നാസികളെ വെടിവച്ചുകൊന്ന പെണ്‍പുലികള്‍: അവിശ്വസനീയമാണ് ഇവരുടെ രീതികള്‍

By Web TeamFirst Published Sep 18, 2018, 6:51 PM IST
Highlights

അവര്‍ പാലങ്ങളും റെയില്‍വേ ലൈനുകളും ഡൈനാമിറ്റ് ഇട്ട് തകര്‍ത്തു. നാസികളെ ബൈക്കില്‍ പോകുമ്പോള്‍ വെടിവെച്ചിട്ടു. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് ജൂതക്കുട്ടികളെ ഒളിപ്പിച്ചു കടത്തി. അവര്‍ക്ക് മാത്രം ചെയ്യാവുന്ന ചിലതും അവര്‍ ചെയ്തു

ആംസ്റ്റർഡാം: നാസികളെ ഒട്ടും അറക്കാതെ വെടിവച്ചുകൊന്നിരുന്ന മൂന്ന് പെണ്‍പുലികളുണ്ടായിരുന്നു നെതര്‍ലാന്‍ഡില്‍. ഫ്രെഡ്ഡി ഓവര്‍സ്റ്റീഗന്‍, സഹോദരി ട്രൂസ്സ്, പിന്നെ, ഹാന്നി ഷിഫ്റ്റ്. അതില്‍ ഫ്രെഡ്ഡി ഓവര്‍സ്റ്റീഗന്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചു, സെപ്തംബര്‍ അഞ്ചിന്. ഇവരില്‍ ഏറ്റവും ഒടുവില്‍ മരിച്ചത് ഫ്രെഡ്ഡി ആയിരുന്നു.

ഡച്ചുകാരുടെ പ്രതിരോധ സേനയില്‍ അംഗമാകുമ്പോള്‍, 14 വയസായിരുന്നു അവള്‍ക്ക് പ്രായം.  ഒരു സൈക്കിളില്‍ നോര്‍ത്ത് ഹോളണ്ടിലെ ഹാരമിലൂടെ സഞ്ചരിക്കുകയായിരുന്നു അവള്‍. അവളുടെ കയ്യിലെ തോക്കുകളും മറ്റും ഒരു ബാസ്കറ്റില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പെട്ടെന്നാണ് നാസി പട്ടാളക്കാര്‍ അവളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു തുടങ്ങിയത്. പക്ഷെ, അവളവരെ സംസാരിച്ചും ചിരിപ്പിച്ചും നിര്‍ത്തുകയും, അധികമാരും ഇല്ലാത്ത ഒരിടത്തെത്തുകയും ചെയ്തു. അവളുടെ ബാസ്കറ്റിലെ തോക്ക് അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇത് ഒരു കഥ മാത്രം.

ഇതാണ് അവളുടെ കഥ

യുദ്ധം പുരുഷന്‍റേതായിരുന്നു. യുദ്ധത്തില്‍ പുരുഷന്‍റെ പങ്കിനെ കുറിച്ചും ലോകര്‍ക്കെല്ലാം വ്യക്തമായി അറിയാം. എന്നാല്‍, സ്ത്രീകള്‍ പ്രതിരോധസംഘത്തിലുള്‍പ്പെട്ടപ്പോള്‍ സാധാരണ സ്ത്രീകള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ക്ക് തോന്നിയിരുന്നു.  അതായിരുന്നു ഫ്രഡ്ഡി ഓവര്‍സ്റ്റീഗനും അവളേക്കാള്‍ രണ്ട് വയസുമൂത്ത സഹോദരി ട്രൂസ്സും തീരുമാനിച്ചത്. അവര്‍ വളരെ വ്യത്യസ്തരായിരുന്നു. രണ്ടു പുലിക്കുട്ടികള്‍, നാസിപട്ടാളത്തിനെതിരെ പൊരുതിയവര്‍. കൂടെ ഹാന്നി ഷാഫ്റ്റ് എന്ന നിയമവിദ്യാര്‍ഥിനിയുമുണ്ടായിരുന്നു. ചുവപ്പ് നിറമുള്ള മുടിയായിരുന്നു അവളുടെ പ്രത്യേകത. 

അവര്‍ പാലങ്ങളും റെയില്‍വേ ലൈനുകളും ഡൈനാമിറ്റ് ഇട്ട് തകര്‍ത്തു. നാസികളെ ബൈക്കില്‍ പോകുമ്പോള്‍ വെടിവെച്ചിട്ടു. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്ന് ജൂതക്കുട്ടികളെ ഒളിപ്പിച്ചു കടത്തി. അവര്‍ക്ക് മാത്രം ചെയ്യാവുന്ന ചിലതും അവര്‍ ചെയ്തു. യുദ്ധത്തിന്‍റെ മാര്‍ഗങ്ങളില്‍ ഇന്നത് ശരി, ഇന്നത് തെറ്റ് എന്നില്ലല്ലോ. ബാറുകളില്‍ വെച്ച് മനപ്പൂര്‍വം നാസികളെ പരിചയപ്പെടുകയായിരുന്നു അവര്‍. മദ്യപാനത്തിനിടെ സൌഹൃദത്തിലാവുന്ന അവരെ ഒരു മനോഹരമായ നടത്തത്തിനായി കാട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം ട്രിഗര്‍ വലിക്കുകയായിരുന്നു ആ സ്ത്രീ പോരാളികള്‍ ചെയ്തത്. 

ഓവര്‍സ്റ്റീഗന്‍ പറയുന്നു, 'ഞങ്ങളത് ചെയ്തിട്ടുണ്ട്. അത് നിര്‍ബന്ധമായും ചെയ്യേണ്ട 'കുറ്റ'മായിരുന്നു. കാരണം, പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്നവരും ഇല്ലാതാക്കുന്നവരുമായ നാസികളെ കൊല്ലേണ്ടതുണ്ടായിരുന്നു.' എത്രപേരെ കൊന്നു, എത്ര പേരെ കൊല്ലാന്‍ കൂട്ടുനിന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു, 'ഒരു പട്ടാളക്കാരനോടയിരുന്നുവെങ്കില്‍ എത്രപേരെ കൊന്നുവെന്ന ചോദ്യം നിങ്ങള്‍ ചോദിക്കുമോ?' 

തോക്കു ചൂണ്ടുമ്പോള്‍ മനസ് പതറിയിരുന്നോ?

ആ പെണ്‍പോരാളികളില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഒടുവിലത്തെ ആളായിരുന്നു ഫ്രെഡ്ഡി ഓവര്‍ സ്റ്റീഗന്‍. ഈ സെപ്തംബര്‍ അഞ്ചിന് അവരും മരിച്ചു. 'തൊണ്ണൂറ്റിമൂന്നാം പിറന്നാളിന് ഒരുദിവസം മുമ്പായിരുന്നു അവരുടെ മരണം. ഒരു നഴ്സിങ് ഹോമിലായിരുന്നു അവരുടെ താമസം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുപാട് ഹൃദയാഘാതങ്ങളെ അവര്‍ തരണം ചെയ്തു.' നാഷണല്‍ ഹാനീ ഷാഫ്റ്റ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ജെറോണ്‍ പ്ലീസ്റ്റെര്‍ പറയുന്നു. 

1996 ല്‍ ഷാഫ്റ്റിന്‍റെ മഹത്വം ലോകത്തെ അറിയിക്കുന്നതിനായി ഓവര്‍ സ്റ്റീഗന്‍ സഹോദരിമാരാണ് നാഷണല്‍ ഹാനീ ഷാഫ്റ്റ് ഫൌണ്ടേഷന് തുടക്കമിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഷാഫ്റ്റിനെ നാസി പട്ടാളം പിടികൂടുകയും വധിക്കുകയും ചെയ്തത്. ഫ്രെഡ്ഡി സഹോദരിയായ ട്രൂസ് തുടങ്ങിയ ഫൌണ്ടേഷന്‍റെ ബോര്‍ഡംഗം മാത്രം ആയിരുന്നു. കൂടുതലും അറിയപ്പെട്ടിരുന്നത് ഷാഫ്റ്റും ട്രൂസുമായിരുന്നു. ഷാഫ്റ്റിനെ കുറിച്ച് നെതര്‍ലാന്‍ഡിലെ കുട്ടികള്‍ പഠിച്ചിരുന്നു. 1981ലിറങ്ങിയ ഒരു സിനിമയില്‍ ചുവപ്പുനിറമുള്ള പെണ്‍കുട്ടി എന്ന നിലയില്‍ അവരെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 

ഓവര്‍സ്റ്റീഗന്‍ പറയുന്നത്, അഞ്ചുവര്‍ഷക്കാലമാണ് താന്‍ യുദ്ധത്തില്‍ പോരാളിയായി പങ്കെടുത്തത്. അത് ഒരേ സമയം വേദനകളുടേയും അഭിമാനത്തിന്‍റേയും ഓര്‍മ്മകളായിരുന്നുവെന്നാണ്. പക്ഷെ, അതിലൊട്ടും കുറ്റബോധം തോന്നിയിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. പക്ഷെ, സമാധാനമായി കഴിയുന്ന സമയങ്ങളില്‍ പോലും ചിലപ്പോഴൊക്കെ  ആ കാലം നമ്മളെ വേട്ടയാടും. രാത്രി വൈകി ഉറക്കത്തിലേക്ക് വീഴുമ്പോള്‍ പഴയ പോരാട്ടകാലത്തെ പാട്ടുകളിലെ വരികള്‍ ഓര്‍മ്മയിലേക്ക് വന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. അതൊരുകാലത്ത് അവരുടേയും, സഹോദരിയുടേയും ദേശീയഗാനം ആയിരുന്നു. ഈ പോരാട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും, എത്ര ചോരചീന്തിയാലും ഭയമില്ല എന്നുമൊക്കെ അര്‍ത്ഥം വരുന്നൊരു വിപ്ലവഗാനമായിരുന്നു അത്.

ഫ്രെഡ്ഡീ ഓവര്‍സ്റ്റീഗന്‍ ജനിച്ചത് ഇപ്പോള്‍ ഹാര്‍ലെമിന്‍റെ ഭാഗമായിട്ടുള്ള ഒരു ഗ്രാമത്തിലാണ്. അവരൊരു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മയുടെ കൂടെയായിരുന്നു ഓവര്‍സ്റ്റീഗന്‍ സഹോദരിമാര്‍ വളര്‍ന്നത്. അവരുടെ അമ്മ ഒരു കമ്മ്യൂണിസ്റ്റായിരുന്നു. മക്കളില്‍ ചെറുപ്പത്തിലേ സാമൂഹ്യപ്രതിബദ്ധത വളര്‍ത്തിയെടുക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. 

നരവംശ ശാസ്ത്രജ്ഞനായിരുന്ന എല്ലിസ് ജോങ്കറിന്‍റെ "Under Fire: Women and World War II" എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഫ്രെഡ്ഡീ ഓവര്‍ സ്റ്റീഗന്‍ ഓര്‍ക്കുന്നുണ്ട്, അവരുടെ അമ്മ അവരെ സ്വാധീനിച്ചു എന്ന്. സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ ദുരിതമനുഭവിച്ച കുഞ്ഞുങ്ങള്‍ക്കായി പാവക്കുട്ടിയെ നിര്‍മ്മിക്കാന്‍ അവരെ അമ്മ പ്രചോദിപ്പിച്ചിരുന്നു. രാഷ്ട്രീയ തടവുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് റെഡ്ക്രോസ് സംഘടനയായ 'ഇന്‍റര്‍നാഷണല്‍ റെഡ് എയ്ഡി'ല്‍ വളന്‍റിയറായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. ദാരിദ്രവും പട്ടിണിയുമായിരുന്നെങ്കിലും നെതര്‍ലാന്‍ഡ്, ജര്‍മ്മന്‍ ശക്തികള്‍ കീഴടക്കിയപ്പോള്‍ കൂടെയുള്ളവരെ സംരക്ഷിക്കാനും അവര്‍ ശ്രമിച്ചിരുന്നു. 

സഹോദരിമാര്‍ നാസികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് ലഘുലേഖ വിതരണം ചെയ്തുകൊണ്ടായിരുന്നു. പിന്നീട്, അവര്‍ നാസികള്‍ക്കെതിരായി പോസ്റ്ററുകള്‍ പതിച്ചു. 'ഹാര്‍ലെം കൌണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ്' കമാന്‍ഡറായ ഫ്രാന്‍സ് വാന്‍ ഡെര്‍ വിയല്‍ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാവുകയും സംഘത്തില്‍ ചേരാന്‍ ക്ഷണിക്കുകയുമായിരുന്നു. അമ്മയുടെ സമ്മതത്തോടെയായിരുന്നു അത്.

പിന്നീടാണ് അവരെന്താണ് ചെയ്യേണ്ടതെന്ന് കമാന്‍ഡര്‍ വ്യക്തമാക്കുന്നത്. പാലങ്ങള്‍ തകര്‍ക്കാനും തോക്കുപയോഗിക്കാനുമെല്ലാം അവര്‍ പഠിച്ചു. നാസികളെ വെടിവച്ചുകൊല്ലുകയെന്ന ദൌത്യവും അവരേറ്റെടുത്തു. ആദ്യമായി ഒരാളെ വെടിവെച്ചുകൊല്ലുന്നത് ഫ്രെഡ്ഡീ ഓവര്‍സ്റ്റീഗനാണ്. അത് ഭയങ്കര ദുരിതമായിരുന്നുവെന്നും ഒരാളെ കൊന്നതിനെ കുറിച്ചോര്‍ത്ത് കരഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ട്രൂസ് പറഞ്ഞിരുന്നു, '' അത് നമുക്ക് ചേരുന്നതായി തോന്നിയിരുന്നില്ല. നമുക്കെന്നല്ല, ആര്‍ക്കും അങ്ങനെയൊരു കാര്യം ചേരില്ല. യഥാര്‍ത്ഥ ക്രിമിനലുകള്‍ക്കല്ലാതെ. ഒരാളെ കൊല്ലുന്നയാള്‍ക്ക് എല്ലാം നഷ്ടപ്പെടുന്നു. ജീവിതത്തിലെ മനോഹരമായതിലെല്ലാം അത് വിഷം ചേര്‍ക്കുന്നു.'' 

ഏഴംഗങ്ങളുള്ള ഒരു പ്രതിരോധ സംഘത്തിലായിരുന്നു ഓവര്‍ സ്റ്റീഗന്‍ സഹോദരിമാരുടെ പ്രവര്‍ത്തനം. കൂടെ ഷാഫ്റ്റുമുണ്ടായിരുന്നു. കൌണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സിന്‍റെ നിര്‍ദ്ദേശങ്ങളനുസരിച്ചായിരുന്നു അവരാദ്യം പ്രവര്‍ത്തിച്ചിരുന്നത്. 1945 ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ട്രൂസ് ഒരു ആര്‍ട്ടിസ്റ്റായി മാറി. പെയിന്‍റ് ചെയ്തു. ശില്‍പങ്ങള്‍ നിര്‍മ്മിച്ചു. ഒരു ഓര്‍മ്മക്കുറിപ്പും എഴുതി, 'Not Then, Not Now, Not Ever' എന്നായിരുന്നു അതിന്‍റെ പേര്. 2016ല്‍ അവര്‍ മരിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി മാര്‍ക്ക് മാര്‍ക്ക് റൂട്ടേ അവരെ 'മൊബിലൈസേഷന്‍ വാര്‍ ക്രോസ്' ബഹുമതി പ്രഖ്യാപിച്ചു. നാസികള്‍ക്കെതിരെ യുദ്ധം നയിച്ചവര്‍ക്ക് നല്‍കുന്നതായിരുന്നു ആ ബഹുമതി.

കൊലപാതകത്തിന്‍റെ ഭൌതികശാസ്ത്രത്തെ കുറിച്ചും ഓവര്‍സ്റ്റീഗന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 'തോക്കോ, കാഞ്ചി വലിക്കുന്നതോ ഒന്നുമല്ല അപ്പോള്‍ മനസില്‍ വരുന്നത്, നമ്മുടെ ഇരയുടെ പതനം മാത്രമാണ്. ' എന്നായിരുന്നു അത്. നമ്മള്‍ തോക്കുപയോഗിച്ച് ഒരാളെ വീഴ്ത്തുന്നു. വീഴുന്ന നിമിഷം അയാളുടെ മനസിലെന്തായിരിക്കും? നിങ്ങളെന്നെ രക്ഷിക്കും എന്നു തന്നെ ആയിരിക്കില്ലേ? എന്നും അവര്‍ ചോദിച്ചിരുന്നു.  നന്മയ്ക്ക് വേണ്ടി തിന്മയ്ക്കെതിരെ യുദ്ധം ചെയ്യേണ്ടി വരുന്ന ഓരോരുത്തരും ചോദിച്ചിരുന്ന ചോദ്യമാകാം അത്.

click me!