Asianet News MalayalamAsianet News Malayalam

ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

Green Light Swathi Sasidharan
Author
Thiruvananthapuram, First Published Oct 30, 2017, 5:04 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്. 

Green Light Swathi Sasidharan
2009ല്‍ ആണ് ഞാന്‍ ഫേസ്ബുക് ഉപയോഗിക്കാന്‍ തുടങ്ങിയത്. അതിനു മുമ്പ് വരെ ഉപയോഗിച്ചിരുന്ന യാഹൂ 360  നിര്‍ത്തിയപ്പോള്‍, ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ഞങ്ങള്‍  കൂട്ടത്തോടെ ഫേസ്ബുക്കിലേക്ക് ചേക്കേറുക ആയിരുന്നു.

കമ്പ്യൂട്ടര്‍ ഫീല്‍ഡില്‍ ആയിരുന്നതിനാല്‍ ഇതിലെ 'പ്രൈവസി' യഥാര്‍ത്ഥത്തില്‍ 'പ്രൈവസി' അല്ലെന്ന് എനിക്കറിയാമായിരുന്നു.

എന്നാലും ഓഫീസില്‍  പരമാവധി സൂക്ഷിച്ചു  മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. അവര്‍ക്കു ട്രാക്ക് ചെയ്യാന്‍ സംവിധാനം ഉണ്ടായിരുന്നു.

കഴിഞ്ഞ ജൂണ്‍ മാസം, നാലു മാസത്തേക്ക് നാട്ടില്‍ പോയപ്പോഴാണ്, ഞാന്‍ യഥാര്‍ത്ഥത്തില്‍ ഫേസ്ബുക്കിലെ 'പിടി' കുറച്ച് അയച്ചത്.

പക്ഷേ അപ്പോഴും ഞാന്‍ പ്രൊഫൈലില്‍ എന്റെ കാര്യങ്ങള്‍ ഒരു വരിയില്‍ സൂക്ഷിച്ചു. പിന്നെ ഇടക്ക് എഴുതാന്‍ തുടങ്ങിയപ്പോള്‍ ഫ്രണ്ട് റിക്വസ്റ്റുകളുടെ പ്രവാഹമായി. ഒരിക്കല്‍, നേരില്‍ അറിയാത്ത ആരെയും ആക്‌സെപ്റ്റ് ചെയ്യാതിരുന്ന ഞാന്‍ പ്രൊഫൈല്‍ നോക്കി, മനസ്സിലെ ഒരു തോന്നല്‍ വെച്ച് അവരെ 'റെസ്ട്രിക്ടഡ' ഗ്രൂപ്പില്‍ ആഡ് ചെയ്തിരുന്നു. അതായത്  എന്റെ 'പബ്ലിക്' പോസ്റ്റുകള്‍ മാത്രമേ അവര്‍ക്കു കാണാന്‍ സാധിക്കൂ .

ഒരു മാസത്തിനുള്ളില്‍ 900 ല്‍ അധികം റിക്വസ്റ്റ് വന്നപ്പോള്‍, എന്റെ ഭര്‍ത്താവു പറഞ്ഞു, 'നീ , നിന്റെ പ്രൊഫൈല്‍ പിക്ചര്‍  മാറ്റി, എന്റേത് ഇട്ടുനോക്കൂ. അപ്പോള്‍ കാണാം എല്ലാ റിക്വസ്റ്റുകളും  ഇല്ലാതാകുന്നത് . 'അത് കൊണ്ടൊന്നുമല്ല, എന്റെ എഴുത്തു കൊണ്ട് ആണ് റിക്വസ്റ്റ് വരുന്നതെന്ന് ഞാനും വാദിച്ചു.

ഒരു മാസത്തിനുള്ളില്‍ 900 ല്‍ അധികം റിക്വസ്റ്റ് വന്നപ്പോള്‍, എന്റെ ഭര്‍ത്താവു പറഞ്ഞു, 'നീ , നിന്റെ പ്രൊഫൈല്‍ പിക്ചര്‍  മാറ്റി, എന്റേത് ഇട്ടുനോക്കൂ.

പക്ഷേ ഒരാഴ്ചക്കുള്ളില്‍ ആദ്യത്തെ കല്ലുകടി.

സാധാരണ അപരിചതരുടെ  മെസഞ്ചര്‍ സംഭാഷണങ്ങള്‍ക്ക്  ഞാന്‍ പ്രതികരിക്കില്ല. പക്ഷെ ഒരാള്‍ പെട്ടെന്ന് വന്നു  പറഞ്ഞു 'ഞാന്‍ മുഖ ലക്ഷണം നോക്കി പറയാം. കുട്ടി വിഷമം ഉള്ളില്‍ പിടിച്ചു ചിരിക്കുകയാണ്'. ഇത് എന്റെ  ജിജ്ഞാസ സ്വാഭാവികമായും കൂട്ടി. 

'അതിന് ?' 

'എനിക്ക് മര്‍മ്മ വിദ്യകളെല്ലാം അറിയാം, എന്നോട് സഹകരിച്ചാല്‍, ഞാന്‍ എല്ലാം പഠിപ്പിച്ചു തരാം'

'പുസ്തകങ്ങള്‍ വഴിയോ?' 

'പുസ്തകങ്ങള്‍ വഴിയും, അല്ലാതെയും' (എന്ത് കൊണ്ടോ വീഡിയോ ചാറ്റിന്റെ  അനന്ത സാദ്ധ്യതകള്‍ എന്റെ മനസ്സില്‍ വന്നില്ല .

ഞാന്‍  ചാറ്റ് നിര്‍ത്തി, എനിക്ക് വിശ്വാസമുള്ള 5000  ഫ്രണ്ട്‌സ്  ഉള്ള ആരതിയോട് പറഞ്ഞു, സ്‌ക്രീന്‍ ഷോട്ട് കാണിച്ചു. ആരതി അന്തം വിട്ടു പോയി . അയാള്‍ ഞങ്ങളുടെ രണ്ടാളുടെയും സുഹൃത്തായിരുന്നു. ആരതിയോടു മാന്യമായിട്ടാണ് സംസാരം.  ഇതായിരുന്നു എന്റെ ആദ്യത്തെ ഓണ്‍ലൈന്‍ 'അനുഭവം'.

പിന്നെ ഞാന്‍ എന്റെ ഗുരുവായ സുരേഷിനെ പോലെ ഓണ്‍ലൈനില്‍ പെരുമാറാന്‍ തുടങ്ങി. 'ഹൈ' പറഞ്ഞു സംസാരത്തിലേക്കു കടക്കുന്ന എല്ലാവരോടും ഒരു 'തംസ് അപ' കാണിച്ചിട്ട് മെസേജസ് ബ്ലോക്ക് ചെയ്തു തുടങ്ങി .

ആരെയും പ്രകോപിക്കുന്ന രീതിയില്‍ സ്‌ക്രീന്‍ ഷോട്ട്  പബ്ലിക് ആയി ഇടരുതെന്നും മനസ്സിലായി. പ്രശ്ങ്ങള്‍ ഉണ്ടാക്കുന്ന ഐഡികളെ  പറ്റി വാണിങ് തരുന്ന (മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും) ഗ്രൂപ്പില്‍ ചേര്‍ന്നു.

ഇടയ്ക്കു വെച്ച് എനിക്കൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഫേസ്ബുക്കിലെ പ്രശ്‌നക്കാരെല്ലാം പുരുഷന്മാരാണെന്ന്.

ജൂണ്‍, ഒക്‌ടോബര്‍.   ഇത്രയും സമയം കൊണ്ട്  എനിക്ക് ഇപ്പോഴും 921  റിക്വസ്റ്റുകള്‍ പെന്‍ഡിങ്  കിടപ്പുണ്ട്. 100 ല്‍  താഴെ ഉണ്ടായിരുന്ന 'കോണ്‍ടാക്ട്' ഇപ്പോള്‍ 1300  ഓളം ആയി. ഇപ്പോഴും ഞാന്‍ കണ്ണും അടച്ചു റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്യില്ല .

ഇടയ്ക്കു വെച്ച് എനിക്കൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഫേസ്ബുക്കിലെ പ്രശ്‌നക്കാരെല്ലാം പുരുഷന്മാരാണെന്ന്. സത്യം പറഞ്ഞാല്‍ എന്നെ ഏറ്റവും വെറുപ്പിച്ചത് ഒരു സ്ത്രീ ആണ്. ഡിവോര്‍സി  ആണ്, മക്കളില്ല  എന്നൊക്കെ പറഞ്ഞു അടുത്ത ശേഷം, എനിക്ക് മെസഞ്ചറില്‍ സ്വസ്ഥത തരാതെ ആയി. അവര്‍ സ്ത്രീ ആണെന്ന് ഉറപ്പായത്, അവരുടെ അച്ഛന്റെയും, അമ്മയുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോ ഒക്കെ അയച്ചു തന്നപ്പോഴാണ് .

പിന്നെ അവര്‍ ലെസ്ബിയന്‍ സംസാരത്തിലേക്കു വന്നു തുടങ്ങി. അന്ന് എടുത്തടിച്ച പോലെ , 'നിങ്ങള്‍ക്ക്  പറ്റിയ ആള്‍ അല്ല', എന്ന് പറഞ്ഞു. തന്റെ യഥാര്‍ഥ ഉദ്ദേശം എന്താണ്  എന്നൊക്കെ ചോദിച്ചു. അതോടെ അവര്‍ നിര്‍ത്തി.

ഇത്രയും ആയപ്പോള്‍  ഞാന്‍ 'എനിക്ക് മെസഞ്ചറില്‍ വന്നിരുന്നു കൊച്ചു വര്‍ത്തമാനം പറയാന്‍ സമയമില്ല, രണ്ടു കുഞ്ഞുങ്ങളുണ്ട്' എന്ന സ്റ്റാറ്റസ്  പോസ്റ്റ് ചെയ്തു .

പക്ഷേ അവിടെ കിട്ടിയ തിരിച്ചടി, ഞാന്‍ വിചാരിച്ചതിനപ്പുറം  ആയിരുന്നു. ഒരാള്‍ എന്റെ സ്റ്റാറ്റസ് വെച്ച് ഒരു പോസ്റ്റ് തന്നെ ഇട്ടു  ഇങ്ങനെ എഴുതുന്നത് ഇന്‍ബോക്‌സിലേക്കുള്ള  ക്ഷണം ആണ് എന്ന മട്ടില്‍. 

കുറച്ചു ദിവസം അത് എന്നെ വല്ലാതെ വിഷമിപ്പിച്ചെങ്കിലും, എന്നെ എനിക്ക്  തന്നെ നോക്കണമെന്നും, ചുറ്റിനും കണ്ണുകള്‍ ഉണ്ടെന്നും മനസ്സിലായി.

എന്റെ വയസ്സും കുട്ടികളുടെയും ഭര്‍ത്താവിന്റെയും  ഫോട്ടോ പോസ്റ്റ് ചെയ്തിട്ടും 'ഓള്‍ഡ്  ഈസ് ഗോള്‍ഡ്' അല്ലേ, പ്രായമൊക്കെ ആര് നോക്കുന്നു എന്ന് ചോദിച്ചു വന്നവരും ഉണ്ട്. 

 'സീക്രറ്റ്  മെസഞ്ചര്‍' എന്നൊന്ന് ഉണ്ടെന്നു ഞാന്‍ അറിയുന്നത് ഒരാഴ്ച മുമ്പാണ്.

സംഭാഷണം കൊച്ചു വര്‍ത്തമാനം (ചായ കുടിച്ചോ? മക്കള്‍ എന്ത് ചെയ്യുന്നു? ) ഇതിലേക്ക് കടക്കുമ്പോള്‍ ഞാന്‍  മെസേജസ് ബ്ലോക്കും. ചിലര്‍  എന്നും ഗുഡ് മോര്‍ണിംഗ്/ ഗുഡ് നൈറ്റ് സ്ഥിരമായി ഇടുന്നവര്‍ ആണ് . അതും ഞാന്‍ ബ്ലോക്കിലേക്കു  മാറ്റും.

കൂടുതല്‍ റിസ്‌ക് എടുക്കാതെ ഉടനെ മെസേജസ്  ബ്ലോക്ക് ചെയ്യുന്നത് കൊണ്ട് എനിക്ക് ഇത് വരെ പ്രശ്‌നം ഇല്ലായിരുന്നു .

പക്ഷേ  'സീക്രറ്റ്  മെസഞ്ചര്‍' എന്നൊന്ന് ഉണ്ടെന്നു ഞാന്‍ അറിയുന്നത് ഒരാഴ്ച മുമ്പാണ്. എനിക്ക് തിരിച്ചൊന്നും പറയാന്‍ പറ്റില്ല, മറ്റേ ആള്‍ക്ക് തനിയെ മാഞ്ഞു  പോകുന്ന മെസേജസ് അയക്കാം. സ്‌ക്രീന്‍ഷോട്ടിനെ ഭയന്നാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ഞാന്‍ മനസ്സിലാക്കി. അതും  ഒരു വിധം സെലിബ്രിറ്റി  വിഭാഗത്തില്‍ പെട്ടവര്‍. 

ഏതായാലും വീണ്ടും ഞാന്‍ എഫ് ബി  യില്‍ വന്നിട്ട് അഞ്ചു മാസമേ ആകുന്നുള്ളൂ. കടുത്ത മത/രാഷ്ട്രീയ  അഭിപ്രായം/ അടി  ഇവ എന്റെ വാളില്‍  പ്രോത്സാഹിപ്പിക്കാത്തതു കൊണ്ട്  വലിയ വെല്ലുവിളികള്‍ വന്നില്ല. അത് പോലെ അന്യരെ അപമാനിക്കുന്ന പരസ്യ പോസ്റ്റും  ഞാന്‍ ഒഴിവാക്കും .

ഇങ്ങനെ ഓരോ ദിവസവും ഓരോ  കാര്യങ്ങള്‍ പഠിച്ചും, പ്രാവര്‍ത്തികമാക്കിയും മറ്റു സുഹൃത്തുക്കളോട് ചോദിച്ചും ഇത് വരെ പോകുന്നു.

ഇനി വരുന്ന പോലെ....

Follow Us:
Download App:
  • android
  • ios