കേരളമേ, വംശീയത നമ്മുടെ രക്തത്തിലുണ്ട്!

By കെ.എ ഷാജിFirst Published Jul 18, 2018, 3:51 PM IST
Highlights
  • ഇതര സംസ്ഥാന തൊഴിലാളികളോടുള്ള മലയാളിയുടെ വംശീയതയെക്കുറിച്ച് കെ.എ ഷാജി

'എന്നാല്‍ ചേട്ടന്‍ യാത്ര ചെയ്യൂ. പക്ഷെ ഈ അനുഭവം വച്ച് പത്രത്തില്‍ നല്ലൊരു വാര്‍ത്ത കൊടുക്കണം. കേരളത്തിലേക്ക് നിപ്പയിലും മാരകമായ രോഗങ്ങള്‍ അന്യസംസ്ഥാനക്കാര്‍ കൊണ്ട് വരുന്നു എന്നങ്ങു തട്ടണം. ചുമ്മാ തട്ടിയാല്‍ മതി. സര്‍ക്കാര്‍ പേടിച്ചു അന്വേഷിച്ചോളും.അതോടെ ഇവന്മാരുടെ വരവ് കുറയും'

കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ പോയി മടങ്ങുകയായിരുന്നു. കോയമ്പത്തൂര്‍ വരെ പുതുതായി തുടങ്ങിയ ഉദയ് ഡബിള്‍ ഡക്കര്‍ ട്രെയിന്‍ കിട്ടി. നിറയെ സുന്ദരന്മാരും സുന്ദരികളും. അഭിജാത വര്‍ഗം. പോളിഷ് ചെയ്ത മനോഹരമായ ഭാഷ സംസാരിക്കുന്നവര്‍. ലോകം സുന്ദരമായിരുന്നു. 

കോയമ്പത്തൂരില്‍ ഇറങ്ങി പാലക്കാട്ടേക്ക്, റിസര്‍വേഷന്‍ ഇല്ലാത്ത സാദാ ടിക്കറ്റ് എടുത്തു നില്‍ക്കുമ്പോഴാണ് മലയാളിയായ പഴയൊരു സുഹൃത്തിനെ കാണുന്നത്. അദ്ദേഹവുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അറിയിപ്പ് വന്നു. ദിബ്രുഗര്‍ഹില്‍ നിന്നും കന്യാകുമാരി വരെ പോകുന്ന വിവേക് എക്‌സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആനെ വാലാ സംഭാവനാ ഹെ.

ട്രെയിന്‍ വരുന്നുണ്ട് എന്നും പിന്നെ കാണാമെന്നും പറഞ്ഞ് മുന്നോട്ടു നടക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളി യുവാവ് ബലമായി എന്നെ പിടിച്ചു നിര്‍ത്തി. 

'ചേട്ടന്‍ ആ ട്രെയിനില്‍ പോകണ്ടാ. ആ ട്രെയിന്‍ കൊള്ളില്ല....'

'അതെന്താ...'

'അത് നിറച്ച് പകര്‍ച്ചവ്യാധികളാണ് ചേട്ടാ...'

'പകര്‍ച്ച വ്യാധികളോ...? പകര്‍ച്ചവ്യാധികള്‍ യാത്ര ചെയ്യുന്ന ട്രെയിനോ..'-എനിക്കൊന്നും മനസ്സിലായില്ല.

'ആ ട്രെയിന്‍ എവിടുന്നാ വരുന്നതെന്ന് ചേട്ടന് അറിയാമോ...'

'അതങ്ങ് നോര്‍ത്ത് ഈസ്റ്റില്‍ നിന്ന്...'

'അതായത് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന്...'

'അതിന്?'

'അത് നിറയെ അവന്മാരാ...ആ അന്യസംസ്ഥാന തൊഴിലാളികള്‍. കുളിയും വൃത്തിയും ഇല്ലാത്തവര്‍. അവരുടെ ട്രെയിനാ അത്. പാലക്കാട് എത്തുമ്പോഴേക്കും നിങ്ങള്‍ക്ക് രോഗം വരും.'

'ഇങ്ങനെയൊക്കെ പറയാമോ? എന്ത് വംശീയതയാ ഈ പറയുന്നേ? അവരും മനുഷ്യരല്ലേ. പിന്നെ കുളിയും വൃത്തിയും. ചെറിയ ദൂരം അല്ലേ പോകുന്നുള്ളൂ.. എന്നിട്ട് ഞാന്‍ വീട്ടില്‍ ചെന്നാല്‍ എന്തായാലും കുളിക്കുകയും ചെയ്യും. വേണേല്‍ ഡെറ്റോള്‍ ഒഴിച്ച് കുളിച്ചേക്കാം.'

'അതൊന്നും ചേട്ടന് അറിയാന്‍ മേലാഞ്ഞിട്ടാണ്. അവരുടെ വസ്ത്രത്തില്‍ ഒന്ന് മുട്ടിയാല്‍ മതി അസുഖം വരാന്‍. ചേട്ടന്‍ അവരുടെ കൂടെ യാത്ര ചെയ്താല്‍ അവന്മാര്‍ ചേട്ടനെ പോക്കറ്റ് അടിക്കും. എല്ലാം മഹാ കള്ളന്മാരാ...'

'നാളിത് വരെ എന്റെ പോക്കറ്റ് അടിച്ചവരില്‍ മിക്കവരും കുളിയും വൃത്തിയുമുള്ള ബ്ലഡി ഫൂള്‍ മലയാളികള്‍ ആയിരുന്നു. പിന്നെ മലയാളികളുടെ വൃത്തി കാണാന്‍ നാട്ടില്‍ അവര്‍ നടത്തുന്ന ഭക്ഷണശാലകളുടെ അടുക്കളകളില്‍ പോയാല്‍ മതി.'

'ഇതാ ചേട്ടന്റെ കുഴപ്പം. നിങ്ങള്‍ക്ക് എപ്പോളും നമ്മള്‍ മലയാളികളെ പുച്ഛമാണ് . ആരോഗ്യം റിസ്‌ക് ചെയ്ത് ഈ ട്രെയിനില്‍ പോകരുത്'

'ആരോഗ്യം സാരമില്ല. ഞാന്‍ ഇതില്‍ പോകുന്നു...'

'എന്നാല്‍ ചേട്ടന്‍ യാത്ര ചെയ്യൂ. പക്ഷെ ഈ അനുഭവം വച്ച് പത്രത്തില്‍ നല്ലൊരു വാര്‍ത്ത കൊടുക്കണം. കേരളത്തിലേക്ക് നിപ്പയിലും മാരകമായ രോഗങ്ങള്‍ അന്യസംസ്ഥാനക്കാര്‍ കൊണ്ട് വരുന്നു എന്നങ്ങു തട്ടണം. ചുമ്മാ തട്ടിയാല്‍ മതി. സര്‍ക്കാര്‍ പേടിച്ചു അന്വേഷിച്ചോളും.അതോടെ ഇവന്മാരുടെ വരവ് കുറയും'

'എന്തൊക്കെയാ നിങ്ങളീ പറയുന്നത്?'

'ചേട്ടന്‍ നോക്കൂ. ഇവന്മാര്‍ക്ക് കേരളം ഗള്‍ഫാണ്. നമ്മുടെ പണമാണ് ഇവര്‍ കൊണ്ട് പോകുന്നത്. നാട്ടില്‍ ഇവരാണ് കുറ്റകൃത്യങ്ങള്‍ മുഴുവന്‍ ചെയ്യുന്നത്....'

ചേട്ടന് അറിയാന്‍ മേലാഞ്ഞിട്ടാണ്. അവരുടെ വസ്ത്രത്തില്‍ ഒന്ന് മുട്ടിയാല്‍ മതി അസുഖം വരാന്‍.

നാട്ടിലും പുറം നാട്ടിലും അതിനികൃഷ്ടമായ കുറ്റങ്ങള്‍ ചെയ്ത മലയാളികളുടെ ലിസ്റ്റ് ഓര്‍മയില്‍ നിന്നും ഞാന്‍ എടുത്ത് വായിക്കാന്‍ തുടങ്ങിയപ്പോഴേക്കും ട്രെയിന്‍ വന്നു.

റിസര്‍വേഷന്‍ ഇല്ലാത്ത കോച്ചില്‍ സൂചി കുത്താന്‍ ഇടമില്ല. അഡീഷണല്‍ ഫെയര്‍ കൊടുത്ത് സ്ലീപ്പറില്‍ കയറാന്‍ ചെന്നപ്പോള്‍ അവിടെയും ആളുകള്‍ നിന്ന് യാത്ര ചെയ്യുന്നു. ദാരിദ്ര്യവും നിസ്സഹായതയും മുഖങ്ങളില്‍ എഴുതിവയ്ക്കപ്പെട്ടവര്‍. നിന്ദിതര്‍, പീഡിതര്‍, പരിത്യക്തര്‍, നിസ്സഹായര്‍.... 

ഭാഷയ്ക്കും ദേശത്തിനും കിലോമീറ്ററുകള്‍ക്കും അപ്പുറം തൊഴില്‍ തേടി പോകുന്നവര്‍. അവരുടെ സഹാനങ്ങള്‍ നമ്മുടേതിലും ഒരുപാട് വലുതാണ്.

ടി ടി യെ കണ്ടപ്പോള്‍ ബാക്കി ഫെയര്‍ കൊടുത്ത് എ സി കമ്പാര്‍ട്‌മെന്റില്‍ കയറിക്കൊള്ളാന്‍ പറഞ്ഞു. കയറി. അത് ഏതാണ്ട് ശൂന്യം ആയിരുന്നു. വംശവിരോധിയായ സുഹൃത്തിനെ വിളിച്ചു:  'നിങ്ങള്‍ക്കും വിവേക് എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യാം. എ സി കമ്പാര്‍ട്ട്‌മെന്റില്‍ കയറിയാല്‍ മതി. നിങ്ങള്‍ പറയുന്ന പ്രശ്‌നക്കാര്‍ക്ക് അത് അപ്രാപ്യം ആണ്...'

ഇല്ലാത്ത കോഴി മോഷണത്തിന് തല്ലിക്കൊല്ലപ്പെട്ട ആ ബംഗാളിയെക്കുറിച്ച് വായിച്ചപ്പോള്‍ ആ രാത്രിയും ആ സുഹൃത്തും ഓര്‍മ വന്നു. അടിസ്ഥാനപരമായി നമ്മിലെല്ലാം അതി കഠിനമായ വംശവിരോധം ഉണ്ട്.

ബ്രഹ്ത് പറഞ്ഞത് മാത്രമേ ഇത്തരം മലയാളികളോട് പറയാന്‍ ഉള്ളൂ.

'Therefore, I beg, make not your anger manifest 
For all that lives needs help from all the rest.'

click me!