പാപത്തിനും ശരീരത്തിനുമിടയില്‍  ഒരു വിശ്വാസ ജീവിതം

By യാക്കോബ് തോമസ്First Published Jul 29, 2016, 1:40 PM IST
Highlights

1968ഡിസംബര്‍  5, 6, 7 തീയതികളില്‍ പാലാ അല്‍ഫോന്‍സാ കോളേജില്‍ നടന്ന സെമിനാറില്‍ വച്ചാണ് നമ്മുടെ അജ്ഞതയുടെ പാരമ്യം കണ്ടത്. സന്താനങ്ങളെ ഉല്പാദിപ്പിക്കാന്‍ തന്നെയല്ല ലൈംഗിക സുഖം അനുഭവിക്കാന്‍ കൂടിയാണ് വിവാഹം എന്നു ഞാന്‍ ഞങ്ങളുടെ സെഷനില്‍ പറഞ്ഞത് അതില്‍പെട്ട ബഹുഭൂരിപക്ഷം പേരും എതിര്‍ക്കുകയാണ് ചെയ്തത് 
(കത്തോലിക്കാ എഴുത്തുകാരനായ അപ്പി പാറേക്കാട്ട് എഴുതിയത്). 

.....................................................................

ലൈംഗികത മ്ലേച്ഛവും പാപവുമാണെന്ന അറിവുതന്നെയാണ് ഈ അമ്മമാര്‍ പകര്‍ന്നു തന്നത്. ശരീരം ഏറ്റവും വലിയ കെണിയാണെന്നും അതിനാല്‍ ദൈവവിളിക്കായി കാതോര്‍ക്കുക, മുട്ടിപ്പായി പ്രാര്‍ഥിക്കുക, വിളിയുണ്ടായാല്‍ മഠത്തില്‍ ചേരുക അതാണ് ധന്യമായ ജീവിതം.....ചില മതങ്ങള്‍ കിടപ്പറകളില്‍ പോലും ഇടപെടുന്നു എന്നാണ് എന്റെ സുഹൃത്തിന്റെ അനുഭവം തെളിയിക്കുന്നത്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ സഭ അത്രത്തോളം അനുവദിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചിട്ടുണ്ടത്രേ. (ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, കെ.പി ജോസഫ് കൊട്ടാരം പുറം. 85).
......................................................................
ഞങ്ങളുടെ ലൈബ്രറിക്കും വായനശാലയ്ക്കുകൂടി അതിരമ്പുഴ ലൈബ്രറി എന്നായിരുന്നു പേര്. രണ്ടും ഭംഗിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ ഒരു ദവിസം വികാരി എന്നെ അദ്ദേഹത്തിന്റെ മുരിയിലേക്കു വിളിപ്പിച്ചു. രോഷത്തിലായിരുന്നു കക്ഷി. എസ്. കെ പൊറ്റക്കാടിന്റെ നാടന്‍പ്രേമം അതിരമ്പുഴ ലൈബ്രറിക്കകത്തു കടന്നിരിക്കുന്നു. വലിയ തെറ്റായിപ്പോയില്ലേ അത്. പൊന്‍കുന്നം വര്‍ക്കി, പൊറ്റക്കാട്ട്, തകഴി എന്നൊക്കെ കേട്ടാല്‍ കത്തോലിക്കാ വൈദികരും മാതാപിതാക്കളും കലിതുള്ളിയിരുന്ന കാലമാണ്(ഇപ്പോഴും അതിനൊന്നും വലിയ കുറവൊന്നും വന്നിട്ടില്ല). അതിരമ്പുഴയിലെ നല്ലവരായ ചെറുപ്പക്കാരെ മുഴുവന്‍ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു എന്റെ പേരിലുള്ള വികാരിയുടെ ആരോപണം (മേലുള്ള പുസ്തകം, പുറം 55).

......................................................................

കേരളത്തിലെ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള ക്രൈസ്തവരുടെ സമുദായ ജീവിതത്തിലെ ചില പ്രശ്‌നങ്ങളെയാണ് ഇവിടെ സംഭവങ്ങളായി സൂചിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാനത്തെയും ആധുനികതയെയും സ്ഥാപിക്കുന്നതില്‍ ഗണ്യമായ സ്ഥാനം വഹിച്ച, സാമ്പത്തിക പരിവര്‍ത്തനത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച ക്രൈസ്തവരുടെ ജീവിതം എങ്ങനെയാണ് കേരളസമൂഹത്തിന്റെ വര്‍ത്തമാനത്തിനു മുന്നില്‍ നില്‍ക്കുന്നതെന്ന ചോദ്യം ഇപ്പോള്‍ കൂടുതലായി ഉയരേണ്ടതുണ്ട്. വര്‍ത്തമാനകാല കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങളില്‍, ദേശീയ തലത്തില്‍ സംഘപരിവാര ശക്തികളുടെ അസഹിഷ്ണുതയും ഇസ്ലാമോഫോബിയയും ക്രൈസ്തവരോടുള്ള പലതരത്തിലുള്ള അക്രമങ്ങളും ഒരുഭാഗത്തും കേരളത്തിലെ പലരൂപത്തിലുള്ള സാമൂഹിക രാഷ്ട്രീയ പ്രക്രിയകളും വിവിധ സമുദായങ്ങളെ പലതരത്തിലുള്ള ഇടപെടലുകള്‍ക്കു പ്രേരിപ്പിക്കുമ്പോള്‍ ക്രൈസ്തവരുടെ ഇടപെടലുകളുടെ സ്വഭാവം എന്താണെന്ന ചോദ്യം ഉന്നയിക്കേണ്ടതുണ്ട്. 

ലൗ ജിഹാദും ഐസിസ് വിഷയവും തീവ്രവാദവും ഏകീകൃത സിവില്‍ കോഡും മുസ്ലീങ്ങളെ കടുത്ത സംഘര്‍ഷത്തിലാക്കിയരിക്കുന്നു. സെമിറ്റിക് മതങ്ങളെല്ലാം ഇന്ത്യക്കു പുറത്തു നിന്നു വന്നവരാണെന്നും അതിനാല്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും അന്യരാണെന്നുമുള്ള സംഘപരിവാര ചിന്തകള്‍ പലരൂപത്തില്‍ ശക്തമായിക്കൊണ്ടിരിരിക്കുമ്പോഴും ഉത്തരേന്ത്യയില്‍ വ്യാപകമായി ക്രൈസ്ത ദേവാലയങ്ങള്‍ അക്രമിക്കപ്പെടുമ്പോഴും ബീഫ് എന്ന ഭക്ഷണത്തിനെതിരേ കടുത്ത വിലക്കു വരുമ്പേഴും കേരളത്തിലെ ക്രൈസ്തവരെങ്ങനെയാണ് ഇവയോട് പ്രതികരിക്കുന്നതെന്ന പ്രശ്‌നം ചര്‍ച്ചകളിലേക്കു വരുന്നുണ്ട്. 

ദേശീയ തലത്തില്‍ നോക്കിയാല്‍ ക്രിസ്ത്യാനികള്‍ കണക്കിലൊന്നുമല്ല. എന്നാല്‍ കേരളത്തിലെ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തു വരുന്ന ക്രിസ്ത്യാനികളുടെ സാമൂദായികമായ ഇടപെടലിന്റെ രാഷ്ട്രീയവും ആത്മീയതയും എന്താണെന്ന് ചോദിക്കേണ്ടിവരുന്നു. കേരളത്തെ അടുത്ത കാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ ജിഷ വധക്കേസില്‍ വളരെ കൃത്യമായ നിശബ്ദതപാലിച്ച സമൂഹംകൂടിയാണ് ക്രൈസ്തവരെന്നു കാണുന്നിടത്താണ് അതും ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലത്ത് നടന്നിട്ടും ഈ സമൂഹഘടനയെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നുന്നത്. കേരളത്തില്‍ അടുത്ത കാലത്ത് ഏറെ ജനരോഷമുയര്‍ത്തിയ അഴിമതി പോലുള്ളവയില്‍ ശബ്ദിക്കുന്നതിലും വിമുഖത പുലര്‍ത്തിയ ക്രൈസ്തവസഭകള്‍ എന്നാല്‍ മദ്യത്തിനെതിരേ ശക്തമായി രംഗത്തു വരികയും ചെയ്തത് കണ്ടു. കേരളത്തിലെ ജനങ്ങളുടെ സൂക്ഷ്മ പ്രതികരണത്തോട് സംവദിക്കാതിരിക്കുകയും എന്നാല്‍ മദ്യനിരോധനം പോലുള്ള ചില കാര്യങ്ങളില്‍ മാത്രം അഭിപ്രായം പറഞ്ഞ് വലിയ പ്രശ്‌നങ്ങള്‍ അതൊക്കെയാണെന്നു വരുത്തി ജീവിക്കാനുള്ള സഭകളുടെ താത്പര്യം വിളിച്ചു പറയുന്നത് എന്തൊക്കെയാണ്? 

കേരളത്തിലെ ജനങ്ങളുടെ സൂക്ഷ്മ പ്രതികരണത്തോട് സംവദിക്കാതിരിക്കുകയും എന്നാല്‍ മദ്യനിരോധനം പോലുള്ള ചില കാര്യങ്ങളില്‍ മാത്രം അഭിപ്രായം പറഞ്ഞ് വലിയ പ്രശ്‌നങ്ങള്‍ അതൊക്കെയാണെന്നു വരുത്തി ജീവിക്കാനുള്ള സഭകളുടെ താത്പര്യം വിളിച്ചു പറയുന്നത് എന്തൊക്കെയാണ്? 

1
ചരിത്രപരമായി കേരളസമൂഹത്തോട് ആഴത്തില്‍ ബന്ധപ്പെട്ട, കേവലം നായര്‍ ജാതി സമൂഹമായി ജീവിച്ച സമുദായമാണ് ക്രൈസ്തവരെന്നാണ് കാണാന്‍ കഴിയുന്നത്. ഇവരുടെ രൂപംകൊള്ളല്‍ എവിടെ നിന്നാണെങ്കിലും പതിനാറാം നൂറ്റാണ്ടുവരെയുള്ള കേരളത്തിലെ ക്രൈസ്തവര്‍ ഹിന്ദുജാതി വ്യവസ്ഥയുടെ ഭാഗമായി മാറിയവരാണെന്നുള്ളതാണ് വസ്തുത. ജാതിവ്യവസ്ഥയിലെ സ്ഥാനമാണ് കേരളത്തിലെ ക്രൈസ്തവരുടെ പാരമ്പര്യം എന്നു പറയുന്നത്. തറവാടിത്ത മഹിമകളും ക്ഷേത്രപദവികളും മറ്റ് കോയ്മാധികാരങ്ങളും നിറഞ്ഞ ക്രൈസ്തവ ജാതിയെ കൊളോണിയല്‍ ശക്തികളുടെ വരവും മിഷനറിപ്രവര്‍ത്തനവുമാണ് ജാതിയില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നത്. അക്കാലത്തെ ക്രൈസ്തവര്‍ ക്രൈസ്തവരെന്നല്ല അറിയപ്പെട്ടിരുന്നത്,  മറിച്ച് വേദക്കാര്‍, നസ്രാണികള്‍, മാപ്പിളമാര്‍, സുറിയാനികള്‍ എന്നൊക്കെയായിരുന്നു. ഈ വേദക്കാരുടെ ക്രൈസ്തവര്‍ എന്ന കര്‍തൃത്വത്തിലേക്കുള്ള പരിണാമമാണ് മിഷനറി പ്രവര്‍ത്തനത്തിലൂടെ നവോത്ഥാന കാലത്ത് ഇവിടെ സംഭവിക്കുന്നത്. 

സുറിയാനി ഭാഷയിലും മറ്റും കിടക്കുന്ന ബൈബിളും ആരാധനകളും മനസിലാകാതെ ഉരുവിട്ട് യാന്ത്രികമായി വിശ്വസിച്ചിരുന്ന കാലത്തുനിന്ന് സ്വന്തം ഭാഷയിലേക്കു വിവര്‍ത്തനം ചെയ്ത ബൈബിളും മറ്റും വായിച്ച് വിശ്വാസ ജീവിതത്തെ കരുപ്പിടിപ്പിടിപ്പിച്ച  അതിലൂടെ നവീകരണം രൂപപ്പെട്ട പ്രകിയകളാണ് ക്രൈസ്തവരെ വര്‍ത്തമാനകാലത്തേക്കു എത്തിച്ചിരിക്കുന്നത്. ഇങ്ങനെയൊരു വിശ്വാസ ജീവിതം പരിണാമം ഒരുവശത്തും മറുവശത്ത് കൊളോണിയലിസം സാധ്യമാക്കിയ മൂലധന താത്പര്യങ്ങളിലൂെട അധ്വാന, വ്യവസായ രംഗങ്ങളില്‍ ഇടടപെട്ട് സാമ്പത്തിക, സാമൂഹ്യ ശക്തിയാകാനും ക്രൈസ്തവര്‍ക്കു കഴിഞ്ഞു. ഒരര്‍ഥത്തില്‍, ക്രൈസ്തവരുടെ ജീവിതത്തെ അനുകരിക്കാനുള്ള അതിനനുസരിച്ച് മാറാനുള്ള വ്യഗ്രതയായിരുന്നു നവോത്ഥാനത്തിലെ പരിവര്‍ത്തനങ്ങളുടെ ഒരു ധാര. 

ഹിന്ദുക്കളുടെ ഭൂമിയെല്ലാം സ്വന്തമാക്കി കൃഷിയിറക്കി ഇത്തിള്‍ക്കണ്ണിപോലെ വളര്‍ന്ന സമുദായം എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ ക്രൈസ്തവര്‍ക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിക്കേണ്ടതാണ്.വയനാട്, ഹൈറേഞ്ച് പോലുള്ള മേഖലകളിലേക്കുള്ള കുടിയേറ്റങ്ങളിലൂടെ ഒരുപാട് വിമര്‍ശനങ്ങളും അവര്‍ നേരിട്ടിട്ടുണ്ട്. ഇതൊക്കെ വച്ചുനോക്കുമ്പോള്‍ കേരളീയ ആധുനികതയുടെ സാമ്പത്തിക കുതിച്ചുചാട്ടത്തിന് നിര്‍ണായകമായ പങ്ക് ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ടതാണ്. നവോത്ഥാനകാലത്ത് ഹിന്ദു ജാതികള്‍ അനുഭവിച്ച പ്രശ്‌നം അവരുടെ ജാതി ബോധ്യങ്ങളും നവോത്ഥാന മാറ്റങ്ങളും തമ്മില്‍ വൈരുദ്ധ്യപ്പെടുന്നു എന്നുള്ളതായിരുന്നുവെങ്കില്‍ ക്രൈസ്തവര്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഭൗതികസമ്പത്ത് കുന്നുകൂട്ടുന്നതില്‍ അവര്‍ക്ക് സാധിച്ചു. മിക്കപ്പോഴും ബൈബിളിലെ ആക്ഷരിക വായനകള്‍ പെറ്റുപെരുകാനും ഭൂമിയെ കീഴടക്കാനും  ഇതിന് സഹായകമായിരുന്നുതാനും.

കേരള നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തെ ഉള്‍പ്പേറുന്നതില്‍ എത്രമാത്രം ഇവര്‍ സമുദായമെന്ന നിലയില്‍ ഇടപെട്ടിട്ടുണ്ട്? ജാതിനിര്‍മാര്‍ജനം , കീഴാളരുടെ ഉന്നമനം പോലുള്ള നവോത്ഥാന പ്രശ്‌നങ്ങളില്‍ ക്രൈസ്തവരുടെ നിലപാടെന്തായിരുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം വ്യക്തമാണ്.  

വര്‍ത്തമാനകാലത്തും ഇതര സമുദായങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നം ക്രൈസ്തവ, മുസ്ലീം സമുദായങ്ങളുടെ വളര്‍ച്ചാ പ്രശ്‌നമാണ്. ഇത്തരം വളര്‍ച്ചയുടെ പ്രതിഫലനമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ക്രൈസ്തവരുടെ നിയന്ത്രണത്തിലായിരിക്കുന്നത്. അങ്ങനെയുള്ള ക്രൈസ്തവര്‍ എത്രമാത്രം ആധുനികീരണത്തിന് വിധേയമായിട്ടുണ്ടെന്നുള്ള ചോദ്യം പക്ഷേ പരിശോധിക്കപ്പെടേണ്ടതാണ്. 

കേരള നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തെ ഉള്‍പ്പേറുന്നതില്‍ എത്രമാത്രം ഇവര്‍ സമുദായമെന്ന നിലയില്‍ ഇടപെട്ടിട്ടുണ്ട്? ജാതിനിര്‍മാര്‍ജനം, കീഴാളരുടെ ഉന്നമനം പോലുള്ള നവോത്ഥാന പ്രശ്‌നങ്ങളില്‍ ക്രൈസ്തവരുടെ നിലപാടെന്തായിരുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം വ്യക്തമാണ്. ദളിത് ക്രൈസ്തവരെ അകറ്റി വേറിട്ടു നിര്‍ത്താനും സ്ത്രീകളെ ബൈബിളുകാട്ടി നിശ്ചിത വൃത്തത്തിലൊതുക്കാനും അങ്ങനെ തങ്ങളുടെ പാരമ്പര്യ സുറിയാനിറ്റി സംരക്ഷിക്കുവാനും അവര്‍ക്കും സാധിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ആധുനികതയുടെ ആവിഷ്‌കാരങ്ങളെ തങ്ങളുടെ പാരമ്പര്യങ്ങളെ ഉടച്ചു വാര്‍ക്കുന്നതില്‍ ഉപയോഗിക്കാതെ അകറ്റി നിര്‍ത്തിയ ജാതി സമൂഹമാണ് കേരളത്തിലെ ക്രൈസ്തവരെന്നു കാണാം. കേരളത്തില്‍ ശക്തമായ ഇസ്ലാമോഫോബിയ പടര്‍ന്നു പിടിക്കുമ്പോഴും ക്രൈസ്തവഫോബിയ എന്നൊന്ന് സാധ്യമാകാതെ പോകുന്നതിനുള്ള ഒരു കാരണം സവര്‍ണജാതി സമൂഹമെന്ന പാരമ്പര്യമാണെന്നു പറയാം. മറുഭാഗത്ത് ഇപ്പോള്‍ ഇസ്ലാമോഫോബിയയെ ശക്തമായി വളര്‍ത്തുന്നതില്‍ ലൗജിഹാദ് പോലുള്ള ആശയങ്ങള്‍ ചര്‍ച്ചാവിഷയമാക്കിക്കൊണ്ട് ക്രൈസ്തവര്‍ അപകടകരമായ സാമൂദായികതയെ ഉന്നയിക്കുകയും മുസ്ലീങ്ങളെ അപരരാക്കി സനാതന ഹൈന്ദവികതയോട് സന്ധിചെയ്യുകയാണെന്നും  പറയാം.  

ദൈവവചിന്താലോകത്ത്, ദൈവശാസ്ത്ര ഇടപെടലുകളില്‍ പുതിയ ചിന്തകളും കാഴ്ചപ്പാടുകളും രൂപ്പെടുമ്പോഴും അവയെ ശ്രദ്ധിക്കുന്നതിനോ തങ്ങളുടെ വിശ്വാസത്തെ രൂപീകരിക്കുന്നതിനോ ഉള്ള ശ്രമം ഇവര്‍ നടത്തുന്നുമില്ലെന്നുകാണാം. വിമോചന ദൈവശാസ്ത്രചിന്തകള്‍ കേരളത്തില്‍ ശക്തമായപ്പോഴും ഡോ. എംഎം തോമസിനപ്പോലുള്ളവര്‍ ശക്തമായ ദൈവശാസ്ത്ര വായനകള്‍ നടത്തി ദൈവം, ക്രൈസ്തവ വിശ്വാസം എന്നിവയെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോഴും ക്രൈസ്തവസഭകള്‍ അകലം പാലിക്കുകയോ നിശബ്ദത പുലര്‍ത്തുകയോ ചെയ്തുകൊണ്ട് അവരെ അവഗണിക്കുകയാണ് ചെയ്തത്. എന്നല്ല അത്തരം ചിന്തകളും പ്രവര്‍ത്തനങ്ങളുമായി കൂട്ടുകൂടുന്നവരെ നിശബ്ദരാക്കുന്ന പ്രവണതയും കാണാമായിരുന്നു. 

ബീഡിവലിയും മദ്യപാനം തുടങ്ങി പാപങ്ങളുടെ കുറേ പട്ടിക പഠിപ്പിക്കുന്നതിനപ്പുറത്ത് സമകാലിക ജീവിത യാഥാര്‍ഥ്യങ്ങളില്‍ അര്‍ഥവത്തായി ഇടപെടുന്നതിനും രാഷ്ട്രീയ കാഴ്ചപ്പാടുകളിലേക്ക് പോകുന്നതിനും സഭാ ജീവിതം സഹായിക്കുന്നില്ലെന്നുള്ളതാണ് വസ്തുത.

കമ്യൂണിസത്തെ സാത്താനെപ്പോലെ കണ്ടിരുന്ന കേരളത്തിലെ ക്രൈസ്തവരുടെ പൊതു സമീപനത്തില്‍ അവരുടെ വിശ്വാസ നൈതിക കാഴ്ചപ്പാട് വ്യക്തമാണ്. പുതിയ ആശയധാരകളുമായി സംവദിക്കുന്നതിനോ അതിലൂടെ തങ്ങളുടെ വിശ്വാസത്തെ നിര്‍വചിക്കുന്നതിനോ തങ്ങള്‍ തയാറല്ലെന്നുള്ളതാണ് ക്രൈസ്തവരുടെ പൊതുസമീപനം. മനുഷ്യ നിര്‍മിത ആശയങ്ങളും വേദപുസ്തകവും പള്ളി ആചാരങ്ങളും വേറെയാണെന്നും വിശ്വാസം എന്നത് ദൈവികമായ ചിലതിന്റെ ആചരണമാണെന്നും അതിനെ മാറ്റാനോ പരിവര്‍ത്തിക്കാനോ സാധ്യമല്ലെന്നുമാണ് സഭകളുടെ നിലപാട്. ഇത്തരം സമീപനത്തിലൂടെ പുതിയ ആശയങ്ങളെ വര്‍ജിക്കുന്ന ക്രൈസ്തവര്‍ വ്യവസ്ഥാപിത ആശയങ്ങളുമായി നിര്‍ബാധം കൂട്ടുകൂടുന്നതിനെ തെറ്റായോ പാപമായോ കാണുന്നില്ലെന്നുള്ളതാണ് വിചിത്രം.

അങ്ങനെ നോക്കുമ്പോള്‍ ക്രൈസ്തവരുടെ വിശ്വാസം എന്നത് അവരുടെ സ്ഥാപിത താത്പര്യങ്ങളുടെ ഏടുമാത്രമായി മാറുന്നു എന്നുള്ളതാണ് വസ്തുത. ബീഡിവലി, മദ്യപാനം തുടങ്ങി പാപങ്ങളുടെ കുറേ പട്ടിക പഠിപ്പിക്കുന്നതിനപ്പുറത്ത് സമകാലിക ജീവിത യാഥാര്‍ഥ്യങ്ങളില്‍ അര്‍ഥവത്തായി ഇടപെടുന്നതിനും രാഷ്ട്രീയ കാഴ്ചപ്പാടുകളിലേക്ക് പോകുന്നതിനും സഭാ ജീവിതം സഹായിക്കുന്നില്ലെന്നുള്ളതാണ് വസ്തുത. അവരുടെ വിശ്വാസത്തെ ഏതെങ്കിലും രീതിയില്‍ ചോദ്യം ചെയ്യുന്ന കലാവിഷ്‌കാരങ്ങള്‍ വന്നാല്‍ത്തന്നെ സംവാദത്തിനു തയറാകാതെ തങ്ങളുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെ അതിനെ ഇല്ലായ്മ ചെയ്യുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതുകാണാം. വിശ്വാസം, പാരമ്പര്യം, ആചാരം തുടങ്ങിയ അമൂര്‍ത്ത സങ്കല്പങ്ങള്‍ക്കകത്തു ജീവിക്കുന്ന ക്രൈസ്തവരുടെ ജീവിതം പുറമേ നോക്കിയാല്‍ പ്രതിസന്ധിയിലല്ലെങ്കിലും സൂക്ഷ്മമായി സങ്കീര്‍ണമായ വൈരുദ്ധങ്ങള്‍ക്കകത്തു വീര്‍പ്പുമുട്ടുകയാണെന്നു കാണാം. 

ലൗ ജിഹാദെന്നൊക്കെ സഭകള്‍ മുസ്ലീംഫോബിയയെ ഉയര്‍ത്തിക്കൊണ്ടിരുന്നപ്പോള്‍ ഉന്നയിച്ചത് നമ്മുടെ സ്ത്രീകളെ നമുക്കു സംരക്ഷിക്കേണ്ടേ എന്ന പുരുഷാധിപത്യ- ആങ്ങള യുക്തിയും കുടുംബമെന്ന സ്ഥാപനത്തിന്റെ സംരക്ഷണവുമാണ്. അല്ലാതെ ബൈബിള്‍ ദൈവശാസ്ത്ര വിശ്വാസ കാഴ്ചപ്പാടുകളല്ല. 

2.
നവോത്ഥാനകാലത്ത് പുരോഗതി ആര്‍ജിക്കുന്നതില്‍ അവരുടെ വിശ്വാസം തുണയായിരുന്നത് സൂചിപ്പിച്ചു. കുത്തഴിഞ്ഞ മരുമക്കത്തായ കാലത്ത് ശക്തമായ അണുകുടുംബക്രമവും മറ്റും യോജിക്കുന്ന ആശയമായിരുന്നു. എന്നാല്‍ നവോത്ഥാനനന്തര കാലത്ത് ഉത്തരാധുനിക ആശയങ്ങളും ലൈംഗിക ലിംഗബന്ധങ്ങളുടെ പുനര്‍നിര്‍വചനവും കീഴാള സാമൂഹ്യ പോരാട്ടങ്ങളും ക്രൈസ്തവികതയുടെ പാരമ്പര്യത്തിനു പുറത്താണെന്നുള്ളതാണ് വസ്തുത. ഇവിടെയാണ് വിശ്വാസത്തെ അന്ധമായി വിശ്വസിക്കുന്നതിനായി അധികാരത്തിന്റെ ഭാഷയായി സഭകള്‍ മാറുന്നത്. 

സഭകളുടെ അടിസ്ഥാനം കുടുംബമാണ്. ലോകമാകെ നടക്കുന്ന പുതിയ പരിവര്‍ത്തനം കുടുംബത്തിന്റെ പൊളിച്ചെഴുത്താണ്. ലിംഗ ലൈംഗിക ബന്ധങ്ങള്‍ ആഴത്തിലുള്ള പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്വവര്‍ഗരതിയും ട്രാന്‍സ് ജെന്‍ഡര്‍ സംസ്‌കാരവും ആഘാതമേല്‍പ്പിക്കുന്നത് ആധുനികതയുടെ കുടുംബത്തിനാണ്.  എന്നാല്‍ പള്ളികളിലെ പ്രസംഗങ്ങളും കൗണ്‍സിലിംഗുകളും ഉച്ചത്തില്‍ ഘോഷിക്കുന്നത് ശരീരം പാപമാണെന്നും ലൈംഗികതയെക്കുറിച്ച് മിണ്ടരുതെന്നുമാണ്. അതിലൂടെ പ്രണയംപോലുള്ളവയെ പാടേ നിഷേധിക്കുകയും സ്ത്രീ പുരുഷ ബന്ധങ്ങള്‍ മാത്രം ദൈവികം എന്നുറപ്പിക്കുകയുമാണ്. അങ്ങനെ സ്ത്രീ വിധേയയും പുരുഷന്‍ കര്‍ത്താവുമായ പരമ്പരാഗത കേരളീയ സമൂഹ ബന്ധത്തെ ശാശ്വതീകരിക്കുകയും. 

ലൗ ജിഹാദെന്നൊക്കെ സഭകള്‍ മുസ്ലീംഫോബിയയെ ഉയര്‍ത്തിക്കൊണ്ടിരുന്നപ്പോള്‍ ഉന്നയിച്ചത് നമ്മുടെ സ്ത്രീകളെ നമുക്കു സംരക്ഷിക്കേണ്ടേ എന്ന പുരുഷാധിപത്യ- ആങ്ങള യുക്തിയും കുടുംബമെന്ന സ്ഥാപനത്തിന്റെ സംരക്ഷണവുമാണ്. അല്ലാതെ ബൈബിള്‍ ദൈവശാസ്ത്ര വിശ്വാസ കാഴ്ചപ്പാടുകളല്ല. 

കേരളത്തിലെ ക്രൈസ്തവരുടെ വലിയ ഉത്കണ്ഠ ഇന്നും ശരീരമെന്ന വസ്തുവിനെക്കുറിച്ചാണ്. മദ്യവും മറ്റും വലിയ പാപങ്ങളായി ക്രൈസ്തവര്‍ കൊണ്ടുനടക്കുന്നതിനു കാരണം ഇത്തരം ലഹരി വസ്തുക്കള്‍ മുന്നോട്ടു വയ്ക്കുന്നത് ശരീരത്തിന്റെ ഉന്മാദവും ആഘോഷവുമൊക്കെയാണ് എന്നുള്ളതിനാലാണ്. വിശേഷിച്ചും സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്നത് കടുത്ത വിലക്കാണ്. മിഷനറിമാരാല്‍ ഇവിടെ സ്ഥാപിതമായ വിക്ടോറിയന്‍ സദാചാരപാപബോധമാണ് കേരളീയരെ ശരീരത്തെ പാപമാണെന്നു പഠിപ്പിച്ചതും ലൈംഗികത പോലുള്ളവയെ അപകര്‍ഷതയോടെ മാത്രം കാണേണ്ടുന്ന വിഷയമായി മാറ്റിയതും. ക്രൈസ്തവ സദാചാരമാണ്, വിശ്വാസമാണ് ഒരരര്‍ഥത്തില്‍ പാപബോധത്തിന്റെ  വലിയ പട്ടികകള്‍ മലയാളിയുടെ മനസ്സില്‍ നിറച്ചത്. കുമ്പസാരങ്ങളും പ്രാര്‍ഥനകളും ബൈബിള്‍ വായനകളും പ്രസംഗങ്ങളും നിരന്തരം ഉദ്‌ബോധിപ്പിക്കുന്നത് ശരീരമെന്ന പാപത്തിന്റെ പ്രലോഭന വിഷയത്തെ അതീജിവിക്കേണ്ടതിനെക്കുറിച്ചാണ്.  

ക്രൈസ്തവ സദാചാരമാണ്, വിശ്വാസമാണ് ഒരരര്‍ഥത്തില്‍ പാപബോധത്തിന്റെ  വലിയ പട്ടികകള്‍ മലയാളിയുടെ മനസ്സില്‍ നിറച്ചത്.

ഇതിലൂടെ നടക്കുന്ന പ്രവര്‍ത്തനം, ആദം ഹവ്വ കഥയെ കേന്ദ്രസ്ഥാനത്തു വച്ചുകൊണ്ട്  സ്ത്രീയുടെ ശരീരത്തെ പ്രലോഭന വിഷയമാക്കുകയും ആ പ്രലോഭനത്തെ അതിജീവിക്കുന്ന ശരീരങ്ങളായി പുരുഷ ശരീരത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നത് ഒരു വശത്തും പ്രലോഭനത്തിന്റെ ഭീകരതകളിലൂടെ സ്ത്രീയുടെ ശരീരത്തെ എല്ലാത്തരം പ്രത്യക്ഷതകളില്‍ നിന്നും മതത്തിന്റെ എല്ലായിടങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന പ്രക്രിയ മറുഭാഗത്തും നടക്കുന്നു. ചുരുക്കത്തിലിത് പുരുഷാധിപത്യ സഭയുടെ സ്ത്രീയുടെ ശരീരത്തെ എല്ലാത്തരം ആനന്ദങ്ങളില്‍ നിന്നും കെട്ടിയിടുന്ന പ്രവര്‍ത്തനമായി മാത്രം മാറുന്നുവെന്നുള്ളതാണ് വസ്തുത.

പ്രണയം ഇപ്പോഴും ക്രൈസ്തവര്‍ക്ക് വലിയ വിലക്കായ ഒന്നാണെന്നുള്ളത് അല്പം അത്ഭുതത്തോടെയേ കേള്‍ക്കാന്‍ കഴിയൂ. എന്തിന് വിവാഹം നിശ്ചയിച്ച സ്ത്രീയും പുരുഷനും വിവാഹത്തിനു മുമ്പ് പരസ്പരം കാണുന്നതുപോലും പലയിടത്തും വിലക്കാണ്. 

ശരീരത്തിന്റെ ആനന്ദത്തെ ഭയക്കുന്ന സഭകള്‍ക്ക് ശരീരത്തിന്റെ ആനന്ദം പല രൂപത്തില്‍ ഇരമ്പിയാര്‍ത്തു വരുന്ന കാലത്ത് പാപബോധത്തിന്റെ പട്ടികകളുമായി എത്ര കാലം പിടിച്ചു നില്‍ക്കാനാവുമെന്നുള്ള ചോദ്യം പ്രസക്തമാണ്.

ശരീരത്തിന്റെ ആനന്ദത്തെ ഭയക്കുന്ന സഭകള്‍ക്ക് ശരീരത്തിന്റെ ആനന്ദം പല രൂപത്തില്‍ ഇരമ്പിയാര്‍ത്തു വരുന്ന കാലത്ത് പാപബോധത്തിന്റെ പട്ടികകളുമായി എത്ര കാലം പിടിച്ചു നില്‍ക്കാനാവുമെന്നുള്ള ചോദ്യം പ്രസക്തമാണ്. ശരീരത്തെ പാപമായി കെട്ടിയിടാത്ത ക്രിസ്തുവിന്റെ പേരിലാണ് സഭകള്‍ ശരീരത്തെ കുറ്റബോധം കൊണ്ട് വേട്ടയാടുന്നത്. ഇതിന്റെ ലക്ഷ്യം വ്യക്തമാണ്, കുടുംബമെന്ന പരിപാവനമായ പുരുഷാധിപത്യ സ്ഥാപനം അഭംഗുരം നിലനില്‍ക്കണം. പെണ്ണിന്റെ വികാരങ്ങളെ, സ്വാതന്ത്ര്യത്തെ കുരുക്കിയിടണം. പ്രണയം, മദ്യംപോലുള്ള ശരീരത്തെ ഉന്മാദത്തിലേക്കു നയിക്കുന്ന ഘടകങ്ങള്‍ അതിന് തടസ്സമാണ്. 

ശരീരത്തെ സ്‌നേഹിക്കുന്ന, ലൈംഗികതയെയും ഉന്മാദങ്ങളെയും ആഴത്തില്‍ പുണരുന്ന പുതിയൊരു ക്രൈസ്തവികതയെ നിര്‍വചിക്കുന്നിടത്തേ വര്‍ത്തമാനകാലത്ത് ക്രൈസ്തവരുടെ സാക്ഷ്യം അന്വര്‍ഥമാകൂ. ലൗ ജിഹാദിനെ എതിര്‍ക്കുകയല്ല, പ്രണയത്തെ പുതിയൊരു വിശ്വാസ പ്രമാണമായി ആവിഷ്‌കരിക്കുകയാണ്, സഭാജീവിതത്തെ സാക്ഷാത്കരിക്കുകയാണ് വേണ്ടത്. അതിലൂടെ ജനാധിപത്യപരമായ ഒരു സംസ്‌കാരം സൃഷ്ടിക്കുകയും. 

click me!