
വട്ടവടയ്ക്ക് അഭിമന്യു അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലുള്ളപ്പോഴും വീട്ടിലിരിക്കാതെ പഞ്ചായത്തോഫീസില്‍ ചെന്ന് നാട്ടുകാര്‍ക്ക് വേണ്ടി വരുമാന സര്‍ട്ടിഫിക്കറ്റിനും ജാതിസര്‍ട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകളെഴുതിക്കൊടുത്തും അവരുടെ വിശേഷങ്ങള്‍ തിരക്കിയുമൊക്കെയാണ് അവനവരുടെ പ്രിയപ്പെട്ടവനായത്. ആ അഭിമന്യുവിന്‍റെ വീടിപ്പോഴും മൗനത്തിലാണ്. അത് അവിടെ ചെല്ലുന്ന ഓരോ മനുഷ്യനേയും വേദനയുടെ മൗനത്തിലാക്കും. പയ്യന്നൂര്‍ കോളേജ് അധ്യാപിക സോന രാജീവിന്‍റെ കുറിപ്പ് അഭിമന്യുവിനെ കുറിച്ച് നീറ്റലുണ്ടാക്കുന്നു.
വട്ടവടയിലേക്ക് പുസ്തകങ്ങളുമായി പോയ പയ്യന്നൂര്‍ കോളേജ് മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ഗനിലുമായി സംസാരിച്ച കാര്യങ്ങളാണ് സോന രാജീവന്‍ ഫേസ് ബുക്കില്‍ എഴുതിയിരിക്കുന്നത്. ''ഒരാൾക്ക് നിവർന്നു നിൽക്കാൻ പാങ്ങില്ലാത്ത ഒറ്റമുറി വീട്. അവിടെ, മകൻ കൊലചെയ്യപ്പെട്ടതിനാൽ തല മുണ്ഡനം ചെയ്ത് ഒരു വർഷം കൃഷിപ്പണികളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ട അച്ഛനും പെങ്ങളും അവനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അമ്മ..... അവരും അവനോടൊപ്പം പോയെന്ന് തോന്നി ടീച്ചറേ'' എന്ന് ഗനില്‍ പറയുന്നുവെന്ന് സോന എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റ്: ഇന്ന് വൈകീട്ട് കോളേജിൽ നിന്നിറങ്ങി പാർക്കിനു മുന്നിൽ എത്തുമ്പോ റോഡിൽ ആകെ പൊടിയിൽ മുങ്ങി കറുപ്പായ വെളുത്ത സ്വിഫ്റ്റ് കാറ്. എവിടന്ന് കിട്ടിയെടാ ചവറ് കാറ് എന്ന് ചോദിച്ചപ്പോൾ ഏറ്റവും ശാന്തമായ സ്വരത്തിൽ ഗനിൽ പറഞ്ഞു. ''ടീച്ചറേ.... ഞങ്ങൾ വട്ടവടയിൽ നിന്ന് വരികയാണ്. പയ്യന്നൂർ ഏരിയയിൽ നിന്ന് ശേഖരിച്ച 800 പുസ്തകങ്ങൾ അവിടെയേല്‍പിച്ചു തിരിച്ച് വരികയാണ്.. "
ഒരാൾക്ക് നിവർന്നു നിൽക്കാൻ പാങ്ങില്ലാത്ത ഒറ്റമുറി വീട്. അവിടെ, മകൻ കൊലചെയ്യപ്പെട്ടതിനാൽ തല മുണ്ഡനം ചെയ്ത് ഒരു വർഷം കൃഷിപ്പണികളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ട അച്ഛനും പെങ്ങളും അവനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അമ്മ..... അവരും അവനോടൊപ്പം പോയെന്ന് തോന്നി ടീച്ചറേ - എന്ന് ഗനിൽ.
അച്ഛനവർക്ക് അവന്റേതെന്ന് പറഞ്ഞ് ഒരു കൊടി കാണിച്ചു കൊടുത്തു. അവന്റെ യൂണിറ്റിലേക്ക് കൊടി ഇടുക്കിയിൽ നിന്നോ മൂന്നാറിൽ നിന്നോ എത്തിച്ചേരുന്നത് കാത്തുനിൽക്കാതെ വെള്ളത്തുണിയിൽ അവൻ തന്നെ എഴുതിയുണ്ടാക്കിയ കൊടി. അതിലവൻ കെട്ടിയ കെട്ട് ഇപ്പോഴുമുണ്ട്. വട്ടവട മേഖലാ സമ്മേളനത്തിന് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ അവൻ ലോക്കൽ സെക്രട്ടറിയോട് സമ്മേളന ഒരുക്കങ്ങളെക്കുറിച്ച് ചോദിച്ചത്രെ. നടക്കുന്നു എന്ന മറുപടി കേട്ടയുടൻ അവൻ ഇരുന്ന ഇരിപ്പിൽ 60 കത്തുകൾ എഴുതിയുണ്ടാക്കി. നാട്ടിലെ യുവജനങ്ങൾക്ക് കൊടുക്കാൻ .
വട്ടവടയിലുള്ളപ്പോൾ അവൻ വീട്ടിലിരുന്നില്ല. പഞ്ചായത്തോഫീസിലിരുന്ന് അവന്റെ നാട്ടുകാർക്ക് വേണ്ടി വരുമാന സർട്ടിഫിക്കറ്റിനും ജാതി സർട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകൾ എഴുതിക്കൊടുത്തു. അങ്ങനെയാണവൻ നാട്ടുകാർക്ക് പ്രിയങ്കരനായത്. ആ നാട് നോക്കി നിൽക്കെയാണ് ആഴത്തിലുള്ളൊരു ചാലിനു മുകളിൽ അടുക്കടുക്കായി വിറകു വച്ച് ഉയർത്തിയ ചിതയിൽ അവൻ എരിഞ്ഞ് തീർന്നത്. അവസാനത്തെ നിര വിറകും ചാരമായി വീണ ചാലിലേക്ക് അടുത്ത കരിങ്കൽ ക്വാറിയിൽ നിന്നും ഒഴുക്കിവിട്ട വെള്ളത്തോടൊപ്പം ഒഴുകിപ്പോയത്.
''മരണ വീട്ടിൽ മൗനമായിരിക്കുക എന്നത് നമ്മളൊരു നാട്ടുമര്യാദയ്‌ക്ക് ചെയ്യുന്നതല്ലേ ടീച്ചറേ... അവന്റെ വീട് നമ്മളെ നമ്മളറിയാതെ മൗനത്തിലാക്കും. ആ മൗനം നമുക്കൊപ്പം ഇറങ്ങി വരും. അങ്ങോട്ട് പോവുമ്പോൾ തിരിച്ച് വരും വഴി ഇറങ്ങണമെന്ന് വിചാരിച്ച ഒരു സ്ഥലത്തും ഇറങ്ങണമെന്ന് പിന്നെ ഞങ്ങൾക്ക് തോന്നിയില്ല. അവിടന്നിറങ്ങി മഹാരാജാസിലെത്താൻ അവനൊരുപാട് വഴി താണ്ടിയിട്ടുണ്ട്." ഇതുപോലൊന്നും മുമ്പൊരിക്കലും ഗനിലിന്റെ ശബ്ദം നനഞ്ഞ് കേട്ടിട്ടില്ല.
പാതി വായിച്ച് നിർത്തിയ ഒരു പുസ്തകമുണ്ടത്രേ ഇപ്പഴും ആ വീട്ടിൽ. "നിങ്ങൾ മരിക്കുമ്പോൾ ആരാണ് കരയുക " എന്ന പുസ്തകം. അറുപത്തിയൊൻപതാം പേജ് വായിച്ച് നിർത്തി പേജ് മടക്കി അടയാളം വച്ചാണവൻ ഇറങ്ങിപ്പോയത്.
നാൻ പെറ്റ മകനേ എന്ന നിലവിളിക്കൊപ്പം ഞങ്ങളെല്ലാവരും കരയുകയായിരുന്നു കുഞ്ഞേ...