ആംബുലന്‍സിലെ മാലാഖമാര്‍

Published : Jun 05, 2017, 01:24 PM ISTUpdated : Oct 04, 2018, 07:16 PM IST
ആംബുലന്‍സിലെ മാലാഖമാര്‍

Synopsis

മായാ ഇന്ദിരാ ബാനര്‍ജിയുടെ രോഗാനുഭവങ്ങള്‍ മൂന്നാം ഭാഗം

ഒന്നാം ഭാഗം: നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!
രണ്ടാം ഭാഗം: ചോരച്ചുവപ്പുള്ള ദിവസങ്ങള്‍!

ഡോക്ടര്‍ വീണ്ടും വന്നു. 

ഇത്തവണ ഒരു കൊടുങ്കാറ്റ് പോലെ വരികയും പോവുകയുമല്ല. കുറച്ചു കൂടി ശാന്തമായിട്ടാണ് അദേഹം സംസാരിച്ചത്. ഞാനും ഭര്‍ത്താവും ഒരു ഉത്തരം കിട്ടാത്ത കടം കഥ കേള്‍ക്കുന്നത് പോലെ നിശ്‌ചേഷ്ടരായി നിന്നു. 

'പത്തുലക്ഷം പേരില്‍ രണ്ടോ മൂന്നോ   പേര്‍ക്കു വരാവുന്ന  രക്തസംബന്ധിയായ ഒരു അപൂര്‍വ രോഗമാണ് ടിടിപി. മുമ്പുകാലത്ത് ഇത് ബാധിക്കുന്ന 95 ശതമാനം രോഗികളും മരിക്കുമായിരുന്നു'

ശരീരത്തിലൂടെ ഒരു തരിപ്പു പടരുന്നത്  ഞാനറിഞ്ഞു. 'പക്ഷെ ഇന്ന്, രോഗം നേരത്തിന് കണ്ടെത്തുന്ന പക്ഷം, പ്ലാസ്മഫെരസിസ് ചെയ്ത് രോഗിയെ രക്ഷിച്ചെടുക്കാം'.

ഡോക്ടര്‍ അവേശത്തോടെ തുടര്‍ന്നു. 

'പക്ഷെ, ചികിത്സ എത്രയും പെട്ടെന്നു തുടങ്ങണം. ഇതൊരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ്. ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്ത എന്തോ കാരണം കൊണ്ട് നിങ്ങളുടെ ശരീരം നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്!  ADAMTS 13  എന്‍സൈമിന്റെ നിര്‍മ്മാണത്തെ  അത് തകിടം മറിച്ചിരിക്കുന്നു. ഹീമോഗ്ലോബിന്‍ വളരെ താഴെയാണ്. പ്ലേറ്റ്‌ലെറ്റ് ലെവല്‍ അപകടകരമാം വിധം താഴെയാണ്. കോശങ്ങളുടെ തകര്‍ച്ച സൂചിപ്പിച്ച് കൊണ്ട് എല്‍ ഡി എച്ച്  കുത്തനെ ഉയര്‍ന്നിരിക്കുന്നു. മുറിവുണ്ടായാല്‍ കൂടാന്‍ പ്ലേറ്റ്‌ലെറ്റുകളുടെ അഭാവം ഉണ്ടാകും. എന്നാല്‍ പ്ലേറ്റ്‌ലെറ്റുകള്‍ പറ്റി പിടിച്ചു ചെറിയ  ഗോളങ്ങളായി ഒഴുകി നടക്കുകയാണ്. അത് നാഡിവ്യൂഹങ്ങളെ തടസ്സപ്പെടുത്തും. അങ്ങിങ്ങായി ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നു. ക്ലോട്ടുകള്‍ രക്തധമനികളെ  ബ്ലോക്ക് ചെയ്യും. ഇതു കിഡ്‌നിയുടെ, ഹൃദയത്തിന്റെ, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ  ബാധിക്കും. ബ്രെയ്ന്‍ ഡാമേജ് ഉണ്ടാകാം. ഓര്‍മ്മ നഷ്ടപ്പെടാം. അല്ലെങ്കില്‍ സ്‌ട്രോക്കോ ഹാര്‍ട്ട് അറ്റാക്കോ ഉണ്ടാകാം.ചിലര്‍ക്ക്  ഇതൊരു  പാരമ്പര്യ  തകരാറാകാം. അല്ലെങ്കില്‍ രക്താര്‍ബുദം, എയിഡ്‌സ്, അങ്ങനെ എന്തിന്റെയെങ്കിലും ലക്ഷണം ആകാം. അല്ലെങ്കില്‍ മരുന്നുകളുടെ റിയാക്ഷനാകാം. മിക്ക   കേസുകളിലും അകാരണമാകാം'.

മുമ്പുകാലത്ത് ഇത് ബാധിക്കുന്ന 95 ശതമാനം രോഗികളും മരിക്കുമായിരുന്നു'

അമ്മ ഇന്നു രാത്രി മാത്രം വീട്ടില്‍ വരില്ലെന്ന് ഖേദിച്ചു നില്‍ക്കുന്ന മകളുടെ കുഞ്ഞിക്കയ്യിലെ എന്റെ പിടുത്തം മുറുകുമ്പോള്‍, സ്‌റ്റെര്‍ലിയുടെ കൈവിരലുകള്‍ എന്റെ ശിരസ്സിലമരുന്നത് ഞാന്‍ അറിഞ്ഞു.

പ്ലാസ്മ ചികിത്സക്കുള്ള സൗകര്യം ക്രെഡിറ്റ് വാലിയിലില്ല.

മറ്റൊരു ആശുപത്രിയിലേക്ക്  രോഗിയെ മാറ്റണം. അതിനു വേണ്ടി മറ്റ് ആശുപത്രികളുമായി ബന്ധപ്പെടുകയാണ്. പക്ഷെ അത് വരെ എന്തെങ്കിലും ചെയ്യാതിരുന്നാല്‍  കാര്യങ്ങള്‍ അവതാളത്തിലാകാം.

ഉടനെ തന്നെ കൂടിയ തോതില്‍ സ്റ്റിറോയ്ഡ് തരാന്‍ പോകുകയാണെന്ന് പറഞ്ഞ് ഡോക്ടര്‍ പോയി.

പോകുന്നതിന് മുന്‍പ് എല്ലാം ശരിയാകുമെന്ന് ഡോക്ടര്‍ എന്നോട്  ധൈര്യസമേതം പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ കൊതിച്ചു. പക്ഷെ  എന്റെ ചുമലില്‍ തട്ടി 'ലെറ്റ് അസ് ഹോപ് ഫോര്‍ ദ ബെസ്റ്റ്' എന്ന്  മാത്രം പറഞ്ഞ് അദ്ദേഹം നടന്ന്  നീങ്ങി. ദൂരെയേതോ ആശുപത്രിയില്‍ തടവുകാരിയാകാന്‍ പോകുകയാണെന്ന് എനിക്ക് മനസ്സിലായി. 

'ഇനി എന്നാണ് ഞാനെന്റെ വീട് കാണുക? ഞങ്ങള്‍ മൂന്നു പേരും കെട്ടിപിടിച്ചു കിടന്നുറങ്ങുക. അതോ ഇനിയൊരിക്കലും...!'

'ഫോണില്‍ നിന്ന് മുഖമുയര്‍ത്തി 'ഇത് മാറും, നോക്കൂ, ഇതിനു ചികിത്സയുണ്ട്..' എന്ന് പറയുമ്പോഴും സ്‌റ്റെര്‍ലിയുടെ മുഖത്ത്  വല്ലാത്തൊരു സങ്കടവും  പരിഭ്രാന്തിയും  പറ്റിപ്പിടിച്ചിരുന്നു.

മകള്‍ മടിയിലിരുന്ന്  'അമ്മയെ കുഞ്ഞാവയ്ക്ക് മിസ് ചെയ്യും' എന്ന സങ്കടക്കരച്ചില്‍ തുടര്‍ന്നു. 

'അമ്മയ്‌ക്കൊന്നുമില്ല വാവ, മാറിയാല്‍ ഉടനെ തിരിച്ചു വരില്ലേ' -എവിടെ നിന്ന്, എപ്പോള്‍, അതോ വരുമോ എന്നൊന്നുമറിയാതെ ഞാനവള്‍ക്ക് ധൈര്യം കൊടുത്തു. 

മരിക്കുന്നതിന്റെ തലേ ദിവസവും അമ്മയെന്നോട് അങ്ങനെ പറഞ്ഞിരുന്നു. 'അമ്മയ്ക്ക് ഒന്നുമില്ലഡാ'. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ കുഞ്ഞാവയെ പോലൊരു കുഞ്ഞായിരുന്നില്ല. എല്ലാം മനസ്സിലാക്കാനുള്ള പ്രായവും തിരിച്ചറിവും ഉണ്ടായിരുന്നു. പറയുന്നത് സത്യമല്ലെന്ന് പറയുന്ന അമ്മയ്ക്കും കേള്‍ക്കുന്ന എനിക്കും നല്ല നിശ്ചയമുണ്ടായിരുന്നു.എന്നിട്ടും അമ്മ പറയുന്നത്  ഞാന്‍ വെറുതെ വിശ്വസിച്ചു. അമ്മമാരുടെ വാക്കുകള്‍ക്ക് അങ്ങനൊരു മാന്ത്രികതയുണ്ട്. ഞാനും കുറെ മന്ത്രവാക്കുകള്‍ ശൂന്യതയില്‍ നിന്നും വാരിയെടുത്ത് അവള്‍ക്ക് കൊടുത്തു.

പക്ഷെ സ്‌റ്റെര്‍ലിക്കും എനിക്കുമിടയില്‍ ഒരു മൗനം ഘനീഭവിച്ചു നിന്നു. അതെങ്ങനെയാണ് തട്ടിപ്പൊട്ടിക്കേണ്ടതെന്ന് ഞങ്ങള്‍ക്കറിയാതെ വന്നു. ഒരാഴി മനസ്സിലിരുന്നു വിങ്ങിയിട്ടും ഒരു വാക്കു പോലും പുറത്ത് വരാത്ത കുറെ നിമിഷങ്ങള്‍.

ഒരു നഴ്‌സ് സ്‌നേഹസ്മിതത്തോടെ എന്റെ കയ്യിലേക്ക് സ്റ്റിറോയ്ഡ് ഐവിയായി നല്‍കാന്‍ തുടങ്ങി. അപ്പോള്‍ അവര്‍ 'നിങ്ങളുടെ ഡേറ്റ്  ഓഫ് ബേര്‍ത്  എന്നെ അത്ഭുതപ്പെടുത്തി. കാഴ്ചയില്‍ നിങ്ങള്‍ ഏറേ ചെറുപ്പമായിരിക്കുന്നുവെന്ന് പറഞ്ഞു. 

മറ്റൊരു സന്ദര്‍ഭത്തിലായിരുന്നുവെങ്കില്‍ ഇത് കേട്ട് ഞാന്‍  സന്തോഷിച്ചേനെ. ഞങ്ങള്‍ ഇന്ത്യാക്കാര്‍ അങ്ങനെയൊക്കെയാണെന്ന് മേനി നടിച്ചേനെ. പക്ഷെ ഇപ്പോള്‍ നന്ദി സൂചകമായി നല്ലൊരു ചിരി പോലും പകരം കൊടുക്കാന്‍ കഴിയാതെ ഞാനിരുന്നു.

മകള്‍ മടിയിലിരുന്ന്  'അമ്മയെ കുഞ്ഞാവയ്ക്ക് മിസ് ചെയ്യും' എന്ന സങ്കടക്കരച്ചില്‍ തുടര്‍ന്നു. 

ഒരിക്കല്‍ കൂടി ഡോക്ടര്‍ ഓടി വന്നു എന്നെ താല്‍ക്കാലികമായി ഐ.സിയൂവിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞു. 'ഓക്കെ' എന്ന് യാന്ത്രികമായി തലകുലുക്കി. ആരെന്തു പറഞ്ഞാലും തലകുലുക്കി സമ്മതിക്കാന്‍ മാത്രം കഴിയുന്നൊരു കൊടിയ നിസ്സഹായത എത്ര പെട്ടെന്നാണ് എന്റെ മേല്‍ പിടിമുറുക്കിയത്!

ഞാന്‍ കുഞ്ഞാവയുടെ ദേഹത്തിന്റെ നേര്‍ത്ത ചൂട് നുകര്‍ന്നു.

എന്നില്‍ നിന്നും മലവെള്ളം പോലൊലിച്ചു പോകുന്ന സൗഭാഗ്യങ്ങളൊന്നൊന്നായി പ്രജ്ഞയില്‍ കത്തിയും കെട്ടും കത്തിയും കെട്ടും ഭാരിച്ച നിമിഷങ്ങള്‍.

പെട്ടെന്ന്  മൂന്നു ചെറുപ്പക്കാര്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ചുറുചുറുക്കോടെ മുറിയിലേക്ക് കയറി  വന്നു.

'മായ സ്‌റ്റെര്‍ലി'-അവരുറക്കെ വിളിച്ചു.

കറുത്ത യൂണിഫോം ധരിച്ച പാരമെഡിക്കല്‍സ് ആയിരുന്നു അവര്‍.

'ഞങ്ങള്‍  നിങ്ങളെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ പോകുകയാണ്'-കളയാന്‍ സമയമില്ലാത്തത് പോലെ അവര്‍ പറഞ്ഞു.

ഞാന്‍ എഴുന്നേറ്റു.

എല്ലാം  നേരിടാന്‍ എന്റെ മനസ്സ്  വളരെ പെട്ടെന്ന് തന്നെ ഒരുങ്ങി കഴിഞ്ഞിരുന്നു.

'എങ്ങോട്ടാണ്  കൊണ്ട് പോകുന്നത്?'- മുറി വിട്ട് പോയിരുന്ന  സ്‌റ്റെര്‍ലി പരിഭ്രമത്തോടെ ഓടി വന്നു ചോദിക്കുന്നു. 

'റ്റൊറോണ്ടോ. മൗണ്ട്  സിനായി'

മകള്‍ ചിത്രം വരച്ചു കൊണ്ടിരുന്ന പുസ്തകവും കളര്‍പെന്‍സിലുകളും കയ്യില്‍ പിടിച്ച് അമ്പരന്ന് നിന്നു.

'ഒന്നും പേടിക്കേണ്ട'-സ്‌റ്റെര്‍ലി പിന്നാലെ വന്നു പറഞ്ഞു. 

'മോളുള്ളത് കൊണ്ട് ആംബുലന്‍സില്‍ കയറാന്‍ അനുവാദമില്ല. ഞങ്ങള്‍ പുറകെ വരാം കാറില്‍'.

'ഏയ്...പേടിയൊന്നുമില്ല.  ഒരു പരിചയവുമില്ലാത്ത ഈ ചുള്ളന്മാരുടെ കുടെ പോണേന്റെ ചെറിയൊരു പരിഭ്രമം മാത്രം'- ഞാനൊരു ചിരി വരുത്തി.

ഞാന്‍ അവര്‍ തയ്യാറാക്കി വെച്ചിരിക്കുന്ന സ്‌ട്രെച്ചറിലേക്ക് കയറി. 'എന്റെ ഫോണൊന്നു എടുത്തോട്ടെ'. ഫോണ്‍ ആരോ കൊണ്ട് തന്നു.

അത്ഭുതത്തോടെ കുഞ്ഞു കണ്ണുകള്‍ വിടര്‍ത്തി മകള്‍ എനിക്ക് നേരെ കൈകള്‍ വീശി.

വെളിച്ചങ്ങളെ പുറകിലേക്ക് വകഞ്ഞു മാറ്റി കൊണ്ട് ആംബുലന്‍സ് അതി വേഗം മുന്നോട്ട് കുതിക്കുന്നു.

കിടന്നു കൊണ്ട് ആ നിമിഷം എനിക്ക് നല്‍കാവുന്ന ഏറ്റവും നല്ല ചിരി ഞാനവള്‍ക്കും കൊടുത്തു. അമ്മ ആംബുലന്‍സില്‍ പോകുകയാണെന്നും നമ്മള്‍ക്ക് അമ്മയെ ചേസ് ചെയ്യാമെന്നും അച്ഛ പറഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അവള്‍.

'ഷീ ഈസ് സോ ക്യൂട്ട്' എന്ന് ഒരമ്മയോട് പറയേണ്ട മധുരവാക്കുകള്‍ കൊണ്ട് മനോഹരമായി മന്ദഹസിക്കുന്ന പാരമെഡിക്കല്‍ ലേഡി എന്നോട് ചങ്ങാത്തം  കൂടി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പാതിരാത്രിക്കു  കറന്റില്ലാതെ ഇരുട്ടില്‍ മുങ്ങി കിടന്ന വീട്ടിലേക്ക് അമ്മയെ കൊണ്ട് വന്നത് ഒരു ആംബുലന്‍സിലായിരുന്നു.
ഇപ്പോള്‍ ഞാനാദ്യമായി അതിനകത്താണ്. ഒരാള്‍ അതിവേഗത്തില്‍ നഗരത്തിരക്കുകളിലൂടെ അതോടിക്കുകയും മറ്റു രണ്ടു പേര്‍ എനിക്ക് കാവലിരിക്കുകയും ചെയ്യുന്നു.

എനിക്ക് സംസാരിക്കാമോ എന്നവര്‍ ചോദിച്ചു. എനിക്കൊരു ബുദ്ധിമുട്ടുമില്ലെന്നും ഉച്ചക്ക്  ശരിക്കും ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമേയുള്ളുവെന്നും ഞാനവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷെ അവര്‍ നിറഞ്ഞ കാരുണ്യത്തോടെ എന്നെ പരിചരിക്കാന്‍ തയ്യാറായിരുന്നു.

മുന്‍പ് ക്രെഡിറ്റ് വാലിയിലെ ഹിമറ്റോളജിസ്റ്റ് ചോദിച്ച ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയും താല്‍പര്യത്തോടെ കുറിച്ചെടുക്കുകയും ചെയ്തു. 

താന്‍ ആദ്യമായാണ് ഒരു ടിടിപി രോഗിയെ കാണുന്നതെന്നും അതിനാല്‍ താന്‍ എക്‌സൈറ്റഡ് ആണെന്നും സുന്ദരിയായ ആ പെണ്‍കുട്ടി എന്നോട് പറഞ്ഞു. 

വെളിച്ചങ്ങളെ പുറകിലേക്ക് വകഞ്ഞു മാറ്റി കൊണ്ട് ആംബുലന്‍സ് അതി വേഗം മുന്നോട്ട് കുതിക്കുന്നു. അപരിചിതരായ മനുഷ്യരെ, ഇടങ്ങളെ പേടിയുള്ള എനിക്ക് പോലും ഒരു അപരിചിതത്വവും തോന്നിപ്പിക്കാതെ രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പുമൊക്കെ ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ട് എന്നെ നിരന്തരം സംസാരിപ്പിച്ചു കൊണ്ട്.സ്‌നേഹത്തിന്റെ മാലാഖമാരെ പോലെ ടൊറോണ്ടൊ എത്തിച്ചേരും വരെ ആ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും എനിക്ക് കൂട്ടിരുന്നു.

അവരുടെ പേരുകള്‍ ഞാനോര്‍ക്കുന്നില്ല. അവരുടെ എന്നു മാത്രമല്ല അന്നു രാത്രിയും തുടര്‍ന്നുള്ള ദിവസങ്ങളിലും എന്റെ മുന്നില്‍ വന്നു നിന്നു സ്വയം പരിചയപ്പെടുത്തിയ  മറ്റനേകം മുഖങ്ങള്‍ എനിക്കിപ്പോള്‍ പേരില്ലാത്ത സ്‌നേഹമുഖങ്ങള്‍ ആണ്.

ഒന്നാം ഭാഗം: നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!
രണ്ടാം ഭാഗം: ചോരച്ചുവപ്പുള്ള ദിവസങ്ങള്‍!

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ; വണ്ടിയും ഡ്രൈവറും അറസ്റ്റിൽ