രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

By ജസ്‌ന ഹാരിസ്First Published Nov 6, 2017, 12:55 PM IST
Highlights

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

ജനശ്രദ്ധയ്ക്കു വേണ്ടി മനുഷ്യന്റെ സ്വകാര്യത പരസ്യപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന യുവത്വത്തെ പലയിടത്തും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഞാനടക്കമുള്ള മലയാളികളുടെ എല്ലാം സ്റ്റാറ്റസുകളില്‍ പലതും അത്തരത്തില്‍ തന്നെ ഉള്ളതാണ്. സ്വയം വിമര്‍ശിക്കാന്‍ ആരും തയ്യാറല്ലല്ലോ. ഓണ്‍ലൈന്‍ സൗഹൃദങ്ങളെ ഒരിക്കലും ഇഷ്ടപ്പെടാതിരുന്നിട്ടും മുഖപുസ്തകത്തിലെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് സിംഗിള്‍ എന്നതില്‍ നിന്നും മാരീഡ് എന്നതിലേക്ക് മാറ്റിയതോടെ സഹപാഠികള്‍ അടക്കം പലരുടെയും കൊഴിഞ്ഞുപോക്ക് അത്തരത്തിലുള്ള സൗഹൃദങ്ങളുടെ ആഴവും അന്തസ്സും മനസ്സിലാക്കിത്തന്നു. 

രാത്രിയാവും വരെയുള്ള തിരക്കുകള്‍ എല്ലാം കഴിഞ്ഞ് രാത്രിയായിരിക്കും മിക്കപ്പോഴും ഒറ്റക്കണ്ണന്‍ വിമര്‍ശകരുടെ കൂടെ അവരില്‍ ഒരാളായി സമൂഹ മാധ്യമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. അങ്ങനെയിരിക്കെ ഒരു ദിവസം ആണ് പ്രവാസത്തിലേക്ക് തിരിച്ചു മടങ്ങിയ പ്രിയതമന്റെ വേര്‍പാട് ഓര്‍ത്ത് കിടന്ന രാത്രിയിലെ സങ്കടം ഒരു സ്റ്റാറ്റസിലൂടെ ഒഴുക്കിക്കളഞ്ഞത്. 

പെട്ടെന്നായിരുന്നു ആ മെസേജ്.

പെട്ടെന്നായിരുന്നു ആ മെസേജ്. സുഹൃത്ത്, അതിലുപരി വളരെ അടുത്ത ബന്ധു; മറുപടി കൊടുക്കാതിരിക്കാന്‍ മാത്രം ഒരു തരത്തിലുമുള്ള തടസ്സങ്ങളുമില്ല. എപ്പോഴത്തെയും പോലെ പ്രതികരിച്ചു, എങ്കിലും വാഗ്വാദങ്ങള്‍ക്ക് അധികം ദൈര്‍ഘ്യമുണ്ടായിരുന്നില്ല. പുരുഷ സഹായം ഇല്ലാത്ത സ്ത്രീയുടെ പൊതു ക്ഷേമകാംക്ഷി  ആയി അയാള്‍ മാറിക്കൊണ്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ടു. പച്ച വെളിച്ചങ്ങള്‍ക്കായി കാത്തിരുന്ന അയാള്‍ക്കുമുന്നില്‍ കിട്ടിയത് ഒറ്റപ്പെടലിന്റെ വേദനയില്‍ ഇരിക്കുന്ന എന്നെയാണ്. 

ഒരുതരത്തില്‍ പറഞ്ഞാല്‍ വിശന്നുവലഞ്ഞ നായയുടെ മുന്നില്‍ ബിരിയാണി കിട്ടിയ പോലെ. അവസരം പാഴാക്കാതെ, മറുപടിക്ക് പോലും കാക്കാതെ അയാള്‍ വികാരങ്ങള്‍ ഓരോന്നോരോന്നായി പുറത്തേക്ക് കൊണ്ടുവന്നു തുടങ്ങി. ഞെട്ടലോടെയാണ് മുഴുവന്‍ വായിച്ചത് എങ്കിലും, വാക്കുകള്‍ അസഭ്യം എന്നതിലും അപ്പുറത്തേക്ക് മാറി തുടങ്ങിയപ്പോള്‍  പതുക്കെ ബ്ലോക്ക് ചെയ്ത് സംഭാഷണങ്ങളെല്ലാം, പകര്‍ത്തി കഴിയുന്നിടത്തോളം അയാളെ പ്രസിദ്ധനാക്കി.

ചുറ്റിലുമുള്ള ചില കഴുകന്‍ കണ്ണുകള്‍ ഉറ്റുനോക്കുന്നത് സ്ത്രീയുടെ ഒറ്റപ്പെടലിലേക്കാണ് എന്ന സത്യം അന്നത്തോടെ എനിക്ക് ബോധ്യപ്പെട്ടു. സ്ത്രീ ഒരിക്കലും അബലയോ ദുര്‍ബലയോ അല്ല. ഓണ്‍ലൈനിലെ ആ പച്ച വെളിച്ചം എന്തിനും ഏതിനും ഞങ്ങള്‍ കാണിക്കുന്ന  ഒരു പച്ചക്കൊടിയും അല്ല. മറിച്ച് ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയെ പ്രതിനിധീകരിക്കുന്ന ഒരു പ്രകാശം മാത്രമായി കണക്കാക്കണം.

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!
 

 

click me!