ചൈനയുടെ ഒരു യുവാൻ നോട്ടിൽ പ്രത്യക്ഷപ്പെട്ട 'വൺ യുവാൻ ​ഗേൾ' എന്നറിയപ്പെട്ടിരുന്ന പെൺകുട്ടിയെ 50 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ഡോങ് വംശജയായ 65-കാരിയായ ഷി നയിൻ എന്ന കർഷകസ്ത്രീയായിരുന്നു അവര്‍. 

ചൈനയുടെ ഒരു യുവാന്റെ ബാങ്ക് നോട്ടിൽ പ്രത്യക്ഷപ്പെട്ട ഒരു പെൺകുട്ടിയുണ്ട്. ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം അവൾ ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 'വൺ യുവാൻ ​ഗേൾ' എന്നാണ് നോട്ടിൽ പ്രത്യക്ഷപ്പെട്ട ശേഷം ആ പെൺകുട്ടി അറിയപ്പെട്ടിരുന്നത്. നവംബർ 26 -ന് ഗുയിഷോ പ്രവിശ്യയിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസർ വീഡിയോ പങ്കുവച്ചതോടെയാണ് ഇവർ വീണ്ടും ജനശ്രദ്ധ നേടിയത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ കോങ്ജിയാങ് കൗണ്ടിയിൽ താമസിക്കുന്ന ഡോങ് എത്നിക് മൈനോറിറ്റിയിൽ നിന്നുള്ള 65 -കാരിയായ ഷി നയിൻ എന്ന ഒരു സാധാരണയായ കർഷക സ്ത്രീയാണ് ഈ 'വൺ യുവാൻ ​ഗേൾ'.

ഡോങ് സമൂഹത്തിൽ നിന്നുള്ള ഷി തന്റെ ഗ്രാമത്തിൽ ഇക്കാലമത്രയും വളരെ ലളിതവും ശാന്തവുമായ ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നു. 'വൺ യുവാൻ ​ഗേൾ' എന്ന് രാജ്യമൊട്ടുക്കും അറിയപ്പെടുന്നുണ്ടെങ്കിലും, അവരുടെ ഗ്രാമത്തിലെ ആളുകൾക്ക് അവർ ​ഗ്രാമത്തിലെ ഒരു സാധാരണ കർഷക സ്ത്രീ മാത്രമാണ്. തന്റെ ചിത്രം ഒരു യുവാന്റെ നോട്ടിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഷിക്ക് പോലും വർഷങ്ങളോളം അതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഷിക്ക് വെറും 16 വയസ്സുള്ളപ്പോഴാണ് ഇതിന്റെയെല്ലാം തുടക്കം. അവൾ തന്റെ സുഹൃത്തുക്കളോടൊപ്പം അടുത്തുള്ള ഒരു പട്ടണത്തിലെ മാർക്കറ്റിൽ പോയതായിരുന്നു. പരമ്പരാഗതമായി ഡോങ് കമ്മ്യൂണിറ്റി ധരിക്കാറുള്ള വസ്ത്രവും ചെവിയിൽ തിളങ്ങുന്ന വെള്ളി കമ്മലുകളും ധരിച്ചാണ് അവളുണ്ടായിരുന്നത്. എംബ്രോയ്ഡറി ചെയ്യാനായി സൂചികളും നൂലുകളും വാങ്ങുന്നതിനിടയിലാണ് 30 വയസ്സ് പ്രായമുള്ള ഒരാൾ അവളുടെ കൈ പതുക്കെ പിടിച്ചു നിർത്തുകയും മുഖം അല്പം വശത്തേക്ക് തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവളാകെ ആശയക്കുഴപ്പത്തിലായെങ്കിലും അയാൾ പറയുന്നത് അവൾ അനുസരിച്ചു. ആ യുവാവ് അവളുടെ ഛായാചിത്രം വരയ്ക്കാൻ തുടങ്ങി. ആ സംഭവം ഷി ആരോടും പറഞ്ഞില്ല. പയ്യെ മറക്കുകയും ചെയ്തു.

കുറച്ചുകാലം കഴിഞ്ഞപ്പോൾ, ഒരു യുവാൻ നോട്ടിലെ പെൺകുട്ടിക്ക് അവളുമായി സാമ്യമുണ്ടെന്ന് ആളുകൾ ഷിയോട് പറയാൻ തുടങ്ങി. അപ്പോഴാണ് അവൾക്ക് മാർക്കറ്റിൽ നടന്ന സംഭവം ഓർമ്മ വരുന്നത്. 1988 -ലാണ്, പുതിയ ഒരു യുവാൻ നോട്ടിൽ ഡോങ് സമൂഹത്തിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ഉൾപ്പെടുത്തി ചൈന നാലാം സീരീസ് റെൻമിൻബി നോട്ടുകൾ പുറത്തിറക്കിയത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ വിവിധ സമൂഹങ്ങളുടെ വസ്ത്രരീതികളെയും ആഭരണങ്ങളെയും കുറിച്ച് പഠിക്കാൻ മൂന്ന് വർഷം ചെലവഴിച്ച പ്രശസ്ത കലാകാരനായ ഹൗ യിമിൻ ആണ് ഈ ചിത്രങ്ങൾ വരച്ചത്.

പലരും ഷിയോട് അവളെ പോലെ തന്നെയുണ്ട് നോട്ടിലെ പെൺകുട്ടി എന്ന് പറഞ്ഞിരുന്നു. ആ ​ഗ്രാമത്തിലുള്ളവരും ആ രൂപസാദൃശ്യം ശ്രദ്ധിച്ചിരുന്നു. എന്നാൽ, 2010 -ൽ മാത്രമാണ് ഇത് ഉറപ്പിക്കുന്നത്. എന്നാൽ, പിന്നീട് നോട്ടുകളിൽ മാവോ സെ തുങ്ങിന്റെ ചിത്രം പ്രത്യക്ഷപ്പെട്ട് തുടങ്ങി. നോട്ടിൽ തന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതിലോ ഒന്നും ഷി വലിയ ആവേശവും കാണിച്ചില്ല. ഒരു കാലത്ത് ഇടതൂർന്ന മുടിയുടെയും സൗന്ദര്യത്തിന്റെയും പേരിൽ 'വില്ലേജ് ഫ്ലവർ' എന്നാണ് ഷി ​ഗ്രാമത്തിൽ അറിയപ്പെട്ടിരുന്നത്. പിന്നീട്, അവളുടെ വിവാഹം കഴിഞ്ഞു. മക്കളും ഭർത്താവുമായി ജീവിതം തുടങ്ങി. നോട്ടിൽ പ്രത്യക്ഷപ്പെട്ടതിൽ അവൾക്ക് ഒരുപാട് പണം കിട്ടിക്കാണും എന്ന് പ്രതീക്ഷിച്ച് അവളോട് പലരും പണം ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാൽ, തങ്ങൾ ആരെയും പണത്തിന് വേണ്ടി സമീപിച്ചില്ല എന്നും ആനുകൂല്ല്യം നേടാൻ ശ്രമിച്ചില്ല എന്നും ഷി പറഞ്ഞു.