ആദ്യരാത്രിയിലെ ചെകുത്താന്‍

Published : Jan 03, 2018, 08:40 PM ISTUpdated : Oct 04, 2018, 06:44 PM IST
ആദ്യരാത്രിയിലെ ചെകുത്താന്‍

Synopsis

പെട്ടെന്ന് തെല്ലുറക്കെ ഉസ്താദ് ചോദിച്ചു: 'എന്താ നിന്റെ പേര്' 

'കദീജ'

'സെയ്ത്താനെ അന്റെ പേര് പറ'- ആദ്യത്തെ അടി വീണു.

'ഞാ കദീസ്യാണ'- ഉമ്മയുടെ ശബ്ദത്തില്‍ വേദന തെളിഞ്ഞു കേട്ടു. 

അടി തലങ്ങും വിലങ്ങും വീണു. വടി പൊട്ടിയതും ആ മൊയ്‌ല്യാര് ആക്രോശിച്ചു: 'ഉം.. അടുത്തത് എടുക്ക്'

എന്റുപ്പ എന്റെ എളാമയെ കെട്ടിയ കാലത്ത്, അവരുടെ ആദ്യരാത്രിയാണ്. ഞാനപ്രത്തെ കട്ടിലില്‍ കിടക്കുന്നു. അവര്‍ രണ്ടുപേരും ഇപ്രത്തെ കട്ടിലിലും. ഇടുങ്ങിയ മണ്ണ് തേച്ച മുറിയാണ്. നീളത്തില്‍ പിടിപ്പിച്ച അഴികളുള്ള കുഞ്ഞു ജനവാതിലുകള്‍. കട്ടികൂടിയ വാതിലുകളും സാക്ഷകളും (വാതിലടക്കുന്ന ഒരുതരം കുറ്റി). കറന്റ് കിട്ടിയിട്ടേ ഇല്ലാത്തൊരിടം. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഞാനെന്റെ രണ്ടാമത്തെ ഉമ്മയെ കണ്ടു. അന്ന് ഞാന്‍ ഉപ്പ പറയുന്നതൊക്കെ അനുസരിക്കുന്ന കുട്ടിയായിരുന്നു. ഉപ്പ ആദ്യമേ പറഞ്ഞിട്ടുണ്ട്;

 'പുതിയ ഉമ്മാനെ മോന്‍ ഉമ്മാന്നേ വിളിക്കാവൂ. ഇല്ലെങ്കി അവര്‍ക്ക് വിഷമമായാലോ!'

കിടക്കാന്‍ നേരം അവരെന്റെ പേര് ചോദിച്ചു. ഞാനവരുടെ മടിയില്‍ തലവെച്ചു.

 'ഞാന്‍ നിങ്ങളെ ഉമ്മാന്ന് വിളിക്കട്ടെ!?'
 
ഒരു നാലര വയസ്സുകാരന്റെ അച്ചടിഭാഷയിലുള്ള ചോദ്യം കേട്ട മാത്രയില്‍ അവരുടെ കണ്ണുകളില്‍ നിന്നും ധാരധാരയായി കണ്ണുനീരൊഴുകി. അവര്‍ എന്തിനാണ് കരയുന്നതെന്നോ എന്നെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചതെന്നോ എനിക്കറിയില്ലായിരുന്നു. ഒന്ന് മനസ്സിലായി. ഓര്‍ക്ക് എന്നോട് ഇഷ്ടമുണ്ട്. 

അല്‍പ്പമൊന്ന് മയങ്ങിയുണര്‍ന്നപ്പോള്‍ അടുത്ത് ആരുമില്ല. കുറ്റാക്കൂരിരുട്ട്. മരപ്പലക കൊണ്ടുള്ള ജനല്‍ പാളികളുടെ വിടവിലൂടെ നിലാവ് മുറിയിലൊരു വര വരച്ചു വെച്ചിരിക്കുന്നു. വീണ്ടും മയക്കത്തിലേക്ക് വീണ ഞാന്‍ എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. ആരോ വാതില്‍ തുറന്നു പുറത്തേക്കോടുന്നു. വാതില്‍ തുറന്നപ്പോഴുണ്ടായ ശബം കേട്ട് ഞെട്ടിയെങ്കിലും ഇരുട്ടത്ത് ഒന്നും മനസ്സിലായില്ല. ആരൊക്കെയോ വിളക്ക് കത്തിക്കാനും തീപ്പെട്ടിയെടുക്കാനും പറയുന്നു. ആകെ ബഹളം. ആരോ വിളക്കു കൊണ്ടുവന്നു. 

ഉപ്പയെവിടെ!?' ആ വീട്ടില്‍ ആകെ പരിചയമുള്ള ഒരാള്‍ ഉപ്പയാണ്. ഉപ്പയെ തിരയുന്നതിനിടയ്ക്ക് ആരോ വന്നെന്റെ കണ്ണുപൊത്തി. 

'മോന്‍ കാണണ്ട ഇതൊന്നും'

മൃദുവായ കൈകള്‍ക്ക് എന്റെ കണ്ണുകളെ മുഴുവന്‍ മറച്ചുവെക്കാന്‍ പറ്റിയില്ല. വിരല്‍ വിടവുകളിലൂടെ മൂന്നുനാലു മണ്ണെണ്ണ വിളക്കുകളുടെ പ്രകാശത്തില്‍ ഞാനതു കണ്ടു. വായില്‍ നിന്ന് നുരയും പതയും വരുന്ന പുതിയ ഉമ്മയെ. നാക്കുകടിക്കുകയോ ചോര വരികയോ ഒക്കെ ഉണ്ട്. കൈകളെ ബലപ്രയോഗത്താല്‍ കീഴടക്കാന്‍ നോക്കുകയും തല ഉഴിയുകയും മുഖത്ത് വെള്ളം തളിക്കുകയും ചെയ്യുന്നു. ആരോ അവനെ നീക്കി നിര്‍ത്തി. തഴമ്പുള്ള ഒരു കൈ ശരീരത്തില്‍ പിടിച്ചതും  മനസ്സിലായി ഉപ്പയാണ്. ഞാന്‍ ചേര്‍ന്നു നിന്നു. 

'ഓല് ഉസ്താദാണ്. സൂക്കേടൊക്കെ ഇല്ലാതാക്കുന്ന ഉസ്താദ്!'-

'ഇങ്ങള് പേടിച്ചോ അളിയാ!?'- യൂസഫിക്കായി ചോദിച്ചു. പുതിയ ഉമ്മാന്റെ ആങ്ങളയാണ്. മെല്ലിച്ച് കൂര്‍ത്ത മുഖമുള്ള, ബസ്സിന്റെ ഹോണുകള്‍ പോലെ പല സൗണ്ടുകള്‍ ഉള്ള ഒരു മനുഷ്യന്‍. 

വിക്കിവിക്കി ഉപ്പ മറുപടി കൊടുക്കുന്നത് കേട്ടു: 

'ഇല്ല. എന്താ സംഭവിച്ചത്!?'

'അത് കദീസക്ക് അവസ്മാരളകിയതാണ്'- കുപ്പായമിടാത്ത യൂസുഫമ്മാവനെ പറ്റി ഒരു കാര്യം കൂടി കണ്ടുപിടിച്ചു, ദാ അവിടെ നെഞ്ചില്‍ ഒരു കുഴിയുണ്ട്. അതിനിടെ ഒരു പുതിയ വാക്കുകൂടി പഠിച്ചു. അപസ്മാരം. 

അച്ചടിഭാഷയില്‍ നിന്നും മലബാറിലെ നാടന്‍ ഭാഷയിലേക്കുള്ള ദൂരം വളരെ വലുതായിരുന്നു. അവിടെ അക്കാലത്ത് പാന്റ് ഇടുന്നവരായി ഒരാളെ ഉണ്ടായിരുന്നുള്ളൂ. അത് ആനന്ദന്‍ പോലീസ് ആയിരുന്നു. ഇപ്പോ അവന്റെ ഉപ്പയും. ആനന്ദന്‍ പോലീസും ഉപ്പയും സംസാരിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. നന്ദുവിന്റെ ചേച്ചിക്ക് വാങ്ങിവെച്ച ഒരു സ്‌കൂള്‍ ബാഗ് ഒരിക്കല്‍ തന്നു വിട്ടതൊക്കെ ഓര്‍മ്മയിലുണ്ട്. കല്ലുപാകിയ റോഡുകളാണവിടം. നാട്ടില്‍ ആകെ ഒരു വണ്ടി ഉള്ളത് കൊയമ്പുറത്തെ ചന്ദ്രേട്ടന്റെ വീട്ടിലാണ്. ഒരു വലിയ മനുഷ്യ സ്‌നേഹി ആയിരുന്നു. ആര്‍ക്ക് അസുഖം വന്നാലും ജീപ്പുമെടുത്ത് ഇറങ്ങും. പക്ഷെ അന്നത്തെ കാലത്ത് ആര്‍ക്കും ആശുപത്രി ഒന്നും വേണ്ടായിരുന്നു. നാട്ടിലുള്ള വൈദ്യന്മാര്‍, യൂനാനി ചികില്‍സകര്‍ ഒക്കെ ആയിരുന്നു അഭയം. അപൂര്‍വ്വമായി മാത്രം വരുന്ന പ്രസവക്കേസുകളില്‍ മാത്രം അന്നാട്ടുകാര്‍ വെറും പത്തുകിലോമീറ്റര്‍ അകലെയുള്ള മെഡിക്കല്‍ കോളേജ് കണ്ടു. അല്ലാത്തപ്പഴൊക്കെയും മൗലൂദ് നടത്തിയും പയ്യടിത്താഴത്തെ അമ്പലത്തില്‍ നേര്‍ച്ച നടത്തിയും കണ്ടഞ്ചേരി പള്ളിയുടെ പൈസപ്പെട്ടിയില്‍ പണമിട്ടും ദൈവത്തിനോട് സദാ രോഗശമനത്തിന് പ്രാര്‍ഥന കഴിച്ചു. 

വീട്ടിലോ അടുത്ത വീട്ടിലോ മൗലൂദ് ഉണ്ടായാല്‍ നല്ല രസമാണ്. മഞ്ഞ നിറത്തിലുള്ള തേങ്ങയരച്ച മുട്ടക്കറി. മുട്ട പൊരിച്ചിട്ട് കുറുകിയ തേങ്ങാ അരവിലേക്ക് ഇടുകയാണത്. പിന്നെ നൈസ് പത്തിരിയും. രുചി എന്നാല്‍ അരച്ച തേങ്ങയും മുട്ടയും പത്തിരിയും കൂടെ അലിയിച്ച് ഇറക്കുന്നതാണെന്നാണ്. വല്ലപ്പോഴും കല്യാണങ്ങള്‍ ഉണ്ടെങ്കിലേ ആളുകള്‍ കോഴിയേയോ പോത്തോ വെക്കുകയുള്ളൂ. അല്ലാത്തപ്പഴൊക്കെയും ഈ മുട്ടക്കറിയും പത്തിരിയും ആയിരുന്നു പ്രധാന വിഭവം. 

'അല്ല ഇതിപ്പൊ എന്തെങ്കിലും ചെയ്യണ്ടെ?' ഉപ്പ വീട്ടില്‍ വിഷയം അവതരിപ്പിച്ചു. 

'ഞാന്‍ എല്ലാരോടും ഒന്ന് ചോദിക്കട്ടെ'

' ഇനി എന്ത് ചോദിക്കാനാണ് ആശുപത്രിയില്‍ കൊണ്ടുപോകണം'

'അല്ല, എല്ലാരുടേയും അഭിപ്രായം ബഷീര്‍ മൊയ്‌ല്യാരെ വിളിക്കാമെന്നാ!'

'അതാരാണ്'

'ഓല് ഉസ്താദാണ്. സൂക്കേടൊക്കെ ഇല്ലാതാക്കുന്ന ഉസ്താദ്!'- അത് പറയുമ്പൊ യൂസഫ് ഇക്കായിയുടെ മുഖത്ത് ഭക്തിയോ ആദരവോ എന്തെന്നറിയാത്ത ഒരു ഭാവം വന്നു. 

ഉപ്പാക്ക് മറുത്തൊന്നും പറയാന്‍ പറ്റിയില്ല. ഒന്നാമത് പുത്യാപ്പള. അതും വീട്ടുപിയ്യാപ്പള. അവരുടെ വീട്. അവര്‍ തീരുമാനമെടുക്കട്ടെ. ഉപ്പയുടെ ചെറിയ ഉപദേശങ്ങളൊക്കെ അവര്‍ ഒരുമിച്ച് നയത്തില്‍ ഒതുക്കി. 

'അഞ്ചെട്ട് കിലോമീറ്ററില്‍ ഒരു മെഡിക്കല്‍ കോളേജാശുപത്രിയുണ്ട്. അവിടെ കൊണ്ടുപോകാതെ എന്തിനാണിപ്പൊ ഒരു ഉസ്താദിനെ വിളിക്കുന്നത്!?'- ഉപ്പ ആരോടെന്നില്ലാതെ പറയും.

അത് കേട്ടുവന്ന പന്തീരങ്കാവിലെ മൂത്തമ്മയാണ് അത് പറഞ്ഞത്- 'ബഷീറൊയ്‌ല്യാര് മടക്ക് ചെയ്യും.'

'മടക്കോ!? എന്താത്!?'

'അത് ഒരു പരിവാട്യാണ്. ഇങ്ങള് കണ്ടോളി സൂക്കേട് ഒക്കെ മാറും'

ഉപ്പാക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നുകാണണം. 

അച്ചടി ഭാഷ പറയുന്ന കൊച്ചു പയ്യനെ വെറുതെ വര്‍ത്തമാനം പറയിപ്പിച്ച് അത് കേട്ട് ചിരിക്കലായിരുന്നു നാട്ടുകാര്‍ക്ക് ഒരു നേരം പോക്ക്. 'കദീസാന്റെ മാപ്പളന്റെ കുട്ട്യാ!' എവിടെങ്കിലും പുറത്ത് പോകുമ്പൊ ആളുകള്‍ ചൂണ്ടിക്കാണിച്ച് പറയും.

കാത്തിരുന്ന് കാത്തിരുന്നു ആ ദിവസം വന്നെത്തി. മുന്നൊരുക്കങ്ങള്‍ എല്ലാം മുമ്പേ കഴിഞ്ഞിരുന്നു.

നൂറ്റൊന്ന് വിധം പൂക്കള്‍. നിലം വരക്കാന്‍ മഞ്ഞ, വെള്ള പൊടികള്‍. അഞ്ചു ഇളം കരിക്കുകള്‍. കോഴിമുട്ട  ഒന്‍പത് എണ്ണം. തിരിയിട്ട് കത്തിക്കാന്‍ പറ്റുന്ന വിധത്തിലുള്ള മെഴുകുപാത്രം ഒന്ന്. പൊതിച്ച തേങ്ങ മൂന്ന്. 

ഇതില്‍ പൂക്കള്‍ സംഘടിപ്പിക്കുന്ന പണി അവനും കിട്ടി. ആരും കൂടെ ഇല്ലാതെ ഒരു പരിചയവുമില്ലാത്ത ഇടവഴികളിലൂടെയും വീട്ടുമുറ്റത്ത് കൂടെയും അവന്‍ ചാടിച്ചാടി നടന്നു. 

തുമ്പ, മുല്ല, ചെത്തിപ്പൂ, മല്ലിച്ചെട്ടി, ചെമ്പരത്തി, നാലുമണിപ്പൂ അങ്ങനെ കാട്ടിലും പറമ്പിലും മുറ്റത്തും ഉള്ളതൊക്കെയും പറിക്കാം!

ചില വീട്ടുകാര്‍ പൂ പറിക്കുന്ന കള്ളനെ കയ്യോടെ പിടികൂടും. 'ആരെടാ പൂ പറിക്കുന്നത്!?'

ഗോവിന്നായരുടെ ഭാര്യ ആണ്. 

'ഇത് ഞാനാണ്. ഞാനാ' 

ഞാന്‍ പറയും. അത്രനാളും കേള്‍ക്കാത്ത ഒരു അച്ചടിഭാഷ പറയുന്ന കൊച്ചുപയ്യനെ തമാശയില്‍ വിചാരണ ചെയ്ത് ചായയും പത്തിരിയും പിന്നെ മോനിഷ്ടമുള്ളത്ര പൂ പറിച്ചോട്ടോ എന്നൊരു അനുവാദവും കൊടുത്ത് അവര്‍ യാത്രയാക്കും. 

പോകുന്ന വഴി ആരൊക്കെയോ ആരോടോ പറയുന്നത് കേള്‍ക്കാം,

'മ്മളെ കദീസാന്റെ മോനാ'

'പാവം!'

പൂക്കളും പറിച്ച് വീട്ടിലെത്തിയാലും നൂറു തരം പൂക്കള്‍ വേണമെന്ന നിബന്ധന പാലിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. അല്ലെങ്കിലും ഒരിക്കലും സാധിക്കാത്ത കാര്യങ്ങളാണല്ലോ നമ്മളില്‍ ഏല്‍പ്പിക്കപ്പെടുക!

രാവിലെ മുതലേ ആളുകള്‍ വന്നു തുടങ്ങി. കിഴക്കേലെ ഇത്താത്ത, മരുമോള്‍ ലൈലത്താത്ത, ഉമ്മ നാലു സഹോദരിമാരും മറ്റൊരു ആങ്ങളയും അയല്‍ വീട്ടിലെ ആയിഷത്താ തുടങ്ങി ആരൊക്കെയോ വന്നുകൂടി. വെളുത്ത വസ്ത്രധാരികളായ ഒരു കൂട്ടമാളുകള്‍ വന്നപ്പോള്‍ എല്ലാരും എഴുന്നേറ്റു. അത്യധികം ഉല്‍സാഹത്തോടെ ഇക്കായിയുടെ കൂട്ടുകാരോ നാട്ടിലെ പ്രധാന പയ്യന്മാരോ ആയ സെയ്തു, അല്ലാദ്, കുട്ട്യോന്‍ തുടങ്ങി ആരെല്ലാമോ അവരെ ആനയിച്ചു. കറുത്ത മഷികൊണ്ട് അറബിയില്‍ എഴുതപ്പെട്ട കരിക്കുകളും കോഴിമുട്ടയും ചെമ്പു തകിടുകളും കുപ്പികളും പൂക്കളുമൊക്കെ ആകെ ഒരു വല്ലാത്ത അന്തരീക്ഷം. ഉസ്താദിന്റെ ഒഴിച്ച് എല്ലാ മുഖത്തും ആകാംക്ഷ നിഴലിച്ച ഭാവം. അടുത്ത നിമിഷങ്ങളില്‍ എന്തോ നടക്കാന്‍ പോകുന്നു എന്ന് മനസ്സിലാക്കിക്കൊണ്ട് എല്ലാം നിരീക്ഷിച്ച് എന്റെ കുഞ്ഞിക്കണ്ണുകളും കാത്തിരുന്നു. 

ഭക്ഷണത്തിനു ശേഷം പെട്ടെന്ന് മുറിയിലേക്ക് വിളിക്കപ്പെട്ടു. പകലായിട്ടും ഇരുട്ട് നിറഞ്ഞ മുറി. മുറിക്ക് മധ്യത്തിലായി ഒരു വലിയ കളം. അതിനെ മൂന്നായി ഭാഗിച്ചിരിക്കുന്നു. അതിലൊന്നില്‍ ഉമ്മ ഇരിക്കുന്നുണ്ട്. അടുത്തതില്‍ ഉപ്പയെ ഇരുത്താന്‍ ആജ്ഞ വന്നു. പിന്നെ കുട്ടിയേയും ഇരുത്താന്‍ പറഞ്ഞു. പൊടുന്നനെ മൂന്നുപേരുടേയും തലവഴി ഒരു സുതാര്യമായ ഒരു തുണി ഇട്ടു. ഇപ്പോള്‍ എല്ലാം നിഴല്‍ പോലെയേ കാണാവൂ. മന്ത്രോച്ചരണങ്ങള്‍ ഉറക്കെയായി. ആകെ പല നിറങ്ങളും വര്‍ണ്ണങ്ങളും ഇരുട്ടും സമ്മിശ്രമായ ഒരു മുഹൂര്‍ത്തം. മുഖത്തിനു മുന്നില്‍ ഒരു കത്തുന്ന തിരിയുള്ള മെഴുകുതളിക പ്രത്യക്ഷപ്പെട്ടു. ഉസ്താദിന്റെ ഉയര്‍ന്നതും താഴ്ന്നതുമായ ശബ്ദങ്ങള്‍ പഴയ വീടിനെ ഒരു കോട്ടയിലെ പ്രതിധ്വനികള്‍ പോലെ തോന്നിപ്പിച്ചു. മൂന്ന് മുഖങ്ങള്‍ക്ക് മുന്നിലും മൂന്നുവീതം കറങ്ങിയ മെഴുകുതളികയിലെ വെളിച്ചം അകന്നു പോയി. തുണി തലയില്‍ നിന്ന് മാറ്റപ്പെട്ടു. എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞതും കാലിനുമുന്നില്‍ വീണ്ടുമൊരു അരിപ്പൊടി കൊണ്ടുള്ള വര വരക്കപ്പെട്ടു. 

പെട്ടെന്ന് തെല്ലുറക്കെ ഉസ്താദ് ചോദിച്ചു: 'എന്താ നിന്റെ പേര്' 

'അനങ്ങരുത്!'-മുസ്ലിയാര്‍ ഗംഭീര സ്വരത്തില്‍ പറഞ്ഞു. തേങ്ങകള്‍ മുന്നില്‍ വെച്ചു. 

'ഒറ്റ വെട്ടിന് മുറിയണം'

'ശരി'

'എന്നാ തൊടങ്ങിക്കോ'

ഉമ്മയും മോനും ഒറ്റ വെട്ടിന് തേങ്ങകളെ രണ്ടു കഷ്ണമാക്കി. ഉപ്പയുടെ തേങ്ങ പിടികൊടുക്കാതെ ഓരോ വെട്ടിനും തെന്നിമാറി. അവസാനം അറിഞ്ഞൊരു വെട്ടു വെട്ടിയപ്പോള്‍ ഉപ്പയുടെ മുന്നിലുണ്ടായിരുന്ന തേങ്ങാ ചിതറിയ അവസ്ഥയില്‍ ആയിരുന്നു. മുറിയില്‍ നിന്ന് അള്ളാഹ്! അള്ളാഹ് മുളക് കടിച്ചത് പോലുള്ള സ്ത്രീകളുടെ ഭയത്തോടെയുള്ള ശീല്‍ക്കാര ശബ്ദവും കേള്‍ക്കാമായിരുന്നു.

ആ തേങ്ങാമുറികളുടെ രൂപമാണത്രേ നമ്മുടെ ഭാവിയിലെ ദൈവകോപവും വിധിയും എല്ലാം തീരുമാനിക്കുന്നത്.

വെട്ട് ശരിയല്ല!

വീണ്ടും പ്രാര്‍ഥനകള്‍. ശേഷം ഭക്ഷണം. വയറുനിറഞ്ഞപ്പൊള്‍ എല്ലാരും ഇനിയെന്ത് എന്ന മട്ടില്‍ മുഖത്തോട് മുഖം നോക്കി. അപ്പോള്‍ ആരോ ഉറക്കെ ചോദിച്ചു, 

'എന്നാല്‍ തുടങ്ങുവല്ലേ!?'

ഇനിയുമുണ്ടോ എന്ന അര്‍ഥത്തില്‍ പലരും എഴുന്നേറ്റു. ഇത്തവണ ആ മുറിയിലേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. വെറുതെ ചാരിയ ആ മുറിയിലേക്ക് ഉസ്താദ് കയറവേ ആരോ ചോദിച്ചു:

 'ഇളകിയിട്ട് പോരേ!?'

'അത് കാത്തു നിന്നിട്ട് കാര്യമില്ല'

ചാരിയ മുറിവാതിലുകള്‍ക്ക് ഇടയിലൂടെ അല്‍പ്പാല്‍പ്പമായി ഉള്ളില്‍ നടക്കുന്നത് കാണാം. 

പെട്ടെന്ന് തെല്ലുറക്കെ ഉസ്താദ് ചോദിച്ചു: 'എന്താ നിന്റെ പേര്' 

'കദീജ'

'സെയ്ത്താനെ അന്റെ പേര് പറ'- ആദ്യത്തെ അടി വീണു.

'ഞാ കദീസ്യാണ'- ഉമ്മയുടെ ശബ്ദത്തില്‍ വേദന തെളിഞ്ഞു കേട്ടു. 

അടി തലങ്ങും വിലങ്ങും വീണു. വടി പൊട്ടിയതും ആ മൊയ്‌ല്യാര് ആക്രോശിച്ചു: 'ഉം.. അടുത്തത് എടുക്ക്'

ഒരു കെട്ടു ചൂരലുമായി ഏതോ ഒരു പയ്യന്‍ മുറിയിലേക്ക് കടന്നു. അതവിടെ വെച്ച് ഭവ്യതയോടെ അവന്‍ പുറത്തേക്ക് കടന്നു. കയ്യിലും മുഖത്തും തലങ്ങും വിലങ്ങുമായി അടിയുടെ പാടുകളുമായി കരയുന്ന ഉമ്മ. ഒരു കെട്ടു ചൂരലുകളാണ് അകത്തേക്ക് കൊടുത്തതെന്ന് ഓര്‍ത്ത അവന്റെ നെഞ്ചില്‍ ഒരു ഉള്‍ക്കിടിലമുണ്ടായി.

'നീ പോവില്ലേ'

'ഞാനെങ്ങോട്ട് പോവാനാ'

'അടിക്കല്ലി ഉസ്താദേ'

'സെയ്ത്താനേ ഇജ്ജെവിടെ'

വേദന കൊണ്ട് പുളഞ്ഞ ഉമ്മ അറിയാതെ പറഞ്ഞു: 'ദാ അങ്ങട്ട് പോയി'

'എവടേ!?'- പക്ഷേ അടിയുടെ ദിശയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല.

'ദാ നടൂലവ്ത്ത്' (ഡൈനിങ്ങ് ഹാള്‍)

'ഇജ്ജ് പോകൂലേ ചെയ്ത്താനേ'

'ഞാന്‍ പൊയ്‌ക്കോളാ'

'എവടേ'

'ദാ പോയി അടുക്കളേല്'

'ചെയ്ത്താനേ ഓടിക്കോ ചെയ്ത്താനേ'-  ഒരുതരം ഉന്മാദത്തിലായിരുന്നു അയാള്‍. 

ഒരു കെട്ടു ചൂരലുമായി ഏതോ ഒരു പയ്യന്‍ മുറിയിലേക്ക് കടന്നു.

മുറിയില്‍ നിന്ന് വേദന കൊണ്ട് പുളഞ്ഞ് ഓടി കദീജ. ബോധം പോയ അവസ്ഥയില്‍ മുറിയില്‍ ഒരു മൂലയ്ക്ക് ഇരുന്ന കദീജയെ ഉപ്പ ഒരു നോക്ക് നോക്കി. ഒരു ജന്മം മുഴുവന്‍ അവളെ സ്‌നേഹിക്കേണ്ടതുണ്ടെന്ന് അയാള്‍ക്ക് അപ്പോഴായിരിക്കണം തോന്നിയിരിക്കുക.

സെയ്ത്താന്‍ ഓടി ഒളിച്ചതാണെന്ന് മൊയ്‌ല്യാര്. അതോടെ ബാധ ഒഴിഞ്ഞെന്ന് വിധി എഴുതി. ചിതറിത്തെറിച്ച പൂക്കളും അരിപ്പൊടി കൊണ്ടുള്ള വികൃതമായ വരകളും പൊട്ടിയ ചൂരലുകളുടെ കഷ്ണങ്ങള്‍ക്കും നടുവില്‍ ശരീരം നുറുങ്ങുന്ന വേദനയുമായി കദീജ കിടക്കുമ്പോള്‍ കോലായില്‍ ഉസ്താദ് രാജകീയ പരിവേഷത്തോടെ ആയിരം രൂപ കൂലിയും വാങ്ങി പടിയിറങ്ങി. 

അന്നിന്റെ പിറ്റേന്ന് കദീജയ്ക്ക് വീണ്ടും അപസ്മാരമിളകി. പിന്നെ അങ്ങനത്തന്നെ എന്നും. ഒരിക്കല്‍ ബസ്സില്‍ വെച്ച് ആ മൊയ്‌ല്യാരെ കണ്ടപ്പോള്‍ ഉപ്പ വെറുതേ ചോദിച്ചു, 'അല്ല ഒരു മാറ്റവും ഇല്ലാ!?'

'അത് ക്രമേണ മാറിക്കൊള്ളും ' എന്നും പറഞ്ഞ് അയാള്‍ നിര്‍ത്തിയ സ്‌റ്റോപ്പില്‍ ഇറങ്ങിക്കളഞ്ഞു. 

പിന്നെ കദീജ ഗര്‍ഭിണിയായി. ഉപ്പ ഒരു വാശിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സിക്കാന്‍  കൊണ്ടുപോയി. പ്രസവത്തിനു ശേഷം ട്രീറ്റ്‌മെന്റ് ചെയ്തു. കാര്‍ബറ്റോള്‍ ബി എന്ന് പേരുള്ള ഒരു മരുന്ന് ഒരിക്കലും മറന്നു പോകാത്ത വിധത്തില്‍ അന്ന് ഞങ്ങളുടെ ജീവിതത്തിന്റെ  ഭാഗമായി. അന്ന് ഉമ്മ പ്രസവിച്ച എന്റെ അനിയന്‍ വിവാഹിതനായി. ഇന്നും ആ മരുന്ന് ഇല്ലെങ്കില്‍ ഉമ്മാക്ക് അപസ്മാരം വരും. 

ഇന്നും ഇന്നലെയുമല്ല, കുട്ടിക്കാലത്ത് തുടങ്ങിയതാണ് ഈ മോഡേണ്‍ മെഡിസിനോടുള്ള ഒരു ബഹുമാനം. മരിക്കും വരെ അങ്ങനെ ആയിരിക്കുമത്.

രസം അതല്ല, പണ്ടൊക്കെ അപസ്മാരം വരുമ്പോള്‍ ചാവി കിട്ടാതെ വരുമ്പൊ  കത്തിയും കൊടുവാളും ഒക്കെ ആയിരുന്നു കയ്യില്‍ പിടിപ്പിക്കാറ്. ജീവനോടെ ബാക്കിയായത് ഭാഗ്യം 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ
ഭാര്യ നേരത്തെ എത്തി, കാമുകി പത്താം നിലയിൽ നിന്നും താഴേക്ക് ഊർന്ന് അയൽക്കാരൻറെ മുറിയിലേക്ക്, വീഡിയോ