ഇനി ജീവിതം പഴയതുപോലല്ല, ഭിന്നശേഷിക്കാര്‍ക്ക് ഇതാ ഒരു ഡേറ്റിംഗ് ആപ്പ്

By web deskFirst Published Jul 18, 2018, 12:56 PM IST
Highlights
  • ഭിന്നശേഷിക്കാര്‍ക്കായുള്ള ഡേറ്റിങ്ങ്, സോഷ്യല്‍ ആപ്പ്
  • തുടക്കം ഗുരുഗ്രാമില്‍ നിന്ന്
  • ശങ്കര്‍ ശ്രീനിവാസ്, കല്ല്യാണി ഖന്ന എന്നിവര്‍ തുടക്കമിട്ടു
  • സൌഹൃദം, പ്രണയം, ആഘോഷം ഇവയെല്ലാമുണ്ടിന്ന് ഇവര്‍ക്ക്

ഭിന്നശേഷിക്കാരായ ജനങ്ങളോട് സൌഹൃദം പുലര്‍ത്തുന്നവയല്ല നമ്മുടെ ഒരു സിസ്റ്റവും. പൊതുവിടങ്ങളായാലും, സര്‍ക്കാരായാലും, ജനങ്ങളുടെ മനസ്ഥിതിയായാലും എല്ലാം. ഇതിലൊക്കെ കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് ഭിന്നശേഷിക്കാര്‍ക്ക് പുതുജീവിതവും പുതുലോകവും സമ്മാനിച്ച ഒരു ആപ്പുണ്ട്. inclov.ഭിന്നശേഷിക്കാര്‍ക്കായുള്ള ഡേറ്റിങ്ങ്, സോഷ്യല്‍ ആപ്പാണ് inclov. 

നിരവധി പ്രശ്നങ്ങളാണ് ഇതിലുണ്ടായിരുന്ന ഓരോ അംഗവും  മുമ്പ് അനുഭവിച്ചിരുന്നത്. ഒരു പരിപാടികളിലും പങ്കെടുക്കാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ല ഇവര്‍ക്ക്. അഥവാ ആത്മവിശ്വാസത്തോടെ പങ്കെടുക്കാന്‍ ചെന്നാല്‍ തന്നെയും മറ്റുള്ളവരുടെ സമീപനം ഇവരെ മടുപ്പിക്കാറാണ്. 

എന്നാല്‍ ഇവരൊക്കെ ദില്ലിയിലെ ഒരു നൈറ്റ് ക്ലബ്ബില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. പലര്‍ക്കും പറയാന്‍ അവഗണിക്കപ്പെട്ടതിന്‍റെയും മറ്റും ഒരുപാട് അനുഭവങ്ങളുണ്ട്. മുപ്പത്തിനാലുകാരനായ മനീഷ് രാജ് പറയുന്നു, ''നേരത്തേ ഞാന്‍ സുഹൃത്തുക്കളുടെ കൂടെ കൊല്‍ക്കത്തയിലെ ഒരു പബ്ബില്‍ പോയിരുന്നു, ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാന്‍. പക്ഷെ, അവിടെയെത്തിയപ്പോള്‍ അവിടെയുള്ളവരെന്നെ അകത്തേക്ക് കയറ്റിവിട്ടില്ല. എന്‍റെ വീല്‍ചെയര്‍ അവിടെയുള്ള മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുമെന്ന് പറഞ്ഞായിരുന്നു അത്. '' ഇപ്പോള്‍ മനീഷ് കംഫര്‍ട്ടാണ്. ഇതുപോലെയുള്ള ഒരുപാട് പരിപാടികളില്‍ മനീഷ് ഇപ്പോള്‍ പങ്കെടുക്കുന്നുണ്ട്. 

പലരും ഭിന്നശേഷിക്കാരായ മക്കളെപ്പോലും പല പൊതുവിടങ്ങളിലും കൊണ്ടുചേല്ലാതിരിക്കാറാണ്. അവര്‍ക്കും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടോ വിഷമമോ ആകണ്ട എന്ന് കരുതിയാണത് അത്. ഈ അവസ്ഥയില്‍ നിന്നാണ് ഗുരുഗ്രാമിലെ ശങ്കര്‍ ശ്രീനിവാസന്‍, കല്യാണി ഖന്ന എന്നിവര്‍ ചേര്‍ന്ന് ആപ്പിന് രൂപം നല്‍കുന്നത്. ആദ്യം അവര്‍ വാണ്ടഡ് അംബ്രല്ല (wanted umbrella) എന്നൊരു ഓഫ് ലൈന്‍ ഏജന്‍സി തുടങ്ങി. അത് സൈറ്റും പിന്നീട് മൊബൈല്‍ ആപ്പുമായി. 

''ഇന്ത്യയില്‍ മാത്രം 80 മില്ല്യണ്‍ ജനങ്ങളുണ്ട് ഭിന്നശേഷിക്കാരായി. ഇവരെയൊക്കെ ഒന്നിച്ചു നിര്‍ത്തുന്നത് ടെക്നോളജിയിലൂടെ മാത്രമേ പറ്റൂ. '' എന്നാണ് ശങ്കര്‍ ശ്രീനിവാസ് പറഞ്ഞത്. ക്രൌഡ് ഫണ്ടിങ്ങ് ക്യാമ്പയിനിലൂടെയാണ് ആപ്പ് ഡെവലപ്പര്‍ക്ക് നല്‍കാനുള്ള പണം സ്വരൂപിച്ചത്. പിന്നീടവര്‍, ഭിന്നശേഷിക്കാരായ ഒരുപാടുപേരോട് സംസാരിച്ചു. എന്താണ് ഇത്തരമൊരു ആപ്പില്‍ നിന്ന് അവര്‍ ആഗ്രഹിക്കുന്നത് എന്നറിയാനായിരുന്നു അത്. 2016 ജനുവരിയിലാണ് ആപ്പ് പ്രവര്‍ത്തനം തുടങ്ങുന്നത്. അത് ളര്‍ന്നു തുടങ്ങി.

അപ്പോഴും പരസ്പരം മുഖത്തുനോക്കി സംസാരിക്കുന്നതുപോലെ ആപ്പിലൂടെ സംസാരിക്കാന്‍ ആരും തയ്യാറായില്ല. സുരക്ഷയെ കുറിച്ചുള്ള ഭയമായിരുന്നു ഇതിന് കാരണം. അങ്ങനെയാണ് അവര്‍ക്ക് നേരില്‍ പരിചയപ്പെടാനും സംസാരിക്കാനുമൊക്കെയായി പരിപാടികള്‍ വച്ചുതുടങ്ങിയത്. ആദ്യം അത് ദില്ലിയിലെ ഒരു ചെറിയ കഫേയിലായിരുന്നു. ആകെ പങ്കെടുത്തത് അഞ്ച് പേര്‍. പക്ഷെ, പിന്നീട്, മുംബൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, കൊല്‍കത്ത, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലായി അമ്പതിലേറെ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.

കിറ്റി സുവില്‍ നടന്ന പരിപാടിയില്‍ അമ്പതുപേരാണ് പങ്കെടുത്തത്. ഹോട്ടല്‍, കഫേ, ബീച്ച് തുടങ്ങി വ്യത്യസ്ത സ്ഥലങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 

അപ്പോഴും ശങ്കര്‍ ശ്രീനിവാസ് പറയുന്നത്, ഞങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഇവര്‍ക്കൊരു പ്ലാറ്റ് ഫോം നല്‍കുകയും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് കഴിയും വിധം പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് എന്നാണ്. സാധാരണക്കാരായവരിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും ശങ്കര്‍ പറയുന്നുണ്ട്. 

തീര്‍ന്നില്ല, ഈ ആപ്പ് വഴി പരിചയപ്പെട്ട്, സൌഹൃദത്തിലായി വിവാഹം കഴിക്കാനോരുങ്ങി നില്‍പ്പുണ്ട് നാലുപേര്‍. അലോക്-ശ്വേത, അഞ്ജലി-അര്‍പ്പണ്‍ എന്നിവരുടെ വിവാഹം ഈ മാസമാണ്. inclov ലൂടെയാണ് അവരുടെ പ്രണയം മൊട്ടിട്ടത്. പിന്നെയത് പൂത്തുലഞ്ഞു. അംഗങ്ങളുടെ സ്നേഹത്തോടെ അവര്‍ വിവാഹിതരാവുന്നു. 

ഏതായാലും inclov വഴി അതുവരെയില്ലാത്ത സൌഹൃദവും, പ്രണയവും, ആഘോഷവും അനുഭവിക്കുകയാണിവര്‍. 

ചിത്രങ്ങള്‍ക്ക് കടപ്പാട്:

click me!