ഒരുമിച്ച് ജീവിക്കുന്നതിലെ പ്രായപരിധി:  കോടതിവിധിയുടെ പൊരുളെന്ത്?

ലക്ഷ്മി എന്‍ മേനോന്‍ |  
Published : Jun 02, 2018, 06:16 PM ISTUpdated : Jun 29, 2018, 04:06 PM IST
ഒരുമിച്ച് ജീവിക്കുന്നതിലെ പ്രായപരിധി:  കോടതിവിധിയുടെ പൊരുളെന്ത്?

Synopsis

ലക്ഷ്മി എന്‍ മേനോന്‍ എഴുതുന്നു

കഴിഞ്ഞ ദിവസമുണ്ടായ 'പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു താമസിക്കുന്നതിന് നിയമങ്ങള്‍ തടസമല്ല' എന്ന കേരള ഹൈക്കോടതിയുടെ നിര്‍ണായക വിധിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യമായല്ല ഇന്ത്യന്‍ നിയമ വ്യവസ്ഥ ഇത്തരത്തില്‍ ഒരുത്തരവു പുറപ്പെടുവിക്കുന്നത്. 

രണ്ടുപേര്‍ സ്വമനസ്സാലെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ മറ്റാര്‍ക്കെങ്കിലും ഇടപെടാനുള്ള അവകാശമുണ്ടോ? ഇല്ലെന്നാണ് നിയമം തന്നെ പറയുന്നത്. ആരുടെ സംരക്ഷണമില്ലെങ്കിലും, അവര്‍ക്ക് നിയമത്തിന്റെയും കോടതിയുടെയും സംരക്ഷണവും ഉണ്ടാകണം. ഈ രണ്ടുപേര്‍ക്ക് മാത്രമല്ല അവര്‍ക്കൊരു കുഞ്ഞുണ്ടായാല്‍ ആ കുഞ്ഞിനും. അതായത്, ഇന്ത്യന്‍ നിയമങ്ങള്‍ വിവാഹത്തിനു മാത്രമാണ് പ്രായപരിധി നിശ്ചയിക്കുന്നത്. ആണിനും പെണ്ണിനും പതിനെട്ടു വയസു തികഞ്ഞാല്‍ ആരുടെയും സമ്മതമില്ലാതെ തന്നെ ഒരുമിച്ചു ജീവിക്കാം. അതിനൊരു നിയമവും തടസ്സമല്ല. കോടതി പോലും ഇവരുടെ രക്ഷിതാവ് ആവേണ്ടതില്ലെന്ന് സുപ്രീം കോടതി തന്നെ പറയുന്നു. സമൂഹത്തില്‍ ഇത്തരം ബന്ധങ്ങള്‍ വര്‍ദ്ധിച്ചു വരികയും സ്വീകാര്യത നേടുകയും ചെയ്യുന്നതിനെതിരെ കണ്ണടക്കാന്‍ ആവില്ലെന്നും കോടതി പറയുന്നുണ്ട്.  

എന്നാല്‍, കഴിഞ്ഞ ദിവസമുണ്ടായ 'പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു താമസിക്കുന്നതിന് നിയമങ്ങള്‍ തടസമല്ല' എന്ന കേരള ഹൈക്കോടതിയുടെ നിര്‍ണായക വിധിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യമായല്ല ഇന്ത്യന്‍ നിയമ വ്യവസ്ഥ ഇത്തരത്തില്‍ ഒരുത്തരവു പുറപ്പെടുവിക്കുന്നത്. 

പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒരുമിച്ചു താമസിക്കുന്നതിന് വിവാഹമെന്ന നിയമപരമായ വ്യവസ്ഥയുടെ അംഗീകാരം ആവശ്യമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് ഈ മാസം ആദ്യമാണ്. പുരുഷന് വിവാഹപ്രായം 21 വയസ്സാണെങ്കിലും 18 തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നും കോടതി തന്നെ പറഞ്ഞു. മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി, പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞു വിട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. 

നിയമപരമായി വിവാഹം രജിസറ്റര്‍ ചെയ്യാനാകില്ലെങ്കിലും ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിനു തടസങ്ങളില്ലെന്ന് ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ക്ക് ഇത്തരം തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശം ഉണ്ടെന്നും, കോടതിക്ക് അവരുടെ പിതാവ് ചമയാന്‍ ആവില്ല എന്നുമുള്ള ഹാദിയ കേസിലെ സുപ്രീം കോടതിയുടെ തന്നെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. കേരള ഹൈക്കോടതി ജസ്റ്റിസുമാരായ വി. ചിദംബരേഷും കെ.പി ജ്യോതീന്ദ്രനാഥും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചും നിയമ പരിരക്ഷ ഉള്ള കാര്യത്തില്‍ കോടതിക്ക് സൂപ്പര്‍ രക്ഷിതാവ് ആവാനുള്ള അവകാശമില്ലെന്നു തന്നെയാണ് ആവര്‍ത്തിച്ചത്. 

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ വിവാഹിതരായി കരുതാമെന്ന് ഇതിനു മുന്‍പ് നിരവധി തവണ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥയിലെ തന്നെ നാഴികക്കല്ലായി മാറിയ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 50 വര്‍ഷമായി ഒരുമിച്ചു ജീവിക്കുന്ന സ്ത്രീയും പുരുഷനും തങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ ആണെന്ന് നിയമപ്രകാരം തെളിയിക്കേണ്ടതില്ല എന്നാണ് തന്റെ ഒരു പേജ് മാത്രമുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞത്. തുടര്‍ന്ന് 2008 -ലും, 2010 -ലും, 2013 -ലും ഉഭയസമ്മത പ്രകാരം സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്നതില്‍ നിയമ ലംഘനം ഇല്ലെന്ന് കോടതി ആവര്‍ത്തിച്ചു. മാത്രമല്ല ഇത് ജീവിക്കാനുള്ള മൗലിക അവകാശമായി തന്നെ കണക്കാക്കേണ്ടതാണെന്നും കോടതി പറയുകയുണ്ടായി. വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റുള്ളതായി കരുതുന്നില്ലെന്ന അഭിപ്രായം പറഞ്ഞതിന് തമിഴ് നടി ഖുശ്ബുവിനെതിരെ നല്‍കിയ 22 ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഇത്.

ഈ മാസം കോടതികള്‍ വിധിപറഞ്ഞ രണ്ടു കേസിലും ആണിന് വിവാഹിതനാവാന്‍ ശൈശവ വിവാഹ നിരോധന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള 21  വയസ്സ് തികഞ്ഞിട്ടില്ല എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ഇവര്‍ക്ക് പിറക്കാന്‍ സാധ്യതയുള്ള കുഞ്ഞിന്റെ അവകാശങ്ങളെ ചൊല്ലിയും ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുക്കുന്ന സ്ത്രീയുടെ അവകാശത്തെ കുറിച്ചും നിരവധി അവ്യക്തതകള്‍ ബാക്കിയാണ്. വിവാഹം കാലഹരണപ്പെട്ട സംവിധാനം ആണെന്നും പരസ്പ്പരം മനസിലാക്കി ജീവിക്കുക മാത്രമാണ് വേണ്ടതെന്നും വാദിക്കുമ്പോള്‍ തന്നെ ഇത്തരക്കാര്‍ക്കിടയില്‍ പോലും ലിവ് ഇന്‍ റിലേഷനുകളുടെ നിയമ സാധുതയെപ്പറ്റിയുള്ള അറിവുകള്‍ ഏറെ പരിമിതമാണ്. 

ഇത്തരം ഒരു ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിന് വിവാഹിതര്‍ക്ക് ജനിക്കുന്ന കുഞ്ഞിനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാകുമെന്ന് സുപ്രീം കോടതി 1994 ല്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തുടര്‍ന്ന് 2010 -ല്‍ മദന്‍ മോഹന്‍ സിങ്ങിന്റെ കേസ് പരിഗണിക്കവേ നിയമാനുസൃതമല്ലാത്ത കുട്ടി എന്ന സങ്കല്‍പ്പം തന്നെ തെറ്റാണെന്നും എല്ലാ കുട്ടികള്‍ക്കും മാതാപിതാക്കളുടെ സംരക്ഷണത്തിനും, സ്വത്തിനും, പരിപാലനത്തിനുമുള്ള അവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ വിവാഹപ്രായം എന്നത് കുട്ടിയുടെ അവകാശങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള തടസ്സവും സൃഷ്ടിക്കുന്നില്ല എന്നു മാത്രമല്ല നിയമം അനുശാസിക്കുന്ന എല്ലാ പരിരക്ഷയും കുഞ്ഞിനു ലഭിക്കുകയും ചെയ്യും.      

ഒരുമിച്ചു ജീവിക്കുന്ന സ്ത്രീക്ക് വിവാഹിതര്‍ക്കുള്ള എല്ലാ നിയമ പരിരക്ഷയും ലഭ്യമാകുമെന്ന് സുപ്രീം കോടതി 2015 -ലാണ് വ്യക്തമാക്കിയത്. അതായത് വിവാഹിതയ്ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും സ്ത്രീ അര്‍ഹയായിരിക്കും. പിരിയാന്‍ തീരുമാനിച്ചാല്‍ സാധാരണ ഡിവോഴ്‌സ് കേസിലേതുപോലെ തന്നെ സ്വത്ത്, നഷ്ടപരിഹാരം, ജീവനാംശം, കുട്ടിയുടെ സംരക്ഷണം എന്നിവക്കുള്ള അവകാശം സ്ത്രീയ്ക്ക് ഉണ്ടാകും. ഗാര്‍ഹിക പീഡന നിയമ പ്രകാരം ആയിരിക്കും ജീവനാംശം നല്‍കുക എന്ന് മാത്രം. കൂടാതെ ഗാര്‍ഹിക പീഡന നിയമ പ്രകാരമുള്ള എല്ലാ പരിരക്ഷയും സ്ത്രീക്ക് ലഭ്യമായിരിക്കും. 

ജീവന്‍ രക്ഷപെടുത്താന്‍ അവര്‍ ഒളിച്ചോടി, ഒടുവില്‍ താങ്ങായത് കോടതി

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്