Asianet News MalayalamAsianet News Malayalam

ദളിതര്‍ക്ക് നീതിയില്ല; ദളിത് കന്യാസ്ത്രീയ്ക്കോ?

ഹൈന്ദവ പിന്നാക്ക സമുദായത്തിൽ നിന്നും സഭയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടവരാണ് ചേരമർ ക്രിസ്ത്യൻ എന്ന ഈ വിഭാ​ഗം. പള്ളി രജിസ്റ്ററിൽ‌ ഇവരെ രേഖപ്പെടുത്തിയിരിക്കുന്നത് പുതു ക്രിസ്ത്യാനികൾ എന്നാണ്. പാരമ്പര്യം കൊട്ടിഘോഷിക്കുന്ന മറ്റ് സഭാ വിശ്വാസികൾക്കിടയിൽ ഇവർ നേരിടുന്ന വിവേചനം വാക്കുകൾക്കതീതമാണ്. 

investigation story about nuns life in convents at kerala
Author
Trivandrum, First Published Sep 19, 2018, 8:09 PM IST

സഭാ വസ്ത്രം ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്നവരല്ല സഭ നേരിടുന്ന പ്രധാന പ്രതിസന്ധി. നിരവധി പ്രതിസന്ധികളിൽ ഒന്നു മാത്രമാണിത്. പൊതുസമൂഹത്തിലേക്കാൾ ഉപരി ജാതീയ വേർതിരിവുകൽ നിലനിൽക്കുന്ന ഇടം കൂടിയാണിത്. തോമാശ്ലീഹ നേരിട്ട് വന്ന് മാമ്മോദീസ നൽകിയെന്ന് പാരമ്പര്യ വാദം പറയുന്ന സവർണ്ണ ക്രൈസ്തവരും മറ്റ് മതത്തിൽ നിന്ന് പള്ളിയിൽ കൂടിയ അവർണ്ണ ക്രൈസ്തവരും കൂടി ഉൾപ്പെടുന്നതാണ് ആ​ഗോള കത്തോലിക്കാ സഭ.  

ജാതീയ വർ​ഗീയ വേർതിരിവുകൾ

പട്ടികജാതിക്കാരിൽ നിന്ന് മതം മാറി ക്രൈസ്തവരായവരാണ് ദളിത് ക്രൈസ്തവർ എന്ന് സർക്കാർ തന്നെ  നിർവ്വചിച്ചിട്ടുള്ളതാണ്. പണ്ട് കാലത്ത് ഹൈന്ദവ പിന്നാക്ക സമുദായത്തിൽ നിന്നും സഭയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടവരാണ് ചേരമർ ക്രിസ്ത്യൻ എന്ന ഈ വിഭാ​ഗം. പള്ളി രജിസ്റ്ററിൽ‌ ഇവരെ രേഖപ്പെടുത്തിയിരിക്കുന്നത് പുതു ക്രിസ്ത്യാനികൾ എന്നാണ്. പാരമ്പര്യം കൊട്ടിഘോഷിക്കുന്ന മറ്റ് സഭാ വിശ്വാസികൾക്കിടയിൽ ഇവർ നേരിടുന്ന വിവേചനം വാക്കുകൾക്കതീതമാണ്. 

ദളിത് കത്തോലിക്കാ മഹാജന സഭ എന്നൊരു പ്രത്യേക സംഘടനയുണ്ട്  ദളിതർക്ക്. ഡിസിഎംഎസ് എന്ന് ചുരുക്കപ്പേര്. കത്തോലിക്കാ സഭയിലെ ചേരമർ ക്രൈസ്തവരായ ആളുകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സംഘടനയാണിത്. ഇപ്പോഴും സെമിനാരികളിലും കോൺവെന്റുകളിലും ഇവർക്ക് അനുവദിച്ചിരിക്കുന്ന പ്രവേശനം വളരെ പരിമിതമാണ്. സഭയുടെ സ്ഥാപനങ്ങളിൽ പോലും ഇവർക്ക് ആകെയുള്ളതിന്റെ നാലിലൊന്ന് അവസരം പോലും ലഭിക്കുന്നില്ല എന്നതാണ് പരമാർത്ഥം. അതായത് ഒരു ജോലിയിൽ 100 അവസരങ്ങൾ ഉണ്ടെങ്കിൽ അതിൽ 15 സീറ്റ് മാത്രമാണ് ദളിത് ഉദ്യോ​ഗാർത്ഥികൾ‌ക്ക് ലഭിക്കുന്നത്. സർക്കാരിന്റെയോ സഭയുടെയോ ആനുകൂല്യങ്ങൾ കൃത്യമായി ദളിതരിലേക്ക് എത്തുന്നില്ല എന്നതൊരു പരമാർത്ഥമാണ്. 

സർക്കാരിന്റെയോ സഭയുടെയോ ആനുകൂല്യങ്ങൾ കൃത്യമായി ദളിതരിലേക്ക് എത്തുന്നില്ല

ദളിതർക്ക് വൈദികനോ കന്യാസ്ത്രീയോ ആകാനുള്ള അവസരം പണ്ട് കാലത്ത് സഭയിൽ നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ അവസ്ഥയ്ക്ക് ചെറിയ രീതിയിൽ മാറ്റം വന്നിട്ടുണ്ട്. കാലങ്ങളോളം പോരാടി നേടിയതാണിതെന്ന് പറയാം. ആരാധനാലയങ്ങളിലും സെമിത്തേരിയിലും വരെ ഈ വിവേചനം നിലനിന്നിരുന്നു. പാരമ്പര്യ ക്രൈസ്തവർ സെമിത്തേരിയിലെ കുടുംബ കല്ലറകളിൽ അന്ത്യവിശ്രമം കൊള്ളുമ്പോൾ ദളിതനെ അടക്കിയിരുന്നത് മൺകുഴികളിലായിരുന്നു. എന്നാൽ ഇന്ന് അതിനും മാറ്റം വന്നിട്ടുണ്ട്. 

ഭാരത കത്തോലിക്കാ സഭയിൽ 1.9 കോടി ജനങ്ങളുള്ളതിൽ 1.2 കോടിയും ദളിതരാണ്. ഇന്ത്യയിലാകെ 12 ബിഷപ്പുമാർ മാത്രമാണ് ദളിത് വിഭാ​ഗത്തിൽ നിന്നുള്ളത്. 2016 ൽ പുറത്തിറക്കിയ ദേശീയ കത്തോലിക്കാ മെത്രാൻ സമിതിയുടെ നയരേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ദളിത് ക്രൈസ്തവർ നേരിടുന്ന പ്രധാന പ്രതിസന്ധി അവരെ സഭയോ സർക്കാരോ അർഹമായ രീതിയിൽ പരി​ഗണിക്കുന്നില്ല എന്നതാണ്. 

അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികൾ

പ്രതികൂല സാഹചര്യങ്ങളോട് പട പൊരുതി മഠത്തിലോ സെമിനാരിയിലോ എത്തിയാൽ അവിടെയും മാനസികമായി വേർതിരിവ് കാണിക്കാറുണ്ടെന്ന്  സന്യസ്ത വിദ്യാർത്ഥിനികൾ വെളിപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ സഭാ സേവനം തെരഞ്ഞെടുക്കുന്ന ദളിത് വിഭാ​ഗത്തിൽപെട്ട പെൺകുട്ടികൾ മിഷണറിമാരാകാനാണ് താത്പര്യപ്പെടുന്നത്. വടക്കേ ഇന്ത്യയിലും മറ്റും ഇത്തരം ധാരാളം കന്യാസ്ത്രീകൾ സേവനം ചെയ്യുന്നുണ്ട്. ഒപ്പം ഒരു മുറിയിൽ താമസിക്കാൻ പോലും ചിലർ വിമുഖത കാണിക്കാറുണ്ടെന്ന് കന്യാസ്ത്രീയാകാൻ പഠിക്കുന്ന പെൺകുട്ടി വെളിപ്പെടുത്തുന്നു. പൊതുവിടങ്ങളിൽ മാത്രമല്ല. ഇത്തരം മതസ്ഥാപനങ്ങളിലും ജാതിയും നിറവും സ്വത്വവും മാറ്റിനിർത്തലിന് വിധേയമാകുന്നുണ്ട്. കഴിഞ്ഞ മാസമാണ് ദളിത് വിഭാ​ഗത്തിൽ പെട്ട പുരോഹിതർ സഭയിൽ വേണ്ടെന്ന് കേരളത്തിലെ പ്രമുഖ ലത്തീൻ രൂപത ബിഷപ്പ് നിർദ്ദേശിച്ചത്. അതിനെതിരെ ദളിത് വിഭാ​ഗം ശക്തമായ സമരമുറയുമായി രം​ഗത്ത് വന്നിരുന്നു. 

''അതിഭീകരമായ അവസ്ഥയിൽ ലിം​ഗവിവേചനം നിലനിൽക്കുന്ന സഭയാണ് കത്തോലിക്കാ സഭ. അതുപോലെ ജാതി അടിസ്ഥാനത്തിലാണ് പല രൂപതകളും വിഭജിച്ചിരിക്കുന്നത്. ദളിതർക്കാവശ്യമായ കാര്യങ്ങൾ സ്റ്റേറ്റ് നൽകാതിരിക്കുമ്പോൾ അവർക്ക് സഭയെ ആശ്രയിക്കേണ്ടി വരുന്നു. സഭ അവർക്ക് എന്തെങ്കിലുമൊക്കെ നൽകി കാലാകാലം അടിമകളായി നിലനിർത്തുകയും ചെയ്യുന്നു. ദളിതർക്കും സ്ത്രീകൾക്കും കൂടി അവർ അർഹിക്കുന്ന പ്രാതിനിധ്യം നൽകുമ്പോൾ മാത്രമേ സഭ യഥാർത്ഥ നീതിയിലേക്ക് എത്തിച്ചേരൂ. സമൂഹത്തിൽ മാത്രമല്ല സഭയിലും ജാതിവ്യവസ്ഥ നിലകൊള്ളുന്നുണ്ട്. കേരളത്തിൽ 20 ശതമാനം ദളിതരിൽ എട്ട് ശതമാനം ദളിത് ക്രൈസ്തവരാണ്. ജനസംഖ്യാനുപാത പ്രാതിനിധ്യമാണ് ദളിതർക്ക് വേണ്ടത്.'' ദളിത് ക്രൈസ്തവരെക്കുറിച്ച് ദലിത് സാമൂഹ്യപ്രവർത്തകനായ ഷിബി പീറ്റർ‌ അഭിപ്രായപ്പെടുന്നു. 

മതസ്ഥാപനങ്ങളിലും ജാതിയും നിറവും സ്വത്വവും മാറ്റിനിർത്തലിന് വിധേയമാകുന്നുണ്ട്.

സഭ വിട്ടിറങ്ങിയ വൈദികരിലും കന്യാസ്ത്രീകളിലും ചിലർ മാത്രമേ ഇപ്പോഴും പൊതുസമൂഹത്തോട് സംവ​ദിച്ച് നിലകൊള്ളുന്നുള്ളു. മിക്കവരും എവിടെയാണെന്ന് പോലും അറിയില്ല. തങ്ങളെ അറിയാത്ത ഒരിടത്ത് അധ്യാപനം പോലെയുള്ള തൊഴിൽ ചെയ്ത് ജീവിച്ചു പോകും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി ആയിരുന്നിട്ട് കൂടി സിസ്റ്റർ ജെസ്മി സഭ വിട്ടിറങ്ങാൻ തീരുമാനിച്ചപ്പോൾ അവരെ ഭ്രാന്തിയെന്ന് വിളിച്ച ഒരു സമൂഹമുണ്ട്. എന്നാൽ സിസ്റ്റർ ജെസ്മിയെപ്പോലെ പൊരുതി നിൽക്കുന്നവർ അപൂർവ്വമാണ്. തിരുത്തൽ ശക്തിയായി മഠത്തിനുള്ളിൽ കഴിയുക ദുഷ്കരമാണെന്ന് ഇവർ പറയുന്നു. ചിലർ വിവാഹ ജീവിതത്തിൽ സ്വസ്ഥത കണ്ടെത്തും. 

കാല്‍ നൂറ്റാണ്ട് മുമ്പാണ് പത്തൊന്‍പത് വയസ്സുണ്ടായിരുന്ന സിസ്റ്റര്‍ അഭയ കോട്ടയം സെന്റ് പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ മരിച്ചു കിടന്നത്. കൊലപാതകമെന്നോ ആത്മഹത്യയെന്നോ വിവേചിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ഈ മരണം ഇപ്പോഴും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിചാരിച്ചിട്ടും സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചിട്ടില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കാന്‍ സാധിക്കാതെ അഭയക്കൊലക്കേസ് ഇപ്പോഴും ഇരുട്ടിലാണ്.

തിരുത്തൽ ശക്തിയായി മഠത്തിനുള്ളിൽ കഴിയുക ദുഷ്കരമാണെന്ന് ഇവർ പറയുന്നു

കഴിഞ്ഞ മാസമാണ് സിസ്റ്റർ സൂസൻ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞു. പത്ത് വർഷം മുമ്പ് കൊല്ലം ജില്ലയിലെ കോൺവെന്റിൽ തൂങ്ങി മരിച്ച സിസ്റ്റർ അനുപമ, കോട്ടയത്തെ ഒരു കോൺവെന്റിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ ലിസ ഇവരെല്ലാം നമ്മളറിഞ്ഞ സന്യാസത്തിന്റെ ഇരകളാണ്.

എന്നാൽ അറിയാത്ത എത്രയോ മരണങ്ങളുണ്ടാകും സഭയിൽ? എത്ര പുരോ​ഹിതരും കന്യാസ്ത്രീകളുമായിരിക്കും മനോനില തെറ്റി മഠത്തിന്റെ നാലുചുമരുകൾക്കുള്ളിൽ മരണത്തെ മാത്രം കാത്തിരിക്കുന്നത്? അനുസരണത്തിന്റെയും ത്യാ​ഗത്തിന്റെയും സേവനത്തിന്റെയും തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ പറഞ്ഞുകൊടുത്ത് എത്രയോ സന്യസ്തരെയാണ് സഭ വിലങ്ങിട്ടിരിക്കുന്നത്? സഭയിൽ മാറ്റത്തിന്റെ കാറ്റ് വീശണമെന്ന് സഭാം​ഗങ്ങളും പൊതുസമൂഹവും ഒരുപോലെ പറയുകയാണ് ജലന്ധർ ബിഷപ്പ് കേസിലൂടെ. ഫലം തരാത്ത വൃക്ഷം വെട്ടി തീയിൽ എറിയാനാണ് ബൈബിൾ വാക്യം. ഫ്രാങ്കോ മുളയ്ക്കൽ എന്ന ബിഷപ്പ് സഭയിലെ ഫലം തരാത്ത വൃക്ഷമാണെന്ന് തിരിച്ചറിഞ്ഞ് നിയമ നടപടിയെടുത്താൽ മറ്റെല്ലാവർക്കും അതൊരു മാതൃകയായിരിക്കും.

എറണാകുളം വഞ്ചി സ്ക്വയറിൽ നിരാഹാരമിരിക്കുന്നവരിൽ ഇരയായ കന്യാസ്ത്രീയുടെ സഹോദരിയുണ്ട്. അഞ്ച് കന്യാസ്ത്രീകൾ വേറെയുമുണ്ട്. നിരവധി അച്ചൻമാരും കന്യാസ്ത്രീകളുമുണ്ട്. ഇവർക്കൊക്കെ സഭയിലെ നെറികേടിനെക്കുറിച്ച് പറയാനുണ്ടാകും.

(തുടരും)

Follow Us:
Download App:
  • android
  • ios