തെരുവുപാട്ടുകളെ ആര്‍ക്കാണ് ഭയം?

By Swathi GeorgeFirst Published Sep 18, 2018, 6:11 PM IST
Highlights

തെരുവുകളില്ലെങ്കിൽ, അവിടങ്ങളിൽ പാടാനുള്ള അനുമതിയില്ലെങ്കിൽ, സ്വന്തം അസ്തിത്വം തന്നെയില്ലാതാകുന്ന ഫ്ലെമൻകോയുടെ കാര്യം മാത്രമാണ് നമ്മളിവിടെ പറഞ്ഞത്. പലേ സംഗീതപദ്ധതികളിലും അതുണ്ടാകുമെന്നതുറപ്പ്. 

ഇന്ന് വൈകീട്ട് ഓഫീസിൽ നിന്ന് മടങ്ങുന്ന വഴി ഗിറ്റാറിന്‍റെ സൗണ്ട് ബോർഡിൽ ഒട്ടിക്കാനുള്ള ഒരു സ്റ്റിക്കർ വാങ്ങാൻ പോകുമ്പോഴാണ് പാടാനനുവദിക്കാതെ പൊലീസ് ഓടിച്ചുവിടുന്ന, പാട്ടുകൊണ്ട് ജീവിക്കുന്ന കോഴിക്കോട്ടെ, 'ബാബുഭായ്' എന്ന തെരുവു ഗായകനെക്കുറിച്ചുള്ള ഷഫീക്ക് താമരശ്ശേരിയുടെ ഡൂൾന്യൂസ് റിപ്പോർട്ട് കണ്ടത്. ആ പാട്ടുകാരന്‍റെ ജീവിതം ഷഫീക്കിന്‍റെ റിപ്പോർട്ട് മനോഹരമായി പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ പാട്ട് മാത്രമാണോ അതോ ദേശം കൂടിയാണോ പൊലീസിന്‍റെ പ്രശ്നമെന്നതെനിക്കറിയില്ല. എന്നാൽ, എന്‍റെ യാത്രയും അതും തമ്മിലും ബന്ധമുണ്ടല്ലോ എന്നോർത്തു. കാരണമുണ്ട്.

കയ്യിലുള്ള ഗിറ്റാറുകളിൽ ഞാനിപ്പോൾ മിക്കവാറും ഉപയോഗിക്കുന്നത് 'ഫ്ളെമൻകൊ' എന്ന് വിളിക്കുന്ന തരത്തിൽ പെട്ട ഒരു ഗിറ്റാറാണ്. ഫ്ലെമൻകൊ, താരതമ്യേന വിലക്കുറവുള്ള, ക്ലാസിക്കൽ ഗിറ്റാറുകളെക്കാൾ പൊതുവിൽ ബിൽഡ് ക്വാളിറ്റി കുറവുള്ള, ശബ്ദത്തെ പ്രത്യേകരീതിയിൽ താളശബ്ദത്തോളം എത്തിക്കുന്ന ഇനമാണ്. ഒഴുക്കു കുറയും, മീട്ടലുകൾ പക്ഷെ, വേറിട്ട് ഉറക്കെ കേൾക്കും. ക്ലാസിക്കിന്‍റെ മീട്ടലുകളെയെല്ലാം ഉൾക്കൊള്ളുന്നതോടൊപ്പം അനേകം മീട്ടൽ രീതികൾ സ്വന്തമായുമുള്ള തരത്തിൽ വലിയ വൈവിധ്യങ്ങളുള്ള ഫ്ലെമൻകൊ ഗിറ്റാർ കൊട്ടൽശീലുകൾ (സ്ട്രമ്മിംഗ്) പ്രസിദ്ധമാണ്. താളാത്മകമാണത്. സത്യത്തിൽ താളവും താളക്കേടുകളുമൊക്കെ ഉൾച്ചേർത്ത ഒരു സമ്പ്രദായം. 

അവയിൽ ഗോൾപെ പോലെയുള്ള ചില ശൈലികളിൽ കമ്പികളിൽ സംഗീതം വായിക്കുന്നതിനൊപ്പം ഗിറ്റാർ ബോർഡിൽ വിരലുകൾ താളം പിടിക്കുകയും കൊട്ടുകയും ചെയ്യും. താളത്തിന്‍റെ മഴ പെയ്യിക്കും. ഗിറ്റാറിൽ പതിവായി താളം കൊട്ടിയാൽ വിദൂരമല്ലാത്ത ഭാവിയിൽ മരത്തിലുള്ള അതിന്‍റെ ബോർഡ് പൊട്ടിപ്പോകും. ഒന്നുകിൽ പ്ലാസ്റ്റിക് കോട്ടിംഗ് വേണം. അല്ലെങ്കിൽ താളം വീഴുന്നിടത്ത് ഇത്തരത്തിലുള്ള സ്റ്റിക്കർ ഒട്ടിക്കണം. അതാണ് സ്റ്റിക്കറിനായുള്ള ഇന്നത്തെ യാത്രയുടെ ഉദ്ദേശം. അതാണ് തെരുവിന്‍റെ സംഗീതത്തെയും ഇന്നത്തെ ഗിറ്റാർ - സ്റ്റിക്കർ യാത്രയെയും ബന്ധിപ്പിക്കുന്നത്. പറയാം.

തെരുവിന്‍റെ സംഗീതമാണത്, പ്രതിരോധവും 

ഫ്ലെമൻകൊ തെരുവിന്‍റെ സംഗീതമായതിനാലാണ് കൊട്ടലിൽ ക്ലാസിക്കിനില്ലാത്ത ഈ വൈവിധ്യവും, വന്യതയും, ബഹളവും. ക്ലാസ്സിക്കൽ ഗിറ്റാർ സൗണ്ട്ബോർഡിനു സമാന്തരമായി കമ്പികളെ മീട്ടുമ്പോൾ ഫ്ലെമൻകൊ പരമ്പരാഗത ശാസ്ത്രീയതയ്ക്ക് കുറുകെ സൗണ്ട് ബോർഡിനകത്തേക്കാണ് മീട്ടുക. ആ വ്യത്യാസത്തിലെ രസം മനസ്സിലായോ? റിബലുകൾക്ക് മനസ്സിലാകും.

തെരുവിന്‍റെ തിരക്കുകൾക്കിടയിലും, ശബ്ദങ്ങൾക്കിടയിലും, നിന്ന് സംഗീതം അതിലേക്ക് ശ്രദ്ധ ക്ഷണിക്കുവാൻ ഉപയോഗിക്കുന്ന ഈ വൈവിധ്യം, അതിനെ, സംഗീതത്തിന്‍റെ മുഴുവൻ ലോകത്തെയും, ഗിറ്റാറിന്‍റെ ലോകത്തെത്തന്നെയും, സ്പാനിഷ് സംഗീതത്തിന്‍റെ നിയോൺ ചുനയുള്ള ധൂർത്തഗാംഭീര്യമാക്കുന്നുണ്ട്. ഫ്ലെമൻകൊ എന്ന് കേട്ടാൽ പലരിലും അതൊരുപക്ഷെ, സ്പാനിഷ് തെരുവുകളും, ഫ്ലമെൻകൊയും, റുമ്പായും, ടാങ്കോ നൃത്തവും കടന്ന് സാംബയുടെ പോലും രസങ്ങളുണർത്തുന്നത് അങ്ങനെയാണ്. അതാണ് ബഹുസ്വരതയുടെ ശക്തി. എല്ലായിടത്തുമെന്നതു പോലെ സംഗീതത്തിലും. ആ ബഹുസ്വരതയിൽ തെരുവും, നാടോടിയും, ജിപ്സിയുമെല്ലാം ഉൾച്ചേരുന്നു.

ഗാർഷ്യ ലോർക ഫ്ലെമൻകോയെ, വിളിച്ചത് ''ആഴത്തിലുള്ള സംഗീത"മെന്നാണ്. അതിന്‍റെ വിക്കുകളും, ഇടർച്ചയും, തിരയിളകിമറിയുന്ന പെരുക്കങ്ങളും, ചിട്ടകൾ കൊണ്ട് പതം വന്ന നമ്മുടെ ശ്രവ്യകോശങ്ങളെ തല്ലിയുണർത്തി പ്രതിധ്വനിക്കുന്നുവെന്നും, ആധുനികസംഗീതത്തിന്‍റെ മരവിച്ച, ഘനീഭവിച്ച ശീലുകളെയും കടന്ന് തെന്നിയോടിക്കയറുന്നുവെന്നും, ഹിന്ദുസ്ഥാനിയുടെ നാടോടിപാരമ്പര്യത്തിനും, കവ്വാലികൾക്കുമൊക്കെയുള്ള, കർണാടിക്കിനെ പലപ്പോഴും കിതപ്പിക്കുന്ന തരത്തിലുള്ള വൈവിധ്യത്തിന്‍റെ മറ്റൊരു രൂപം തന്നെ അതും. തെരുവുകളില്ലെങ്കിൽ, അവിടങ്ങളിൽ പാടാനുള്ള അനുമതിയില്ലെങ്കിൽ, സ്വന്തം അസ്തിത്വം തന്നെയില്ലാതാകുന്ന ഫ്ലെമൻകോയുടെ കാര്യം മാത്രമാണ് നമ്മളിവിടെ പറഞ്ഞത്. പലേ സംഗീതപദ്ധതികളിലും അതുണ്ടാകുമെന്നതുറപ്പ്. തെക്കനേഷ്യൻ മുളന്തണ്ടുകളും ആഫ്രിക്കൻ തോൽചെണ്ടകളും അതൊക്കെ നമ്മോടു പറയുമെന്നുറപ്പ്.

പറഞ്ഞുവന്നത്, സംഗീതം അടച്ചിട്ട മുറികളിലെ ഉന്നതവർഗത്തിന്‍റെ സുഖശീതളിമയിൽ തെളിയുന്നത് മാത്രമല്ല. അതിന്‍റെ ഉത്ഭവം തന്നെ കൃഷിയിടങ്ങളിലും ഒത്തുകൂടുന്ന മനുഷ്യക്കൂട്ടങ്ങളിലും, തെരുവുകളിലുമൊക്കെയാണ്. അവയിൽ വ്യവസ്ഥക്കെതിരെയുള്ള കലാപമുള്ളതിനാലാണ് തെരുവ് നാടോടി സംഗീതത്തിന്‍റെ തുടർച്ചയുടെ, അറുപതുകളിലെ അലർച്ച യുവതയെ ലോകചരിത്രത്തിൽ അതിനു മുൻപൊരിക്കലുമില്ലാതിരുന്ന മട്ടിൽ ലോകപ്രവാഹത്തിന്‍റെ ഒരു നിർണായക ശക്തിയാക്കി മാറ്റിയത്.

പോപ്പും, ഫാഷനും, റിബലുകളും വന്നത്. അതിനും മുൻപ് വുഡ്ഡി ഗത്രിയിലൂടെയും മറ്റും തൊള്ളായിരത്തി ഇരുപതുകളിലെ അമേരിക്കൻ മുതലാളിത്തത്തിന്‍റെ ദന്തഗോപുരസ്വപ്നങ്ങളിലേക്ക്, മറ്റുപല കാരണങ്ങൾക്കുമൊപ്പം, ക്ഷേമരാഷ്ട്രസങ്കല്പങ്ങളെക്കൂടി ബലമായി ഉൾച്ചേർപ്പിച്ചത്, ലാറ്റിനമേരിക്കയിൽ കവിതയ്ക്കൊപ്പം രാഷ്ട്രീയത്തിന്‍റെ കൈകോർത്തുപിടിച്ച് മാറ്റങ്ങൾക്ക് ശക്തി പകർന്നത്. തെരുവ് -നാടോടി സംഗീതങ്ങളിൽ വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും രാഷ്ട്രീയം ലളിതമായിത്തന്നെ ഏറ്റവും ശക്തമായി അലിഞ്ഞുചേർന്നിട്ടുണ്ട്. വലിഞ്ഞുകീറുന്ന വേദനയും, വേദനയെയും വിശപ്പിനെയും മറന്നു കളയിക്കുന്ന ആസുരാഘോഷങ്ങളും അവയിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നുവെങ്കിൽ അത് അങ്ങനെ കൈവന്നിരിക്കുന്നതാണ്. ചെത്തിമിനുക്കി കൃത്യതയുടെ അലകുകൾ വെച്ച ശാസ്ത്രീയ, ക്ലാസിക്കൽ സംഗീതത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന പരുക്കനും മുഷിഞ്ഞതും തെളിമയുള്ളതുമായ മനുഷ്യത്വം, ജീവസന്ധാരണമൊക്കെക്കൂടിയാണ് അതിനെ സംഗീതത്തിന്‍റെ ബഹുസ്വരതയിലെ ഏറ്റവും നിഷ്കളങ്കമായ ഇമ്പമാക്കുന്നത്.

'പൊലീസിനു ബുദ്ധിയില്ല' എന്ന ക്ലീഷേ അനുവദിച്ചുകൊടുത്തുകൊണ്ട് അതിനെ ഉപദ്രവിക്കാതിരിക്കേണ്ടുന്നതിന്‍റെ ബാധ്യത നമുക്ക് നഗരങ്ങളെ മനോഹരമാക്കുന്ന ജില്ലാഭരണാധികാരികൾക്കും മുനിസിപ്പൽ ഉദ്യോഗസ്ഥർക്കും ഇവിടുത്ത രാഷ്ട്രീയക്കാർക്കും നേതൃത്വങ്ങൾക്കും അവരുടെ പാർട്ടികൾക്കും കൊടുക്കാം. തെരുവുകളിൽ, തെരുവുകൾക്കു വേണ്ടി പാടിയ/പാടുന്ന, നാടോടിസംഗീതത്തെ കണ്ടെത്തുന്ന/കണ്ടെത്തിയ, നമ്മുടെ ചില കവികളെയും എഴുത്തുകാരെയും മാറ്റിനിർത്തി, ഗാർഷ്യ ലോർകയെ ഓർമ്മിപ്പിച്ചുകൊണ്ട് എഴുത്തുലോകത്തിനു മുഴുവനായി കൊടുക്കാം. അതേ ബാധ്യത തന്നെ, ഏറ്റവും ഇടറിയ ശബ്ദത്തിലും താളത്തിലും ശ്രുതിയിലുമാണ് പാടുന്നതെങ്കിലും ഏറ്റവും നല്ലതായി മാത്രം സ്വന്തം മനസുകളിൽ മുഴങ്ങുന്ന, നമ്മുടെ സ്വന്തം ശബ്ദങ്ങൾക്ക് കൊടുക്കാം.

അങ്ങനെ ചെയ്യേണ്ടതുണ്ട്. മിനുക്കിത്തെളിച്ച കുലീനമായ ചിട്ടകളുടെയും കൃത്യതയുടെയും വെള്ളയടിച്ച തെരുവുകളും നഗരചത്വരങ്ങളും ചത്തുപോയ ഒരു സംസ്കാരത്തെയാണ് സൂചിപ്പിക്കുക. നമുക്കവിടങ്ങളിൽ മനുഷ്യരുടെ ബഹളങ്ങൾ വേണം, അതിനിടയിലും മുഴങ്ങുന്ന ജീവൽസംഗീതം വേണം. അങ്ങനെ കൈവരുന്ന ജീവൻ വേണം. അതിനു തെരുവുകൾ പാടണം. പാടട്ടെ.

click me!