. ഒരു പ്രസവത്തിലൂടെ അവള്‍  അമാനുഷിക 'മാതൃത്വം' പേറുന്ന കുടുംബസ്ഥ ആവുമെന്ന് കരുതേണ്ടതില്ല. അതു അസംഭവ്യം ആണ് ഏതൊരുവള്‍ക്കും. 

അതുകൊണ്ട് തന്നെ 'മഹത്വവല്‍ക്കരിച്ച മാതൃത്വത്തില്‍' നിന്ന് എത്ര വൈരുധ്യം തോന്നുന്ന 'അമ്മ സ്‌നേഹവും',  'അമ്മ സ്‌നേഹപ്രകടനവും', 'അമ്മ സ്‌നേഹമില്ലായ്മയും'  എനിക്ക് ദഹനക്കേട് ഉണ്ടാക്കാറില്ല ഇപ്പോള്‍. ചിലത് വേദനിപ്പിച്ചാലും, അതു മറ്റെന്തും പോലെ സ്വാഭാവികം ആണെന്ന് ഇന്ന് തോന്നുന്നു. 

പ്രസവത്തിനു ശേഷം സമാധാനം ഇല്ലാത്ത കുടുംബാന്തരീക്ഷം, എപ്പോളും പ്രശ്‌നക്കാരി ആയ ഭാര്യ, കരച്ചിലും പ്രശ്‌നങ്ങളും. ഇതൊക്കെ ചെറിയ തോതില്‍ എങ്കിലും പല കുടുംബങ്ങളിലും അഭിമുഖീകരിക്കേണ്ടി വന്നിരിക്കാം. അപ്പോള്‍ അമ്മയെന്ന രീതിയില്‍ അവളുടെ പോരായ്മകള്‍ പറഞ്ഞും മാതൃത്വം ചുമത്തി കൊല്ലാതെ  ഇരിക്കണമെങ്കില്‍,  പ്രസവാനന്തര വിഷാദ രോഗത്തെക്കുറിച്ച്  സമൂഹത്തെ ഒന്നാകെ ബോധവല്‍ക്കരിക്കണം. അതിനു അധിക-പ്രാധാന്യം കൊടുക്കുകയും വേണം.

PPD/baby blue പ്രസവശേഷം സ്വാഭാവികം ആയി പരിപാലിച്ചു ഇല്ലാതാക്കാം എന്ന് മനസിലാക്കണം. മനസിലാക്കുന്ന പങ്കാളി,  ഉത്തരവാദിത്വം പങ്കുവയ്ക്കാന്‍ പങ്കാളി തയ്യാറാവുന്നത് ഒക്കെ വളരെ വലിയ നല്ല  മാറ്റങ്ങള്‍ ഈ അവസ്ഥയില്‍  ഉണ്ടാക്കുന്നു . കൃത്യമായി മനസിലാക്കിയില്ല എങ്കില്‍ ഈ അവസ്ഥ ഒരു സ്ത്രീയെ എന്നെന്നേക്കുമായി മാനസികമായി കേടുവരുത്തിയേക്കാം.  മഹത്വവല്‍ക്കരിച്ച 'മാതൃത്വം' ഒരു ലിംഗ-സവിശേഷത അല്ല. അതു സ്ത്രീയായത് കൊണ്ട്, അമ്മയില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നല്ല അല്ലെങ്കില്‍ പുരുഷനായത് കൊണ്ട് അച്ഛനില്‍ പ്രത്യക്ഷപ്പെടാത്ത ഒന്നും അല്ല. 

മന: സാക്ഷിയെ ഞെട്ടിക്കുന്ന അമ്മ കഥകള്‍ പലതും ഇന്ന് കേള്‍ക്കുന്നു. ഇതു ഇന്നിന്റെ പ്രതിഭാസം അല്ല, എന്നും ഉണ്ടായിരുന്നു ഇതു നമുക്ക് ചുറ്റും. സ്ത്രീകളുടെ മേലുള്ള  മാനസിക-സാമൂഹിക ചങ്ങലകള്‍ ഉരഞ്ഞു മുറിഞ്ഞു പഴുത്തു പുറത്തുവരുമ്പോള്‍ മാത്രമേ ഇതു നാം കാണുന്നുള്ളൂ, അപ്പോളും അവളുടെ തൊലിപ്പുറത്തെ പ്രശ്‌നമായി അല്ലാതെ, ആ വേണ്ടാത്ത  ചങ്ങല എടുത്തെറിയാന്‍ ആരുമില്ല. 

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!