
ടോക്കിയോ: പ്രശസ്ത സാഹിത്യകാരന്‍ ഹാരുകി മുറകാമിയുടെ പുതിയ നോവലിന് വിലക്ക്. ലോകമെങ്ങും വായനക്കാരുള്ള സമകാലിക ജപ്പാനീസ് എഴുത്തുകാരനാണ് ഹാരുകി മുറകാമി. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അമ്പതോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ദശലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. മുറകാമിയുടെ പുതിയ നോവല്‍ 'കിഷിന്താച്ചോ ഗൊറോഷി' (Killing Commendatore) യാണ് വിലക്ക് നേരിടുന്നത്. ഹോങ്കോങിലെ ഒബ്സന്‍സ് ആര്‍ട്ടിക്കിള്‍ ട്രൈബ്യൂണല്‍ കഴിഞ്ഞ ആഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അശ്ലീലമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞ് ചൈനീസ് ഭാഷയിലുള്ള നോവലിന്‍റെ പതിപ്പ് ഇന്‍ഡീസന്‍റ് സെക്കന്‍റ് ക്ലാസ് വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതായത്, കുട്ടികള്‍ വായിക്കരുതെന്നും പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ മാത്രമേ വായിക്കാവൂ എന്നും പുറം ചട്ടയിലെഴുതിയ ശേഷം മാത്രമേ പുസ്തകം വില്‍ക്കാന്‍ പാടുള്ളൂവെന്നാണ് പറഞ്ഞിരിക്കുന്നത്. ഹോങ്കോങില്‍ നടന്ന പുസ്തക മേളയില്‍ നിന്നും നേരത്തേ നോവല്‍ പിന്‍വലിപ്പിച്ചിരുന്നു.
'പ്രണയത്തിലൂടെയും ഏകാന്തതയിലൂടെയുമുള്ള ഐതിഹാസികമായ യാത്ര' എന്നാണ് മുറകാമിയുടെ പുതിയ പുസ്തകം വിശേഷിപ്പിക്കപ്പെടുന്നത്. യു.കെയില്‍ നേരത്തെ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ചൈന ടൈംസ് പബ്ലിഷിങ് എന്ന തായ്വാന്‍ പ്രസാധകരാണ് ഹോങ്കോങില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നോവലിനെതിരെയുള്ള അതിക്രമം ഹോങ്കോങ്ങിനെ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ഇടമാക്കി മാറ്റുന്നതാണെന്ന് പറഞ്ഞുകൊണ്ട് നിരവധി പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്. രണ്ടായിരം പേര്‍ ഒപ്പിട്ട നിവേദനവും സമര്‍പ്പിച്ചു. ആവിഷ്കാരസ്വാതന്ത്ര്യവും എഴുത്തിലെ നിലപാടുകളുമെല്ലാം ചര്‍ച്ചയാവുന്ന കാലത്താണ് മുറകാമിയും ഇത്തരത്തിലുള്ള വിലക്കുകള്‍ നേരിടുന്നത്. മുറകാമിയുടെ നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷ സപ്തംബറോടെ മലയാളി വായനക്കാരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം