എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

By Women DeskFirst Published Mar 8, 2019, 1:22 PM IST
Highlights

നമുക്ക് നിയന്ത്രിക്കാൻ  യാതൊരു സാധ്യതയുമില്ലാതെ മുന്നോട്ട് വളർന്ന മുലകൾ. ക്ലാസ് മുറി അടിച്ചുവരാൻ   നറുക്ക് വീണ ദിവസങ്ങളിൽ നേരത്തെ എത്തി ചൂലെടുത്തു. ആരുമില്ലെന്നുറപ്പായിട്ടും കുനിയുമ്പോൾ കഴുത്തു പൊത്തിപ്പിടിച്ചു. 

മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..

ഒന്നാം കാലം 
ഓരോ തവണ ബസ് സ്റ്റോപ്പിൽ  കാത്ത് നിന്ന് ജലീൽ മാഷിനെ കൂട്ടിക്കൊണ്ട്  വരുമ്പോഴും സ്കൂളിൽ മറ്റാർക്കും കിട്ടാത്ത ആ അവകാശത്തിലും അംഗീകാരത്തിലും ഞാൻ അഭിമാനിച്ചു. ആ കൈവശാവകാശം നഷ്ടപ്പെട്ട് പോകാതിരിക്കാൻ പനിക്കാലത്തും അവധിയെടുക്കാതിരുന്നു. ഒരു ശ്വാസം മതിയായിരുന്നു മാഷിന് ഞങ്ങളെ ഓരോരുത്തരെയും മനസിലാക്കാൻ. ആ കണ്ണുകൾക്കൊന്നും കാണാനാവില്ലെന്ന് അത് കൊണ്ട് തന്നെ ഞങ്ങൾക്കൊരിക്കലും തോന്നിയതേയില്ല. ഒരു ദിവസം ഞാൻ മാഷിനെ ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് കണ്ട് ആലിസ് ടീച്ചർ വിളിപ്പിച്ചു.
" ഇനി നീ മാഷിനെ കൂട്ടികൊണ്ട് വരാൻ പോകേണ്ട, ഞാൻ അജിത്തിനെ ഏൽപ്പിച്ചിട്ടുണ്ട്"
ശേഷം തൊട്ടടുത്തിരിക്കുന്ന ശ്രീകല ടീച്ചറോടായി  പറഞ്ഞു 
"ഏഴിലെത്തീട്ടൊള്ളുന്ന് പറഞ്ഞിട്ട് കാര്യല്ല്യ.. മുല വളർന്നു തൊടങ്ങ്യ പിള്ളേരാ"

രണ്ടാം കാലം 
നമുക്ക് നിയന്ത്രിക്കാൻ  യാതൊരു സാധ്യതയുമില്ലാതെ മുന്നോട്ട് വളർന്ന മുലകൾ. ക്ലാസ് മുറി അടിച്ചുവരാൻ   നറുക്ക് വീണ ദിവസങ്ങളിൽ നേരത്തെ എത്തി ചൂലെടുത്തു. ആരുമില്ലെന്നുറപ്പായിട്ടും കുനിയുമ്പോൾ കഴുത്തു പൊത്തിപ്പിടിച്ചു. ബ്രായുടെ കൊളുത്ത്  പുറത്തു പാട് വീഴ്ത്താതിരിക്കാൻ കൊടിയ ചൂടത്തും മുടി പരത്തിയിട്ടു. ശരീരത്തിലെ ഒരു ഇടത്തേക്ക് മാത്രമായി എൻ്റെ  അസ്വസ്ഥതയും അലോസരങ്ങളും പുറുപിറുക്കലുകളും കേന്ദ്രീകരിക്കപ്പെട്ടു. ഓരോ ആഹ്ളാദ പ്രകടനങ്ങളെയും അവിടം കൊണ്ട് അടക്കി വെച്ചു.

മൂന്നാം കാലം 
കഴിഞ്ഞ ദിവസം ബസ് ഇറങ്ങി വരുമ്പോൾ എതിരെ വന്നവരൊക്കെ എൻ്റെ  മാറിലേക്ക് നോക്കുന്നതായി വെറുതെ തോന്നി. എന്നേക്കാൾ ഉയരമുള്ളവരുടെ പോലും കണ്ണുകൾ മുഖത്തിനു മുന്നേ മുലകളിലെത്തിയോ? വീട്ടിലെത്തിയപ്പോൾ അമൃത 
"അയ്യോ ചേച്ചി ഇങ്ങനെയാണോ വന്നത്?"
ടോപ്പിൻ്റെ മുകൾ വശത്തെ ഒരു ബട്ടൺ ഊരിപ്പോയിരുന്നു. എന്റെ മുലകളുടെ മുകൾഭാഗം ഇവളെപ്പോലും ഇത്രയ്ക്കു പേടിപ്പെടുത്തുന്നതോ?
"ആഹ് ആവും..അതുകൊണ്ടെന്താ ഇനി ബാക്കി ഊരിയാൽ മതിയല്ലോ"
അകത്തു പോയി സുഖമായി കിടന്നുറങ്ങി.
എന്നോട് പറയാതെ മുന്നോട്ടുള്ള എടുത്തു ചാട്ടങ്ങൾക്ക്  ഒരുമ്പെട്ടിറങ്ങുന്ന ആ ഇടത്തിൽത്തന്നെയാണ് ഞാനിപ്പോഴും കേന്ദ്രീകരിക്കപ്പെടുന്നത്. തൻ്റെതായ  ഇടങ്ങൾ ഉണ്ടാക്കുകയെന്നത് അവയുടെ കൂടി അവകാശമാണല്ലോ ..
പാവം ആലിസ് ടീച്ചറുടെ  മുലകളിപ്പോഴും അകത്തോട്ട് വളരുകയായിരിക്കണം...

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 


 

click me!