
രാഹുല്‍ ഈശ്വര്‍ ബിഗ് ബോസിനെ വിലയിരുത്തുന്നത് ഇങ്ങനെ
മലയാളി ഹൗസ് കാണുമ്പോഴുള്ള സംശയം തന്നെയാണ് ബിഗ് ബോസ് കാണുമ്പോഴും ആളുകള്‍ക്ക് ഉള്ളത്. ഇത് സ്‌ക്രിപ്റ്റഡ് ആണോ എന്ന് നിരവധി പേര് എന്നോടും ചോദിക്കുന്നുണ്ട്. സ്‌ക്രിപ്റ്റഡ് അല്ല, എന്നാല്‍ ഗൈഡഡ് ആണ് എന്നാണ് എനിക്ക് പറയാനുള്ളത്. എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം, എന്നൊക്കെ ഗൈഡ് ലൈന്‍സ് ഉണ്ട് .
എത്ര കാമറ നമ്മുടെ ചുറ്റും വച്ചാലും കുറച്ചു ദിവസം കഴിയുമ്പോള്‍ നാമത് മറക്കും എന്നതാണ് സത്യം. പരമാവധി ഒരു 21 ദിവസമേ മനുഷ്യന് അഭിനയിക്കാന്‍ കഴിയൂ. 21 ദിവസമാണ് പുതിയ ശീലങ്ങള്‍ ഉണ്ടാക്കാന്‍ എടുക്കുന്ന സമയമെന്നാണ് സൈക്കോളജി പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ ആ ദിവസം കഴിയുമ്പോള്‍ എല്ലാവരും പുതിയ ശീലങ്ങള്‍ പഠിക്കും, കാമറ മറക്കും, തോന്നുന്നതൊക്കെ ചെയ്യാന്‍ തുടങ്ങും. ഇതുവരെയുള്ള ഷോയില്‍ സാബു, രഞ്ജിനി, ശ്വേതാ, അര്‍ച്ചനയൊക്കെ നല്ല മത്സരാത്ഥികളാണ്. പേളി മാണി നിരാശപ്പെടുത്തിക്കളഞ്ഞു.
എല്ലാവരുടെയും പ്രായം അഞ്ചു വയസ്സ് കുറവായിരുന്നെങ്കില്‍ ഷോ കുറെയധികം നന്നായേനെ. ഇവരൊക്കെ വളരെ പക്വതയുള്ളവരാണ്. പ്രേക്ഷകര്‍ക്ക് കാണാന്‍ രസമുണ്ടാവണമെങ്കില്‍ അപക്വരായ മനുഷ്യരുടെ പ്രവൃത്തികള്‍ വേണം. അതിനല്ലേ സൗന്ദര്യമുള്ളത്? ഇവരൊക്കെ റിയാലിറ്റി ഷോകള്‍ കണ്ടു പഠിച്ചൊക്കെ പോയത് കൊണ്ട് വളരെയേറെ കോണ്‍ഷ്യസ് ആണ് ഇപ്പോള്‍. അതൊക്കെ ഒരാഴ്ച കൂടി കഴിയുമ്പോള്‍ മാറും എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഇത് വല്ലാത്തൊരു ഫീമെയില്‍ ഡ്രിവണ്‍ ഷോ ആയി പോയി. പുരുഷന്മാര്‍ക്ക് അവിടെ ഒരു റോളും കിട്ടുന്നില്ല .
എനിക്ക് മലയാളി ഹൗസില്‍ ചെല്ലുമ്പോള്‍ പ്രായം 29, റോസിന് 26, തിങ്കളിന് 25 ... അങ്ങനെയൊക്കെ ഞങ്ങളുടെ അപക്വത കൊണ്ട് ഞങ്ങള്‍ അവിടെ ശരിക്കും ജീവിച്ചു.
ഞാന്‍ അഭിനയിച്ചിട്ടേ ഇല്ല, ഒന്നും മാനിപുലേറ്റീവ് ചെയ്തില്ല എന്നൊന്നും ഞാന്‍ പറയില്ല . എങ്കിലും ഏറ്റവും സത്യസന്ധമായി ജീവിച്ചത് ഞാനായത് കൊണ്ടാവും ഞാന്‍ വിജയിച്ചത്. മനുഷ്യരുടെ നന്മ, തിന്മ, കഴിവ്, കഴിവ്കേട് എന്നതൊന്നുമല്ല വിജയിയെ നിശ്ചയിക്കുന്നത്. എത്രത്തോളം സത്യസന്ധമായി അവനവനെ രേഖപ്പെടുത്തുന്നുവെന്നതാവും വിജയം നിശ്ചയിക്കുന്നത് എന്ന് എന്റെ അനുഭവത്തില്‍ നിന്നും എനിക്ക് തോന്നുന്നു
ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ?
എന്നെ ആളുകള്‍ കരുതിയിരുന്നത് എപ്പോഴും സംസ്‌കൃത ശ്ലോകമൊക്കെ ചൊല്ലി കറുത്ത ജൂബയിട്ട് നടക്കുന്ന ആളായിട്ടാവും. എനിക്ക് റോസിനോട് സംസ്‌കൃതം സംസാരിക്കാന്‍ അറിയാത്തത് കൊണ്ട് ഞാന്‍ ഞാനായി മാറി. ഞാന്‍ സിഗരറ്റു വലിക്കുമായിരുന്നു. അങ്ങനെ എല്ലാ സ്വഭാവ സവിശേഷതകളും ബലഹീനതകളൂം പുറത്തു കാണിച്ചു തന്നെയാണ് ഞാനവിടെ ജീവിച്ചത്. 100 ദിവസമൊന്നും അഭിനയിക്കാന്‍ ആരെകൊണ്ടും കഴിയില്ല .
ജി എസ് പ്രദീപ് എന്നെ കുറിച്ച് പറയും. 'രാഹുലിനെ നോക്ക്, അവന്‍ എന്റെ അടുത്ത് വന്നു അശ്വമേധം കളിക്കും, സന്തോഷ് പണ്ഡിറ്റിനോട് സിനിമ സംസാരിക്കും, റോസിനോട് റൊമാന്‍സ് പറയും, തിങ്കളിനോട് പഞ്ചാരയടിക്കും'-അത് തന്നെയാണ് ശരി. അത് തന്നെയായിരുന്നു ഞാന്‍ .
ബിഗ് ബോസ് വരുന്ന ആഴ്ചകളില്‍ കൂടുതല്‍ രസകരമായി കാണാന്‍ ആഗ്രഹിക്കുന്നു. ഷോയെ നയിക്കാന്‍ പോകുന്നത് സാബുമോന്‍ തന്നെയായിരിക്കും എന്നതാണ് ഇതുവരെയുള്ളത് കണ്ടുള്ള ഒരു വിലയിരുത്തല്‍. സാബു കൂട്ടത്തില്‍ ഏറ്റവും കുറച്ചു അഭിനയിക്കുന്ന ആളും ജെനുവിനുമാണ്. അതിലുപരി മനുഷ്യര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന എന്തോ ഒന്ന് സാബുവിലുണ്ട് .
ഞാനിങ്ങനെ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്. മനുഷ്യര്‍ തമ്മിലുള്ള കെമിസ്ട്രിയും ബോണ്ടിങ്ങും വരുന്ന ആഴ്ചകളില്‍ മാറുമോ? പരസ്പരം പോരടിച്ചു നിന്ന രഞ്ജിനിയുമായുള്ള സാബുവിന്റെ ഇക്വേഷന്‍ മാറുമോ? അര്‍ച്ചനയുമായി ഒരു പുതിയ കണക്ഷന്‍ ഉണ്ടാവുമോ എന്നൊക്കെ. കൂടാതെ ശ്വേതയും രഞ്ജിനിയും തമ്മിലുള്ള ബന്ധം എന്താവും? പുതുതായി വന്ന ഷിയാസുമായി ഏതൊക്കെ പെണ്‍കുട്ടികള്‍ കൂട്ടാവും എന്നൊക്കെ ഞാന്‍ ആകാംക്ഷയോടെ തന്നെയാണ് ഉറ്റു നോക്കുന്നത്. പുതിയ ആരെങ്കിലുമൊക്കെ ഷോയില്‍ വരണമെന്ന് ആഗ്രഹിക്കുന്നു. രാഷ്ട്രീയക്കാരോ പോലീസുകാരോ എഴുത്തുകാരോ മറ്റു പ്രൊഫഷനലുകളോ അങ്ങനെ ആരെങ്കിലുമൊക്കെ പുതുതായി വന്നാല്‍ ഷോ സൂപ്പര്‍ ഹിറ്റ് ആവും. അതിനായി കാത്തിരിക്കുന്നു.
എന്തായാലും പ്രേക്ഷകര്‍ക്ക് പിന്തുടരാന്‍ ഒരു സ്‌റ്റോറി ത്രെഡ് വേണം. അത് ഇതുവരെ രൂപപ്പെട്ടില്ല. അതു പെട്ടന്നുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു. നല്ല താല്പര്യത്തോടെയാണ് ഇത് കാണുന്നത്; കാരണം ഇതൊരു സോഷ്യല്‍ എക്‌സ്പിരിമെന്റാണ് എന്നത് കൊണ്ട് തന്നെ.
(രാഹുലുമായി സംസാരിച്ച് സുനിതാ ദേവദാസ് തയ്യാറാക്കിയത്)
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം