Asianet News MalayalamAsianet News Malayalam

ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

green light fasna rashid
Author
Thiruvananthapuram, First Published Nov 2, 2017, 3:35 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

green light fasna rashid

സാധാരണ രാത്രി പത്തു മണി കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍ വരാറില്ല. അത് ചിലപ്പോള്‍ ഞാന്‍ വളര്‍ന്ന് വന്ന അന്തരീക്ഷത്തില്‍ പെണ്ണെന്ന വര്‍ഗ്ഗത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയമത്തിന്റെ ഫലം കൊണ്ടായിരിക്കാം.

പക്ഷേ പത്തു മണി കഴിഞ്ഞാലും ഉറക്കം വരാതെ ജനല്‍ തുറന്ന് പുറത്തെ നിലാവില്‍ ആകാശവും പൂര്‍ണ്ണ ചന്ദ്രനെയും വിണ്ണിലെ താരകങ്ങള്‍ കണ്‍ചിമ്മുന്നതും നോക്കി  ഉറക്കത്തിലേക്ക് വഴുതി പോവാറാണ് പതിവ്.

പക്ഷേ ഇന്നലെ അതിനു വിപരീതമായി ആകാശം നോക്കാന്‍ മനസ് അനുവദിച്ചില്ല. എന്നു  മാത്രമല്ല ഉള്ളില്‍ നുരഞ്ഞു പൊന്തി വന്ന ഭയം അടക്കി വെച്ചുക്കൊണ്ടു മുഖപുസ്തകത്തില്‍ മുഖവും പൂഴ്ത്തി ഇരിക്കാന്‍ തുടങ്ങി.

നര്‍മ്മ സല്ലാപം നടത്താന്‍ ആ സമയത്ത് എന്റെ പ്രിയ കൂട്ടുകാരാരും ഇല്ലാത്തതുകൊണ്ട് ന്യൂസ് ഫീഡില്‍ വരുന്ന ഓരോ കഥകളും വായിച്ചു സമയം കളയുന്നതിനിടയിലാണ് ഉറങ്ങാന്‍ സമയമായില്ലേ  എന്ന് ചോദിച്ചു അവന്റെ മെസ്സേജ് കണ്ടത്. 

ഈ അസമയത്ത് അവനുമായി സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു.

അവന്‍ എന്റെ പ്രിയകൂട്ടുകാരനാണ്.

മുഖമില്ലാത്ത മുഖപുസ്തകത്തില്‍ നിന്നു കിട്ടിയ ഒരു ആത്മാര്‍ത്ഥ സുഹൃത്ത്. പലപ്പോഴുംഅവന്‍ മറ്റുള്ളവരില്‍ നിന്നും  വ്യത്യസ്തനായി എനിക്ക് തോന്നിയിരുന്നു. കാരണം ഇവിടെ പരിചയപ്പെട്ടതില്‍ ഒരുവിധം എല്ലാവരും ഒന്നുകഴിഞ്ഞു രണ്ടാമത്തെ ചോദ്യം ഫോട്ടോ കാണിക്കാമോ, ശബ്ദം കേള്‍പ്പിക്കാമോ എന്നൊക്കെ ആയിരുന്നു.

പക്ഷേ ഇന്നേവരെ ഇതുപോലെ മോശമായോ ഒരു ചോദ്യംപോലും അവന്റെ ഭാഗത്തു നിന്നും  ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

അതുകൊണ്ടുതന്നെ  അവനുമായി  മറ്റുള്ളവരെക്കാളും ബന്ധമുണ്ടായിരുന്നു. 

ഈ അസമയത്ത് അവനുമായി സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു. അവന്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍. അവന്റെ കഥയില്‍ അവന്‍ ജീവന്‍ കൊടുത്ത കഥാപാത്രങ്ങള്‍ അങ്ങനെ തുടങ്ങി ഞങ്ങള്‍ എഴുത്തിന്റെ മേഖലയില്‍ സംസരിക്കാന്‍ ഒരുപാട് വിഷയങ്ങള്‍ ഉണ്ടായിരുന്നു.
 
പക്ഷേ എപ്പോഴോ അവന്റെ സംസാരത്തില്‍ അസ്വഭാവികത അനുഭവപ്പെടാന്‍ തുടങ്ങി. പിന്നെ എന്റെ തോന്നലാണന്നു കരുതി സമാധാനം കണ്ടെത്തി. പക്ഷേ വീണ്ടും അവന്റെ സംസാരത്തിന്റെ ഗതി മാറി വരുന്നത് ഞാനറിഞ്ഞു. 

അതിനു കൂടെ കേട്ടാല്‍ അറക്കുന്ന തരത്തില്‍ അശ്ലീലചുവയുള്ള വാക്കുകള്‍ കൂടി

അതുകൊണ്ടുതന്നെ ഈ സംസാരം നിര്‍ത്താം, എനിക്ക് ഉറക്കം വന്നു എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള അവന്റെ മറുപടി കേട്ടു അന്താളിച്ചു പോയി.   

പേടിയുണ്ടെങ്കില്‍ കൂട്ടിനു ഞാനും വരാം എന്നത് മാത്രം ആയിരുന്നെങ്കില്‍ ഒരു തമാശ ആയി കരുതിയാല്‍ മതിയായിരുന്നു. പക്ഷേ അതിനു കൂടെ കേട്ടാല്‍ അറക്കുന്ന തരത്തില്‍ അശ്ലീലചുവയുള്ള വാക്കുകള്‍ കൂടി ചേര്‍ത്തപ്പോള്‍ മറുപടി കൊടുക്കാന്‍ വാക്കുകള്‍ കിട്ടാതെയായി.

എന്താഡാ ഇതൊക്കെ എന്ന ചോദ്യത്തിന് ഇതൊക്കെ അറിയാത്തവരുണ്ടോ എന്ന പരിഹാസച്ചിരി മറുപടി നല്‍കി അവന്‍ വീണ്ടും സംസാരം തുടര്‍ന്നു. 
     
എന്തങ്കിലും പറയണമെന്നുണ്ട്. പക്ഷേ ഒന്നിനും സാധിക്കുന്നില്ല. നല്ലരീതിയില്‍ സംസാരിച്ചിരുന്ന അവന്റെ പെട്ടെന്നുള്ള മാറ്റം എന്നെ പിടിച്ചുകുലുക്കി. 
മാത്രമല്ല സുഹൃത്ത്  എന്നതിനപ്പുറം അവനൊരു സഹോദരന്റെ സ്ഥാനമായിരുന്നു എന്നും. അതാണത്തിന്റെ സത്യം .. 

ഒരുവാക്കെങ്കിലും പറഞ്ഞില്ലെങ്കില്‍ അവന്‍ വീണ്ടും ഇതെ സംസാരം തുടരുമെന്നു മനസിലാക്കിയപ്പോള്‍ ഒന്നും പറയാന്‍ കഴിയാതെ ഞാന്‍ ബ്ലോക്ക് ചെയ്തു. 

പക്ഷേ അങ്ങനെ അവനെ തള്ളിക്കളയാനും എനിക്കസാധ്യമായിരുന്നു. അതുകൊണ്ടു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ അണ്‍ബ്ലോക്ക് ചെയ്യുകയും ചെയ്തു. 
ഈ സൗഹൃദം നശിപ്പിക്കരുതെന്നു  അപേക്ഷിച്ചുകൊണ്ട് യാചനയോടെ അവനു മെസ്സേജ് അയച്ചപ്പോള്‍ ഇതൊക്കെ സാധാരണകാര്യമാണെന്നും ആരും അറിയാന്‍ പോകില്ല എന്നും പറഞ്ഞുകൊണ്ട് അവന്റെ നഗ്‌ന ചിത്രങ്ങള്‍ അയച്ചു തുടങ്ങി. മാത്രവുമല്ല എന്നോടും സഹകരിക്കണം എന്നു പറഞ്ഞു. 

അവന്‍ എന്തൊക്കെ പറഞ്ഞാലും ഞാന്‍ അവനെ ഉപേക്ഷിച്ചു പോകില്ല എന്നവന് ഉറപ്പാണ് എന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍ എന്റെ സകല നിയന്ത്രണവും വിട്ടു വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു. 

പച്ച വെളിച്ചം ഇല്ലായിരുന്നെങ്കില്‍ എന്നു  നൂറാവര്‍ത്തി ചിന്തിച്ച പോയ നിമിഷമായിരുന്നു.  

അവനെ നഷ്ടപ്പെടുത്താന്‍ എനിക്ക് വയ്യായിരുന്നു. പക്ഷേ  എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ പൂര്‍ണ്ണമായും ഞാന്‍ അവന്റെ കൈപ്പടിയില്‍ ആണെന്ന അവന്റെ വാദം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. 

ഒരു നിഴലുപോലെ തളരുമ്പോള്‍ കൈത്താങ്ങായി  കൂടെ നടന്നതിനും സന്തോഷം പങ്കിട്ടതിനും   മുന്നോട്ടുള്ള വഴിയില്‍ ഏതു  തിരഞ്ഞെടുക്കണമെന്നു  സംശയിച്ചപ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍ികിയതിനും എന്നും സ്‌നേഹവും കടപ്പാടും  ഉണ്ടായിരിക്കും. എന്നു പറഞ്ഞു അവനെ ബ്ലോക്ക് ചെയ്യുമ്പോള്‍ നെഞ്ചില്‍ ഒരു ഭാരം അനുഭവപ്പെട്ടിരുന്നു. 

ഓണ്‍ലൈനില്‍ വന്നാല്‍ കത്തിക്കാണുന്ന പച്ച വെളിച്ചം ഇല്ലായിരുന്നെങ്കില്‍ എന്നു  നൂറാവര്‍ത്തി ചിന്തിച്ച പോയ നിമിഷമായിരുന്നു.  

ആ പച്ച വെളിച്ചം അസമയത്ത്  കണ്ടാല്‍ പെണ്ണിന്റെ ഇന്‍ബോക്‌സില്‍ കടന്നുകയറാനുള്ള വെളിച്ചം ആണെന്നു  അവന്റെ വാക്കുകളില്‍ കൂടി എനിക്ക് പഠിപ്പിച്ചു തന്നു. 

ആരൊക്കെയോ ആയി കൂടെ ഉണ്ടായിരുന്നവര്‍ ആരുമില്ലാതെ പടിയിറങ്ങുമ്പോള്‍ മനസ്സില്‍ വരുന്നത് ശൂന്യത ആണെന്ന് തിരിച്ചറിയാന്‍ അധികസമയം വേണ്ടി വന്നില്ല.

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്
 

Follow Us:
Download App:
  • android
  • ios