ജപ്പാനിലും ഒരു കേരളഗ്രാമമുണ്ട്? എങ്ങനെയാണ് ഈ ഗ്രാമം അവിടെയെത്തിയത്?

By Web TeamFirst Published Sep 29, 2020, 12:59 PM IST
Highlights

ഇതിൽ ഉപയോഗിച്ചിരിക്കുന്ന മിക്കവാറും എല്ലാ വസ്തുക്കളും കേരളത്തിൽ നിന്ന് ജപ്പാനിലേക്ക് കയറ്റി അയക്കപ്പെട്ടതാണ്.

ലോകത്തിന്റെ ഏത് കോണിലായാലും ഗൃഹാതുരത്വം ഉള്ളിൽ സൂക്ഷിക്കുന്നവരാണ് മലയാളികൾ. ചൂടുചായയും, പഴംപൊരിയും ലഭിച്ചിരുന്ന ചായപ്പീടികകളും, തലയുയർത്തി നിൽക്കുന്ന തറവാടുകളും, നീന്തിത്തിമിർത്ത കുളങ്ങളും എല്ലാം ആ ഗൃഹാതുരതയുടെ ഭാഗമാണ്. എന്നാൽ, കേരളത്തിന്റെ മണ്ണിൽ മാത്രമല്ല ഇതെല്ലാം ഉള്ളത്, അങ്ങ് ജപ്പാനിലും ഇപ്പറഞ്ഞ കുളവും, തറവാടും, ചായപ്പീടികയുമൊക്കെയുണ്ട്. ജപ്പാനിലെ നയോഗ പട്ടണത്തിലെ ഇനിയുമ എന്ന സ്ഥലത്തെത്തിയാല്‍ ഒരു നിമിഷം നമ്മൾ കേരളത്തിലാണോ എന്ന് ചിന്തിച്ചു പോകും. അവിടെയുള്ള ഒരു ഓപ്പൺ എയർ മ്യൂസിയത്തിൽ പാലക്കാടൻ മാതൃകയിലുള്ള തറവാടും, കുളവും എല്ലാമുണ്ട്.  

'ദ ലിറ്റില്‍ വേള്‍ഡ് മ്യൂസിയം ഓഫ് മാന്‍' എന്നാണ് ജപ്പാനിലെ ആ മ്യൂസിയത്തിന്റെ പേര്. കേരളത്തിന്റെ മാത്രമല്ല, ലോകത്തിലെ 22 രാജ്യങ്ങളില്‍ നിന്നുള്ള വീടുകള്‍ ഇവിടെയുണ്ട്. അവിടെ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നമ്മുടെ കേരള മോഡൽ ഗ്രാമമാണ് എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. 1970 -ൽ ഒരു നരവംശശാസ്ത്ര മ്യൂസിയമായും, അമ്യൂസ്‌മെന്റ് പാർക്കായും ആരംഭിച്ച ഈ മ്യൂസിയം പിന്നീട് പല രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത വാസ്തുവിദ്യ ശൈലിയിൽ നിർമ്മിതമായ കെട്ടിടങ്ങളെ ഉൾക്കൊള്ളിക്കാൻ തുടങ്ങി. മ്യൂസിയത്തിലെ ഓരോ വീടുകളും ഓരോ രാജ്യത്തിന്റെ സംസ്‍കാരത്തെ, പാരമ്പര്യത്തെ, ജീവിതശൈലിയെ പ്രതിനിധീകരിക്കുന്നു.  

മ്യൂസിയത്തിൽ കാണുന്ന പരമ്പരാഗത കേരളഭവനം വെട്ടുകല്ലുകൊണ്ട് നിർമ്മിച്ചതാണ്. ഇതിന് ‘ചനകത്ത് ഹൗസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മിക്കവാറും എല്ലാ വസ്തുക്കളും കേരളത്തിൽ നിന്ന് ജപ്പാനിലേക്ക് കയറ്റി അയക്കപ്പെട്ടതാണ്. നീളമുള്ള വരാന്തയും, നടുമുറ്റവും, ചാരുകസേരയും, തുളസിത്തറയും, ഉറക്കറയും തുടങ്ങി ഒരു തറവാട്ടിൽ കാണുന്ന എല്ലാം അവിടെ നമുക്ക് കാണാം. നായർ ശൈലിയിലുള്ള വാസ്തുവിദ്യയാണ് വീട് നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമം മുഴുവൻ ചരിത്രപരമായി പുനർനിർമ്മിക്കാൻ മ്യൂസിയത്തിന് കഴിഞ്ഞിട്ടുണ്ട്. വീട്ടിനകത്ത് ഉപയോഗിച്ചിരിക്കുന്ന വീട്ടുസാധനങ്ങൾക്കും, ഉപകരണങ്ങൾക്കും എന്തിനേറെ പൂജാമുറിയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ വരെ കേരളത്തനിമ നിറഞ്ഞതാണ്. ആകെ മൊത്തം ആ ഗ്രാമം കണ്ടാൽ കേരളത്തെ പറിച്ചെടുത്ത് അവിടെക്കൊണ്ട് വച്ചിരിക്കുന്ന ഒരു പ്രതീതിയാണ് തോന്നുക. അതെല്ലാം കാണുമ്പോൾ പണ്ടത്തെ ജീവിതശൈലിയും, കൂട്ടുകുടുംബവും നമുക്ക് ഓർമ്മ വരും.  

വാസ്തുവിദ്യ മാത്രമല്ല, കേരളത്തിന്റെ സ്വന്തം രുചികളും അവിടെ ലഭ്യമാണ്. വീടിന് പുറത്തായി നല്ല ചൂട് ചായ കിട്ടുന്ന ഒരു ചായപ്പീടികയുമുണ്ട്. നിങ്ങൾ ഒരു ഭക്ഷണ പ്രിയനാണെങ്കിൽ, കേരളത്തിന്റെ മാത്രമല്ല,  ലോകത്തിന്റെ മുഴുരുചികളും ആസ്വദിക്കാൻ മ്യൂസിയത്തിന്റെ റെസ്റ്റാന്റിൽ സൗകര്യമുണ്ട്. ഇതിനുപുറമെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇവന്‍റുകളും, സാംസ്‍കാരിക പരിപാടികളും മ്യൂസിയം സംഘടിപ്പിക്കുന്നുണ്ട്. അവിടെ മുതിർന്നവർക്ക് പ്രവേശന ഫീസ് 1,500 യെൻ ആണ്.  

click me!