'ആലാഹയുടെ പെണ്‍മക്കള്‍' വീണ്ടും വായിക്കുമ്പോള്‍

By Web TeamFirst Published Aug 15, 2018, 4:48 PM IST
Highlights

എത്രയോ തവണ ആനിയുടെ കൂടെ ഞാൻ ആ അമരപ്പന്തലിനു കീഴെ പോയിരുന്നിട്ടുണ്ടാകും  ഓർമയില്ല. ഓരോ തവണയും  പുസ്തകം  വായിച്ചു  കഴിയുമ്പോഴും അമരയുടെ തുഞ്ചത്തിരുന്ന്  ആനി തീർത്ത അതിശയലോകം എന്‍റേത്  കൂടിയായിരുന്നു. 

ആനിയും  ഞാനുമായും എവിടെയൊക്കെയോ സാദൃശ്യങ്ങൾ ഉണ്ടായിരുന്നു.  ആ ചെറുപ്രായത്തിൽ വലിയവരുടെ ലോകത്തിലെ പലതും മനസിലാകാതെ പകച്ചു നിൽക്കേണ്ടി വരുന്നതും തന്‍റേതായ വിശദീകരണങ്ങളിൽ  തൃപ്തി വരാതെ മുതിർന്നവരുടെ  അടുത്ത് ചെല്ലുമ്പോൾ  ലഭിക്കുന്ന പ്രതികരണങ്ങളിൽ കണ്ണ് മിഴിച്ചു നിന്ന് പോകുന്നതും അതിൽ  ചിലതു മാത്രം. വലിയവരുടെ രഹസ്യങ്ങൾ കുട്ടികൾ മനസിലാക്കി വരുമ്പോഴേക്കും  ജീവിതം ഒരുപാട്  മാറിപ്പോയിരിക്കും.

"അങ്ങനെ വളർന്ന അമര വള്ളിയാണ്... സങ്കടങ്ങൾക്കു മേൽ അത് പടർന്നു. ഇപ്പോൾ അതിൻമേൽ പൂക്കാലം. വെള്ളയും വയലറ്റും നിറമുള്ള പൂക്കൾ. കറുത്ത ഈച്ചകൾ. നീല വണ്ടുകൾ, പച്ച നിറമുള്ള കാറ്റ്... ഈ അമരവള്ളിയിലൂടെ ഞാൻ  കയറും. ഇതിന്‍റെ തുഞ്ചത്ത് അതിശയകരമായ ഒരു ലോകമുണ്ട്. വെള്ള നിറമുള്ള ഉടുപ്പിന്‍റെ പതിനേഴായിരത്തേഴു ഞൊറികൾ വിടർത്തി പിടിച്ചു കൊണ്ട് ആ വിസ്മയലോകത്ത് ഞാൻ കാലു കുത്തും. ഓർത്തിരിക്കാത്ത നേരത്തു  അമ്മാമക്ക് ചുറ്റും പൊന്മഴ പെയ്യും. രത്നങ്ങൾ പെറുക്കി  കൈ കഴക്കുമ്പോൾ അമ്മാമ വിളിച്ചു. പറയും.  " മതീരി  ക് ടാവേ "

2006  പുതുവർഷ പുലരിയിൽ തൃശൂർ  പ്രൈവറ്റ്  ഹോസ്പിറ്റലിന്‍റെ ഏതോ ഒരുമുറിയിൽ ന്യൂമോണിയക്കുള്ള ശക്തിയേറിയ മരുന്നു തന്ന മയക്കത്തിനിടയിൽ ആണ്  ആ  ചെറിയ പെൺകുട്ടി അഴുക്കുപിടിച്ച പെറ്റിക്കോട്ടിട്ടു ജടപിടിച്ച പാറിപ്പറന്ന മുടിയുമായി  എന്‍റെ സ്വപ്നത്തിൽ മിന്നായം  പോലെ വീണ്ടും വന്നു പോയത്. ഇത്തവണ കണ്ട സ്വപ്നത്തിൽ അവൾക്ക് എന്‍റെ മുഖച്ഛായ  ആയിരുന്നു.  ആ പുസ്തകം വീണ്ടും   വായിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെയാണ്   'ആലാഹയുടെ പെണ്മക്കൾ'  ഞാൻ  രണ്ടാം തവണ വായിക്കുന്നതും അതിലെ   ഓരോ കഥാ പാത്രങ്ങളും  എനിക്ക്   പ്രിയപ്പെട്ടവരായിതീർന്നതും .

മരുന്ന് മണക്കുന്ന ആ ആശുപത്രി മുറിയിൽ കിടന്നുകൊണ്ട്  ഓരോ ഇൻജെക്ഷൻ തരുന്ന മയക്കത്തിന്‍റെ ഇടവേളകളിൽ ഞാൻ വീണ്ടും ആനിയുടെ കൂടെ അമര പന്തലിനു കീഴേയും, ആനിയുടെ വല്യമ്മച്ചിയുടെ കൂടെ കോക്കാഞ്ചിറയിലെ  നാട്ടുവഴികളിലൂടെയും  വീണ്ടും സഞ്ചരിച്ചു തുടങ്ങി. ആദ്യ വായന നൽകിയ അത്ഭുതത്തേക്കാൾ ഇത്തവണ ഓരോ കഥാപാത്രത്തോടും  ഞാൻ കൂടുതൽ അടുത്തു തുടങ്ങി.

എത്രയോ തവണ ആനിയുടെ കൂടെ ഞാൻ ആ അമരപ്പന്തലിനു കീഴെ പോയിരുന്നിട്ടുണ്ടാകും  ഓർമയില്ല. ഓരോ തവണയും  പുസ്തകം  വായിച്ചു  കഴിയുമ്പോഴും അമര യുടെ തുഞ്ചത്തിരുന്ന്  ആനി തീർത്ത അതിശയലോകം എന്‍റേത്  കൂടിയായിരുന്നു. ആനിയുടെ വല്യമ്മിച്ചിയുടെ അഞ്ചു പെൺമക്കളുടെയും വീട്  വിട്ടു  പോയ ആനിയുടെ അപ്പന്‍റെയും   ക്ഷയരോഗം ബാധിച്ചു  കട്ടിലിൽ  കിടക്കുമ്പോഴും  വീടിനു വെളിയിൽ നടക്കുന്ന രാക്ഷ്ട്രീയ സാമൂഹിക മാറ്റങ്ങളിൽ അത്യധികം ആകുലത പുലർത്തുന്ന കുട്ടിപാപ്പൻ എന്ന് ആനി വിളിക്കുന്ന പ്രാഞ്ചിയുടെയും ഒക്കെ കഥയാണ് ആലാഹയുടെ പെണ്മക്കൾ. പാർശ്വവൽക്കരിക്കപ്പെട്ട് പോയ ഒരു ജനതയുടെ വികാരം ഒരു കൊച്ചു പെൺകുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ നമ്മളോട് സംവദിക്കുന്നു.

ഒരു പ്രദേശത്തെ വെടുപ്പുള്ളതാക്കി നിലനിർത്തുന്നതിന് ആ  പ്രദേശത്തെ അഴുക്കു മൊത്തം ഏറ്റെടുക്കാൻ ഏതോ കാരണങ്ങൾ കൊണ്ട് വിധിക്കപ്പെട്ട അതുകൊണ്ടു മാത്രം തീട്ടം കോരികളുടെ  സ്ഥലം  എന്നറിയപ്പെടേണ്ടി വന്ന  കോക്കാഞ്ചിറ. അവിടെയുള്ള പച്ചയായ ജീവിതങ്ങൾ. അവരുടെ  സങ്കടങ്ങൾ, പരിഭവങ്ങൾ  ആകുലതകൾ, നിറം കെട്ടു പോയ സ്വപ്‌നങ്ങൾ.

ആനിയും  ഞാനുമായും എവിടെയൊക്കെയോ സാദൃശ്യങ്ങൾ ഉണ്ടായിരുന്നു.  ആ ചെറുപ്രായത്തിൽ വലിയവരുടെ ലോകത്തിലെ പലതും മനസിലാകാതെ പകച്ചു നിൽക്കേണ്ടി വരുന്നതും തന്‍റേതായ വിശദീകരണങ്ങളിൽ  തൃപ്തി വരാതെ മുതിർന്നവരുടെ  അടുത്ത് ചെല്ലുമ്പോൾ  ലഭിക്കുന്ന പ്രതികരണങ്ങളിൽ കണ്ണ് മിഴിച്ചു നിന്ന് പോകുന്നതും അതിൽ  ചിലതു മാത്രം. വലിയവരുടെ രഹസ്യങ്ങൾ കുട്ടികൾ മനസിലാക്കി വരുമ്പോഴേക്കും  ജീവിതം ഒരുപാട്  മാറിപ്പോയിരിക്കും.

വായിച്ചു തീർക്കുന്ന ഓരോ പേജിലെയും കഥാപാത്രങ്ങളും ജീവിതങ്ങളും നമ്മളെ അസ്വസ്ഥരാക്കുന്നത് അവരുടെ അവസ്ഥ കൊണ്ട് മാത്രമായിരുന്നില്ല.  എവിടെയൊക്കെയോ, എപ്പോഴൊക്കെയോ ഇവരിലെ ആരെങ്കിലും ഒക്കെ നമ്മുടെ ചുറ്റും കണ്ടിട്ടുണ്ടെന്നു തോന്നിപോകുന്ന വിധത്തിലുള്ള ആഖ്യാന രീതി . എപ്പോഴൊക്കെയോ ഞാനും  കോക്കാഞ്ചിറ പരിസരത്തുകൂടെ കടന്നു പോയിട്ടുണ്ടല്ലോ എന്ന് തോന്നിപോകും പലപ്പോഴും.

ഒരു കഥാസന്ദര്‍ഭത്തിലെ പരിസരത്തേക്ക് വായനക്കാരെ   ഭാഷകൊണ്ട്  കൂട്ടികൊണ്ടു പോകുക എന്നുള്ളത് ഒരു പ്രത്യേക കഴിവാണ്. അതിലുപരി ഒരു പുസ്തകം വായിച്ചു തീർന്നിട്ടും അതിലെ   ഏതെങ്കിലും ഒരു കഥാപാത്രം  പുസ്തകത്തിൽ നിന്നിറങ്ങി  നിങ്ങളുടെ ചിന്തകളെ  അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും  നിങ്ങൾ ആ പുസ്തകം വീണ്ടും   വായിച്ചിരിക്കും. എത്ര  വര്‍ഷങ്ങൾക്ക്  ശേഷമാണെങ്കിലും.

കലാലയ ജീവിത കാലഘട്ടത്തിലാണ് സാറ ടീച്ചറുടെ ഒട്ടു മിക്ക ചെറുകഥകളും വായിച്ച് എന്നിലെ സ്ത്രീ  വായനക്കാരി ഉണർന്നു തുടങ്ങിയത്. പാപത്തറ , മുടിത്തെയ്യമുറയുന്നു, കന്യകയുടെ പുല്ലിംഗം കടൽക്കരയിലെ വീട് അങ്ങനെ അന്ന് ഇഷ്ടം തോന്നിയ ചെറുകഥയുടെ ലിസ്റ്റ് നീണ്ടതാണ്. സ്ത്രീയുടെ പ്രശ്നങ്ങളും  ജീവിതവും ഏറ്റവും നന്നായി എഴുതാൻ  ഒരു സ്ത്രീക്കേ  കഴിയൂ.

അതിനു ശേഷം 'ആലാഹയുടെ പെണ്മക്കൾ' എത്ര തവണ വായിച്ചു ഓർമയില്ല. ഒരുപാട് ആളുകളെ കൊണ്ട് വായിപ്പിച്ചിട്ടും ഉണ്ട് എന്‍റെ ഇഷ്ടപുസ്തകം.  ഓരോ തവണ വായിക്കുമ്പോഴും ഓരോ കഥാപാത്രങ്ങളും എന്‍റെ മുന്നിൽ കുറെ ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടേയിരുന്നു. എന്നിട്ടും അവർക്കെന്നെയും എനിക്കവരെയും മടുത്തില്ല.

ഓരോ സ്ത്രീ കഥാപാത്രങ്ങളും അവരുടേതായ വ്യക്തിത്വങ്ങളിൽ നിറഞ്ഞു നിന്ന് എന്നെ അതിശയിപ്പിച്ചു കൊണ്ടേയിരുന്നു. വീട് വിട്ടു പോയ ഭർത്താവ് എന്നെങ്കിലും  മടങ്ങി  വരും എന്നുള്ള പ്രത്യാശയിൽ കാത്തിരിക്കുന്ന  ആനിയുടെ അമ്മ,  സ്വന്തം അമ്മയുടെ പ്രസവം എടുത്തുകൊണ്ട് ബാക്കിയുള്ള കാലം മുഴുവനും നാട്ടിലുള്ള സ്ത്രീകളുടെ  പേറെടുക്കാൻ വിധിക്കപെട്ട ആനിയുടെ വല്ല്യമ്മായി,   ഡേവിഡ് ചെമ്മാച്ചൻ കല്യാണം കഴിച്ചതുകൊണ്ടു മാത്രം സ്വന്തം വീടുമായി അകന്നു നിൽക്കേണ്ടി വന്ന ചെറിച്ചി, കെട്ടിയവന്‍റെ പീഡനം സഹിക്കാതെ അയൽവാസിയുടെ കൂടെ  ഒളിച്ചോടിപ്പോയ നോനു ,   താഴെയുള്ള ചിയ്യാമ്മയും  ചിന്നമ്മയും, ചിട്ടി നടത്തുന്ന വെളുത്ത കുഞ്ഞാറം, എവിടെയൊക്കെയോ കുട്ടിപ്പാപ്പനോടുള്ള ഇഷ്ടം ഒളിപ്പിച്ചു കൊണ്ട് ലോഹ്യം കൂടുന്ന കറുത്ത  കുഞ്ഞാറം, പ്രതോരോധത്തിന്‍റെ മന്ത്രം എന്നോണം അമ്മാമക്ക് മാത്രമറിയാവുന്ന ആലാഹയുടെ നമസ്കാരം, ഇതിനിടയിലും സ്വന്തമായി തീർത്ത ലോകത്തിൽ    സ്വപ്നം കണ്ടു കൊണ്ട് നടക്കുന്ന  ആനിഎന്ന കൊച്ചു പെൺകുട്ടി. അങ്ങനെ   വൈവിധ്യമേറിയ കഥാപാത്രങ്ങൾ നിറഞ്ഞ 'കോക്കാഞ്ചിറ' വായനയിൽ  പലപ്പോഴും എന്നെ അസ്വസ്ഥമാക്കികൊണ്ടിരുന്നു.

ആ പുസ്തകത്തിനോടുള്ള ഇഷ്ടത്തിനുള്ള   മറ്റൊരു  കാരണം അതിലെ  തൃശൂർ ഭാഷയാണ്. അഭ്രപാളികളിൽ തൃശൂർ ഭാഷ പ്രചരിക്കാൻ തുടങ്ങുന്നതിനു മുമ്പേ എഴുത്തു രൂപത്തിൽ തനി തൃശൂർ ഭാഷയെ അനായേസേന പുസ്തകത്തിൽ നിറച്ചതും  ആലാഹയുടെ പെണ്മമക്കൾ  എന്‍റെ  സ്വകാര്യ അഹങ്കാരത്തിന്‍റെ കാരണമാക്കി.

ആലാഹയുടെ പെണ്മക്കൾ ഒരു ദേശത്തിന്‍റെ കൂടി കഥയാണ്. മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ മൂകസാക്ഷിയായി നിൽക്കുന്ന  കോക്കാഞ്ചിറയെന്ന പ്രദേശവും കഥാപാത്രമാകുന്നുണ്ട് അതിൽ.  അവസാന താളുകളിൽ വായിച്ചവസാനിപ്പിച്ച് പുസ്തകം മടക്കുമ്പോൾ നമ്മൾ തിരിച്ചറിയും, ആ ദേശത്തിന്  അടുത്തായി എവിടെയോ    ഇനിയും പുറത്തു വരാതെ നമ്മുടെ ചരിത്രങ്ങളും വേറൊരു പേരിൽ മൂടിവെക്കപ്പെട്ടിട്ടുണ്ടെന്ന്. 
 

click me!