ബിന്‍ ലാദന്റെ ഉമ്മ പറയുന്നു, അവരവനെ ബ്രെയിന്‍വാഷ് ചെയ്തതാണ്

By Web TeamFirst Published Aug 3, 2018, 4:06 PM IST
Highlights

''അതറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. ഇങ്ങനെയൊന്നുമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ആഗ്രഹിച്ചിരുന്നുമില്ല. എന്നിട്ടും''

ബിസിനസുകാരനും ജനസമ്മതനുമായ, രാജവംശവുമായിപ്പോലും ബന്ധമുള്ള ഒരാളുടെ മകനായി ജനനം. കോളേജ് പഠന കാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുന്നു. ലോകം കണ്ട വലിയ ഭീകരാക്രമണങ്ങളുടെ പിന്നിലെ തല. ഒടുക്കം കൊല. ഒസാമ ബിന്‍ ലാദനെ കുറിച്ച് ഒരുപാടുണ്ട്. എന്നാല്‍ അയാളുടെ മാതാവും, അര്‍ദ്ധ സഹോദരന്മാരും, ബന്ധുക്കളും എങ്ങനെയാണ് ഒസാമയെ ഓര്‍ക്കുന്നത്. 

1957 മാർച്ച് 10ന് സൗദി അറേബ്യയിലെ റിയാദിലാണ് ഒസാമ ബിന്‍ലാദന്‍റെ ജനനം. മുഹമ്മദ് അവാദ് ബിൻ ലാദന്റെ 54 മക്കളിൽ ഒരാള്‍. പത്താമത്തെ ഭാര്യ ആലിയ ഗാനെം ആണ് ഒസാമയുടെ മാതാവ്. 'സൗദി ബിൻ ലാദൻ ഗ്രൂപ്പ്' എന്ന നിർമ്മാണ കമ്പനിയുടെ മേധാവിയായിരുന്നു മുഹമ്മദ് അവാദ്. സൗദി രാജവംശവുമായി നല്ല ബന്ധം പുലർത്തിയിരുന്ന സമ്പന്നനായ ബിസിനസ്സുകാരനായിരുന്ന ഒസാമയുടെ പിതാവ്. 1969-ൽ ഹെലികോപ്റ്റർ അപകടത്തിലാണ് മുഹമ്മദ് ബിൻ ലാദൻ കൊല്ലപ്പെടുന്നത്. അന്ന് ഒസാമയ്ക്ക് 11 വയസാണ് പ്രായം. 80 മില്യൺ യുഎസ് ഡോളറിന്റെ അവകാശിയായി അങ്ങനെ ഒസാമ.

ആലിയ ഗാനെം

കോളേജ് വിദ്യാഭ്യാസ കാലത്താണ് മതതീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ഒസാമ ആകര്‍ഷിക്കപ്പെട്ടതെന്നാണ് കരുതുന്നത്. ഒസാമ ബിന്‍ ലാദന്‍റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചു തുടങ്ങിയതോടെ ഒസാമയുടെ കുടുംബം അന്വേഷണത്തിന്‍റെ നിഴലിലായി. യാത്രകളടക്കം വിലക്കപ്പെട്ടു. 'ലജ്ജ കൊണ്ടും അപമാനം കൊണ്ടും ഭയം കൊണ്ടും നമ്മുടെ തല കുനിഞ്ഞുപോയി' എന്നാണ് കുടുംബാംഗങ്ങള്‍ ഇതിനെക്കുറിച്ച് പറയുന്നത്. 'ദ ഗാര്‍ഡിയന്‍' വീട്ടുകാരെ കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്. (ഇതിനായി നിരവധി തവണ ഒസാമയുടെ മാതാവിനേയും വീട്ടുകാരേയും സമീപിച്ചിരുന്നു. പക്ഷെ, അവര്‍ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. ഒരുപാട് ശ്രമങ്ങളുടെ ഫലമായാണ് അവര്‍ സംസാരിക്കാന്‍ തയ്യാറായതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നുണ്ട്. )

ചെല്ലുമ്പോള്‍, ആ വലിയ ബംഗ്ലാവില്‍ രാജകീയ ഭാവത്തോടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുകയായിരുന്നു ആലിയ ഗാനെം. ഒസാമ ബിന്‍ ലാദന്‍റെ മാതാവ്. കൂടാതെ അവരുടെ രണ്ടാമത്തെ ഭര്‍ത്താവ് അല്‍-അത്താഫ്, മക്കളായ അഹമ്മദ്, ഹസ്സന്‍ എന്നിവരുമുണ്ടായിരുന്നു. 

ഒസാമ ബിന്‍ ലാദന്‍ കുട്ടിക്കാലത്ത്
 

ആലിയ  ഗാനെം പറയുന്നു, ''അവന്‍ എന്നില്‍ നിന്നും വളരെ അകലെയാണ് എന്നതില്‍ എനിക്ക് വളരെ ദുഖമുണ്ട്. അവനൊരു നല്ല കുഞ്ഞായിരുന്നു. അവന്‍ എന്നെ വളരെയേറെ സ്നേഹിച്ചിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ നാണക്കാരനായിരുന്നു അവന്‍. പക്ഷെ, പഠിക്കാന്‍ മിടുക്കനുമായിരുന്നു. ജിദ്ദയിലെ അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റിയില്‍ എക്കണോമിക്സാണ് പഠിച്ചിരുന്നത്. യൂണിവേഴ്സിറ്റിയിലെ ജീവിതമാണ് അയാളെ മാറ്റിയത്. അവന്‍ വേറെ ആരോ ആയി മാറി.'' മുസ്ലിം ബ്രദര്‍ഹുഡ് അംഗമായിരുന്ന അബ്ദുല്ല അസ്സം അതിലൊരാളായിരുന്നു. അയാളെ പിന്നീട് സൌദി അറേബ്യയിലേക്ക് നാടുകടത്തി. പിന്നീട് ബിന്‍ ലാദന്‍റെ ആത്മീയാചാര്യനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 

''ഇരുപതാമത്തെ വയസുവരെ അവനൊരു നല്ല മകനായിരുന്നു. നല്ല കുട്ടിയായിരുന്നു. അതിനു ശേഷമാണ് അവന്‍ പലരേയും കാണുന്നതും അവര്‍ അവനെ ബ്രെയിന്‍ വാഷ് ചെയ്യുന്നതും. നിങ്ങള്‍ക്കതിനെ കപടമതം എന്നു വിളിക്കാം. അവര്‍ക്കതിന് പണം കിട്ടുന്നുണ്ടായിരുന്നു. അവരില്‍ നിന്നും അകന്നുനില്‍ക്കാന്‍ എപ്പോഴും ഞാനവനോട് പറഞ്ഞിരുന്നു. അവനെന്താണ് ചെയ്യുന്നതെന്ന് അവനൊരിക്കലും എന്നോട് തുറന്നു സമ്മതിച്ചിരുന്നില്ല. അവനെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതുകൂടിയാകാം അതിനു കാരണം. ''

1980കളുടെ തുടക്കത്തില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍‌ ബിന്‍ലാദന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയി. സഹോദരനായ ഹസ്സന്‍ പറയുന്നു. '' അന്നവനെ കണ്ടുമുട്ടിയിരുന്നവരൊക്കെ അവനെ ബഹുമാനിച്ചിരുന്നു. അന്നൊക്കെ നമ്മളെല്ലാവരും അവനെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചിരുന്നു. സൌദി ഗവണ്‍മെന്‍റ് പോലും അവനെ അത്രയും ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. പിന്നീടാണ് ഒസാമ എന്ന മുജാഹിദ് (osama the mujahid) വരുന്നത്. '' 

മതഭ്രാന്തനിലേക്കും ആഗോള ജിഹാദിയിലേക്കുമുള്ള മാറ്റം പിന്നീടാണ് ഉണ്ടാകുന്നത്. ഹസ്സന്‍ തുടര്‍ന്നു. '' അവന്‍ എന്‍റെ മൂത്ത സഹോദരനെന്ന നിലയില്‍ എനിക്കും അഭിമാനമുണ്ടായിരുന്നു. അവനെന്നെ ഒരുപാട് പഠിപ്പിച്ചിരുന്നു. പക്ഷെ, അവനെന്ന മനുഷ്യനെ കുറിച്ച് എനിക്ക് ഒട്ടും അഭിമാനമില്ല. അവന്‍ ആഗോളതലത്തില്‍ സൂപ്പര്‍ സ്റ്റാര്‍ഡത്തിലേക്ക് എത്തിയിരുന്നു. പക്ഷെ, അതൊന്നും ഒന്നുമായിരുന്നില്ല.'' 

ഗാനെം തുടരുന്നു. '' അവന്‍ വളരെ നേരായ വഴിയിലായിരുന്നു ആദ്യം സഞ്ചരിച്ചത്. സ്കൂളിലൊക്കെ മിടുക്കനായിരുന്നു. പഠിക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. അവന്‍ അവന്‍റെ പണമെല്ലാം പിന്നീട് ചെലവഴിച്ചത് അഫ്ഗാനിസ്ഥാനിലായിരുന്നു. ഇയട്ക്ക് വീണ്ടും അവന്‍ ഫാമിലി ബിസിനസില്‍ സജീവമായി. പിന്നീടതില്‍ നിന്നും പുറത്തുകടന്നു തുടങ്ങി. ''

എപ്പോഴെങ്കിലും ഒസാമ ഇങ്ങനെ ആകുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് മാതാവിന്‍റെ മറുപടി. ''അതറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. ഇങ്ങനെയൊന്നുമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ആഗ്രഹിച്ചിരുന്നുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാമുണ്ടാവുന്നത്?''

1999ല്‍ അഫ്ഗാനിസ്ഥാനില്‍ വച്ചാണ് കുടുംബം അവസാനമായി ബിന്‍ലാദനെ കാണുന്നത്. രണ്ടുതവണ അവര്‍ അവിടെ  ഒസാമയെ സന്ദര്‍ശിക്കാന്‍ ചെന്നിരുന്നു. ''അത് കന്ദഹാറില്‍ എയര്‍പോര്‍ട്ടിനടുത്തൊരു സ്ഥലമായിരുന്നു. റഷ്യക്കാരില്‍ നിന്നും പിടിച്ചെടുത്തത്. ഞങ്ങളവിടെ ചെന്നത് അവന് വലിയ സന്തോഷമായി. ഞങ്ങള്‍ എല്ലാവരെയും ക്ഷണിച്ച് സദ്യയൊക്കെ നടത്തി. ''

ഒസാമ ബിന്‍ ലാദന്‍ കുട്ടിക്കാലത്ത്
 

ഗാനെം അവശത കൊണ്ട് അടുത്ത മുറിയില്‍ വിശ്രമിക്കാന്‍ ചെന്നപ്പോള്‍ സഹോദരന്‍ സംസാരിച്ചു, '' 17 വര്‍ഷമായി എന്നിട്ടും പലതും അവര്‍ക്ക് മകനെ കുറിച്ച് വ്യക്തമാക്കാനാകുന്നില്ല. അവര്‍ അവനെ അത്രയേറെ സ്നേഹിച്ചിരുന്നു. അവര്‍ക്കവനെ അത്രയൊന്നും കുറ്റപ്പെടുത്താനാവുന്നില്ല. അവര്‍ കുറ്റപ്പെടുത്തുന്നത് അവന് ചുറ്റുമുണ്ടായിരുന്നവരെയാണ്. അവര്‍ക്കറിയാവുന്നത് അവന്‍റെ നല്ല വശങ്ങളെ കുറിച്ചാണ്. അത് ഞങ്ങള്‍ക്കുമറിയാം. പക്ഷെ, ജിഹാദിസ്റ്റായ ഒസാമയെ കുറിച്ച് അവര്‍ക്കിപ്പോഴും പൂര്‍ണമായും അറിയില്ല. ''

''ന്യൂയോര്‍ക്കില്‍ നിന്നും നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചുപോയി. അത് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. അത് ബിന്‍ലാദനായിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ നമുക്ക് മനസിലായിരുന്നു. ആദ്യത്തെ 48 മണിക്കൂറില്‍ തന്നെ. ഇവിടെ ഏറ്റവും മുതിര്‍ന്നയാള്‍ മുതല്‍ ഏറ്റവും ഇളയ ആള്‍ വരെ അത് മനസിലാക്കിയിരുന്നു. അയാളെ കുറിച്ചോര്‍ത്ത് നമുക്കോരോരുത്തര്‍ക്കും ലജ്ജ തോന്നി. അതിന്‍റെ ഏറ്റവും ഭീകരമായ ഫലം നമ്മളെല്ലാവരും അനുഭവിക്കേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. പുറത്തുണ്ടായിരുന്ന കുടുംബക്കാരെല്ലാം സൌദിയിലെ നമ്മുടെ വീട്ടിലെത്തി. (അവരെല്ലാവരും സിറിയ, ലെബനന്‍,ഈജിപ്ത്, യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം ചിതറിക്കിടക്കുകയായിരുന്നു). സൌദിയില്‍ സഞ്ചരിക്കുന്നതിന് ഞങ്ങള്‍ക്ക് വിലക്ക് വന്നു. ഞങ്ങളുടെ കുടുംബത്തിനെ എങ്ങനെയൊക്കെ നിയന്ത്രിക്കാനാകുമോ അങ്ങനെയൊക്കെ ഞങ്ങളെ നിയന്ത്രിച്ചു.  കുടുംബത്തിലെ ഓരോരുത്തരും ചോദ്യം ചെയ്യപ്പെട്ടു. രാജ്യം വിടുന്നതിന് നിയന്ത്രണങ്ങള്‍ വന്നു. രണ്ട് ദശകത്തോളം അത്തരം പല വിലക്കുകളും നിലനിന്നു.'' കുടുംബത്തിലെ പലരും നിരീക്ഷണത്തില്‍ തന്നെയായിരുന്നു. 

ബിന്‍ലാദന്‍റെ മാതൃസഹോദരന്‍ പറയുന്നു, ''ഒസാമയുടെ മകന്‍ ഹംസ ബിന്‍ ലാദന്‍ പറയുന്നത്, അവന്‍ പിതാവിനെ ഇല്ലാതാക്കിയവരോട് പകരം ചോദിക്കും എന്നാണ്. പക്ഷെ, ഒരു കുടുംബവും ഒരിക്കല്‍ പോലും അത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോകാന്‍ ആഗ്രഹിക്കുന്നില്ല. അവനെന്‍റെ മുന്നില്‍ വന്നു നിന്നാല്‍ ഞാന്‍ പറയും, ദൈവം നിന്നെ നയിക്കട്ടെ എന്ന്. ''
 

click me!