19 വയസ്സുള്ള പെണ്‍കുട്ടിയും 18 വയസ്സുള്ള ആണ്‍കുട്ടിയും ഒരുമിച്ചു ജീവിക്കുന്നത് തടയാന്‍ ആവില്ലെന്ന് കോടതി
കൊച്ചി: ഉഭയസമ്മത പ്രകാരം ഒരുമിച്ചു ജീവിക്കുന്ന പ്രായപൂര്ത്തിയായ സ്ത്രീ പുരുഷന്മാരെ വേര്പിരിക്കാന് ആവില്ലെന്ന് കേരള ഹൈക്കോടതി. വിവാഹം കഴിക്കാതെയും ഇഷ്ടമുള്ള സ്ത്രീ പുരുഷന്മാര് ഒരുമിച്ചു ജീവിക്കുന്നത് നമ്മുടെ സമൂഹത്തില് സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും അത് നിയമവിധേയമാണെന്ന് അംഗീകരിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. 19 വയസ്സുള്ള പെണ്കുട്ടിക്കും 18 വയസ്സുള്ള ആണ്കുട്ടിക്കും ഒരുമിച്ചു ജീവിക്കാന് അനുവാദം നല്കികൊണ്ടുള്ള വിധിയിലാണ് കോടതി ഇങ്ങിനെ ഒരു പരാമര്ശം നടത്തിയത്.
ജസ്റ്റിസ്മാരായ വി ചിതംബരേഷും കെ പി ജ്യോതീന്ദ്രനാഥും അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. 19 കാരിയായ മകളെ ആണ്കുട്ടി തടവില് പാര്പ്പിച്ചിരിക്കുകയാണ് എന്ന് ആരോപിച്ച് പെണ്കുട്ടിയുടെ അഛന് ആലപ്പുഴ സ്വദേശി കെ പി മുഹമ്മദ് റിയാദ് സമര്പ്പിച്ച ഹേബിയസ് കോര്പസ് ഹര്ജിയിലാണ് കോടതി വിധി പറഞ്ഞത്.
വിവാഹത്തിനുള്ള പ്രായം ആയിട്ടില്ല എന്ന കാരണത്താല് ഉഭയസമ്മത പ്രകാരം ഒരുമിച്ചു താമസിക്കുന്നവരെ വേര്പിരിക്കാന് ആവില്ലെന്ന് ഈ മാസം ആദ്യമാണ് സുപ്രീം കോടതി വിധിച്ചത്. ഒരു ഹേബിയസ് കോര്പസ് മുഖാന്തിരം പ്രായപൂര്ത്തിയായ ഒരാണും പെണ്ണും ഒരുമിച്ചു ജീവിക്കുന്നത് തടയാന് ആവില്ലെന്ന് കേസില് വിധി പറയവെ കേരള ഹൈക്കോടതിയും വ്യക്തമാക്കി.
സമൂഹത്തിലെ ഒരു വിഭാഗത്തിനു എതിര്പ്പുണ്ട് എന്നതുകൊണ്ട് മാത്രം പൗരന്റെ അവകാശങ്ങള് സംരക്ഷിക്കാതിരിക്കാന് കോടതിക്ക് സാധിക്കില്ല. നിയമത്തിന്റെ പരിരക്ഷ ഉള്ളിടത്തോളം കാലം കോടതിക്ക് സൂപ്പര് രക്ഷിതാവ് ചമയാന് ആവില്ലെന്നും കോടതി പറഞ്ഞു. നിലവില് പെണ്കുട്ടിക്കും ആണ്കുട്ടിക്കും ഒരുമിച്ചു ജീവിക്കാമെന്നും നിയമപരമായുള്ള വിവാഹപ്രായമാകുമ്പോള് താല്പര്യമുണ്ടെങ്കില്കല്യാണം കഴിക്കാമെന്നും കോടതി വ്യക്തമാക്കി.
21 വയസ്സ് തികയാത്തതിനാല് ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇരുവരും ഇപ്പോഴും കുട്ടികള് ആണെന്നായിരുന്നു ഹര്ജിക്കാരുടെ വാദം. ഇരുവരും തമ്മിലുള്ള വിവാഹം സാധുവാകില്ല എന്നതിനാല് ഇവര്ക്ക് ജനിക്കുന്ന കുട്ടിയ്ക്കും നിയമ സംരക്ഷണം ലഭിക്കില്ലെന്ന് ഹര്ജിക്കാര് വാദിച്ചു.
എന്നാല് ഇസ്ലാം നിയമപ്രകാരവും ശൈശവ വിവാഹ നിരോധന നിയമപ്രകാരവും പെണ്കുട്ടിക്ക് വിവാഹത്തിനുള്ള പ്രായം ആയെന്നു കോടതി കണ്ടെത്തി. അതിനാല് തന്നെ സ്വന്തം ഇഷ്ടപ്രകാരം ആണ്കുട്ടിയോടൊപ്പം ജീവിക്കുന്നതില് നിന്നും ആര്ക്കും തടയാന് ആവില്ലെന്നു കോടതി പറഞ്ഞു. പ്രായപൂര്ത്തിയായ ആണും പെണ്ണും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് ഇന്ത്യന് നിയമവ്യവസ്ഥ അംഗീകാരിച്ചിട്ടുള്ളതാണെന്നും കോടതി വിധിയില് പറയുന്നു.
സ്കൂള് കാലം തൊട്ടു പ്രണയത്തില് ആയിരുന്ന പെണ്കുട്ടിയും ആണ്കുട്ടിയും പ്രായപൂരത്തിയായപ്പോള് മാതാപിതാക്കളുടെ എതിര്പ്പിനെ അവഗണിച്ച് ഒരുമിച്ചു ജീവിക്കാന് തീരുമാനിക്കുകയായിരുന്നു.
