ഓട്ടോ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി, അധിക്ഷേപിച്ചു വീഡിയോ പങ്കുവച്ച് യുവതി. മുംബൈയില്‍ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്ററാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ സുരക്ഷിതമല്ല എന്നും യുവതി.
ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും പാതിവഴിയിൽ തന്നെയും സുഹൃത്തിനെയും ഇറക്കിവിടാൻ ശ്രമിച്ചതായും യുവതിയുടെ ആരോപണം. മുംബൈയിൽ നിന്നുള്ള യുവതിയാണ് അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എപി ധില്ലണിന്റെ മ്യൂസിക് കൺസേർട്ടിൽ പങ്കെടുക്കാനായി ജിയോ കൺവെൻഷൻ സെന്ററിലേക്ക് പോകവേ ബാന്ദ്രയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് പറയുന്നത്. ടിന സോണി എന്ന കണ്ടന്റ് ക്രിയേറ്ററാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സാധാരണപോലെ തുടങ്ങിയ ഒരു യാത്ര അധികം വൈകാതെ സംഘർഷഭരിതമാവുകയായിരുന്നു എന്ന് യുവതി പറയുന്നു.
'ആവേശകരമായ ഒരു രാത്രിയാകേണ്ടതായിരുന്നു ഈ രാത്രി, അത് ശരിക്കും ഭയാനകമായ അനുഭവമായി മാറി' എന്നാണ് ടിന പറയുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ ഓട്ടോ ഡ്രൈവർ തങ്ങളോട് കാശിന് ആവശ്യപ്പെട്ടു. എത്തിയ ശേഷം തരാം എന്ന് തങ്ങൾ പറഞ്ഞു. എന്നാൽ, പോരാ എന്നായിരുന്നു ഡ്രൈവറുടെ നിലപാട്. അതോടെയാണ് പ്രശ്നം വഷളായത്. ഡ്രൈവർ തങ്ങളെ അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ടിനയെയും സുഹൃത്തിനെയും തല്ലുമെന്നും അവരെ ഉപദ്രവിക്കാനായി മറ്റ് ആളുകളെ വിളിക്കുമെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തിയത്രെ.
തന്റെ സുരക്ഷയ്ക്കായി സംഭവം റെക്കോർഡ് ചെയ്യാൻ തുടങ്ങിയപ്പോൾ, ഡ്രൈവർ തന്റെ നേരെ ഓട്ടോ ഓടിച്ചുവന്നതായും ടിന പറയുന്നു. 'ഭാഗ്യവശാൽ, തനിക്ക് ഒന്നും സംഭവിച്ചില്ല, സുരക്ഷിതയായിരിക്കുന്നു' എന്നും അവൾ പറഞ്ഞു. ടിനയും സുഹൃത്തും അവിടെ നിന്നും നടന്നുനീങ്ങിയിട്ടും ഭീഷണിപ്പെടുത്താനായി മാത്രം അയാൾ പിന്നാലെ വരികയായിരുന്നത്രെ. അതും ട്രാഫിക് പൊലീസ് അധികം ദൂരെയല്ലാതെ ഉണ്ടായിരുന്നിട്ടും. ഒടുവിൽ അയാൾ ഓടിപ്പോവുകയായിരുന്നു. പിന്നാലെ, താൻ വീഡിയോ അടക്കം പൊലീസിന് പരാതി നൽകിയതായും ടിന പറഞ്ഞു. 'മുംബൈ സുരക്ഷിതമല്ല' എന്ന് പറഞ്ഞുകൊണ്ടാണ് അവൾ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അനേകങ്ങളാണ് പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ ലൈസൻസ് തന്നെ റദ്ദാക്കണം എന്ന് അനേകങ്ങളാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
