
കേരളത്തിലെ ബുദ്ധിജീവികള്‍ക്ക് ഒരു പാട്ടുണ്ടോ? ഒരു കാലത്ത് തോള്‍സഞ്ചിയും ജുബ്ബയും ബുദ്ധിജീവികളുടെ അടയാളമായിരുന്നു. 90കളോടെ അത് പടിയിറങ്ങി. ഉത്തരാധുനിക കാലഘട്ടത്തില്‍ സ്വത്വാന്വേഷണത്തിനൊന്നും വലിയ സാധ്യതകള്‍ കാണാതിരുന്ന ബുജികള്‍ ഉന്നത ഉദ്യോഗങ്ങളിലോ എന്‍.ജി.ഒകളിലോ ഒക്കെ ചേക്കേറി. തീവ്രമായ പ്രതിസന്ധികള്‍ അനുഭവിച്ചവര്‍ അപ്പോഴേക്കും ഉന്‍മാദാവസ്ഥയിലെത്തുകയോ, ലോകത്തെയാകെ പരിഹസിച്ച് തീരുകയോ ചിലര്‍ സ്വയം ജീവനെടുക്കുകയോ ചെയ്തിരുന്നു.
1990കളില്‍ ബുജികളുടെ ചിഹ്നങ്ങള്‍ നല്ല വസ്ത്രങ്ങള്‍ക്കും ബാഗിനും വഴിമാറി. ചിലര്‍ 100 സി.സി.ബൈക്കുവരെ ഓടിച്ചുതുടങ്ങി. ദല്‍ഹിയിലും ബാംഗ്‌ളൂരും മറ്റും പോയി വന്നവര്‍ ഫാബ് ഇന്ത്യ കുര്‍ത്തയിട്ടുതുടങ്ങി. അപ്പോഴും അവരെയൊക്കെ വിടാതെ കൂടിയ ഒരു പാട്ടുണ്ട്. അതാണ് ജി.അരവിന്ദന്റെ 'ഉത്തരായണത്തി'ലെ 'ഹൃദയത്തിന്‍ രോമാഞ്ചം' എന്ന ഗാനം.
'ഹൃദയത്തിന്‍ രോമാഞ്ചം'
എഴുതിയത് തികഞ്ഞ ഗാന്ധിയനും ഇംഗ്ലീഷ് അധ്യാപകനും 'ഓടക്കുഴല്‍' അവാര്‍ഡ് ജേതാവുമായ ജി.കുമാരപിള്ള. സംഗീതം പകര്‍ന്നത് രാഘവന്‍ മാസ്റ്റര്‍. 1974ലാണ് സിനിമ ഇറങ്ങുന്നതെങ്കിലും ജി.അരവിന്ദന്‍ 'ചെറിയ മനുഷ്യരും വലിയ ലോകവും'വഴി അന്നേ പ്രശസ്തനാണ്. തിക്കോടിയന്‍ കഥ എഴുതി പട്ടത്തുവിള കരുണാകരന്‍ നിര്‍മ്മാതാവായ സിനിമയാണ് 'ഉത്തരായണം'.
പട്ടത്തുവിള കൊല്ലം സ്വദേശിയാണെങ്കിലും പിയേഴ്‌സ് ലെസ്ലി ഇന്ത്യയിലെ ജോലിയുമായി കോഴിക്കോട്ടത്തെിയതിനാല്‍ കോഴിക്കോടന്‍ സെലിബ്രിറ്റി ബൗദ്ധിക കൂട്ടായ്മകളിലെ പ്രധാനിയായിരുന്നു. അരവിന്ദന്റെ കോഴിക്കോടന്‍ സൗഹൃദത്തിന്റെ ഒരു എക്സ്റ്റന്‍ഷന്‍ കൂടിയാണ് 'ഉത്തരായണം'. സംഗീതത്തോട് വലിയ സ്‌നേഹവും സംഗീതശാഖകളെക്കുറിച്ച് മികച്ച അവഗാഹവുമുണ്ടായിരുന്ന വ്യക്തിയാണ് അരവിന്ദന്‍. ഇത് അദ്ദേഹത്തിന്റെ സിനിമകളില്‍ ഉടനീളം പ്രകടമാണ്.
സാരോദ് വാദകനായ രാജീവ് താരാനാഥ് ആണ് 'കാഞ്ചന സീതയുടെ' സംഗീതം നിര്‍വഹിച്ചത്. 'ഒരിടത്തില്‍' രാജീവ് താരാനാഥിനൊപ്പം ഹരിപ്രസാദ് ചൗരസ്യയുടെ സാന്നിധ്യമുണ്ട്. എം.ജി.രാധാകൃഷ്ണനും, ജി.ദേവരാജനും, സലീല്‍ ചൗധരിയും അരവിന്ദനുവേണ്ടി സംഗീതം ഒരുക്കി. കുമ്മാട്ടിയിലും എസ്തപ്പാനിലും അരവിന്ദന്റെ സംഗീത മുദ്രകളുണ്ട്. യാരോ ഒരാള്‍ (പവിത്രന്‍), പിറവി (ഷാജി.എന്‍.കരുണ്‍), ഒരേ തൂവല്‍പക്ഷികള്‍ (കെ.രവീന്ദ്രന്‍) എന്നീ സിനിമകളില്‍ പശ്ചാത്തല സംഗീതകാരനായി. ഇങ്ങനെയെല്ലാം സംഗീതവുമായി ഒട്ടിയ ജീവിതമുള്ള അരവിന്ദന്റെ സിനിമയിലെ പാട്ടാണ് 'ഹൃദയത്തിന്‍ രോമാഞ്ചം'. സ്വാതന്ത്ര്യാനന്തര കാലത്തെ അഭ്യസ്ത വിദ്യരായ തലമുറയുടെ ആശങ്കളും സംഘര്‍ഷങ്ങളുമായി സ്‌ക്രീനില്‍ നിറയുന്ന രവിയുടെ പാട്ടാണത്.
ശുഭപന്തുവരാളിയുടെ കനം
ശുഭപന്തുവരാളി രാഗമാണ് ഈ പാട്ടിന്റെ പിന്‍ബലം. എങ്ങനെ പാടിയാലും ദു:ഖസാന്ദ്രമായ അന്തരീക്ഷമൊരുക്കുന്ന രാഗം. കര്‍ണാടിക് സംഗീതത്തില്‍ 45 മത് മേളകര്‍ത്താ രാഗമായ ശുഭപന്തുവരാളി യഥാര്‍ഥത്തില്‍ ഐശ്വര്യ ജനകമായ രാഗമാണെന്ന് സംഗീത വിദൂഷികള്‍ക്ക് അഭിപ്രായമുണ്ട്.
ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ ഈ രാഗത്തിലുള്ള (ഹിന്ദുസ്ഥാനിയില്‍ തോടി) ഷഹ്നായ് വാദനം പതിവാണ്. ആരോഹണത്തിലും അവരോഹണത്തിലും ഏഴ് സ്വരങ്ങളുമുള്ള സമ്പൂര്‍ണരാഗമാണിത്. മലയാളത്തില്‍ യേശുദാസ് പാടിയ ഈ രാഗത്തിലുള്ള മറ്റു ചില പാട്ടുകള്‍ നോക്കുക. 'ഹൃദയത്തിനൊരു വാതില്‍'(എം.കെ.അര്‍ജ്ജുനന്‍), 'ഭൂപാളം പാടാത്ത ഗായകന്‍'(എ.ടി.ഉമ്മര്‍), 'രാമകഥാഗാനലയം'(രവീന്ദ്രന്‍)എല്ലാം ദ:ഖസാന്ദ്രമായ ഗാനങ്ങള്‍.
ഔസേപ്പച്ചന്‍ സംഗീതം നിര്‍വഹിച്ച 'ഒരേ കടലിലെ' പാട്ടുകളെല്ലാം ശുഭപന്തുവരാളിയിലാണ്. എം.ജി.രാധാകൃഷ്ണന്‍ 'തകര'ക്കുവേണ്ടി ചെയ്ത 'മൗനമേ' എന്ന ഹൈ പിച്ച് പാട്ട് മറ്റൊരു ഉദാഹരണം. ഈ മൂഡില്‍ നിന്ന് അല്‍പം വ്യത്യസ്തമായി ശുഭവപന്തുവരാളിയില്‍ പാട്ടൊരുക്കിയത് ഇളയരാജയാണ്. 'പാടു നിലാവെ' എന്ന സിനിമയില്‍ എസ്.പിയും ചിത്രയും ചേര്‍ന്ന് പാടിയ 'വാ വെളിയെ' എന്ന പാട്ട്. ഇതിന്റെ തുടക്കത്തിലെ ആലാപനം കേട്ടല്‍ ഒരു കര്‍ണാടിക് കൃതിയാണെന്ന് തോന്നിക്കും.
'ഹൃദയത്തിന്‍ രോമാഞ്ച'ത്തിന്റെ അനുപല്ലവിക്കുശേഷമുള്ള ഹമ്മിങ്ങിനോട് ഇതിന് സാദൃശ്യമുണ്ട്. പിന്നീട് വെസ്റ്റേണ്‍ ഫ്യൂഷനായി പാട്ടുമാറുകയാണ്. ഇളയരാജയുടെ പരീക്ഷണങ്ങള്‍.
കര്‍ണാടികില്‍ എണ്ണമറ്റ കൃതികളൊന്നും ശുഭപന്തുവരാളിയിലില്ല. ഈ രാഗത്തിന്റെ ആരാധകര്‍ എപ്പോഴും പറയാറുള്ള കൃതികളിലൊന്നാണ് ദീക്ഷിതരുടെ 'ശ്രീ സത്യനാരായണം'.
മഹാക്ഷേത്രത്തിലേക്കുള്ള പടികള്‍
'ഹൃദയത്തിന്‍ രോമാഞ്ചം' യേശുദാസിന്റെ ശബ്ദം അതിന്റെ എല്ലാ മാധുര്യത്തോടെയും കത്തിനില്‍ക്കുന്ന കാലത്തുള്ള പാട്ടാണ്. പൂര്‍ണമായും ആരോഹണ ക്രമത്തിലെന്ന് തോന്നുംവിധമാണ് ഇതിന്റെ ആലാപനം. മഹാക്ഷേത്രത്തിലേക്കുള്ള പടികള്‍ നൂറെണ്ണം കയറി തിരിഞ്ഞുനോക്കും പോലുള്ള ഒരു ചെറിയ വിടവ്. വീണ്ടും കയറ്റം. ഒടുവില്‍ അലിഞ്ഞില്ലാതാകുന്നതുപോലെ വരികള്‍ നിശബ്ദതയിലേക്ക് ലയിച്ചുപോവുകയാണ്.വരികള്‍ക്ക് മുന്നില്‍ കയറാന്‍ മടിക്കുന്ന ഉപകരണ സംഗീതവാദനം പാട്ടിന് കാവലായി നില്‍ക്കുന്നു.
70കളില്‍ യുവത്വം അനുഭവിച്ചവര്‍ മാത്രമല്ല, എന്തെങ്കിലും നാലക്ഷരം വായിക്കുന്നവരൊക്കെ ഈ പാട്ടിനെ നെഞ്ചോട് ചേര്‍ത്തത് കണ്ടിട്ടുണ്ട്. പല വേദികളില്‍, പല സൗഹൃദക്കൂട്ടായ്മകളില്‍ അവരില്‍ പലരും ശ്രുതി പോലുമില്ലാതെ ഇത് പാടികേട്ടിട്ടുണ്ട്. അര്‍ഥവും സംഗീതവും കാലവും ഒന്നുചേര്‍ന്ന ഒരു പാട്ടായതു മൂലമാകാം ഇത് അവരുടെ ഹൃദയത്തിന്റെ രോമാഞ്ചമായി മാറിയത്.
ഹൃദയത്തിന്‍ രോമാഞ്ചം വരികള്‍:
ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗ ഗംഗയായ്
പകരുന്ന മണിവീണ മൂകമായി (2)
തകരുന്ന തന്തുവില്‍ തളരാതെ എന്നെന്നും
തഴുകുന്ന കൈകള്‍ കുഴഞ്ഞു പോയി
മധുമാസ മേളത്തിന്‍ അന്ത്യത്തില്‍ നേര്‍ത്തൊരു
തിരശ്ശീല മന്ദമായ് ഊര്‍ന്നു വീഴ്കെ
ആ....ആ......ആ..ആ...ആ..(ഹൃദയത്തിൻ.....)
അവസാന ദിവസത്തില്‍ അവസാനനിമിഷത്തില്‍
അടരുന്ന പാതിരപ്പൂവു പോലെ
ആരോരുമോരാതെന്‍ ഹൃദയത്തില്‍ തല ചായ്ച്ചെന്‍
ആരോമലാളിന്നുറക്കമായി
ഒരു നേര്‍ത്ത ചലനത്തിന്‍ നിഴല്‍ പോലുമെത്താത്ത
അവസാന നിദ്രയില്‍ ആണ്ടുപോയി(ഹൃദയത്തിൻ...)
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.