
അമ്മ ജീവിതം: സംവാദം തുടരുന്നു
അമ്മ ജീവിതം എഴുതാനിരിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യമോര്‍ക്കുക സ്വന്തം അമ്മയെയാവും. ഏതൊരു അമ്മജീവിതവും മഹത്തരമാണ്. എന്നാല്‍ ഏഴു പെണ്‍കുഞ്ഞുങ്ങളെ ഒറ്റക്ക് ചിറകിനടിയില്‍ ചേര്‍ത്തുനിര്‍ത്തി, പരുന്തിനും കാക്കയ്ക്കും കൊടുക്കാതെ വളര്‍ത്തി നല്ല നിലയിലെത്തിയ ഒരമ്മ എന്ന നിലയിലാണ് എന്റെ അമ്മ എനിക്ക് മഹതിയാവുന്നത്. പലപ്പോഴായി എഴുതാനിരുന്നിട്ടും കണ്ണുനീര്‍ തടകെട്ടി കാഴ്ച മറച്ച് എഴുത്ത് മതിയാക്കിപ്പോയതുകൊണ്ട് ഇപ്പോഴും എനിക്കുറപ്പില്ല ഞാനിത് മുഴുമിപ്പിക്കുമെന്ന്.
അമ്മ ഒന്നുറക്കെ ചിരിച്ചോ കരഞ്ഞോ കണ്ടിട്ടില്ല. 45 വയസുള്ള ഒരു വിധവ ജോലിസ്ഥലത്തും പൊതുഇടങ്ങളിലും എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടാവും എന്നത് അന്നെനിക്ക് ഊഹിക്കാനാവുമായിരുന്നില്ല. രാവിലെ ഏഴുമണിയാവുമ്പോള്‍ ബ്ലൗസിനുപിന്നില്‍ തലമുടിയുടെ ഈറനുമായി ബസ് സ്റ്റാന്റിലേക്ക് വേഗത്തില്‍ നടന്നുപോയിരുന്ന ആളുടെ മനസ്സില്‍ ഓരോ മകളുടെ ഭാവിയും ചോദ്യചിഹ്നം പോലെ നിന്നിട്ടുണ്ടാവും. നടന്നുതളര്‍ന്നപ്പോഴൊക്കെ തോളിലെ ഉത്തരവാദിത്വച്ചുമട് അങ്ങനെ തളര്‍ന്നിരിക്കാന്‍ നേരമില്ലെന്ന് ഓര്‍മ്മിച്ചിട്ടുണ്ടാവും. ചിരിക്കാന്‍ പോലും മറന്ന് പിന്നെയും ആഞ്ഞു നടന്നുകാണും, പിന്നെയുമെത്രയോ വര്‍ഷങ്ങള്‍.
എല്ലാ ചുമതലകളുമൊഴിഞ്ഞ് സ്വസ്ഥമായി വീട്ടിലിരിക്കുമ്പോഴേക്കും വാതം അമ്മയുടെ ചലനസ്വാതന്ത്ര്യത്തിന് വിലങ്ങായി. എന്നാലും തനിയെ കുഴമ്പിട്ടും കഷായം കുടിച്ചും ഭര്‍തൃഗൃഹങ്ങളില്‍ കഴിയുന്ന മക്കളെ ആശ്രയിക്കാതെ തനിച്ചു ജീവിച്ചു ആ അഭിമാനി.
സ്വസ്ഥമായി വീട്ടിലിരിക്കുമ്പോഴേക്കും വാതം അമ്മയുടെ ചലനസ്വാതന്ത്ര്യത്തിന് വിലങ്ങായി.
എഴുപത്തഞ്ചാമത്തെ വയസില്‍ കരിന്തേളുകള്‍ ഗര്‍ഭപാത്രത്തെ മുഴുവനായും കാര്‍ന്നുതിന്നുവെന്ന് അറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു. എന്നാലും കേവലരായ മനുഷ്യരാല്‍ കഴിയുന്നത് ചെയ്യാന്‍, കുറച്ചുകൂടി ഈ ഭൂമിയില്‍ കാണാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ആദ്യമായി കത്തി വെക്കേണ്ടിവന്നു ആ ദേഹത്ത്. മുറിച്ചുനീക്കുന്നത് ആവശ്യമില്ലാത്ത വസ്തുവാണെന്ന് പറഞ്ഞാണ് ശസ്ത്രക്രിയക്ക് കയറ്റിയതെങ്കിലും അനസ്‌തേഷ്യയുടെ വീര്യം കുറഞ്ഞുണര്‍ന്ന അമ്മയുടെ ഓര്‍മ്മകള്‍ പാതിയും ബോധത്തോടൊപ്പം മറഞ്ഞുകിടന്നു. അടിവയറ്റിലെ മുറിവിന്റെ കെട്ടില്‍ തടവി അമ്മ അസ്വസ്ഥയായി.. അടുത്തിരുന്ന മക്കളോടൊക്കെ അന്യരോടെന്നപോലെ, വയര്‍ കീറിയെടുത്ത കുഞ്ഞിനെ തിരക്കി. എന്തുത്തരം പറയണമെന്നറിയാതെ പകച്ചും തിരശീലയുടെ മറവില്‍ നിന്ന് തേങ്ങിക്കരഞ്ഞും കടന്നുപോയ നാളുകളായിരുന്നു ഞങ്ങള്‍ക്കൊക്കെ.
മരുന്നിന്റെ വീര്യം കുറയുംതോറും പതിയെ ബോധത്തിലേക്ക് തിരികെ വന്നെങ്കിലും ആ ഓര്‍മ്മപുസ്തകത്തിന്റെ താളുകള്‍ എവിടെയൊക്കെയോ മഷി പടര്‍ന്ന് വായിച്ചെടുക്കാനാവാത്തവണ്ണം അവ്യക്തമായിക്കഴിഞ്ഞിരുന്നു. നമ്മള്‍ പറഞ്ഞുകൊടുക്കുന്നവ അവിടെ എഴുതിച്ചേര്‍ക്കാന്‍ ശ്രമിക്കുമെങ്കിലും കണ്ണികളകന്നപോലെ പലയിടത്തും ചേര്‍ക്കാനാവാതെ അമ്മ കുഴഞ്ഞു. ചിലപ്പോള്‍ വളരെ പഴയ കാര്യങ്ങള്‍ മാത്രം തെളിഞ്ഞുവന്നു. ചിലപ്പോള്‍ വര്‍ത്തമാനവും. അതുവരെ സ്വരുക്കൂട്ടിയ ധൈര്യമെല്ലാം ചോര്‍ന്ന് ആരുടെയൊക്കെയോ സഹായത്തോടെ മാത്രം ജീവിക്കുന്നുവെന്ന തോന്നലാവണം എല്ലാവരോടും ദേഷ്യവും നിസ്സഹായതയുടെ ഈര്‍ഷ്യയും അമ്മയിലുണ്ടാക്കിയത്.
തന്നെ കാര്‍ന്നുതിന്നുന്ന കരിന്തേളുകള്‍ ശരീരം മുഴുവന്‍ പടര്‍ന്നുവെന്ന് അമ്മ അറിഞ്ഞില്ല.
തന്നെ കാര്‍ന്നുതിന്നുന്ന കരിന്തേളുകള്‍ ശരീരം മുഴുവന്‍ പടര്‍ന്നുവെന്ന് അമ്മ അറിഞ്ഞില്ല. ആരും പറഞ്ഞതുമില്ല. ഇനിയും വേദനിപ്പിച്ചു കിടത്തരുതേ എന്നുമാത്രം പ്രാര്‍ത്ഥിച്ചു ഞങ്ങള്‍. വന്നും പോയുമിരിക്കുന്ന ഓര്‍മ്മകളോട് കലഹിച്ചും ആരെയൊക്കെയോ പഴിച്ചും ഇടക്ക് കൊച്ചുകുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞും കിടന്നത് ആരുടെ മുന്നിലും തലകുനിക്കാത്ത ധൈര്യവതിയായ ഞങ്ങളുടെ അമ്മയാണെന്ന് മനസിനെ വിശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ഓരോരുത്തരും പാടുപെട്ടു.
അമ്മ ഞങ്ങളെ ഒരുപാട് ലാളിച്ചു വളര്‍ത്തിയിട്ടില്ല. കുറച്ചെങ്കിലും അതൊക്കെ അനുഭവിച്ചത് ഏറ്റവും ഇളയവളായ ഞാനാവും. ഇക്കിളിയിട്ടു ചിരിപ്പിക്കുമ്പോള്‍ കുലുങ്ങുന്ന വയറും കവിളും പിടിച്ചമര്‍ത്തി ഉമ്മവെക്കലും നെഞ്ചില്‍ മുഖം ചേര്‍ക്കലുമൊക്കെ അമ്മയുടെ ഒഴുകിപ്പോവുന്ന ഓര്‍മ്മകളെ തിരികെ പിടിക്കാനുള്ള ചൂണ്ടകളാക്കി ഞങ്ങള്‍ അവസാനകാലത്ത്.
സര്‍ജറി കഴിഞ്ഞ് ആറുമാസം കൂടി വീല്‍ ചെയറിലും കിടക്കയിലുമായി പരിഭവവും കരച്ചിലും കൊച്ചുകുഞ്ഞിന്റെ മനസുമായി അമ്മ കഴിച്ചുകൂട്ടി. കുറഞ്ഞുവരുന്ന കാഴ്ചയെ ചൊല്ലി വേവലാതി പെട്ടപ്പോള്‍ രോഗം മുകളിലേക്ക് കയറിയത് വേദനയോടെ ഞങ്ങളറിഞ്ഞു. ബോധത്തിലും അബോധത്തിലും മക്കളെയോര്‍ത്ത് ആധികൊണ്ട ആ പാവത്തിനെ ഇനിയും കിടത്തേണ്ടെന്ന് മുകളിലിരുന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ തനിച്ചാക്കിപ്പോയയാളും തീരുമാനിച്ചുകാണും; കൊണ്ടുപോയി.
സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!
ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!
ശ്രുതി രാജേഷ്: സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള ചങ്ങലയല്ല അമ്മജീവിതം
എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?
റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍
ദീപ നാരായണന്‍: അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം
അഞ്ജു ആന്റണി: ചിറകു മുളയ്ക്കുംവരെ മക്കളെ ചിറകിനടിയില്‍ കാത്തുവയ്ക്കണം
അനശ്വര കൊരട്ടി സ്വരൂപം: ഒറ്റയ്ക്ക് പറക്കാന്‍ വിട്ടൊരമ്മ!
ബിലു പത്മിനി നാരായണന്‍: അമ്മയാവാന്‍ അകത്തമ്മയാവണ്ട
നിഷാ സൈനു: അമ്മയ്ക്ക് പകരമാകുമോ മറ്റാരെങ്കിലും?
കൊച്ചു ത്രേസ്യ: കുടുംബവും ഒരു ടീം വര്‍ക്ക്!
ധനുഷ പ്രശോഭ്: രണ്ടു അമ്മമാര്‍, അവരുടെ മക്കള്‍
ഷീബാ വിലാസിനി: അമ്മമാരേ, നിങ്ങളും മാറി തുടങ്ങണം!
നിഷ മഞ്‌ജേഷ്: ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍!
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.