ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

By ജോസഫ് എബ്രഹാംFirst Published Nov 6, 2017, 12:46 PM IST
Highlights

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

വിദ്യാര്‍ഥി ജീവിതത്തില്‍ ഓരോരുത്തരുടെയും മുന്നിലൂടെ എന്നപോലെ എന്റെ ജീവിതത്തിലൂടെയും അനേകം അദ്ധ്യാപകര്‍ കടന്നുപോയിട്ടുണ്ട്. അവരില്‍ പലരുടെയും പേരോ മുഖമോ  പിന്നീടു ഓര്‍ക്കാന്‍ പോലും കഴിയാറില്ല. ചുരുക്കം ചില അദ്ധ്യാപകരെ മാത്രമേ  എന്നും ഓര്‍ത്തിരിക്കാറുള്ളൂ . അങ്ങിനെ ഓര്‍മ്മിക്കപ്പെടുന്ന അദ്ധ്യാപകര്‍ ആകട്ടെ, ഒരാളെ ക്ലാസ് മുറികളില്‍ വച്ച് പഠിപ്പിച്ചവര്‍പോലും ആകണമെന്നുമില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ് അദ്ധ്യാപകര്‍ എന്ന നിലയില്‍ അവര്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഒരു തലോടലോ  അല്ലെങ്കില്‍ പോറലോ ഏല്‍പ്പിച്ചവരായിരിക്കും.

കേരള പോലീസില്‍ സേവനമനുഷ്ഠിക്കുന്ന നൂറുകണക്കിന് ഓഫീസര്‍മാരും, കേരള ജുഡിഷ്യറിയില്‍ നിരവധി ന്യായാധിപന്മാരും, പ്രശസ്തരായ അനേകം അഭിഭാഷകരും, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, കോര്‍പ്പറേറ്റ് മേധാവികളുമായി ധാരാളം ശിഷ്യസമ്പത്തുണ്ട് പ്രൊഫസര്‍ താഹക്കുട്ടിക്ക്. ഈ പറഞ്ഞ എല്ലാ  ആളുകളും അതേസമയം തന്നെ മറ്റു അദ്ധ്യാപകരുടെയും ശിഷ്യന്മാരുമാണ്. പക്ഷെ പ്രൊഫസര്‍ താഹക്കുട്ടി ഇവിടെ മറ്റ് അദ്ധ്യാപകരില്‍ നിന്ന് വിത്യസ്തനാകുന്നത് അദ്ദേഹത്തിനു ഇപ്പറഞ്ഞ എല്ലാവരുടെയുംമനസ്സില്‍  ഇപ്പോഴും ഒരിടമുണ്ട് എന്ന കാരണത്താലാണ്.

ക്ലാസ് മുറികളിലെ പ്രാഗല്ഭ്യമോ, അക്കാദമിക് നിലവാരമോ മാത്രമല്ല അദ്ദേഹത്തെ അവിസ്മരണീയനാക്കുന്നത്. ക്ലാസ് മുറികള്‍ക്ക് വെളിയില്‍ ഒരു കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സ്വാധീനിക്കാന്‍ അല്ലെങ്കില്‍ നിയന്ത്രിക്കാന്‍ അദ്ദേഹത്തിനുള്ള നൈസര്‍ഗികമായ കഴിവും നിര്‍ഭയത്വവുമാണ് താഹക്കുട്ടി എന്ന അദ്ധ്യാപകനെ പല പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അനേകരുടെ മനസ്സില്‍ ഇന്നും തെളിമയായി നിലനിര്‍ത്തുന്നത്.

അത്രയ്ക്കുണ്ടായിരുന്നു കാമ്പസിലെ ഓരോ സ്പന്ദനങ്ങളും തിരിച്ചറിയാനും ജാഗ്രത പാലിക്കുവാനുമുള്ള അദ്ദേഹത്തിന്റെ പാടവം.

താഹക്കുട്ടിസാര്‍ ദീര്‍ഘകാലം തിരുവനന്തപുരം സര്‍ക്കാര്‍ ലാ കോളേജിലെ അദ്ധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനും ആയിരുന്നു. അതോടൊപ്പം പോലീസ് ട്രെയിനിംഗ് സ്‌കൂളിലെ  അദ്ധ്യാപകനുമായിരുന്നു. ഞങ്ങള്‍ ഹോസ്റ്റല്‍ വാസികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം രക്ഷിതാവ് ആയിരുന്നു. തെറ്റുകണ്ടാല്‍ ചീത്തവിളിക്കുകയും ശകാരിക്കുകയുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും എല്ലാവര്‍ക്കും അദ്ദേഹത്തോട് ഒരു ജ്യേഷ്ഠ സഹോദരനോട് തോന്നുന്ന തരത്തിലുള്ള വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. ഏതു ആപല്‍ ഘട്ടത്തിലും അഭയംതേടി ചെല്ലാവുന്ന ശക്തമായ ഒരു ഇടമായിരുന്നു അദ്ദേഹം.

വിദ്യര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകുന്ന ചില ചെറിയ ഛിദ്രങ്ങള്‍ വളര്‍ന്നു വഴക്കും വക്കാണവും ആകാതെ നോക്കുവാന്‍ അദ്ദേഹം എന്നും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ രാഷ്ട്രീയ അന്ധരായിരുന്ന  ചില സഹപാഠികള്‍ കയ്യാങ്കളിക്ക് കോപ്പുകൂട്ടിയപ്പോള്‍ പെട്ടന്ന് എവിടെനിന്നോ അദ്ദേഹം ഞങ്ങളുടെ ഇടയില്‍ പ്രത്യക്ഷമായി രംഗം ശാന്തമാക്കിയത് ഞാന്‍ ഇന്നും അത്ഭുതത്തോടെ ഓര്‍ക്കുന്നു. അത്രയ്ക്കുണ്ടായിരുന്നു കാമ്പസിലെ ഓരോ സ്പന്ദനങ്ങളും തിരിച്ചറിയാനും ജാഗ്രത പാലിക്കുവാനുമുള്ള അദ്ദേഹത്തിന്റെ പാടവം.

വിദ്യാര്‍ഥികള്‍ കാണിച്ച പല കുസൃതികളും പലപ്പോഴും നിയമലംഘനമായി പരിണമിക്കുകയും ചിലപ്പോള്‍ പോലീസിന്റെ പിടിയില്‍ പെടുന്ന അവസരങ്ങളും ഉണ്ടായിട്ടുമുണ്ട്. കര്‍ശനമായി നിയമം നടപ്പിലാക്കിയാല്‍ കേസുകളിലേക്കും കോടതികളിലേക്കുമൊക്കെ നീളുമായിരുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ താഹക്കുട്ടി സാറിന്റെ വാര്‍ഡന്‍ എന്ന മേല്‍വിലാസവും സാറിന്റെ ഒരു ഫോണ്‍ വിളിയുമൊക്കെയാണ് തടിയൂരി പോരാന്‍ സഹായിച്ചിട്ടുള്ളത്.

കാലങ്ങള്‍ കഴിഞ്ഞ് ഞാന്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനു വേണ്ടി ജോലി ചെയ്യുമ്പോള്‍ വളരെ അഴിമതിക്കാരനായ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്‍പില്‍ കമ്പനി സംബന്ധമായ ഒരു വിഷയം അവതരിപ്പിക്കാന്‍ പോകേണ്ടിവന്നു. ഞാന്‍ കാര്യങ്ങള്‍ പറയാന്‍ തുടങ്ങുന്നതിനു മുമ്പേ എന്നെ കേള്‍ക്കാതെ മുന്‍വിധിയോടെ അദ്ദേഹം സംസാരിക്കാന്‍  തുടങ്ങി.  അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട്  വിഷയം മാറ്റാനായി ചോദിച്ചു 'താങ്കളെ പോലീസ് ട്രെയിനിംഗ് സ്‌കൂളില്‍ പഠിപ്പിച്ച താഹക്കുട്ടി സാറിനെ അറിയുമോ ?'

'അറിയും'-അദ്ദേഹം പറഞ്ഞു. എന്റെ അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വളരെ സൗഹൃദത്തോടെ എനിക്ക് പറയുവാനുള്ളത് കേള്‍ക്കാന്‍ ആ ഉദ്യോഗസ്ഥന്‍ തയ്യാറായി.

തിരുവനന്തപുരം ലാ കോളേജ് സ്ഥിതിചെയ്യന്ന സ്ഥലത്തും പരിസരങ്ങളിലും അക്കാലത്ത് ധാരാളം സാമൂഹ്യ വിരുദ്ധരും കൂലിത്തല്ലുകാരും ഉണ്ടായിരുന്നു അവര്‍ പരിസരവാസികളുടെ സ്വാസ്ഥ്യം പലപ്പോഴും നശിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കൂട്ടര്‍ക്ക് എല്ലാം താഹക്കുട്ടി സാറിനോട് ഭയംനിറഞ്ഞ ബഹുമാനമായിരുന്നു. അദ്ദേഹം വാര്‍ഡന്‍ ആയിരുന്ന സമയത്തൊന്നു അവരാരും തന്നെ ഹോസ്റ്റല്‍ പരിസരത്ത് കയറി ഇറങ്ങാന്‍ ധൈര്യം കാണിച്ചിട്ടില്ല. ഒരു ഫയല്‍വാന്റെ മെയ്ക്കരുത്തോടെ നെഞ്ചുവിരിച്ചും, തലയുയര്‍ത്തിപ്പിടിച്ചും ഹോസ്റ്റല്‍ ഇടനാഴിയിലൂടെയും കാമ്പസിലൂടെയും, മുന്തിയയിനം വസ്ത്രങ്ങളും ധരിച്ച് വിലകൂടിയ  അത്തറിന്റെ പരിമളവും പരത്തിനടക്കുന്ന താഹക്കുട്ടി സാറിന്റെ രൂപം ഇന്നും കണ്ണില്‍ നിന്നും മറയുന്നില്ല.

ഇപ്പോള്‍ വിശ്രമജീവിതം നയിച്ചുവരുന്ന സാറിന് ആയുരാരോഗ്യ സൗഖ്യം നല്‍കി ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍
 

click me!