ഹിമ ശങ്കര്‍ പറയുന്നു: കാണുന്നത് പോലൊന്നുമല്ല ബിഗ്‌ബോസിലുള്ളവര്‍!

Web Desk |  
Published : Jul 18, 2018, 03:13 PM ISTUpdated : Oct 02, 2018, 04:20 AM IST
ഹിമ ശങ്കര്‍ പറയുന്നു: കാണുന്നത് പോലൊന്നുമല്ല ബിഗ്‌ബോസിലുള്ളവര്‍!

Synopsis

ബിഗ്‌ബോസ് വീട്ടുകാരെക്കുറിച്ച് ഹിമ ശങ്കറിന്റെ അഭിപ്രായങ്ങള്‍. സുനിതാ ദേവദാസ് നടത്തിയ അഭിമുഖം 

നടിയും കലാകാരിയുമായ ഹിമ ശങ്കര്‍ ഇപ്പോള്‍ ബിഗ് ബോസിലില്ല. കഴിഞ്ഞ ഞായറാഴ്ച ഹിമ പുറത്തായി. എന്നാല്‍, ബിഗ് ബോസിലെ ഹിമയേക്കാള്‍ എത്രയോ മടങ്ങ് ജനപ്രിയയാണ് പുറത്തിറങ്ങിയ ഹിമ. പുറത്താവല്‍ ദിവസം, അവസാനമായി ഹിമ നടത്തിയ പരാമര്‍ശങ്ങളും ഇടപെടലുകളും ഒക്കെ ചേര്‍ന്ന്, ഹിമയായിരുന്നില്ല പുറത്തുപോവേണ്ടത് എന്ന തോന്നലാണ് പ്രേക്ഷകര്‍ക്ക് ഉണ്ടാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഉടനീളം കണ്ടതും ഈ അഭിപ്രായമായിരുന്നു. ഹിമയെ തിരിച്ചു വിളിക്കണമെന്ന ആവശ്യവും പലയിടങ്ങളില്‍നിന്നായി ഉയരുകയും ചെയ്തു. 

ഹിമ ഫേക്ക് ആണെന്നും സെല്‍ഫിഷ് ആണെന്നുമുള്ള വിലയിരുത്തലോടെയാണ് ബിഗ് ബോസ് വീട്ടുകാര്‍ അവളെ പുറത്തേക്ക് അയച്ചത്. പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഹിമയുടെ ഇടപെടലുകളും പെരുമാറ്റവും അക്കാര്യം സാധൂകരിക്കുന്നതായിരുന്നില്ല എന്നതാണ് നേര്. എന്നാല്‍, എല്ലാവരെയും പുറത്താക്കിയാല്‍ മാത്രം ജേതാവാകാന്‍ കഴിയുന്ന ബിഗ് ബോസ് പോലൊരു ഗെയിമില്‍ ഇതൊക്കെ സ്വാഭാവികമാണ്. 

പുറത്തിറങ്ങിയ ഹിമയ്ക്ക് അകത്തുള്ളവരെക്കുറിച്ചുള്ള അഭിപ്രായം എന്താണ്? അവിടെയുള്ള യഥാര്‍ത്ഥ അവസ്ഥകള്‍ എന്തൊക്കെയാണ്? 60 ക്യാമറകളിലൂടെ പ്രേക്ഷകര്‍ കാണാത്ത എന്തൊക്കെയാണ് ബിഗ് ബോസ് വീടിനുള്ളിലുള്ളത്? സുനിതാ ദേവദാസിനോട് ഹിമ അക്കാര്യം വിശദീകരിക്കുകയാണ് ഇവിടെ.

ശ്വേത മേനോന് വളരെ ബുദ്ധിപരമായി കളിക്കാനൊന്നും പറ്റുന്നില്ല

ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും സുഖ സൗകര്യങ്ങളും വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ വ്യക്തിയാണ് ശ്വേത. അവരെ സംബന്ധിച്ച് ബിഗ് ബോസ് വീട് ഒരു വെല്ലുവിളി തന്നെയാണ് . ഒരു പക്ഷെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും അവര്‍ ഇത്തരമൊരു മിനിമം ജീവിത സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്നത് . 
വ്യക്തിപരമായി അവരെ എനിക്ക് അറിയില്ല. അവരെ എനിക്ക് ഇഷ്ടമാണ്.

 നല്ല ഒരു സ്‌ട്രോങ് മല്‍സരാര്‍ത്ഥി ആണ് . എന്നാല്‍ അവര്‍ക്ക് അങ്ങനെ വളരെ ബുദ്ധിപരമായി കളിക്കാനൊന്നും പറ്റുന്നില്ല. അത് കൊണ്ട് തന്നെ മണ്ടത്തരങ്ങളൊക്കെ കാണിക്കുന്നുണ്ട്. ഇപ്പോള്‍ രഞ്ജിനിയുടെ ഒരു സ്‌നേഹവലയത്തിലാണ് .  ശ്വേത എന്ന വ്യക്തിയും കലാകാരിയും ഷോയിലെ ശ്വേതയും തമ്മിലുള്ള ഒരു വടം വലിയും സമ്മര്‍ദ്ദവും അവരുടെ ഉള്ളില്‍ നടക്കുന്നുണ്ട്.

രഞ്ജിനി ജയിക്കാന്‍ എല്ലാ കളിയും കളിക്കും

ശക്തയായ മത്സരാര്‍ഥിയാണ് രഞ്ജിനി ഹരിദാസ്. കളിയൊക്കെ പഠിച്ചു കളിയ്ക്കാന്‍ റെഡിയായിട്ടാണ് വന്നിരിക്കുന്നത്. സാബു പോലും പറഞ്ഞു, പഴയ രഞ്ജിനിയെ ഇവിടെ കാണുന്നില്ലല്ലോ, പകരം കാണുന്നത് ഒരു മലയാളി പെണ്ണിനെ ആണല്ലോ എന്ന്.  എന്നാല്‍  ആദ്യം മുതല്‍ തന്നെ രഞ്ജിനിക്ക് എല്ലാ തരത്തിലും എതിരാളിയാവാന്‍ എനിക്ക് കഴിഞ്ഞു. അതിനാല്‍ രഞ്ജിനി പറയുമായിരുന്നു, നിനക്ക് സ്‌ക്രീന്‍ സ്പേസ് തരില്ലെന്ന്. എന്നാല്‍ ഞാനവിടെ ചെയ്തത് പ്രേക്ഷകര്‍ക്ക് മനസ്സിലായില്ലെന്ന് പുറത്തിറങ്ങിയപ്പോള്‍ തോന്നുന്നു. കാരണം രഞ്ജിനിക്ക് കിട്ടിയ അത്രയും സ്‌ക്രീന്‍ സ്പെയ്സ് എനിക്ക് കിട്ടിയിട്ടില്ല.

രഞ്ജിനി അങ്ങനെ ഫെയര്‍ പ്‌ളേയുടെ ആളൊന്നുമല്ല. ജയിക്കാന്‍ എല്ലാ കളിയും കളിക്കും. ഉദാഹരണമായി സുരേഷേട്ടന്‍ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശനം വന്നപ്പോള്‍  സാബു ചേട്ടന്‍ 'മൈ ... ' കൂട്ടി ഒരു തെറി പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ ആയിട്ടും രഞ്ജിനി അത് കേട്ടതായി നടിച്ചില്ല. എലിമിനേഷന് അവസരം വന്നപ്പോള്‍ തെറി പറഞ്ഞ സാബുവിനെ ഒഴിവാക്കി ഹിമ സ്‌ട്രോങ് കണ്ടസ്റ്റന്റ് ആയതിനാല്‍ ഹിമയെ നോമിനേറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞു.

രഞ്ജിനിക്ക് വേണ്ടത് മാത്രമേ രഞ്ജിനി കാണു. ഇപ്പൊള്‍ ശ്വേതയും രഞ്ജിനിയും ഒറ്റക്കെട്ടാണ്. രഞ്ജിനിയുടെ ബഹളവും വഴക്കുമൊക്കെ പ്രേക്ഷകര്‍ക്ക് മുന്‍പേ പരിചയമുള്ളതിനാല്‍ ബിഗ് ബോസ് വീടിനകത്തും അവള്‍ക്ക് അതൊക്കെ കാണിക്കാം. കാണുന്നവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല എന്നത് രഞ്ജിനിയുടെ ഗെയിമിലെ പ്ലസ് പോയിന്റാണ്. ബിഗ് ബോസിന് പുറത്തു പരസ്പരം സംവദിക്കാന്‍ കഴിയുന്ന ഒരു വേവ് ലെങ്ത്തും അടുപ്പവും ഞങ്ങള്‍ തമ്മില്‍ ഉണ്ട് . 

എനിക്കിപ്പോ സാബുവിനെ മിസ് ചെയ്യുന്നുണ്ട്

എനിക്ക് അവിടെ ഏറ്റവും ഇഷ്ടമുള്ള ആളാണ് സാബു. എനിക്കിപ്പോ സാബുവിനെ മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ അതേസമയം ഞങ്ങള്‍ തമ്മില്‍ ഉള്ളത് ഒരു ലൗ & ഹേറ്റ് റിലേഷന്‍ഷിപ്പാണ്. 

സാബു ശരിക്കും രണ്ടു വ്യക്തിയാണ്. തരികിട സാബുവും സാബുവും. തരികിട സാബുവിനെ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പുള്ളി വളരെ ഫ്രസ്‌ട്രേറ്റഡ് ആയ ഒരാളാണ്. അതേസമയം മറ്റേ സാബു വളരെ നല്ലൊരു വ്യക്തിയാണ്. 

അതിനാല്‍ തന്നെയാണ് പുള്ളി എന്നെ എലിമിനേഷന് നോമിനേറ്റ് ചെയ്തതും. പുള്ളിയുടെ ഇമോഷണല്‍ വീക്‌നെസ് മനസ്സിലാക്കിയ ഞാന്‍ പുള്ളിയെ കൂട്ടികെട്ടാന്‍  പറ്റുന്ന ഒരു ത്രെഡ് ആണെന്ന് സാബുവിന് മനസ്സിലായി. രഞ്ജിനി എനിക്ക് പിടുത്തം തരാതെ  ഒഴിഞ്ഞു മാറിയപ്പോള്‍ സാബു എന്നോട് വളരെ പെട്ടെന്ന് ഇമോഷണലി കണക്ടഡ് ആയി. ആദ്യമൊന്നും എന്നെ തീരെ ഇഷ്ടമല്ലായിരുന്നു. 

മുന്നില്‍ നിന്നും പിന്നില്‍ നിന്നും കളിയ്ക്കാന്‍ അര്‍ച്ചനയ്ക്ക് അറിയാം

അര്‍ച്ചന വളരെ നല്ല ഒരു കണ്ടസ്റ്റന്റ് ആണ്. എനിക്ക് അവിടെ ചെല്ലുന്നതിനു മുന്‍പ് അര്‍ച്ചനയെ കുറിച്ചുണ്ടായിരുന്ന ധാരണ അഗ്രസീവ് ആയ ഒരു നെഗറ്റീവ് ഇമേജ് ആയിരുന്നു. എന്നാല്‍ അടുത്തറിഞ്ഞപ്പോള്‍ അര്‍ച്ചന വളരെ പോസിറ്റീവ് ആയ, സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയ വ്യക്തിയാണ്. എന്നാല്‍ അതെ സമയം മുന്നില്‍ നിന്നും പിന്നില്‍ നിന്നും കളിയ്ക്കാന്‍ അര്‍ച്ചനയ്ക്ക് അറിയുകയും ചെയ്യാം. 

എന്നാല്‍ വ്യക്തമായ നിലപാടുകള്‍ എടുക്കേണ്ട ഘട്ടങ്ങള്‍ വരുമ്പോള്‍ അര്‍ച്ചന എങ്ങനെ പെരുമാറും എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ആ ഒരു ഭാഗം ഇതുവരെ എക്‌സ്‌പോസ് ചെയ്തിട്ടില്ല. സാബുവിനും രഞ്ജിനിക്കും അര്‍ച്ചന ഒരു എതിരാളി തന്നെയാണ്. 

സുരേഷേട്ടന്‍ നന്നായി കള്ളവും പറയും

പുള്ളി ക്യൂട്ട് ആണ്. കുറുമ്പനാണ്. അതെ സമയം നന്നായി കള്ളവും പറയും. സത്യസന്ധത കാണിക്കുന്നവരോട് കാണിക്കും. അവര്‍ക്ക് വേണ്ടി എന്തും ചെയ്യും. പേളിക്കും സാബുവിനും അനൂപിനും വേണ്ടി പുള്ളി എന്തും ചെയ്യും. 

ആരോടും വഴക്കിടും. എന്നാല്‍ അതെ സമയം എന്നെ കുറിച്ചൊക്കെ കള്ളം പറയും. മസാജ് ചെയ്തപ്പോ തല വേദനിച്ചുവെന്ന് പറഞ്ഞത് കള്ളമായിരുന്നു. അതിനെ മറ്റൊരു കള്ളം കൊണ്ട് ശ്രീലക്ഷ്മി നേരിട്ടപ്പോള്‍ വയലന്റായി. കളിക്കാനൊന്നും അറിയില്ല. പുള്ളി ഇതൊക്കെ എന്താണെന്നു പഠിച്ചു വരുന്നു .  

അനൂപ് ചന്ദ്രന്‍ ശരിക്കും പാവമാണ്

അനൂപിനു കളിയെ കുറിച്ച് വലിയ ധാരണ ഒന്നുമില്ല. ഇപ്പോള്‍ സംഭവമൊക്കെ മനസ്സിലാക്കി വരുന്നു. ശരിക്കും ഒരു പാവമാണ് പുള്ളി.  എളുപ്പത്തില്‍ ഇമോഷണലി തകര്‍ത്തു കളയാന്‍ കഴിയും. ഒരു ടിപ്പിക്കല്‍ മലയാളി പുരുഷന്‍ ആണ്, നിലപാടുകളുടെയും സ്ത്രീ പക്ഷത്തിന്റെയും ഒക്കെ കാര്യത്തില്‍ . 

ദിയ സനയെ എളുപ്പം പ്രകോപിപ്പിക്കാനാവും

ദിയ സന ഒരു നല്ല വ്യക്തിയാണ്. നിലപാടൊക്കെ ഉണ്ട്. എന്നാല്‍ എനിക്ക് തോന്നുന്ന ഒരു കാര്യം രണ്ടു വശത്തും നിന്ന് കളിക്കാനറിയാം എന്നതാണ്. വ്യക്തമായ നിലപാട് ഒക്കെ ഉണ്ടെങ്കിലും ചില വിഷയത്തില്‍ മിണ്ടാതിരിക്കും. ചിലതില്‍ പരിധി വിട്ട് പൊട്ടിത്തെറിക്കും. 

എളുപ്പത്തില്‍ പ്രകോപിപ്പിക്കാനും ഇമോഷണലി തളര്‍ത്താനും സാധിക്കും. അന്ന് സാബു ദിയയെ പ്രാങ്ക് ചെയ്തപ്പോള്‍ കണ്ടത് പോലെ എളുപ്പം പ്രതികരിക്കും. സാബുവിന് ദിയയെ പറ്റിക്കാന്‍ ഒട്ടും കഷ്ടപ്പെടേണ്ടി വന്നില്ല. എളുപ്പം കഴിഞ്ഞു . 

ഈ ഷോയില്‍ കാണുന്നതാണ് യഥാര്‍ത്ഥ പേളി

പേളി മാണി എന്ന വ്യക്തിയുടെ യഥാര്‍ത്ഥ മുഖം ഈ ഷോയിലൂടെ കാണാന്‍ കഴിയും. നമ്മള്‍ സ്‌ക്രീനില്‍ കാണുന്ന കാണുന്ന പേളിയല്ല യഥാര്‍ത്ഥ പേളി. ബിഗ് ബോസില്‍ ആദ്യ ആഴ്ച കണ്ടത് തന്നെയാണ് യഥാര്‍ത്ഥ പേളി. കരഞ്ഞും ഭയന്നും ഒതുങ്ങി കൂടുന്ന ഒരാള്‍ . എന്നാല്‍ 29 വയസ്സുള്ള ഒരാള്‍ എന്തുകൊണ്ടിങ്ങനെ ആവുന്നു? കരച്ചിലാണ് പ്രധാന പരിപാടി. 

ഒരു പക്ഷെ ഇവിടുത്തെ അനുഭവങ്ങള്‍ പേളിക്ക് നല്ല മാറ്റം  വരുത്തും . ഇപ്പോള്‍ അരിസ്റ്റോ സുരേഷിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അതൊക്കെ മാറി ഒരു ഇന്‍ഡിപെന്‍ഡന്റാായ പേളി ചിലപ്പോള്‍ ഉണ്ടാവും. ഗെയിം  മുന്നോട്ട് പോകുമ്പോള്‍ ഇതൊക്കെ എങ്ങനെ വരുമെന്ന് അറിയില്ല. ഒരു സ്‌ക്രിപ്റ്റ് ഇല്ലാതെ, ക്യാമറക്ക് മുന്നില്‍ പേളി അത്ര നല്ല പെര്‍ഫോര്‍മര്‍ അല്ല. 

ദീപന്‍ എന്തെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു

ദീപന്‍ ഇങ്ങനെ ഒതുങ്ങിയൊക്കെ  അവിടെ കഴിഞ്ഞു കൂടി പോകുന്നു. അര്‍ച്ചനയുമായി നല്ല ഒരു ബന്ധമുണ്ട്. നിലപാടിലൊക്കെ വെള്ളം ചേര്‍ക്കുന്നതായി ഇടക്ക് തോന്നു. ദീപന്‍ എന്തെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു. 

ശ്രീനിഷ് എല്ലായിടത്തും കോംപ്രമൈസ് ചെയ്യും

ഒരു പാവമാണ്. ആരും വഴക്ക് കൂടുന്നതൊന്നും ഇഷ്ടമല്ല. അതുകൊണ്ട് എപ്പോഴും എല്ലായിടത്തും കോംപ്രമൈസ് ചെയ്യും. അന്ന് ക്യാപ്റ്റന്‍സി ടാസ്‌ക്കിലൊക്കെ കണ്ട പോലെ പലവിധ ഭയങ്ങളുള്ള ആളാണ്. ശ്വേതയെ ഒക്കെ മുതിര്‍ന്ന ആര്‍ട്ടിസ്‌റ് എന്ന രീതിയിലും സ്ത്രീ എന്ന രീതിയിലുമൊക്കെ ഭയവും ബഹുമാനവുമൊക്കെയാണ്. ശ്രീനിഷിനെ വിലയിരുത്താന്‍ ഇനിയും സമയം ആവശ്യമുണ്ട്. 

ബഷീര്‍ സ്വന്തം കാര്യത്തില്‍ പുരോഗമനവാദി; മറ്റുള്ളവരുടെ കാര്യത്തില്‍ സദാചാരവാദി

ഒരേ സമയം പുരോഗമനവും സദാചാരവും പറയുന്ന ആളാണ്. സ്വന്തം കാര്യത്തില്‍ വലിയ പുരോഗമന വാദിയും മറ്റുള്ളവരുടെ കാര്യത്തില്‍ സദാചാരവാദിയും. അയാള്‍ ആരാണെന്ന് അയാള്‍ക്ക് തന്നെ അറിയില്ല എന്നതാണ് സത്യം. 

അതിഥി എന്തെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു

അതിഥി എന്താണെന്ന് അവള്‍ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. ഓരോ വിഷയത്തിലുമുള്ള നിലപാടുകളൊക്കെ പുറത്തു വരണം. അവള്‍ കാണിക്കുന്ന ഇമോഷന്‍സ് സത്യസന്ധമാണെങ്കില്‍, അത് പ്രേക്ഷകര്‍ക്ക് മനസ്സിലായാല്‍ അവള്‍ ഷോയില്‍ നില നില്‍ക്കും. അതിനു അവള്‍ക്ക് കഴിയുമോ എന്ന് നോക്കാം. എന്നാല്‍ അതിഥിയെ ഇമോഷണലി എളുപ്പത്തില്‍ തകര്‍ക്കാം . 

ശ്രീലക്ഷ്മി നിലപാടൊന്നും എടുത്തിട്ടില്ല

കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയാണ് ശ്രീലക്ഷ്മി. പക്വതയൊക്കെ ഉണ്ട്. എന്നാല്‍ നിലപാടുകളിലെ തെളിച്ചമൊക്കെ അറിയേണ്ടിയിരിക്കുന്നു. ഇപ്പോ രഞ്ജിനിയെ ആശ്രയിച്ചൊക്കെയാണ് നില്‍ക്കുന്നത്. ഇത് വരെ ഒരു വിഷയത്തിലും അങ്ങനെ നിലപാട് ഒന്നും എടുത്തില്ല .

ഷിയാസിന്റെ നില്‍പ്പ് രസമാണ് 

അവന്റെ വരവും അവിടത്തെ നില്‍പ്പുമൊക്കെ രസമാണ്. അഗ്രസീവ് ആണ്. അടുത്തറിയാന്‍ അവസരം കിട്ടിയില്ല. 

ഹിമ ഹിമയെക്കുറിച്ച് പറയുന്നത്: 
സാബുവിനും രഞ്ജിനിക്കുമൊക്കെ വെല്ലുവിളി ഉയര്‍ത്താന്‍ ആദ്യ ആഴ്ചയില്‍ തന്നെ എനിക്ക് കഴിഞ്ഞു എന്നത് കൊണ്ടാണ് ഞാനിന്നും പുറത്തു നില്‍ക്കുന്നത്. എന്നാല്‍ അവര്‍ക്ക് കിട്ടിയ അത്രയും ഈക്വല്‍ സ്‌ക്രീന്‍ സ്പെയ്സ് എനിക്ക് കിട്ടാത്തതിനാല്‍ പ്രേക്ഷകര്‍ക്കത് മനസ്സിലായോ എന്നറിയില്ല. വലിയ കളികള്‍ക്ക് അവസരം കിട്ടിയില്ല. ചെറിയ കളികള്‍ കളിച്ചപ്പോഴേ പുറത്തായി.
 
സാബുവിനെ മൂക്ക് കൊണ്ട് 'ക്ഷ' വരപ്പിക്കാനായി എനിക്ക്. ആ കോടതി സീനില്‍ മാത്രമാണ് എനിക്ക് ആകെ അവസരം കിട്ടിയത്. ഞാനത് നന്നായി ഉപയോഗിക്കുകയും സാബുവിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. എനിക്ക് എന്നെ പ്രൂവ് ചെയ്യാന്‍ അവസരം കിട്ടിയില്ല എന്ന തോന്നലുണ്ട്. 

വീണ്ടും ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഗെയിമില്‍ ചേരാന്‍ പറ്റിയെങ്കില്‍ എന്നാഗ്രഹിക്കുന്നു. സാബുവിനും രഞ്ജിനിക്കും അര്‍ച്ചനക്കും ഒപ്പം കട്ടക്ക് പിടിച്ചു നില്‍ക്കുന്ന സ്‌ട്രോങ് മത്സരാര്‍ഥിയാണ് ഞാന്‍. സ്ക്രീനില്‍ വന്നത് സാബുവിനെ പ്രതിരോധത്തിലാക്കുന്ന കോടതി സീന്‍ മാത്രമാണ്. എന്നാല്‍ അവിടെ സാബുവിനെയും രഞ്ജിനിയെയും പ്രതിരോധത്തിലാക്കുന്ന മറ്റ് നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതൊന്നും സ്ക്രീനില്‍ വന്നിട്ടില്ല. ഇനിയുമെനിക്കൊരു അവസരം ലഭിച്ചാല്‍ ഇവരെ പ്രതിരോധത്തിലാക്കാന്‍ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അതൊന്നും എനിക്ക് തീരുമാനിക്കാന്‍ കഴിയില്ലല്ലോ. ബിഗ് ബോസ് അല്ലേ തീരുമാനിക്കേണ്ടത്.

 

ബിഗ് ബോസ് റിവ്യൂ. രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് റിവ്യൂ.ശ്വേതാ മേനോന്‍

ബിഗ് ബോസ് റിവ്യൂ.തരികിട സാബു

ബിഗ് ബോസ് റിവ്യൂ.പേളി മാണി

ശ്വേതയും രഞ്ജിനിയും അടക്കിവാഴുന്ന ഒരു 'ഫെമിനിച്ചി' വീടാണോ ബിഗ് ബോസ്​

ശ്വേതയുടെ മാടമ്പിത്തരത്തിന് താല്‍ക്കാലിക അറുതി?

ബിഗ്‌ബോസിനും മലയാളിക്കും ഹിമയെ  മനസ്സിലാവാത്തതിന്റെ കാരണങ്ങള്‍

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ ; മുതലയുടെ വാലിൽ പിടിച്ച് വലിച്ച് റീൽസെടുക്കാൻ യുവാക്കൾ
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !