രോഗമേ വിട!

Published : Jun 10, 2017, 03:58 PM ISTUpdated : Oct 05, 2018, 12:10 AM IST
രോഗമേ വിട!

Synopsis

ഡിസ്ചാര്‍ജാകുന്ന ദിവസം വീനസ് ലൈനും മുറിവുമൊക്കെ വൃത്തിയാക്കാനുള്ള സാമഗ്രികള്‍  നീട്ടി മെര്‍മ ഓര്‍മ്മിപ്പിച്ചു. 'സൂക്ഷിക്കണം. കുളിക്കുമ്പോള്‍  നന്നായി കവര്‍ ചെയ്യണം. നനയരുത്. ഇന്‍ഫെക്ഷനാകരുത്. എന്തു ബുദ്ധിമുട്ട് തോന്നിയാലും ഇവിടെ എത്തണം'. 

ഡോക്റ്റര്‍ ബ്രാതും വീണ്ടും ഓര്‍മിപ്പിച്ചു. 'ക്ഷീണം കൂടുതല്‍ തോന്നിയാല്‍ തള്ളിക്കളയരുത്. തലവേദന, പനി എന്തു വന്നാലും വെച്ചോണ്ടിരിക്കരുത്. സാധാരണ ഒരാള്‍ക്ക് പനി വരുന്നത് പോലെയല്ല നിങ്ങള്‍ക്ക് പനി വരുന്നത്'

 എല്ലാവരും മകളോട് പറഞ്ഞു. 'കൊണ്ട് പൊക്കോളൂ നിന്റെ അമ്മയെ. ഗോ ആന്റ് എന്‍ജോയ് വിത്ത് യുവര്‍  മോമി'.

മകള്‍ മഞ്ഞു കാലത്തിലൂടെ സ്‌ക്കൂളില്‍ പോയി തുടങ്ങി. 'എന്റെ അമ്മക്ക് ഇവിടെയൊരു ലൈനുണ്ട്'. എന്റെ നെഞ്ചില്‍ തൊട്ട് അപ്പാര്‍ട്ട്‌മെന്റിലെ കൂട്ടുകാരോട് അവള്‍ മുഖം വിടര്‍ത്തി. അവളും അമ്മയും കൈനഖങ്ങളില്‍ സാന്റയെ ചുമപ്പും വെളുപ്പുമായി വരച്ചു വെച്ചു.  ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ക്രിസ്തുമസ് മരം വാങ്ങി വീട്ടിലേക്ക് കൊണ്ട് വന്നു. നിറമുള്ള ബള്‍ബുകള്‍ കൊണ്ടതിനെ അലങ്കരിച്ചു

മകളെ സ്‌കൂളിലാക്കി ചികിത്സക്കും ബ്ലഡ് വര്‍ക്കിനുമായി ഞങ്ങള്‍ നടത്തി വന്ന ദിവസങ്ങളുടെ പോക്കുവരവുകള്‍ക്കൊടുവില്‍ ഒരു ദിവസം സെന്‍ട്രല്‍ വിനസ് കാതറ്റര്‍  അഴിക്കാന്‍ തീരുമാനമായി. ലൈനഴിച്ചു സ്റ്റിച്ചിട്ടതിന്റെ പിറ്റേന്ന് മകളേയും കൊണ്ട് ഞങ്ങള്‍ വീല്‍ ചെയറിലൊന്നുമില്ലാതെ സാന്തയെ കാണാന്‍ പോയി. നിറങ്ങളെ, മുഖം നിറഞ്ഞ ചിരികളെ കാണാന്‍ പോയി.

എനിക്ക് രണ്ട് കാവല്‍  മാലഖമാരുണ്ടായിരുന്നു. ഭര്‍ത്താവും മകളും

സ്‌നേഹമെന്ന മരുന്ന്
രോഗകാലത്തെ അതിജീവിച്ചത് എന്റെ മനോധൈര്യമാണെന്ന അവകാശവാദമൊന്നും എനിക്കില്ല. ഏത് രോഗത്തെയും വെല്ലാന്‍ ആവശ്യം കൃത്യസമയത്ത്  നടത്തുന്ന കൃത്യമായ രോഗനിര്‍ണ്ണയമാണെന്ന് എനിക്കറിയാം. ക്രഡിറ്റ് വാലിയിലെ ഹിമറ്റോളജിസ്റ്റിന്റെ ശരിയായ ഇടപെടല്‍ തന്നെയാണ് എന്റെ വിധി തീരുമാനിച്ചത്.

എന്നാല്‍ എല്ലാ മരുന്നുകളേക്കാള്‍  വലുതാണ് സ്‌നേഹമെന്ന മരുന്ന്. ഒരു രോഗിക്ക് ഒരുപക്ഷെ ഏറ്റവും ആവശ്യവും അത് തന്നെയായിരിക്കും. അടുത്ത ബന്ധുക്കളില്ലാത്ത, കുറച്ചു സൗഹൃദങ്ങള്‍  മാത്രമുള്ള അന്യനാട്ടില്‍ എനിക്ക് രണ്ട് കാവല്‍  മാലഖമാരുണ്ടായിരുന്നു. ഭര്‍ത്താവും മകളും. എന്നെ കൈപിടിച്ച് നടത്തിയതും രോഗത്തിന്റെ അഗ്‌നിയില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൊണ്ട് പോയതും അവരായിരുന്നു.

ഒരൊറ്റ ദിവസം കൊണ്ട് വളര്‍ന്നു വലുതായത് പോലെ മകള്‍ എന്റെ മുന്നില്‍ നിന്നു. അമ്മയുടെ ദേഹത്തേക്ക് അവകാശത്തോടെ നൂണ്ട് കയറാതെ, അമ്മയെ ഇറുകെ പുണരാതെ അപ്പുറത്തെ സോഫയില്‍ അടങ്ങിയിരുന്ന് അമ്മയോട് വര്‍ത്തമാനങ്ങള്‍ പറയുന്നത് അവള്‍ തന്നെയാണോ?

അമ്മയില്ലാതെ ഉണ്ണാത്തവള്‍, ഉറങ്ങാത്തവള്‍, കുളിക്കാത്തവള്‍, കളിക്കാത്തവള്‍ അമ്മയെ ഊട്ടാന്‍, കുളിപ്പിക്കാന്‍, വസ്ത്രം മാറ്റിക്കാന്‍ അച്ഛനോട്  മത്സരിച്ച ദിവസങ്ങളായിരുന്നു പിന്നെ. നീയെന്നാണ് തനിയെ കാര്യങ്ങള്‍ ചെയ്യുന്നത്? നിനക്ക് ആറ് വയസ്സായില്ലേ. എന്തിനാണ് എല്ലാറ്റിനും അമ്മ അമ്മ എന്ന്  വിളിക്കുന്നത് എന്ന് ഞാന്‍ അവളെ ശകാരിക്കുമായിരുന്നു. പക്ഷെ അവളെന്നെ ശകാരിച്ചില്ല. അമ്മ കഴിക്കൂ, എന്നു അവളെനിക്ക്  ഉണക്കപ്പഴങ്ങളും ബദാം പരിപ്പും സൂര്യകാന്തി കുരുക്കളും  നീട്ടി.

അമ്മക്ക് വേദനിക്കുന്നോ? അവളെന്റെ അരികില്‍ നിന്നു സൂചികള്‍ തറഞ്ഞു വയലറ്റ് നിറമായ കൈകളില്‍ ഒരു തെന്നല്‍ പോലെ മൃദുലമായി തൊട്ടു. അമ്മയ്‌ക്കെന്താണ് വേണ്ടത്? ഓടിപ്പോയി എടുത്തു കൊണ്ട് വരാന്‍ അവള്‍ കാത്തു കാത്ത് നിന്നു. അമ്മയെ വാഷ് റൂമിലേക്ക്  നടത്താന്‍. തല ചുറ്റി വീഴാതെ നോക്കി  കാവല്‍ നില്‍ക്കാന്‍ അവള്‍ ആരും പറയാതെ മുന്നോട്ട് വന്നു. ചോരയൂറ്റുന്ന സൂചികളെ, മുറിവുകളെ അവള്‍ ധൈര്യസമേതം നോക്കി നിന്നു. എന്നെ അമ്പരപ്പിക്കുന്ന തരം കാര്യങ്ങള്‍ പറഞ്ഞു.

ഒരിക്കല്‍ അവള്‍ നിഷ്‌ക്കളങ്കമായി എന്നോട് ചോദിച്ചു. 'അമ്മയുടെ വേദനകളൊക്കെ മാറാന്‍ ഒരു വഴിയുണ്ട്. എന്താന്നറിയോ?'

'ഇല്ല' ഞാനവളെ സാകൂതം നോക്കി.

'അമ്മ പറന്ന് പറന്ന് ആകാശത്തിലേക്ക് പൊക്കോ. അമ്മമ്മേടെ അടുത്തേക്ക് പൊക്കോ. അപ്പോ  അമ്മേടെ  ഉവ്വാവൊക്കെ മാറും'.

എന്റെ മനസ്സ് പൊടിയുന്നത് മറച്ച് പിടിക്കാന്‍ ഞാനവള്‍ക്ക് ഒരു ചിരി കൊടുത്തു. 

'അമ്മാമ്മ എല്ലാം മാറ്റി കുഞ്ഞാവേടെ അടുത്തേക്ക് വിടും അമ്മയെ'-എല്ലാം നിസ്സാരമെന്ന മട്ടില്‍ അവള്‍ പറഞ്ഞു.

പകല്‍ മുഴുവന്‍ പക്വതയുടെ മുഖപടം അണിഞ്ഞ്  മകള്‍  പെരുമാറി. പക്ഷെ  രാത്രി യാത്ര പറയാന്‍ നേരം ആ മുഖപടം അഴിഞ്ഞു വീണു.
പാടുപെട്ട് കരച്ചിലടക്കി മെല്ലെ എന്റെ വിരലില്‍ ഉമ്മ വെച്ചവള്‍ യാത്ര ചോദിക്കും. 'അമ്മേനെ കുഞ്ഞാവക്ക് മിസ് ചെയ്യും' എന്ന്  ഇടറിയ ശബ്ദത്തില്‍ പറയും. അനുനയ വാക്കുകള്‍ കൊണ്ട് അവളെ വീട്ടിലേക്ക്  പറഞ്ഞു വിടുമ്പോള്‍ ഹൃദയത്തിലൊരു മുറിവായ തുറക്കും.

പിന്നെ അവള്‍ ആശുപത്രിയില്‍ ഉറങ്ങാന്‍ തുടങ്ങി. ആശുപത്രി അവളുടെ വീടായി.അമ്മയ്ക്ക് ആശുപത്രിയില്‍ നിന്നും ആഹാരത്തൊടൊപ്പം കിട്ടുന്ന രുചികരമായ പുഡ്ഡിങ്ങിന് വേണ്ടി വേഗം ഊണ് കഴിച്ച്  കാത്തിരിക്കാന്‍ തുടങ്ങി. എഫരസിസിന് പോകുമ്പോള്‍ അവള്‍ ഭൂമിക്കടിയിലെ  തണുതണുത്ത തുരങ്കത്തിലൂടെ വഴികാട്ടിയായി ഓടി. എഫരസിസ് യൂണിറ്റിലെ എല്ലാര്‍ക്കും അവള്‍ ഓമനയായിരുന്നു.

പാടുപെട്ട് കരച്ചിലടക്കി മെല്ലെ എന്റെ വിരലില്‍ ഉമ്മ വെച്ചവള്‍ യാത്ര ചോദിക്കും

അവളുടെ നഷ്ട്ടപ്പെടുന്ന സടൂള്‍ ദിവസങ്ങള്‍, കൂട്ടുകാരൊത്തുള്ള കളികള്‍, രസങ്ങള്‍. എല്ലാം  എഫരസിസ് യൂണിറ്റില്‍ നിന്നുള്ള ലാളനകളില്‍  പൂഴ്ത്തി  വെച്ച്  ചോരവറ്റി മഞ്ഞച്ച രോഗമുഖങ്ങള്‍ക്കിടയില്‍ അവളിരുന്നു. അമ്മ ചികിത്സക്കായി റിക്ലൈനിങ്  ചെയറില്‍  മയങ്ങിയുമുണര്‍ന്നും കിടക്കുമ്പോള്‍ അവള്‍ അരികിലെ  സോഫയിലിരുന്നു യൂ റ്റിയൂബില്‍ 'ഫ്രോസന്‍' കണ്ടു. മുറിയില്‍ മടങ്ങിയെത്തി ശക്തിയായി കോച്ചി  വലിക്കുന്ന കാലുകളും പാല്‍പിറ്റേഷനും ഹോട് ഫ്‌ളാഷസുമായി പൊരുതുന്ന അമ്മയുടെ അരികിലിരുന്നു അവള്‍ പാടിക്കൊണ്ടേയിരുന്നു.

'Let it go, let it go
I am one with the wind and sky
Let it go, let it go
You'll never see me cry!
Here I stand
And here I'll stay
Let the storm rage on'

മനസ്സില്‍ കെട്ട് പിടിച്ചതെന്തോ പറിച്ചെറിയാനുള്ള വ്യഗ്രതയോടെ വാശിയോടെ അവള്‍ പാടിക്കൊണ്ടേയിരുന്നു.

സന്ധ്യകളില്‍ അവള്‍ അമ്മയെ കൈപിടിച്ച് ആശുപത്രി ഇടനാഴികളിലൂടെ നടക്കാന്‍ കൊണ്ട് പോയി. 'നീ അമ്മയെ നന്നായി നോക്കുന്നല്ലോ' എന്ന് വഴിയില്‍ കണ്ട ആശുപത്രി ജീവനക്കാരും രോഗികളും അവളുടെ കുഞ്ഞു മുഖത്തേക്ക് അഭിമാനത്തിന്റെ പൂക്കള്‍ പറിച്ചു വെച്ചു.

'ക്രിസ്തുമസ്സിന് മുന്‍പേ നിനക്ക് അമ്മയെ വീട്ടില്‍ കൊണ്ട് പോകാമെന്ന' ഡോക്ടര്‍ പറയുമ്പോള്‍ മകളുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍  മിന്നി.

മാതളം പോലെ  പ്രേമത്തില്‍ തുടുക്കുമ്പോളല്ല. ഊര്‍ജ്ജസ്വലതയോടെ ഓടി നടക്കുമ്പോഴല്ല. ജീവന്റെ നിറവില്‍ പ്രകാശിക്കുമ്പോളല്ല. ചോരവറ്റി മഞ്ഞച്ച് വേദനയുടെ വടുക്കള്‍ മാത്രം വീഴുന്ന മുഖത്തോടെ ഒരു മുഷിഞ്ഞ പുതപ്പ് പോലെ കിടക്കയോട് ഒട്ടി കിടക്കുമ്പോഴാണ് ഓരോ സ്ത്രീയും ഏറ്റവും പ്രണയിക്കപ്പെടേണ്ടത് എന്ന് അവന്‍ എനിക്ക് മനസ്സിലാക്കി തന്നു. സന്ധ്യയിലേക്ക് നീളാന്‍ തുടങ്ങുന്ന മഞ്ഞ വെയിലില്‍ മഞ്ഞളില്‍ മുക്കിയെടുത്തത് പോലെ നിന്ന് എന്നെ ആദ്യമായി നോക്കിയപ്പോള്‍ അവന്റെ കണ്ണുകളില്‍ ഞാന്‍ പ്രണയം കണ്ടിട്ടുണ്ട്. വേദനയുടെ കൊടുമുടിയില്‍ നിന്നും ആശ്വാസത്തിന്റെ അഗാധതയിലേക്ക് പതിച്ച നേരം കുഞ്ഞു മകളുടെ  ആദ്യത്തെ നിലവിളിയുടെ സംഗീതത്തില്‍ എന്റെ നെറുകയില്‍ ഉമ്മവെക്കുമ്പോഴും അവന്റെ കണ്ണുകളില്‍ ഞാന്‍ പ്രണയം കണ്ടിട്ടുണ്ട്. പക്ഷെ പക്ഷെ ഐ. സി യൂവിലെ കിടയ്ക്കക്കരികിലിരുന്നു. 'എല്ലാം മാറും' എന്നു ഒരു മന്ത്രണം പോലെ അവന്‍ പറഞ്ഞു കൊണ്ടിരുന്നപ്പോളാണ്  പ്രണയമെന്തെന്ന് ഞാന്‍ ശരിക്കും കണ്ടത്.

മാതളം പോലെ  പ്രേമത്തില്‍ തുടുക്കുമ്പോളല്ല. ഊര്‍ജ്ജസ്വലതയോടെ ഓടി നടക്കുമ്പോഴല്ല. ജീവന്റെ നിറവില്‍ പ്രകാശിക്കുമ്പോളല്ല. ചോരവറ്റി മഞ്ഞച്ച് വേദനയുടെ വടുക്കള്‍ മാത്രം വീഴുന്ന മുഖത്തോടെ ഒരു മുഷിഞ്ഞ പുതപ്പ് പോലെ കിടക്കയോട് ഒട്ടി കിടക്കുമ്പോഴാണ് ഓരോ സ്ത്രീയും ഏറ്റവും പ്രണയിക്കപ്പെടേണ്ടത് എന്ന് അവന്‍ എനിക്ക് മനസ്സിലാക്കി തന്നു.

ആദ്യത്തെ പതര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് അവനെനിക്ക് മുന്നില്‍ ഒരു കൊടുങ്കാറ്റിനും ഉലയ്ക്കാനാകാത്ത വന്മരം പോലെ ഉറച്ചു നിന്നു. ടിടിപിയെ കുറിച്ച് കൂടുതല്‍ കൂടുതല്‍ വായിച്ചു.  ഓരോ രോഗികളുടെ കഥകള്‍ എന്നോട് പങ്കു വെച്ചു. എല്ലാം മാറുമെന്ന ധൈര്യം നല്‍കുമ്പോഴും എന്റെ  രോഗത്തെ, വേദനകളെ, അസ്വാസ്ഥ്യങ്ങളെ ഒട്ടും നിസ്സാരമായി കണ്ടില്ല.

ഞാന്‍ കിടക്കുകയായിരുന്നു. പക്ഷെ അവന്‍ ഓടുകയായിരുന്നു. മകളെയും വലിച്ചുള്ള അവന്റെ ഓട്ടം അവന്‍ ഭംഗിയായി ഓടി. രോഗികളെ ശുശ്രൂഷിച്ച്  അവന് ശീലമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു രോഗിക്ക് ഏറ്റവും ആവശ്യം തന്റെ രോഗത്തെ  അതിന്റെ തീവ്രതയോടെ മനസ്സിലാക്കുന്ന ഒരാളുടെ പരിചരണമാണെന്ന്  അവന് അറിയാമായിരുന്നു. എന്റെ ഓരോ കുഞ്ഞു കാല്‍ വെപ്പിലും സഹനത്തിലും അവനെന്റെ ആത്മവിശ്വാസത്തിന് വളമിട്ടു. ഓരോ ദിവസവും മുറിയിലേക്ക് കടന്നു വരുന്ന മകള്‍ അണിഞ്ഞിരുന്നത് പരസ്പര ബന്ധമില്ലാത്ത കുപ്പായങ്ങളും തൊപ്പിയും കയ്യുറകളുമായിരുന്നു. പക്ഷെ അവള്‍ തന്റെ അച്ഛനോട് ഏറ്റവും നന്നായി ഇണങ്ങിയിരുന്നു.

ഒടുവില്‍ എല്ലാം നോര്‍മലായിരിക്കുന്നു

പുതിയ ജീവിതം.
പിന്നെയും ആശുപത്രി യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.തുടരെ തുടരെയുള്ള ബ്‌ളഡ് ടെസ്റ്റുകള്‍. വിഴുങ്ങാന്‍ ഗുളികകള്‍.

ഒടുവില്‍ എല്ലാം നോര്‍മലായിരിക്കുന്നു ഇനി ആറു മാസം കഴിഞ്ഞു മതി ബ്ലഡ് ടെസ്റ്റ് എന്നു ഡോ. ബ്രാത് പറയുമ്പോള്‍ മനസ്സില്‍ തളിര്‍ത്തു പൊട്ടി വിടരുന്ന ഒരു വസന്തം.പുറത്തും. 

മഞ്ഞു പാളികളൊന്നൊന്നായി ഉരുകിത്തീരുന്നു. പച്ചത്തലപ്പുകള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. മഞ്ഞപ്പൂക്കള്‍ വിരിയുന്നു. മകളുടെ സ്‌ക്കൂളിലേക്ക് ഘനം കുറഞ്ഞ  മുടിയും ഉരുണ്ട് വീര്‍ത്ത മുഖവുമുള്ള പുതിയ ഞാന്‍ തുളുമ്പുന്ന മനസ്സോടെ നടക്കുന്നു. പരിചയമുഖങ്ങള്‍  ഒരോന്നായി എന്നോട് ചിരിക്കുന്നു. കുശലം ചോദിക്കുന്നു. വാതില്‍ തുറക്കുമ്പോള്‍  പുറത്തേക്ക് കുതിക്കുന്ന നിറങ്ങളിലൂടെ  ചിരികളിലൂടെ കലപിലകളിലൂടെ  മകളോടി വന്നെന്നെ മുറുകെ പുണരുന്നു. ഈ ജീവിതത്തെ ഞാനെത്രമേല്‍ സ്‌നേഹിക്കുന്നു. 

രോഗത്തിന് ശേഷമൊരു കാലമുണ്ട്. രോഗമേല്‍പ്പിച്ച ക്ഷതങ്ങളും  രോഗിയും മാത്രമാകുന്ന കാലം. സഹായ കരങ്ങളെല്ലാം തിരിച്ചെടുക്കപ്പെടുന്ന കാലം.
ഇപ്പോള്‍ എങ്ങനെയുണ്ടെന്ന ചോദ്യങ്ങളെല്ലാം മാഞ്ഞു പോകുന്ന കാലം. പകരം ഇപ്പോള്‍ എല്ലാം മാറിയല്ലോ അല്ലേ എന്ന അന്വേഷണങ്ങളില്‍ മാറിയെന്ന് കേള്‍ക്കാനുള്ള തിടുക്കമുണ്ട്. 

പഴയ എന്നെ എനിക്ക് തിരിച്ച് കിട്ടാതെ തന്നെ പഴയ ഞാനാണ് ഞാനെന്ന് ഭാവിക്കാനുള്ള വ്യഗ്രത എനിക്കുമുണ്ട്. നിസ്സഹായതയുടെ പാരമ്യത്തില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റ് വീണ്ടും ഞാനെന്ന ഭാവത്തിലേക്ക് ചുരുണ്ടുകയറുന്നു. ക്ഷീണിച്ച് ക്ഷീണിച്ചാണെങ്കിലും ചെയ്യുന്നതൊന്നും പഴയ പടി ഭംഗിയാവുന്നില്ലെങ്കിലും  ജോലികളൊന്നൊന്നായി  ചെയ്ത് തീര്‍ക്കുന്നു. ഓര്‍മ്മകളും അറിവുകളും ചിലപ്പോള്‍ കയര്‍ പൊട്ടിച്ചോടുമ്പോള്‍ എങ്ങനെയും പിടിച്ചു കെട്ടാന്‍ നോക്കുന്നു. അക്ഷരങ്ങളും വാക്കുകളും ഒഴുകി വരാതെവിടെയോ സ്തംഭിച്ചു കിടന്നിട്ടും പിന്നേയും പിന്നേയും ഞാനെഴുതാന്‍ ശ്രമിക്കുന്നു. വിരല്‍ത്തുമ്പില്‍ നിന്നു ഒരു നിമിഷം വഴുക്കി പോയ ജീവിതത്തെ ഞാന്‍ ആവേശപുര്‍വ്വം ആലിംഗനം ചെയ്യുന്നു. 

(അവസാനിക്കുന്നു)

ഒന്നാം ഭാഗം: നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!

രണ്ടാം ഭാഗം: ചോരച്ചുവപ്പുള്ള ദിവസങ്ങള്‍!

മൂന്നാംഭാഗം: ആംബുലന്‍സിലെ മാലാഖമാര്‍

നാലാം ഭാഗം: അരികെ നില്‍ക്കുന്നത് മരണമാണോ?

അഞ്ചാം ഭാഗം: ഐസിയുവിലെത്തിയ ദൈവം!

ആറാം ഭാഗം: സമാധാനത്തോടെ ഞാനുറങ്ങി; വരാനിരിക്കുന്നത് എന്തെന്നറിയാതെ!

ഏഴാം ഭാഗം:  അഴിയുന്നില്ല, രോഗക്കുരുക്ക്!

 

(കടപ്പാട്: സംഘടിത)

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ; വണ്ടിയും ഡ്രൈവറും അറസ്റ്റിൽ