അനുസരണമാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധമായും  പാലിക്കേണ്ട പുണ്യം. കാലാകാലങ്ങളായി പ്രതികരിക്കാന്‍ ഭയപ്പെട്ട് സന്യാസിനികള്‍ മഠങ്ങളില്‍ ജീവിക്കുന്നതിന്റെ കാരണം തന്നെ അനുസരണയാണ്. ഏതെങ്കിലും വിഷയത്തില്‍ എതിരഭിപ്രായം പറഞ്ഞാല്‍ അത് സഭാ നിയമത്തിന് വിരുദ്ധമാണെന്ന് വരും. 

ഓരോ വ്യക്തിയെയും ദൈവം ഓരോ ഹിതത്തിനായി വിളിക്കുന്നു എന്നാണ് സഭ ദൈവവിളിയെ നിര്‍വ്വചിക്കുന്നത്. 'വാക്കാരെ' എന്ന ലത്തീന്‍ പദത്തില്‍ നിന്നുമാണ് വോക്കേഷന്‍ അഥവാ ദൈവവിളി എന്ന വാക്ക് ഉദയം കൊണ്ടത്. എങ്ങനെയാണ് ഈ ദൈവവിളി തിരിച്ചറിയുന്നതെന്ന് ചോദിച്ചാല്‍ അത് പ്രാര്‍ത്ഥനയിലൂടെ തിരിച്ചറിയാന്‍ കഴിയും എന്ന മറുപടിയും സഭയില്‍ നിന്ന് ലഭിക്കും.

എന്നാല്‍, എങ്ങനെയാണ് ദൈവവിളിയിലേക്ക് ആളുകള്‍ എത്തുന്നത്? കട്ടപ്പന സ്വദേശിയായ ഒരു കന്യാസ്ത്രീ അക്കാര്യം പറയുന്നു: 'അവധിക്കാലത്ത് പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടികള്‍ക്കായി ദൈവവിളി ക്യാമ്പുകള്‍ നടത്താറുണ്ട്. ഇത് കൂടാതെ ഓരോ കന്യാസ്ത്രീകള്‍ക്കും ഇവര്‍ ടാര്‍ജറ്റ് നല്‍കും. ഓരോ വര്‍ഷവും നിശ്ചിത എണ്ണം കുട്ടികളെ സഭയിലേക്ക് കൊണ്ടുവരണം എന്ന്. അത് ഇവര്‍ക്ക് നല്‍കുന്ന നിര്‍ബന്ധിത ജോലിയാണ്' - 'പേരൊന്നും എഴുതരുത് കേട്ടോ' എന്നൊരു അഭ്യര്‍ത്ഥനയോടെ അവര്‍ പറഞ്ഞു. 

ദൈവവിളി എന്ന് പേരിട്ടിരിക്കുന്ന വിളിക്ക് നേര്‍ച്ചയുടേതായ മറ്റൊരു വശം കൂടിയുണ്ടെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് സഭാവസ്ത്രം ഉപേക്ഷിച്ച ഒരു കന്യാസ്ത്രീ പറയുന്നു. കോട്ടയം ജില്ലയിലെ കാര്‍ഷിക കുടുംബത്തില്‍ നിന്നാണ് അവര്‍ സഭയിലെത്തിയത്. വീട്ടിലെ ഏറ്റവും ഇളയ പെണ്‍കുട്ടിയെ കന്യാസ്ത്രീയാക്കാമെന്ന് വല്യമ്മച്ചിയുടെ നേര്‍ച്ചയുണ്ടായിരുന്നത്രേ. വീട്ടിലൊരു കന്യാസ്ത്രീയോ അച്ചനോ ഉണ്ടെങ്കില്‍ സമൂഹത്തില്‍ കിട്ടുന്ന പദവി, അംഗീകാരം, ഇടവകയിലെ അധ്യക്ഷ സ്ഥാനം ഇവയൊക്കെയാണ് കൂട്ടത്തില്‍ നല്ലതിനെ കന്യാസ്ത്രീയാകാന്‍ വിട്ടേക്കാം എന്ന നേര്‍ച്ചയുടെ അടിസ്ഥാനം. 'ഇക്കാര്യത്തില്‍ സമ്മതമോ ഇഷ്ടമോ പലപ്പോഴും പരിഗണനയില്‍ വരാറില്ല'- കണ്ഠമിടറിക്കൊണ്ട്, അവര്‍ ഇങ്ങനെ പറഞ്ഞു.

പത്താം ക്ലാസ്സ് കഴിയുന്ന സമയത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ദൈവവിളി ക്യാമ്പുകള്‍ നടത്തും

ദൈവവിളിയുടെ അടിസ്ഥാനം തന്നെ അനുസരണം എന്ന പുണ്യമാണ്. ആ പുണ്യം ശീലിക്കാനാണ് ഓരോ കന്യാസ്ത്രീയെയും കോണ്‍വെന്റ് കാലം മുതല്‍ പഠിപ്പിക്കുന്നത്. പത്താം ക്ലാസ്സ് കഴിയുന്ന സമയത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ദൈവവിളി ക്യാമ്പുകള്‍ നടത്തും. ഈ ക്യാമ്പിന് ശേഷമാണ് കന്യാസ്ത്രീയാകാനും അച്ചനാകാനും ഉള്ള തീരുമാനം എടുക്കുന്നത്. വീട്ടുകാര്‍ പോകണ്ടെന്ന് പറഞ്ഞാലും അവരെയെല്ലാം എതിര്‍ത്താണ് മഠത്തില്‍ ചേരുന്നത്. എന്നാല്‍ ക്യാമ്പില്‍ സംഭവിച്ചതൊന്നുമല്ല യഥാര്‍ത്ഥത്തിലെന്ന് പിന്നീട് ബോധ്യമാകുമെന്ന് അന്വേഷണത്തിനിടെ കണ്ട പലരും പറയുന്നു.

അനുസരണമാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധമായും പാലിക്കേണ്ട പുണ്യം. കാലാകാലങ്ങളായി പ്രതികരിക്കാന്‍ ഭയപ്പെട്ട് സന്യാസിനികള്‍ മഠങ്ങളില്‍ ജീവിക്കുന്നതിന്റെ കാരണം തന്നെ അനുസരണയാണ്. ഏതെങ്കിലും വിഷയത്തില്‍ എതിരഭിപ്രായം പറഞ്ഞാല്‍ അത് സഭാ നിയമത്തിന് വിരുദ്ധമാണെന്ന് വരും. അവരെ അനുസരണമില്ലാത്തവരെന്ന് മുദ്ര കുത്തും. അതുകൊണ്ട് തന്നെ എല്ലാം അനുസരിച്ച് അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകും. 

സ്വത്തവകാശം കന്യാസ്ത്രീയ്ക്കും വൈദികര്‍ക്കും 
കന്യാസ്ത്രീയാകാന്‍ ഒരു പെണ്‍കുട്ടി മഠത്തില്‍ ചേര്‍ന്നാല്‍ അവര്‍ക്കുള്ള സ്വത്ത് വിഹിതം മഠത്തിലേക്ക് നല്‍കുകയായിരുന്നു പണ്ടത്തെ പതിവ്. ഇപ്പോള്‍ കന്യാസ്ത്രീയാകാന്‍ പോകുന്നവര്‍ കുടുംബസ്വത്തുള്‍പ്പെടെ എല്ലാം ഉപേക്ഷിക്കുന്നു എന്ന് സമ്മതപത്രം നല്‍കിയാണ് പോകുന്നത്. ഒരിക്കല്‍ പടിയിറങ്ങിയാല്‍, സ്വന്തം വീട്ടില്‍ വല്ലപ്പോഴും വിരുന്നുകാരായി വന്നു പോകാമെന്ന് മാത്രം. മഠത്തില്‍ പോയവര്‍ സഭാവസ്ത്രം ഉപേക്ഷിച്ച് തിരികെ വരുമെന്ന് വീട്ടുകാര്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കില്ല. അതുകൊണ്ട് തന്നെ ആ വീട്ടില്‍ അവര്‍ക്കായി നീക്കി വയ്ക്കലുകള്‍ ഒന്നും ഉണ്ടാകാറില്ല. 

മഠത്തില്‍ ഏതെങ്കിലും തരത്തിലുള്ള സങ്കടങ്ങളോ വിഷമങ്ങളോ ഉണ്ടെങ്കില്‍ ആരോടും പങ്ക് വയ്ക്കാന്‍ പറ്റില്ല. വീട്ടുകാര്‍ക്ക് ഒരിക്കലും അതൊന്നും മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കില്ലെന്നും ഈ അന്വേഷണത്തിന്റെ ഭാഗമായി കണ്ടുമുട്ടിയവരിലേറെയും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, വൈദികരാണെങ്കില്‍ അവര്‍ക്ക് അങ്ങനെയൊരു പ്രശ്‌നം ഉദിക്കുന്നേയില്ല. അച്ചന്‍ പട്ടം കിട്ടി പുത്തന്‍ കുര്‍ബാന ചൊല്ലുന്ന അച്ചന് വിലപിടിപ്പുള്ള സമ്മാനങ്ങളും വാഹനങ്ങളുമാണ് കുടുംബത്തില്‍ നിന്നും സമ്മാനമായി ലഭിക്കുന്നത്. എന്നാല്‍ കന്യാസ്ത്രീകളുടെ ഉടുപ്പിടീലിന് ഇത്തരം സമ്മാനങ്ങളൊന്നും അവര്‍ക്ക് ലഭിക്കാറേയില്ല.

മിക്ക സന്യാസിനി സഭകളുടെയും രക്ഷാധികാരി ബിഷപ്പായിരിക്കും. ഇപ്പോള്‍ വിവാദമായിരിക്കുന്ന സംഭവത്തിലെ കന്യാസ്ത്രീയുടെ മഠത്തിന്റെ രക്ഷാധികാരി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണ്. ഈ മഠത്തില്‍ ഒരു പ്രത്യേക സാഹചര്യമുണ്ടായാല്‍ അതിനെക്കുറിച്ച് മേധാവികളായ കന്യാസ്ത്രീകള്‍ അഭിപ്രായം ആരായുന്നത് രക്ഷാധികാരിയോടായിരിക്കും. എന്നാല്‍ അന്തിമ തീരുമാനം ഇവരുടേതായിരിക്കണമെന്ന് നിര്‍ബന്ധമില്ല. രൂപതയുടെ മെത്രാനാണ് കന്യാസ്ത്രീ സഭ സ്ഥാപിക്കാനുളള അനുവാദം നല്‍കുന്നത്. എന്നാല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇവരുടെ എല്ലാ പ്രശ്‌നങ്ങളിലും അന്തിമ തീരുമാനം എടുക്കുന്ന വ്യക്തിയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 

കന്യാസ്ത്രീകള്‍ക്കില്ലാത്ത നിരവധി അവകാശങ്ങളും വൈദികര്‍ അനുഭവിച്ചു വരുന്നുണ്ട്. ഒരു കന്യാസ്ത്രീയെ സംബന്ധിച്ചിടത്തോളം അവര്‍ അംഗമായിരിക്കുന്ന സഭ അവരുടെ കുടുംബമാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വ്യക്തിപരമായ സാമ്പത്തിക സുരക്ഷിതത്വം ഇല്ല. കന്യാസ്ത്രീകള്‍ ജോലിയുള്ളവരാണെങ്കില്‍ ആ ശമ്പളം നേരേ പോകുന്നത് അവരുടെ മഠത്തിലേക്കാണ്. കുടുംബത്തില്‍ ചെലവാക്കുന്ന പണം പോലെയാണത്രേ ഇവരുടെ ശമ്പളം മഠത്തിലെത്തുന്നത്. 

മഠത്തില്‍ നിന്നും ഒരു കന്യാസ്ത്രീ ഇറങ്ങിപ്പോയാല്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന അതിഭീകരമായ അവസ്ഥകളുണ്ട്

എന്നാല്‍ ഇടവകയുടെ ചുമതലയുള്ള ഒരു വികാരിയച്ചനെ സംബന്ധിച്ചിടത്തോളം അവരുടെ തൊഴില്‍ മേഖലയാണിത്. അതിനവര്‍ക്ക് കൃത്യമായ ശമ്പളവും കിട്ടുന്നുണ്ട്. അത് രൂപതയില്‍ നിന്നും കൃത്യമായി അവരുടെ കൈകളിലേക്ക് തന്നെ എത്തിച്ചേരും. ഇതിന് കടകവിരുദ്ധമായാണ് കന്യാസ്ത്രീകളുടെ അവസ്ഥ എന്ന് പല കന്യാസ്ത്രീകളും തുറന്നു പറയുന്നു. 'ഓരോ കന്യാസ്ത്രീ മഠവും പുരുഷാധിപത്യത്തിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന ബിഷപ്പിന്റെ അധികാരത്തിന് പരിധികളോ ആജ്ഞകള്‍ക്ക് മറുവാക്കോ ഇല്ല.'

മഠത്തില്‍ നിന്നും ഒരു കന്യാസ്ത്രീ ഇറങ്ങിപ്പോയാല്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന അതിഭീകരമായ അവസ്ഥകളുണ്ട്, അവരുടെ കുടുംബങ്ങള്‍ സഹിക്കേണ്ടി വരുന്ന അപമാനങ്ങളുണ്ട്. മഠങ്ങള്‍ക്കുള്ളിലെ അവരുടെ എതിര്‍പ്പുകള്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതികളുണ്ട് അവ അടുത്ത ഭാഗത്തില്‍.

(തുടരും)