വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞുപോയ, മയക്കുമരുന്നിന് അടിമയായ അമ്മ; ജയിലിലായ അമ്മയ്ക്ക് പുതുജീവിതം നല്‍കി മകള്‍

By Web TeamFirst Published Sep 28, 2020, 1:07 PM IST
Highlights

ജയിലില്‍ തടവുകാര്‍ക്ക് മൊബൈലുപയോഗിക്കാനുള്ള അവകാശമില്ലല്ലോ. അവിടെ ഒരു പേഫോണ്‍ ഉണ്ട്. 20 സ്ത്രീകള്‍ക്ക് ഒരു ദിവസം വിളിക്കാം. ഓരോ ദിവസവും 20 മിനിറ്റാണ് ഫോണ്‍ ചെയ്യാനായി ഓരോരുത്തര്‍ക്കും അനുവാദം കിട്ടുക. 

(സ്നേഹവും കരുതലും മനുഷ്യനെ മാറ്റിമറിക്കും. ഇത് മയക്കുമരുന്നിന് അടിമയായി, പിടിക്കപ്പെട്ട് Surrey -യിലെ ജയിലില്‍ കഴിഞ്ഞ ഒരമ്മയെ മകള്‍ മാറ്റിയെടുത്ത കഥയാണ്.)

ഒരു വര്‍ഷം മുമ്പാണ്, ക്ലെയറിനെ തേടി തികച്ചും അപരിചിതമായ നമ്പറില്‍ നിന്നും ഒരു ഫോണ്‍കോള്‍ വരുന്നത്. ആ ശബ്ദം അവള്‍ക്ക് പരിചിതമായിരുന്നു. പക്ഷേ, എത്രയോ കാലമായിരുന്നു അവളത് കേട്ടിട്ട്. ഫോണിന്‍റെ മറുപുറത്ത് അത്ര എളുപ്പത്തില്‍ ക്ലെയറിന് മറക്കാനാവാത്ത ഒരാളായിരുന്നു, അവളുടെ അമ്മ കാത്ത്. 'എനിക്ക് പോകാനെവിടെയുമൊരിടമില്ല, എന്നെ സഹായിക്കണം...' എന്നാണ് വര്‍ഷങ്ങള്‍ക്കുശേഷത്തെ ആ ഫോണ്‍വിളിയില്‍ അമ്മ തന്‍റെ മകളോട് അഭ്യര്‍ത്ഥിച്ചത്. 

എന്ത് ചെയ്യുമെന്ന് ക്ലെയറിന് ഒരു പിടിയുമില്ലായിരുന്നു. ഒരുഭാഗത്ത്, അമ്മ വീണ്ടും അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതില്‍ അവള്‍ക്ക് അമര്‍ഷം തോന്നിയിരുന്നു. എങ്കിലും അവള്‍ പെട്ടെന്ന് തന്നെ കുറച്ച് വസ്ത്രങ്ങളും അത്യാവശ്യം വേണ്ട ചില സാധനങ്ങളുമെല്ലാം വാങ്ങി അമ്മയെ കാണാന്‍ പുറപ്പെട്ടു. അടുത്തുള്ള ഒരു പാര്‍ക്കില്‍ വെച്ചായിരുന്നു അവരുടെ സമാഗമം. ഒരു പാക്കറ്റ് ചിപ്സ് പങ്കിട്ടുകൊണ്ട് അവര്‍ സംസാരിച്ചു. നീണ്ട കാലങ്ങള്‍ക്ക് ശേഷമുള്ള അവരുടെ ആദ്യത്തെ കണ്ടുമുട്ടലായിരുന്നു അത്. കാത്തിന്‍റെ അവസ്ഥ വളരെ മോശമായിരുന്നു. 'എനിക്ക് വീടില്ല, എന്‍റെ മാനസികാരോഗ്യത്തില്‍ പ്രശ്നങ്ങളുണ്ട്. ഞാന്‍ ഹെറോയിന്‍റെ പിടിയിലായിരുന്നു...' കാത്ത് പറഞ്ഞുകൊണ്ടേയിരുന്നു. കണ്ടുപിരിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ കാത്ത് രണ്ട് വര്‍ഷവും ഒമ്പത് മാസവും തടവിന് ശിക്ഷിക്കപ്പെട്ടു. 

കാത്തിന്‍റെ ജീവിതം

കാത്തിന്‍റെ ബാല്യകാലം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. അവളുടെ പിതാവ് ജയിലിലായിരുന്നു. കൗമാരത്തില്‍ത്തന്നെ കാത്ത് ക്ലെയറിനെ ഗര്‍ഭം ധരിച്ചു. വളര്‍ന്നു വരുമ്പോള്‍ തന്നെ തന്‍റെ അമ്മ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടന്ന സത്യം ക്ലെയര്‍ മനസിലാക്കി. ചെറിയ തോതിലാണെങ്കിലും വല്ലപ്പോഴുമാണെങ്കിലും അമ്മ അത് ഉപയോഗിക്കുന്നുണ്ട് എന്നതിന്‍റെ തെളിവുകള്‍ അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴും നല്ലതായിരിക്കാന്‍ തന്‍റെ അമ്മ ശ്രമിച്ചിരുന്നുവെന്ന് ക്ലെയര്‍ സമ്മതിക്കുന്നുണ്ട്. അവള്‍ക്ക് അമ്മയുമായി ബന്ധപ്പെട്ട കുറച്ച് നല്ല ഓര്‍മ്മകളുമുണ്ട്. അമ്മയും പങ്കാളിയും താമസിക്കുന്ന വീട്ടിലെ അവളുടെ പ്രിയപ്പെട്ട പട്ടിയും താന്‍ സ്കൗട്ട് ക്യാമ്പില്‍ നിന്ന് വരുമ്പോള്‍ അതും അമ്മയും തന്നെ സ്വീകരിക്കാനോടി വന്നതുമെല്ലാം അവള്‍ക്കോര്‍മ്മയുണ്ട്. 

എന്നാല്‍, 13 വയസായപ്പോള്‍ ക്ലെയര്‍ അച്ഛനൊപ്പം താമസിക്കാനായി പോയി. പിന്നെ വര്‍ഷങ്ങളോളം അവള്‍ അമ്മയെ കണ്ടിട്ടില്ല. എന്നാല്‍, അവള്‍ക്ക് ഇടപെടാന്‍ താല്‍പര്യമില്ലാത്ത പല കാര്യങ്ങളും അമ്മയുടെ ജീവിതത്തില്‍ നടക്കുന്നുണ്ട് എന്ന് അവള്‍ അറിയുന്നുണ്ടായിരുന്നു. തന്‍റെ ഭാവി ഭദ്രമാകണമെങ്കില്‍ അതിലൊന്നും ഇടപെടാതെയിരിക്കുന്നത് തന്നെയാണ് തല്ലതെന്നും ക്ലെയറിന് തോന്നി. അവള്‍ക്ക് തന്‍റെ ഭാവിയെ കുറിച്ച് കൃത്യമായ പദ്ധതികളുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കണം എന്ന് അവള്‍ തീരുമാനിച്ചിരുന്നു. അവളിപ്പോള്‍ അവിടെ തന്നെയാണ് എത്തിനില്‍ക്കുന്നതും. ഇപ്പോള്‍ ഇരുപത്തിയൊന്നുകാരിയായ ക്ലെയര്‍ ജോലി ചെയ്യുന്നതിനൊപ്പം തന്നെ പഠിക്കുകയും ചെയ്യുന്നു. പങ്കാളിക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്. എന്തുകൊണ്ടും സെറ്റില്‍ഡ് എന്ന് പറയാവുന്ന ജീവിതം. സുരക്ഷിതം എന്ന് തോന്നുന്ന ജീവിതം. അതുകൊണ്ടൊക്കെ തന്നെയാവാം അമ്മ വിളിച്ചപ്പോള്‍ അവള്‍ക്ക് പ്രയാസം തോന്നിയതും. എങ്കിലും അമ്മയെ സഹായിക്കാം എന്ന് അവള്‍ തീരുമാനിച്ചു. അമ്മ എന്നതിനു പകരം സഹായം ആവശ്യമുള്ള ഏതോ ഒരു സ്ത്രീക്ക് സഹായമാവുന്നു എന്ന തോന്നല്‍ മാത്രമേ അവളിലുണ്ടായിരുന്നുള്ളൂ. 

എന്നാല്‍, അമ്മയെ കാണാന്‍ ജയിലിലെത്തിയ അവളുടെ മനോനില ആകെ മാറിമറഞ്ഞു. വളരെ മെലിഞ്ഞ്, കാണുമ്പോള്‍ തന്നെ ക്ഷീണിച്ച് അസുഖബാധിതയായ ഒരു സ്ത്രീ... അവളുടെ ഓര്‍മ്മയിലുള്ള അമ്മയേ അല്ല. എന്തുകൊണ്ട് അമ്മയെ സഹായിച്ചുകൂടാ എന്ന തോന്നല്‍ അവിടെവച്ചാണ് ക്ലെയറിലുണ്ടാവുന്നത്. അമ്മയുടെ തടവുകാലങ്ങളിലെല്ലാം അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ പിന്തുണയാവാന്‍ തന്നെ ആ നിമിഷം ക്ലെയര്‍ തീരുമാനിച്ചു. എന്നാല്‍, ജയിലിനകത്തുള്ള ഒരാളുമായി ബന്ധപ്പെടുക എന്നത് അത്ര എളുപ്പമല്ല എന്നും അവള്‍ക്ക് മനസിലായി. എന്നിട്ടും അവള്‍ക്ക് പറ്റുമ്പോഴെല്ലാം അവള്‍ അമ്മയ്ക്ക് കത്തുകളയച്ചു. കാണാനാവുമ്പോഴെല്ലാം ചെന്ന് കണ്ടു. എന്നാല്‍, കൊവിഡ് വന്നപ്പോള്‍ അതും നിലച്ചു. 

ജയിലില്‍ തടവുകാര്‍ക്ക് മൊബൈലുപയോഗിക്കാനുള്ള അവകാശമില്ലല്ലോ. അവിടെ ഒരു പേഫോണ്‍ ഉണ്ട്. 20 സ്ത്രീകള്‍ക്ക് ഒരു ദിവസം വിളിക്കാം. ഓരോ ദിവസവും 20 മിനിറ്റാണ് ഫോണ്‍ ചെയ്യാനായി ഓരോരുത്തര്‍ക്കും അനുവാദം കിട്ടുക. കാത്തിനെ പാര്‍പ്പിച്ച സ്ഥലത്ത് രാത്രി ഒമ്പത് മണിവരെയാണ് ഫോണ്‍ ചെയ്യാനുള്ള സമയം. തടവുകാര്‍ക്ക് ഫോണ്‍ വിളിക്കാനുള്ള അവസരം വളരെ കുറവായിരിക്കും. മാത്രവുമല്ല, കുടുംബാംഗങ്ങള്‍ക്ക് അവരെ വിളിക്കാനുള്ള അവസരവുമില്ല. 

ഫേസ്ബുക്ക് ഗ്രൂപ്പ്

ആ സമയത്ത് ജയിലില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി ക്ലെയര്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങി. അമ്മയുമായി സംസാരിക്കുന്ന കാര്യത്തില്‍ താന്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അവള്‍ അതില്‍ പോസ്റ്റ് ചെയ്തു. അപ്പോഴാണ് ഒരാള്‍ 'പ്രിസണ്‍ വോയ്‍സ് മെയില്‍' എന്ന ആപ്പിനെ കുറിച്ച് അവളോട് പറയുന്നത്. ഇതിലൂടെ ഒരു തടവുകാരന് എപ്പോള്‍ വേണമെങ്കിലും സന്ദേശം അയക്കാന്‍ സാധിക്കും. ഒരു പേഫോണില്‍ നിന്നും പിന്‍ നമ്പറടിച്ച് ആ സന്ദേശം തടവുകാരന് സ്വീകരിക്കുകയും ചെയ്യാം. അങ്ങനെ ക്ലെയര്‍ തന്‍റെ ആദ്യസന്ദേശം ആപ്പിലൂടെ അമ്മയ്ക്കയച്ചു, അതിങ്ങനെയായിരുന്നു, 

ഹായ് അമ്മാ, ഇത് വോയ്‍സ് മെയില്‍ പോലെ ഒരു സംഗതിയാണ്. ഞാന്‍ ഫോണില്‍ ഒരു ആപ്പും ആവശ്യമായ സാധനങ്ങളുമെല്ലാം തയ്യാറാക്കി. എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നു. നിങ്ങള്‍ ഓക്കേ ആണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് കഠിനവും ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും കരുതരുത്. അമ്മയ്ക്ക് അത്യാവശ്യം സപ്പോര്‍ട്ട് എങ്കിലും കിട്ടുന്നുണ്ടല്ലോ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. 

കുറച്ചു സന്ദേശങ്ങള്‍ കൂടി അവളയച്ചു. തന്‍റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നെല്ലാം അമ്മയെ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളായിരുന്നു അത്. പേഫോണുപയോഗിച്ചുകൊണ്ട് തടവുകാര്‍ക്ക് തിരികെയും സന്ദേശങ്ങളയക്കാമായിരുന്നു. ക്ലെയറിന്‍റെ ആദ്യസന്ദേശത്തിനുള്ള കാത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, 

ഓഹ്, എന്‍റെ ദൈവമേ, എനിക്ക് ഇങ്ങനെ സന്ദേശം കിട്ടുമെന്ന് അറിയുകയേ ഇല്ലായിരുന്നു. നിന്‍റെ സന്ദേശം ഞാനിപ്പോള്‍ കേട്ടു. നിന്‍റെ ശബ്ദം കേള്‍ക്കുന്നത് വളരെ വളരെ സന്തോഷമാണ്. ഇന്ന് നിന്‍റെ കത്ത് കിട്ടും വരെ ഇതിലിങ്ങനെ ഒരു വോയ്സ്മെയില്‍ സംവിധാനത്തെ കുറിച്ച് എനിക്കറിയുക പോലുമില്ലായിരുന്നു. നിന്‍റെ എല്ലാ വാര്‍ത്തകളും സന്തോഷം തരുന്നതാണ്, നിന്‍റെ ജോലി, നിന്‍റെ ടാറ്റൂ... നീയെന്നെ കാണാന്‍ വരുന്നുണ്ടെന്നോ? ഞാനെത്രമാത്രം എക്സൈറ്റഡാണ് എന്നറിയാമോ? ഇവിടെ അത്ര മോശമൊന്നുമല്ല. എങ്കിലും നിന്‍റെ ശബ്ദം കേള്‍ക്കുക എന്നതാണ് ഏറ്റവും മനോഹരമായ കാര്യം. എന്‍റെ പൈസ തീരാറായി. എങ്കിലും, ഐ മിസ് യൂ, ഐ ലവ് യൂ, എത്രയും പെട്ടെന്ന് കാണാമെന്ന് പ്രതീക്ഷിക്കുന്നു... ബൈ...

അങ്ങനെ അവര്‍ പരസ്പരം സന്ദേശങ്ങളയച്ചുകൊണ്ടിരുന്നു. ക്ലെയറിന് ജോലിയില്‍ ഷിഫ്റ്റുകളുണ്ടാവും. കാത്ത് ആകട്ടെ ജയിലിലെ അടുക്കളയില്‍ ജോലി ചെയ്യുന്നു. അതിനാല്‍ത്തന്നെ വോയ്‍സ് മെയില്‍ സംവിധാനം അവര്‍ക്ക് വളരെയധികം ഉപകാരപ്രദമായി. ചില സമയത്ത് ഇരുവര്‍ക്കും പരസ്പരം ഫോണില്‍ കിട്ടില്ലെങ്കിലും പരസ്പരം ഓര്‍മ്മിക്കുന്നുവെന്ന് കാണിക്കുന്നതിനായി അവര്‍ സന്ദേശം റെക്കോര്‍ഡ് ചെയ്തയച്ചിരുന്നു. അവര്‍ പരസ്പരം അയക്കുന്ന സന്ദേശങ്ങള്‍ സാധാരണജീവിതത്തിലെ കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു. അത് ബന്ധം വളരാന്‍ കാരണമാകുമെന്ന് തന്നെ ഇരുവരും കരുതി. 

തനിക്ക് ക്രിസ്മസ് സമ്മാനം കിട്ടിയതും അവധിദിനത്തില്‍ നിലം തുടച്ചതും വീട് അടുക്കിപ്പെറുക്കിയതും പൂച്ചയെ നോക്കിയതുമെല്ലാം അവള്‍ അമ്മയെ അറിയിച്ചുകൊണ്ടിരുന്നു. അമ്മയാവട്ടെ അതിലെല്ലാം തിരികെ സന്തോഷമറിയിച്ചു. സമയം കടന്നുപോകുന്തോറും അമ്മയും മകളും കൂടുതല്‍ കൂടുതല്‍ അടുത്തു. ക്ലെയര്‍ അമ്മയ്ക്കയച്ച പുതുവത്സരസന്ദേശം ഇങ്ങനെയായിരുന്നു, 'ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ അമ്മാ, ഐ ലവ് യൂ... ബൈ!'.

ഈ വോയ്സ് മെയില്‍ ആപ്പ് 2015 മുതലുണ്ട് എങ്കിലും തടവറയിലുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അത് ഇത്രമാത്രം ഉപയോഗപ്രദമായിരിക്കുമെന്ന് ആരും കരുതിക്കാണില്ല. തനിക്ക് ആ സന്ദേശങ്ങള്‍ എത്രമാത്രം സന്തോഷം തന്നിരുന്നതാണെന്ന് കാത്ത് ഓര്‍ക്കുന്നു. ചില നേരങ്ങളില്‍ ക്ലെയര്‍ അവള്‍ കുട്ടിക്കാലത്ത് കേട്ട പാട്ടുകള്‍ വീണ്ടും കേള്‍ക്കുമ്പോള്‍ അതിന്‍റെ ശകലങ്ങള്‍ അമ്മയ്ക്ക് അയച്ചുകൊടുക്കും. ചിലപ്പോള്‍ തമാശ പറയും. മകളവിടെയിരുന്ന് തന്നെ ഓര്‍ക്കുന്നുവെന്നത് കാത്തിന്‍റെ ജീവിതം തന്നെ മെച്ചപ്പെടുത്തി. തന്‍റെ പ്രിയപ്പെട്ട പട്ടി മാര്‍ക്കിനെക്കുറിച്ചും കുറിച്ചും അവള്‍ സന്ദേശമയക്കും. ചിലപ്പോള്‍ 'മാര്‍ക്ക് അമ്മയോട് സംസാരിക്കൂ' എന്ന് പറഞ്ഞ് അവന്‍റെ ശബ്ദം കേള്‍പ്പിക്കും. എല്ലാവരും കാത്തിനെ മറന്നുവെന്ന് കാത്തിന് തോന്നരുത് എന്ന് ക്ലെയറിന് നിര്‍ബന്ധമുണ്ടായിരുന്നു. 

അതിനിടയില്‍ അവളുടെ അമ്മയുടെ ആഗോര്യസ്ഥിതി മോശമാവുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപ്പോഴെല്ലാം അവള്‍ അമ്മ നേരത്തെ അയച്ച സന്ദേശങ്ങള്‍ കേട്ടുകൊണ്ടേയിരുന്നു. 21-ാം വയസ്സില്‍ അമ്മ കൂടെ വേണം എന്ന് അവള്‍ക്ക് തോന്നി. 'പ്രായം എത്രയെന്നത് കാര്യമല്ല, നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മ കൂടെ വേണമെന്ന് തോന്നും' എന്ന് ക്ലെയര്‍ പറയുന്നു. 

പഠനങ്ങളും അന്വേഷണങ്ങളുമെല്ലാം പറയുന്നത് തടവുകാരും കുടുംബവും തമ്മിലുള്ള സംഭാഷണവും സന്ദര്‍ശനവുമെല്ലാം ഇരുഭാഗത്തുമുള്ളവര്‍ക്ക് ഏറെ ഗുണകരമാവും എന്നാണ്. വോയ്‍സ് മെയില്‍ ആപ് തന്നെ ഒരുപാട് സഹായിച്ചിരുന്നുവെന്ന് ക്ലെയര്‍ പറയുന്നു. അതുവരെയില്ലാത്തവണ്ണം അമ്മയും മകളും അടുത്തത് അതിലൂടെയാണ് എന്നും. 10 വര്‍ഷത്തോളമായി അമ്മയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നതിനാല്‍ത്തന്നെ ഇനിയൊരിക്കലും അങ്ങനെയൊന്നുണ്ടാവില്ല എന്നാണ് അവള്‍ കരുതിയിരുന്നത്. എന്നാല്‍, അത് തെറ്റായിരുന്നു. 

തന്‍റെ ഇരുപത്തിയൊന്നാമത്തെ പിറന്നാളിന് പൂര്‍ണമായും മയക്കുമരുന്ന് ഒഴിവാക്കണം എന്ന് ക്ലെയര്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. തീരെ അതില്ലാതെ പറ്റാത്ത ചിലരെല്ലാം ജയിലിനകത്തും അതുപയോഗിക്കുന്നത് ക്ലെയറിനറിയാമായിരുന്നു. എന്നാല്‍, കാത്ത് അത് പൂര്‍ണമായും ഉപേക്ഷിച്ചു. തെറാപ്പിയിലൂടെയും മറ്റും കടന്നുപോയി. ക്ലെയറിന്‍റെ പിറന്നാളിന് മൂന്നാഴ്ച മുമ്പ് കാത്ത് 12,13 വര്‍ഷത്തിനുശേഷം മയക്കുമരുന്ന് പൂര്‍ണമായും ഉപേക്ഷിച്ചു. ക്ലെയറിന്‍റെ സഹായമില്ലായിരുന്നുവെങ്കില്‍ ഒരിക്കലും തനിക്കതിന് സാധിക്കില്ലായിരുന്നുവെന്നും കാത്ത് സമ്മതിക്കുന്നുണ്ട്. ഒരു ദിവസത്തില്‍ വെറും 20 മിനിറ്റ് നേരമാണെങ്കിലും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കായി കുറച്ച് സമയം നല്‍കിയാല്‍ അതവരെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഈ അമ്മയുടെയും മകളുടെയും അനുഭവം പറയുന്നു. 

ഒരാഴ്ച മുമ്പ് കാത്ത് ജയിലില്‍ നിന്നും മോചിതയായി. അമ്മ ആരോഗ്യവതിയാണെന്നും മറ്റേതൊരു നേരത്തേക്കാളും അമ്മയെ കുറിച്ച് തനിക്കിന്ന് അഭിമാനമുണ്ട് എന്നും ക്ലെയര്‍ പറയുന്നു. 

(ചിത്രങ്ങള്‍ പ്രതീകാത്മകം. വിവരങ്ങള്‍ക്ക് കടപ്പാട് ബിബിസി)

click me!