അറബിയെ പോറ്റിയ മലയാളി!

By Faisal Bin AhamadFirst Published Mar 27, 2017, 11:33 AM IST
Highlights

പേരില്‍ ന്യൂ ഉണ്ടെങ്കിലും ഈ റസ്‌റ്റോറന്റില്‍ ചിട്ടകളെല്ലാം പഴയത് തന്നെ. പാവപ്പെട്ടവര്‍ക്ക്  ഇപ്പോഴും സൗജന്യ ഭക്ഷണം നല്‍കുന്നു. കൈയില്‍ കാശില്ലെങ്കിലും ഇവിടെ നിന്ന് എത്രനേരം വേണമെങ്കിലും സൗജന്യമായി ഭക്ഷണം കഴിക്കാം.

ഖോര്‍ഫുക്കാനിലെ ന്യൂ കാലിക്കറ്റ് റസ്‌റ്റോറന്റില്‍ വച്ചാണ് സിദ്ദീഖ് എന്ന മദ്ധ്യവയസ്‌ക്കനെ പരിചയപ്പെടുന്നത്. പാലക്കാട് ചാലിശ്ശേരി സ്വദേശിയായ ഇദ്ദേഹമാണ് ഹോട്ടലിന്റെ ഉടമ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ഹോട്ടലിന് യു.എ.ഇയിലെ പ്രവാസ ചരിത്രത്തില്‍ പ്രധാന സ്ഥാനമുണ്ട്. കേവലമൊരു ഭക്ഷണശാലയല്ല ഇത്. ആദ്യകാല പ്രവാസികളുടെ മരുപ്പച്ച.

അന്ന് പേര് കാലിക്കറ്റ് റസ്‌റ്റോറന്റ് എന്നായിരുന്നു. ഇപ്പോള്‍ പേര് ന്യൂ കാലിക്കറ്റ്. പേരില്‍ ന്യൂ ഉണ്ടെങ്കിലും ഈ റസ്‌റ്റോറന്റില്‍ ചിട്ടകളെല്ലാം പഴയത് തന്നെ. പാവപ്പെട്ടവര്‍ക്ക്  ഇപ്പോഴും സൗജന്യ ഭക്ഷണം നല്‍കുന്നു. കൈയില്‍ കാശില്ലെങ്കിലും ഇവിടെ നിന്ന് എത്രനേരം വേണമെങ്കിലും സൗജന്യമായി ഭക്ഷണം കഴിക്കാം.
 
പണ്ട് കാലത്ത് ലോഞ്ചില്‍ എത്തുന്നവരുടെ ആശ്രയ കേന്ദ്രമായിരുന്നു ഈ ഹോട്ടല്‍. പണവും തുണയുമില്ലാതെ എത്തുന്നവര്‍ക്ക്  അന്നത്തിനുള്ള ആശ്രയകേന്ദ്രം. ലോഞ്ചില്‍ പ്രവാസികളായെത്തിയ അബ്ദുല്‍ ഖാദറും അബൂബക്കറും കഞ്ഞി മൗലാനയുമായിരുന്നു കാലിക്കറ്റ് ഹോട്ടലിന്റെ ശില്‍പികള്‍.ഖോര്‍ഫുക്കാനില്‍ എത്തുന്ന പ്രവാസികള്‍ക്ക് കഞ്ഞിയും ചമ്മന്തിയും വെച്ചുവിളമ്പിയ തിരൂര്‍ സ്വദേശിക്ക് കഞ്ഞിമൗലാന എന്ന പേര് വീണത് ചരിത്രം. ആ കഞ്ഞി മൗലാനയുടെ പിന്തുടര്‍ച്ചക്കാരനായി സിദ്ദീഖ് മാറിയത് മറ്റൊരു ചരിത്രം. 

രാവിലെ എട്ടിന് തന്നെ കസേരയില്‍ ഇദ്ദേഹം ഉപവിഷ്ഠനായിരിക്കും

പണമില്ലാത്തവര്‍ക്ക് ഒരത്താണി!
1989 മുതലാണ് സിദ്ദീഖ് ഈ ഹോട്ടലിന്റെ ഉടമസ്ഥനാകുന്നത്. അതിനും മുമ്പേ ഹോട്ടലിലെ ജീവനക്കാരനും നടത്തിപ്പുകാരനുമായിരുന്നു. കാലിക്കറ്റ് ഹോട്ടലിന്റെ ഈ സഹായ ഹസ്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സഹായവുമായി അറബികളും രംഗത്തുവന്നു.  പത്തോ ഇരുപതോ അമ്പതോ പേര്‍ക്ക്  സൗജന്യ ഭക്ഷണം നല്‍കണം. അതിനുള്ള പണം അവര്‍ നല്‍കും. കല്യാണത്തിന്റെ  ഭാഗമായി, അല്ലെങ്കില്‍ നേര്‍ച്ചയുടെ ഭാഗമായി അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും വിശേഷ ദിവസത്തിന്റെ ഭാഗമായി ഈ ഹോട്ടലിലേക്ക് അറബികളുടെ സഹായം എത്തുന്നു. സൗജന്യ ഭക്ഷണം നല്‍കേണ്ട ആളുകളുടെ എണ്ണം പറഞ്ഞ് കാശ് നല്‍കുന്നു. വര്‍ഷങ്ങളായി ഈ ഹോട്ടല്‍ ഇങ്ങനെയാണ്. 

സഹയവും നിര്‍ദേശവും കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്ന സിദ്ദീഖ് അറബികള്‍ നിര്‍ദേശിക്കുന്നതിലും ഒന്നോ രണ്ടോ പേര്‍ക്ക്  അധിക ഭക്ഷണം നല്‍കിയാണ് ഓരോ അക്കൗണ്ടും ക്ലോസ് ചെയ്യുന്നത്.  

വെള്ളിയാഴ്ചകളിലാണ് ഇവിടെ സൗജന്യ ഭക്ഷണം കഴിക്കാന്‍ ഏറ്റവുമധികം പേര്‍ എത്തുന്നത്. 90 ആളുകള്‍ വരെ വെള്ളിയാഴ്ചകളില്‍ ന്യൂ കാലിക്കറ്റ് റസ്‌റ്റോറന്റില്‍ നിന്ന് സൗജന്യ ഭക്ഷണം കഴിക്കുന്നു. മാസത്തില്‍ 750 ലധികം പേര്‍ക്ക്  ഇങ്ങനെ ഭക്ഷണം നല്‍കുന്നുണ്ടെന്ന് സിദ്ദീഖ് പറഞ്ഞു. തങ്ങള്‍ ഏല്‍പ്പിക്കുന്ന തുകയ്ക്ക് അനുസൃതമായി അത്രയും പേര്‍ക്ക്  സൗജന്യ ഭക്ഷണം നല്‍കുന്നുണ്ടോ എന്ന് അറബികള്‍ ഒരിക്കലും പരിശോധിക്കാറില്ല. എങ്കിലും സിദ്ദീഖ് തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നവരോടുള്ള ബാധ്യത കൃത്യമായി നിറവേറ്റുന്നു. എണ്ണവും മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തി വയ്ക്കുന്നു. വര്‍ഷങ്ങളുടെ പഴക്കമുള്ള രേഖകള്‍ വരെ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട് ഇദ്ദേഹം. 

കാശ് വാങ്ങാതെ പാവപ്പെട്ടവര്‍ക്ക്  ഭക്ഷണം നല്‍കുന്ന ഈ ഹോട്ടല്‍ വാമൊഴിയിലൂടെ പലരിലുമെത്തി. ഇപ്പോള്‍ ഒരു വിശേഷ ദിവസം എത്തുമ്പോള്‍ തദ്ദേശീയര്‍ ആദ്യം ഓര്‍ക്കുന്നത് സിദ്ദീഖിനേയും കാലിക്കറ്റ് റസ്റ്റോറന്റിനെയുമാണ്. 

മാസത്തില്‍ 750 ലധികം പേര്‍ക്ക്  ഇങ്ങനെ സൗജന്യഭക്ഷണം നല്‍കുന്നു

കിനാരിയുടെ കഥ!
1977 ലെ ജൂണിലാണ് സിദ്ദീഖ് ഈ ഹോട്ടലിലേക്ക് പാചകക്കാരനായി എത്തുന്നത്. പിന്നീട് ഇദ്ദേഹം ഹോട്ടല്‍ നടത്തിപ്പുകാരനും 1989 മുതല്‍ ഉടമസ്ഥനും ആവുകയായിരുന്നു. 

ഹോട്ടലിന്റെയും സിദ്ധീഖിന്റെയും ചരിത്രം കേട്ടിരിക്കുമ്പോഴാണ് കൗണ്ടറില്‍ ഒരു ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടത്. സിദ്ധീഖും ഒരു അറബിയും നില്‍ക്കുന്ന ഫോട്ടോ. കൂടെയുള്ളത് ആരാണെന്ന് ചോദിച്ചു. സിദ്ധീഖ് പറഞ്ഞത് ഹൃദയസ്പര്‍ശിയായ ഒരനുഭവമായിരുന്നു. ഒരു മലയാളിയും ഒരു അറബിയും തമ്മില്‍ നിലനിന്ന അസാധാരണമായ സാഹോദര്യത്തിന്റെയും ചങ്ങാത്തത്തിന്റെയും കഥ. 

ആ അറബിയുടെ പേര് അബ്ദുല്ല കിനാരി. ഖോര്‍ഫുക്കാന്‍ സ്വദേശി. അല്‍പം മാനസിക വിഭ്രാന്തിയുണ്ട്.  അടുത്ത ബന്ധുക്കളില്ല. ആരൊക്കെയോ പറഞ്ഞറിഞ്ഞാണ് അദ്ദേഹം കാലിക്കറ്റ് റസ്‌റ്റോറന്റില്‍ എത്തിപ്പെട്ടത്. പിന്നൊരിക്കലും അവിടെനിന്നിറങ്ങിയിട്ടില്ല. സിദ്ധീഖ് കിനാരിയെ കൂടെ താമസിപ്പിച്ചു. ഭക്ഷണവും വസ്ത്രവും നല്‍കി. പയ്യെപ്പയ്യെ സിദ്ധീഖിന്റെ അടുത്ത കൂട്ടുകാരനും സന്തത സഹചാരിയുമായി, കിനാരി. 

അബ്ദുല്ല കിനാരിക്കായി ഹോട്ടലില്‍ ഒരു കസേരയുണ്ട്. അവിടെ മറ്റാരും ഇരിക്കുന്നത് ഇഷ്ടമല്ല. അതിനാല്‍, ആരേയും അതിന് അനുവദിക്കാറുമില്ല. രാവിലെ എട്ടിന് തന്നെ കസേരയില്‍ ഇദ്ദേഹം ഉപവിഷ്ഠനായിരിക്കും. ആള് സരസനാണ്. രാവിലത്തെ ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ കളിയും ചിരിയും പാട്ടുമെല്ലാമായി അവിടെ വരുന്നവര്‍ക്കൊപ്പം കൂടും. 

ഉച്ചഭക്ഷണം കഴിച്ചശേഷം ഹോട്ടലിന് അടുത്തുള്ള താമസ സ്ഥലത്തേക്ക് പോകും. ഉച്ചയുറക്കവും മറ്റും കഴിഞ്ഞ് വൈകുന്നേരം നാലിന് തിരിച്ച് വീണ്ടും ഹോട്ടലിലേക്ക്. രാത്രി ഹോട്ടല്‍ അടച്ച് സിദ്ധീഖും കിനാരിയും ഒരുമിച്ചാണ് പോക്ക്. 

തന്നെ കുളിപ്പിക്കാന്‍ മറ്റാരേയും അനുവദിച്ചിരുന്നുമില്ല കിനാരി

കഥപറച്ചിലിന്റെ ആശാന്‍!
അബ്ദുല്ല കിനാരിക്ക് പറയാന്‍ കഥകളേറെ. സാഹസികത നിറഞ്ഞ കഥകള്‍. വീരശൂര കഥകള്‍. ചിലപ്പോള്‍ അവ ഉദ്വേഗത്തിന്റെ  മുള്‍മുനയില്‍ നമ്മെ നിര്‍ത്തും. മറ്റുചിലപ്പോള്‍ ചിരിപ്പിച്ച് വശംകെടുത്തും. കഥപറച്ചിലിന്റെ ആശാന്‍!

വൈകുന്നേരങ്ങളില്‍ കളിക്കാനെത്തുന്ന കുട്ടികളോടായിരുന്നു കിനാരിയുടെ കഥപറച്ചില്‍. കുട്ടികള്‍ക്ക്  നടുവിലിരുന്ന് കഥപറയുമ്പോള്‍ കിനാരിക്ക് ആവേശം ഇരട്ടിക്കും .കടലിനടയില്‍ മുത്തെടുക്കാനായി മുങ്ങിയ കഥ. അതുമല്ലെങ്കില്‍ മലമുകളിലെ ഗുഹയിലുള്ള വമ്പന്‍ തേനീച്ചക്കൂട്ടില്‍ തേനെടുക്കാന്‍ പോയ കഥ.  

ട്രൗസര്‍ മാത്രമിട്ട് കടലിനടിയിലേക്ക് മുത്ത് തേടി മുങ്ങിയ കഥ പറയുമ്പോള്‍ കിനാരിയുടെ മുഖത്ത് ചിരി വിടരും. 'ശ്വാസം എടുക്കാതിരിക്കാന്‍ മൂക്കില്‍ ഒരു ക്ലിപ്പ് ഘടിപ്പിച്ചാണ് മുങ്ങാറ്. പിന്നെ മുത്തുള്ള ചിപ്പികളെ കണ്ടെത്തി അതുമായി പതിനഞ്ചും ഇരുപതും മിനിറ്റ് കഴിഞ്ഞാണ് പൊങ്ങിവരിക'. 'അത്രയും സമയമോ?' എന്ന ആശ്ചര്യം കുട്ടികള്‍ പ്രകടിപ്പിക്കുമ്പോഴേക്കും, അതൊന്നും കേള്‍ക്കാതെ, കടലിനടിയില്‍ മുത്തുച്ചിപ്പിയെ കണ്ടെത്താനുള്ള വിദ്യകള്‍ പറഞ്ഞു തുടങ്ങിയിരിക്കും അദ്ദേഹം. 

മലമുകളിലെ ഗുഹയില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ എട്ടടിയില്‍ അധികമുള്ള പാമ്പിനെ കണ്ട കഥ മറ്റൊന്ന്. ധൈര്യവാനായ താന്‍ പാമ്പിന്റെ വാലില്‍ പിടിച്ച് അന്തരീക്ഷത്തില്‍ അഞ്ച് പ്രാവശ്യം ചുഴറ്റി എറിഞ്ഞുവെന്നും പാമ്പ് നട്ടെല്ല് തകര്‍ന്ന്  ചത്തുവെന്നും പറയുമ്പോള്‍ കിനാരിക്ക് സന്തോഷം അടക്കാന്‍ കഴിയാറില്ല. പിന്നെ കുറേനേരം ചിരിച്ചുകൊണ്ടേ ഇരിക്കും ഈ കഥാകാരന്‍. 

ഒപ്പമിരുന്ന കിനാരി ഇപ്പോള്‍ ഹോട്ടല്‍ കൗണ്ടറിലെ ഒരു ഛായാചിത്രമായി എന്ന മാറ്റം മാത്രം.  

'എനിക്കെന്റെ സുഹൃത്ത് മതി'
വ്യത്യസ്തനായിരുന്നു കിനാരി. ഖോര്‍ഫുക്കാനില്‍ ഗവണ്‍മെന്റ് വീട് നല്‍കിയിട്ടും  അതു നിരസിച്ചു, ഈ അറബി. എനിക്കെന്റെ സുഹൃത്ത് മതി, ഞാന്‍ അവനൊപ്പം താമസിച്ചുകൊള്ളാം എന്നതായിരുന്നു കിനാരിയുടെ മറുപടി. 

കിനാരിക്ക് ഗവണ്‍മെന്റില്‍നിന്ന് മാസാമാസം ഒരു തുക ലഭിക്കുമായിരുന്നു. സ്വദേശികള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ്. അത് വാങ്ങി നേരെ സിദ്ധീഖിന്റെ കൈയില്‍ ഏല്‍പ്പിക്കും. സിദ്ധീഖ് ഇല്ലാത്ത സമയത്താണ് പണം ലഭിക്കുന്നതെങ്കില്‍ മറ്റാരേയും ഏല്‍പ്പിക്കാതെ സിദ്ദീഖിനെ കാത്തുനില്‍ക്കും. 

സിദ്ധീഖിന്റെ കൂടെത്തന്നെ സദാ കിനാരി ഉണ്ടായിരുന്നു. പോകുന്ന സ്ഥലങ്ങളിലെല്ലാം കൂടെപ്പോകും. സിദ്ധീഖ് നാട്ടില്‍ പോകുമ്പോള്‍ മാത്രം ആ പതിവ് തെറ്റിച്ചു. വിമാനത്താവളത്തില്‍ വരെ പോയി യാത്രയാക്കി ഇദ്ദേഹം മടങ്ങും. കേരളത്തിലേക്ക് ഒരു ടൂറിസ്റ്റായി പോലും വരാന്‍ കിനാരി താല്‍പര്യം കാണിച്ചില്ല. 

ചിത്രീകരണം: വി.പി ഇസ്ഹാഖ്

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ കിനാരിയെ വലച്ചു. ഹോട്ടല്‍ ജോലിയും സുഹൃത്തിനെ ശുശ്രൂഷിക്കലും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയാതെ ആയപ്പോള്‍ ശുശ്രൂഷിക്കാനായി മാത്രം ഒരാളെ വച്ചു സിദ്ധീഖ്. എങ്കിലും എല്ലാ ദിവസവും കിനാരിയെ കുളിപ്പിക്കുന്നത് സിദ്ധീഖ് തന്നെയായിരുന്നു. തന്നെ കുളിപ്പിക്കാന്‍ മറ്റാരേയും അനുവദിച്ചിരുന്നുമില്ല കിനാരി. ഇരുവരുടേയും ബന്ധം സൗഹൃദത്തിന് അപ്പുറമായിരുന്നു.

ഒരു ദിവസം കളിയും ചിരിയും പാട്ടുകളുമായി നില്‍ക്കുന്നതിനിടയില്‍ കിനാരി രക്തം ഛര്‍ദ്ദിച്ചു. ഉടന്‍ ആശുപത്രിയില്‍ കൊണ്ട് പോയി. ക്യാന്‍സറാണെന്ന് പിന്നീടാണ് മനസിലായത്. വിദഗ്ധ ചികിത്സയ്ക്കായി ഷാര്‍ജയിലേക്ക് മാറ്റി. ചികിത്സയുടെ ദിനങ്ങളിലൊന്നില്‍ സുഹൃത്തിന്റെ മരണ വാര്‍ത്തയാണ് സിദ്ധീഖിനെ തേടിയെത്തിയത്. അത് താങ്ങാന്‍ പറ്റാവുന്നതിനും അപ്പുറമായിരുന്നു. എണ്‍പതു വയസ്സിലായിരുന്നു കിനാരിയുടെ അന്ത്യം. 

സുഹൃത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും കൊണ്ട് നടക്കുന്നു സിദ്ദീഖ്. ഒപ്പമിരുന്ന കിനാരി ഇപ്പോള്‍ ഹോട്ടല്‍ കൗണ്ടറിലെ ഒരു ഛായാചിത്രമായി എന്ന മാറ്റം മാത്രം.  

കിനാരി ഒരു സുഹൃത്ത് മാത്രമായിരുന്നില്ല തനിക്കെന്ന് സിദ്ദീഖ് പറയുന്നു. വീട്ടിലെ ഒരംഗം തന്നെയായിരുന്നു. ജ്യേഷ്ഠ സഹോദരന്‍. അല്ലെങ്കില്‍, അതിലെല്ലാം അപ്പുറം.  15 വര്‍ഷങ്ങള്‍? സിദ്ധീഖും അബ്ദുല്ല കിനാരിയും ഉണ്ടും ഉറങ്ങിയും കളിച്ചും ചിരിച്ചും കലഹിച്ചും ഒരുമിച്ച് ജീവിച്ചത് ഈ കാലയളവാണ്. ഒരര്‍ത്ഥത്തില്‍ കിനാരിയെ പോറ്റുകയായിരുന്നു സിദ്ദീഖ്. അറബിയെ പോറ്റിയ മലയാളി!

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍


ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!

ഇങ്ങനെയുമുണ്ട്  ഒമാന്‍ വിവാഹങ്ങള്‍!

ദേരാ ദുബായിയിലെ ഈ കാസര്‍ക്കോട്ടുകാരന്‍ ഒരു സംഭവമാണ്!

യു.എ.ഇയിലെ ഈ ചങ്ങാതിമാര്‍ക്ക് 'വയസ്സാവുന്നില്ല'!

click me!