എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!

By Dr Shimna AzeezFirst Published Jun 19, 2017, 3:49 PM IST
Highlights

എന്റെ പ്രണയത്തിന്റെ ഭാഷ എന്നും പാട്ടുകളും ഏകാന്തതയുമാണ്. പ്രിയപ്പെട്ടവനോട് സംസാരിച്ചതെല്ലാം നൂറാവര്‍ത്തി മനസ്സില്‍ മാറ്റൊലി കൊള്ളുന്നത് പാട്ടിലൂടെയാണ്. ഒരു നാണവുമില്ലാതെ ചുവക്കുന്ന കവിളുകളുണ്ടെനിക്ക്. എന്റെ പ്രാണനില്‍ നിന്നും ദൂരെയാവുമ്പോള്‍ തളിര്‍ക്കുന്ന പ്രണയമാണ് എന്റേത്. അപ്പോഴാണ് കൂടുതല്‍ അദ്ദേഹം ഓര്‍മ്മയില്‍ വിട്ടൊഴിയാതെ നില്‍ക്കുന്നത്, ചിലപ്പോഴെങ്കിലും മുന്നില്‍ വന്നു നില്‍ക്കുന്നത്. എന്റെ പ്രണയത്തിന് രൂപമുണ്ട്, ഗന്ധമുണ്ട്, സ്പര്‍ശം പോലുമുണ്ട്.

വേഗതയില്ലാത്ത മനോഹരമായ വരികളുള്ള പാട്ടുകള്‍ നിറയേയുണ്ട് ഫോണില്‍. ഓരോ പാട്ടിനോടും ചേര്‍ന്നു പോകുന്ന ഓര്‍മ്മകളുമുണ്ട്. ഓരോ ചെറിയ യാത്രയിലും ചെവിയില്‍ വെച്ചിരിക്കുന്ന ഹെഡ്‌സെറ്റ് പൊഴിക്കുന്ന പ്രിയപ്പെട്ട പാട്ടും പുറത്ത് പെയ്തു തകര്‍ക്കുന്ന മഴയും എന്റെ വരികളായി പെയ്തു വീഴുന്നതെന്റെ മെയിലിലാണ്. എന്റെ മെയില്‍ ഐഡിയില്‍ ഞാനൊരഹങ്കാരിയാണ്. എന്നോളം പ്രണയമുള്ളവള്‍ ലോകത്തില്ലെന്നാണ് ആ നേരങ്ങളില്‍ എന്റെ വിശ്വാസം. ഏറ്റവും ഭാഗ്യം ചെയ്തവന്‍ എന്റെ പുരുഷനാണെന്നും. പ്രണയത്തിന്റെ ഭംഗിയും ആ സങ്കല്‍പലോകത്തിന്റെ സൗന്ദര്യമാണല്ലോ. അവിടെയെങ്കിലും എനിക്ക് പൂര്‍ണ്ണതയുണ്ടല്ലോ. നെഞ്ചിന്റെ പാതി മുറിഞ്ഞ് പോകുന്ന വേദനയിലാണെങ്കിലും എഴുതാനെന്റെ വിരലുകളും വായിക്കാന്‍ ആ കണ്ണുകളും ബാക്കിയുണ്ടെങ്കില്‍ ഞാന്‍ ജീവിക്കുമെന്നെനിക്കറിയാം.

വഴക്ക് കൂടി തിരിഞ്ഞ് കിടന്നുറങ്ങുന്ന നാളുകളെപ്പോലും അലിയിച്ച് കളയുന്നത് ആ മെയിലുകളാണ്. കുറുമ്പ് കൂട്ടി, വഴക്കിട്ട്, ചിലപ്പോള്‍ ഭ്രാന്തമായി പ്രണയിച്ച്, ചിലപ്പോള്‍ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞ്. എനിക്ക് വെറും പെണ്ണായി ആ കൈകള്‍ക്കുള്ളില്‍ ചുരുണ്ടു കൂടാനാണ് കൊതി. എനിക്കിഷ്ടമാണ് ആ കരുതല്‍. എന്റെ പ്രണയം പ്രതീക്ഷിക്കുന്നതുമതാണ്.

പ്രാണനില്‍ നിന്നും ദൂരെയാവുമ്പോള്‍ തളിര്‍ക്കുന്ന പ്രണയമാണ് എന്റേത്.

എന്റെ ആണിന്റെ കൈക്കുള്ളിലെ ഇളംചൂടും ഇഷ്ടമുള്ള ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോള്‍ കിട്ടുന്ന നോട്ടവും പോലും എന്നെ കൊതിപ്പിക്കുന്നതാണ്. ചില നേരത്ത് ഞാനൊരു കുട്ടിയാണ്, വല്ലാത്ത വാശിയാണെനിക്ക് . തിരക്കും സങ്കടങ്ങളും തല തിന്നുമ്പോള്‍ അതേ അക്ഷരങ്ങളിലൂടെ വല്ലാതെ ഉപദ്രവിക്കാറുണ്ട് ഞാന്‍. നിര്‍ത്താതെ പരാതി പറഞ്ഞും വഴക്കിട്ടും മക്കളെ നടുവിലേക്കെടുത്ത് കിടത്തി ഞാനുറങ്ങുന്ന രാത്രി മുഴുവന്‍ എനിക്ക് ദുസ്വപ്‌നങ്ങളായിരിക്കും. എനിക്കറിയാം എന്റെ കുറുമ്പില്‍ മടുത്തുറങ്ങാതെ കിടക്കുന്നവന്റെ നെഞ്ചിലെ വിങ്ങലാണ് ആ വൃത്തികെട്ട സ്വപ്‌നങ്ങളെല്ലാമെന്ന്.

എന്നിലെ ആ പത്ത് വയസുകാരിയെ സ്‌നേഹിക്കുന്നവന്റെ ഉള്ളിലെ പ്രണയമാവണം ഞാനുറങ്ങിയെന്നോര്‍ത്ത് എന്റെ തലമുടിയിലോടിക്കുന്ന വിരലുകള്‍. മഴ പെയ്യുന്ന പകലിരവുകള്‍ എന്നെ ഭ്രാന്തമായി കൊതിപ്പിക്കുമ്പോഴും കൂടെയില്ലാത്തതിന്റെ വിഷമമുണ്ടെനിക്ക്.

പ്രണയം നിത്യമാണ്. ഏത് കുത്തൊഴുക്കിലും പിടിച്ച് കയറാന്‍ നീണ്ട് വരുന്ന കൈകള്‍.എന്നോളം, അല്ല എന്നേക്കാള്‍ ഞാന്‍ സ്‌നേഹിക്കുന്നവന്‍ ശരീരം കൊണ്ടകലെയാകുമ്പോള്‍ ഉന്മാദാവസ്ഥ കൊള്ളുന്ന പ്രണയമാണെന്റേത്. വായിച്ചാല്‍ മനസ്സിലാവാത്ത വാക്കുകള്‍ക്കും വരികള്‍ക്കുമപ്പുറം ഞാന്‍ പറഞ്ഞു തീര്‍ക്കുന്ന വാക്കുകളോരോന്നും ഓര്‍ത്ത് പറഞ്ഞ് എന്നെ പരിഹസിക്കുന്നവന് മുന്നില്‍ ചൂളി നില്‍ക്കുന്ന പ്രണയം. ആ ചെറുതാവലും എനിക്കിഷ്ടമാണ്. എന്റെ വിരലുകളോട് ചേരുമ്പോള്‍ പൂക്കള്‍ വിരിയുന്ന ആ വിരല്‍തുമ്പുകളാണെന്റെ പ്രണയം...

വിരലുകളോട് ചേരുമ്പോള്‍ പൂക്കള്‍ വിരിയുന്ന ആ വിരല്‍തുമ്പുകളാണെന്റെ പ്രണയം...

ചിലപ്പോഴെങ്കിലും ഞാനും മൗനവുമല്ലാതെ മറ്റൊന്നുമില്ലാത്തപ്പോഴും ചിരി പകരുന്ന മഞ്ഞിന്റെ ചീള് പോലെ. പുതുമഴ കഴുകി വൃത്തിയാക്കിയ കരിം പച്ച ഇലകളും ഓറഞ്ച് പൂക്കളുമുള്ള ഗുല്‍മോഹര്‍ മരം പോലെ. 

കൊതിയാണെനിക്ക്...കടലും മഴയും ഞങ്ങളുടെ മൗനവും മാത്രമുള്ളൊരിടത്ത് കൈ കോര്‍ത്ത് പിടിച്ച് തോളിലേക്ക് തല ചായ്ച്ചു വെച്ചിരിക്കാന്‍. അത് വരെ മനസ്സ് ഇങ്ങനെയൊക്കെ അലഞ്ഞ് തിരിയുമായിരിക്കും. അപ്പോഴുമെന്റെ മനസ്സിന് തൃപ്തിയാകുമോ. ഞാനെന്തൊരു അത്യാഗ്രഹിയാണ് !

എന്റെ പാട്ട്കൂട്ടവും മഴക്കാലവും 'കുറച്ച് നേരം കൂടി കൂടെയിരിക്കാമോ' ചോദ്യങ്ങളുമായി ഒട്ടും പക്വതയെത്താത്തൊരു പ്രണയിനിയായി...മരിക്കുവോളം.

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

click me!