'എപ്പോഴും ശിക്ഷിക്കപ്പെടുന്നത് കന്യാസ്ത്രീകള്‍, വൈദികര്‍ക്ക് വീണ്ടും സ്ഥാനമാനങ്ങള്‍'

By Sumam ThomasFirst Published Sep 20, 2018, 6:47 PM IST
Highlights

 'ഇതുപോലെയുളള കാര്യങ്ങൾ പുറത്തായാൽ സാധാരണ കന്യാസ്ത്രീകളാണ് ശിക്ഷിക്കപ്പെടുന്നത്. എന്നാൽ വൈദികർ വീണ്ടും ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിപ്പെടും. തലശ്ശേരി രൂപതയിൽ വൈദികനും കന്യാസ്ത്രീയും തമ്മിൽ ഉണ്ടായ സംഭവത്തിൽ കന്യാസ്ത്രീയെ സ്ഥലം മാറ്റാനാണ് ശ്രമിച്ചത്. പിന്നീട് ഈ സംഭവത്തിൽ നാട്ടുകാർ ഇടപെട്ടു. 

ഒരു കൂട്ടം സന്യാസിനികൾ തങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ സമരം ഇതാ, ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് അഞ്ച് കന്യാസ്ത്രീകൾ എറണാകുളത്തെ ഹൈക്കോർട്ട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ സമരം തുടങ്ങിയിട്ട് ഇന്ന് പതിനാല് ദിവസം പൂർത്തിയാകുന്നു. അതേ സമയം ജലന്ധറിൽ നിന്ന് കേരളത്തിലെത്തിയ ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തുറയിലെ പൊലീസ് കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഫ്രാങ്കോ മുളക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റിയതായി, ദില്ലിയിലെ വത്തിക്കാന്‍ കാര്യാലയം ഉത്തരവും പുറപ്പെടുവിച്ചു കഴിഞ്ഞു.

നീതി കിട്ടുമോ എന്നവർക്ക് ഉറപ്പില്ല. എന്നാൽ നീതിയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാണ്. എതിർത്താൽ മറ്റൊരു അഭയ ആകുമെന്ന് ഉറപ്പുണ്ടായിട്ടും അവർ പൊരുതാനുറച്ച് നിൽക്കുന്നത് അവർക്ക് വേണ്ടി മാത്രമല്ല. അവരടങ്ങുന്ന ഒരു സമൂഹത്തിനു കൂടി വേണ്ടിയാണ്. അവർക്ക് തുണയായി നിൽക്കുന്ന സാമൃഹ്യ സാംസ്കാരിക കലാപ്രവർത്തകരും ശുഭപ്രതീക്ഷയിലാണ്. നീതിപീഠത്തിന്റെ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. 

ഇത് ആദ്യമായല്ല, ഈ പീഡനം

സഭയിലെ ലൈംഗിക അരാജകത്വത്തിന്‍റെ ആദ്യ ഇരയായി കരുതിയിരുന്നത് സിസ്റ്റർ അഭയ ആയിരുന്നു. കാൽ നൂറ്റാണ്ട് മുമ്പാണ് സിസ്റ്റർ അഭയ  കോട്ടയം സെന്റ് പയസ്സ് ടെൻത് കോൺവെന്റിലെ കിണറ്റിനുള്ളിൽ മരിച്ചു കിടന്നത്. കൊലപാതകമെന്നോ ആത്മഹത്യയെന്നോ വിവേചിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഈ മരണം ഇപ്പോഴും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വിചാരിച്ചിട്ടും സിസ്റ്റർ അഭയയ്ക്ക് നീതി ലഭിച്ചിട്ടില്ല. പ്രതികളെ കണ്ടെത്തി ശിക്ഷിക്കാൻ ഇതുവരെ നിയമത്തിന് കഴിഞ്ഞിട്ടില്ല.  എന്നാൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന കന്യാസ്ത്രീകളുടെ പട്ടിക ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളു.

മരണപ്പെട്ടവരേക്കാൾ, ഇപ്പോഴും ഇരകളായി അവശേഷിക്കുന്ന ധാരാളം പേരുണ്ട്

2008 ലാണ് കോഴിക്കോട്, കല്ലുരുട്ടി സേക്രഡ് ഹാർട്ട് മഠത്തിലെ സിസ്റ്റർ ജ്യോതിസ് മഠം വളപ്പിലെ കിണറ്റിൽ മരിച്ചു കിടന്നത്. മുങ്ങിമരണമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ജനനേന്ദ്രിയത്തിൽ കാണപ്പെട്ട ആഴത്തിലുള്ള മുറിവ് മരണം ആത്മഹത്യ‌യാണെന്ന് വാദത്തിന് മങ്ങലേൽപ്പിക്കുന്നതായിരുന്നു. ലോക്കൽ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന് വിധിയെഴുതി ഫയൽ മടക്കി. വീട്ടുകാരും നിയപോരാട്ടത്തിൽ നിന്ന് പിൻമാറി. രണ്ട് പതിറ്റാണ്ടിനിപ്പുറം കോഴിക്കോട്ടെ കാത്തലിക് ലേമെൻ അസ്സോസിയേഷൻ നൽകിയ പരാതിയിൽ വീണ്ടും ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്. സിസ്റ്റർ‌ ജ്യോതിസ്സിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കാൻ തീരുമാനിക്കുമ്പോൾ സിസ്റ്റർ അഭയ നീതി കിട്ടാതെ ഇപ്പോഴും നമ്മുടെ കൺമുന്നിലുണ്ട്. സിസ്റ്റർ ലിസയെക്കുറിച്ചോ സിസ്റ്റർ അനുപമയെക്കുറിച്ചോ നാം ഇപ്പോഴും ചർച്ച ചെയ്തിട്ട് കൂടിയില്ല. 

മരണപ്പെട്ടവരേക്കാൾ, ഇപ്പോഴും ഇരകളായി അവശേഷിക്കുന്ന ധാരാളം പേരുണ്ട്. പൊതുസമൂഹത്തിലെന്നപോലെ സഭയ്ക്കുള്ളിലും കാര്യങ്ങൾ പുരുഷ കേന്ദ്രീകൃതമാകുമ്പോൾ ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ്. 'ഇതുപോലെയുളള കാര്യങ്ങൾ പുറത്തായാൽ സാധാരണ കന്യാസ്ത്രീകളാണ് ശിക്ഷിക്കപ്പെടുന്നത്. എന്നാൽ വൈദികർ വീണ്ടും ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിപ്പെടും. തലശ്ശേരി രൂപതയിൽ വൈദികനും കന്യാസ്ത്രീയും ഉള്‍പ്പെട്ട സംഭവത്തിൽ കന്യാസ്ത്രീയെ സ്ഥലം മാറ്റാനാണ് ശ്രമിച്ചത്. പിന്നീട് ഈ സംഭവത്തിൽ നാട്ടുകാർ ഇടപെട്ടു. മിക്ക കേസുകളിലും ഇതുപോലെ ഇരകളാക്കപ്പെടുന്നത് കന്യാസ്ത്രീകളാണ്.' മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസിയുടെ വെളിപ്പെടുത്തൽ. 

വിശ്വാസി സമൂഹവും സഭയും എങ്ങനെയാണ് ഈ നിയമനടപടിയെ നേരിടുക എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു

ജലന്ധർ ബിഷപ്പിന്റെ കേസിലും കന്യാസ്ത്രീയാണ് കുറ്റക്കാരി എന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, കന്യാസ്ത്രീ നൽകിയ രഹസ്യമൊഴി ബിഷപ്പിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടാതെ കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധങ്ങൾ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്‌. തൊണ്ണൂറ് ദിവസമായി തനിക്ക് സംഭവിച്ച ലൈംഗിക പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പരാതി നൽകിയിട്ട്. അവർക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് കന്യാസ്ത്രീകൾ സമൂഹത്തിലേക്ക് സമരത്തിനായി ഇറങ്ങേണ്ടി വന്നത്. അവരുടെ സമരം പതിനാല് ദിവസം പൂർത്തിയായപ്പോഴാണ് അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് അധികാരികൾ എത്തിച്ചേരുന്നത്. 'ഈ സമരം തുടങ്ങുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു അറസ്റ്റ് ചെയ്യുന്നത് വരെ സമരം ചെയ്യുമെന്ന്. എന്തായാലും അമിതമായി സന്തോഷിക്കാനുള്ള അവസരം ആയിട്ടില്ല. ധാരാളം പേർ സമരത്തിന് പിന്തുണയുമായി എത്തിയത് വളരെ സന്തോഷം നൽകുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെല്ലാം തന്ന ആളുകൾ സമര സമിതി രൂപീകരിച്ച് സമരം ചെയ്യുന്നുണ്ട്. അതു വളരെ സന്തോഷം നൽകുന്നു.' കൊച്ചിയിലെ സമരസമിതി കൺവീനറായ ഫാദർ അഗസ്റ്റിൻ വട്ടോളി പറയുന്നു. 

ഈ സമരം എല്ലാവര്‍ക്കുമായി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ശിക്ഷിച്ചാൽ കേരളത്തിലാദ്യമായിട്ടായിരിക്കും ഒരു ബിഷപ്പിനെ ലൈംഗിക പീഡന പരാതിയിൽ ജയിലിലടയ്ക്കുന്നത്. കേരള സഭയിലും ഇത് ആദ്യമായിട്ടായിരിക്കും സംഭവിക്കുന്നത്. ലൈംഗികാരോപണ വിധേയരായ വൈദികരെ സഭ സംരക്ഷിച്ച ചരിത്രം മാത്രമേയുള്ളൂ. ജാമ്യം കിട്ടിക്കഴിഞ്ഞാൽ അവരുടെ സഭാവസ്ത്രത്തിന് കോട്ടമൊന്നും സംഭവിക്കാറില്ല. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസ് ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങൾ  ചർച്ച ചെയ്തിരുന്നു. കൂടാതെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ വത്തിക്കാനിലേക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. 

നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം സഭാ നടപടികൾക്കും ഫ്രാങ്കോ മുളയ്ക്കൽ വിധേയനാകാൻ സാധ്യതയുണ്ട്. ഫ്രാൻസിസ് പാപ്പയുടെ ഇടപെടലിലൂടെ മറ്റ് രാജ്യങ്ങളിൽ ലൈംഗികാരോപണം തെളിയിക്കപ്പെട്ട ബിഷപ്പുമാരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും ശ്രദ്ധ നേടിയ കേസിൽ നടപടിയെടുത്തില്ലെങ്കിൽ അതും സഭയുടെ വിശ്വാസ്യതയെ ബാധിക്കാനിടയുണ്ട്. വിശ്വാസി സമൂഹവും സഭയും എങ്ങനെയാണ് ഈ നിയമനടപടിയെ നേരിടുക എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നുണ്ട്. എങ്കിലും,  ഈ സമരം വിജയിച്ചാൽ‌ അത് ജനാധിപത്യത്തിന്റെ വിജയമാണ്. സ്ത്രീകൾക്കെതിരെ നടക്കുന്ന ഏത് തരത്തിലുള്ള അതിക്രമങ്ങൾക്കും നേരേ ഉയരുന്ന ഒരു താക്കീതായിരിക്കും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്.  

(അവസാനിച്ചു)

ഒന്നാം ഭാഗം: കന്യാസ്ത്രീകളുടെ പ്രതിഷേധത്തിനു പിന്നില്‍ വേറെയും കാരണങ്ങളുണ്ട്
രണ്ടാം ഭാഗം: ദൈവവിളിക്ക് ടാര്‍ജറ്റ്; സമ്മതമില്ലാത്ത നേര്‍ച്ചകള്‍; കന്യാസ്ത്രീകള്‍ക്കും അച്ചന്‍മാര്‍ക്കും സ്വത്തവകാശം പലവിധം

മൂന്നാം ഭാഗം: പുറത്തുവന്നാല്‍ ഒറ്റപ്പെടും, അകത്തുനിന്നാല്‍ ഭ്രാന്താവും; സഭാവസ്ത്രം ഉപേക്ഷിക്കുന്നവര്‍ക്ക് സംഭവിക്കുന്നത്

നാലാം ഭാഗം: ദളിതര്‍ക്ക് നീതിയില്ല, ദളിത് കന്യാസ്ത്രീക്കോ

click me!