കൂവത്തൂര്‍ റിസോര്‍ട്ടില്‍ നടന്നത്

By നൗഫല്‍ ബിന്‍ യൂസുഫ്First Published Feb 22, 2017, 5:06 AM IST
Highlights


തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ട് നടക്കവെ കയ്യാങ്കളിയും കസേരയേറും റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ വാട്‌സാപ്പ് നമ്പറുകളിലേക്ക് കൗതുകമുള്ളൊരു ചിത്രം വന്നു. എംഎല്‍എമാര്‍ പതിനൊന്ന് ദിവസം താമസിച്ച കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുന്നു എന്ന് റിസോര്‍ട്ട് മതിലില്‍ പതിച്ച പോസ്റ്ററായിരുന്നു എന്റെയടക്കം വാട്‌സാപ്പിലേക്ക് എത്തിയത്. എന്തുകൊണ്ടാണ് പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം റിസോര്‍ട്ട് മുതലാളി എടുത്തിട്ടുണ്ടാവുകയെന്ന് 'ലൈവില്‍' വാര്‍ത്താ അവതാരകന്‍ ജിമ്മി ജെയിംസ് ചോദിച്ചു. എന്തുത്തരം പറയും? സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ എംഎല്‍എമാരെ തിരിച്ച് റിസോര്‍ട്ടിലേക്ക് കൊണ്ടുവരാനായിരിക്കും പരിപാടിയെന്നും പല എംഎല്‍എമാരും വസ്ത്രങ്ങള്‍ അടങ്ങിയ ബാഗുകള്‍ റിസോര്‍ട്ടില്‍തന്നെ വെച്ചിട്ടായിരുന്നു നിയമസഭയിലേക്ക് വന്നത് എന്നകാര്യവും ഞാന്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ അറിയില്ല എന്നും അറിയിച്ചു. ശനിയാഴ്ചയാണ് വിശ്വാസവോട്ട് നടന്നത്. ശശികല ക്യാമ്പ് ചൊവ്വാഴ്ചവരെ റിസോര്‍ട്ട് പൂര്‍ണമായും ബുക്ക് ചെയ്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് റോഡില്‍ ചെന്നൈയില്‍ നിന്നും 85 കിലോമീറ്റര്‍ ദൂരെയാണ് കൂവത്തൂര്‍ എന്ന കടലോര ഗ്രാമം. ടൂറിസ്റ്റ് കേന്ദ്രമായ മഹാബലിപുരം പിന്നിട്ടാലാണ് കൂവത്തൂര്‍ എത്തുക. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്തിലാണ് ഗോള്‍ഡന്‍ ബേ റിസോര്‍ട്ട്. പുറത്തേക്ക് പോകാനും അകത്തേക്ക് വരാനുമായി ചെറിയൊരു റോഡ് മാത്രം. ഹൈവേയില്‍നിന്നും ഒരു കിലോമീറ്റര്‍ അകത്താണ് റിസോര്‍ട്ട്. ഫെബ്രുവരി ഏഴിന് മറീന ബീച്ചിലെ ജയലളിത സമാധിയില്‍ 40 മിനുട്ട് ധ്യാനിച്ച് പുറത്തിറങ്ങിയ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം ശശികലയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. പിന്നീടങ്ങോട്ട് ശശികല ക്യാമ്പെന്നും ഒപിഎസ് ക്യാമ്പെന്നും അണ്ണാ ഡിംഎകെ രണ്ടായി. രാഷ്ട്രീയ നിരീക്ഷകര്‍ 1987 ഓര്‍ത്തു. എംജിആര്‍ മരിച്ചപ്പോള്‍ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയും രണ്ടുചേരിയിലായി നിലയുറപ്പിച്ച കാലം. ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ ഇത്തവണ ശശികലയ്‌ക്കൊപ്പമായിരുന്നു ഭൂരിപക്ഷം എംഎല്‍എമാര്‍.

ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ ഇത്തവണ ശശികലയ്‌ക്കൊപ്പമായിരുന്നു ഭൂരിപക്ഷം എംഎല്‍എമാര്‍.

എങ്ങോട്ടോ പാഞ്ഞ ബസ്
ഒപിഎസ് ധ്യാനിച്ചതിന്റെ പിറ്റേന്ന് ശശികല പാര്‍ട്ടി ആസ്ഥാനത്ത് എംഎല്‍എമാരുടെ യോഗം വിളിച്ചു. യോഗത്തിനുശേഷം എംഎല്‍എമാരെ മുഴുവന്‍ നാല് വോള്‍വോ ബസ്സുകളില്‍ കയറ്റി. ബസ് ചെന്നൈവിട്ടു. എംഎല്‍മാരെ എങ്ങോട്ടേക്കാണ് കൊണ്ടുപോയത് എന്ന് ആര്‍ക്കും പിടികിട്ടിയില്ല. ദില്ലിയിലേക്കാണെന്നൊക്കെ വാര്‍ത്ത പരന്നു. റോഡില്‍ പലതവണ കറങ്ങി ഒരുതവണ ചെന്നൈ വിമാനത്താവളംവരെ പോയി ബസ്സ് രാത്രി വൈകി കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി. പിറ്റേന്നുമാത്രമാണ് മാധ്യമങ്ങള്‍ക്ക് എംഎല്‍എമാര്‍ എവിടെയാണെന്ന് മനസിലായത്. റിസോര്‍ട്ടിലേക്ക് പാഞ്ഞെത്തിയ ജേണലിസ്റ്റുകളെ ഗേറ്റില്‍ ശശികലയുടെ ആളുകള്‍ തടഞ്ഞു. മന്നാര്‍ഗുഡിയില്‍നിന്നും ശശികല എത്തിച്ച ബൗണ്‍സര്‍മാരാണ് റിസോര്‍ട്ടിന് കാവല്‍ നിന്നത്. ഒ പനീര്‍ശെല്‍വത്തിനൊപ്പം എംഎല്‍എമാര്‍ പോകാതിരിക്കാനായിരുന്നു ശശികലയുടെ നീക്കം. സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിച്ച് ശശികല ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടു.  അനധികൃത സ്വത്ത്‌കേസിലെ വിധി ഉടനെത്തും എന്നതിനാല്‍ ഗവര്‍ണര്‍ തീരുമാനം നീട്ടി. 

കൂവത്തൂരിലെ റിസോര്‍ട്ടില്‍ പത്രവും ടിവിയും മൊബൈലുമൊന്നും ഉപയോഗിക്കാന്‍ ആദ്യദിവസങ്ങളില്‍ എംഎല്‍എമാരെ അനുവദിച്ചില്ല. റിസോര്‍ട്ടിനകത്ത് നടക്കുന്നത് എന്ന തരത്തില്‍ മാധ്യമങ്ങളില്‍ പലവിധ വാര്‍ത്തകള്‍ വന്നു. അകത്ത് എംഎല്‍എമാര്‍ പ്രതിഷേധത്തിലാണെന്നും ചിലര്‍ നിരാഹാരം നടത്തുകയാണെന്നുമൊക്കെ കിംവദന്തി പരന്നു. എംഎല്‍എമാര്‍ക്ക് ശശികല ക്യാംപ് പണം വിതരണം ചെയ്തു എന്നും ആക്ഷേപം ഉയര്‍ന്നു. എംഎല്‍എമാരെ 'സന്തോഷിപ്പിക്കാന്‍' സ്ത്രീകളെ റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നു എന്നൊക്കെ വാര്‍ത്ത പ്രചരിച്ചു. എംഎല്‍എമാരെ ശശികല തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഒ പനീര്‍ ശെല്‍വം ക്യാമ്പ് ആരോപിച്ചു.  

ഒരുതവണ ചെന്നൈ വിമാനത്താവളംവരെ പോയി ബസ്സ് രാത്രി വൈകി കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി.

പാഴായ ആട്ടിറച്ചി!
59 മുറികളാണ് റിസോര്‍ട്ടിലുള്ളത്. ഫോര്‍ സ്റ്റാര്‍ സൗകര്യങ്ങളുള്ള റിസോര്‍ട്ടില്‍ ഒരു മുറിയുടെ വാടക പതിനായിരത്തിന് മുകളിലാണ്. തഞ്ചാവൂരില്‍നിന്നുള്ള സംരംഭകന്‍ ഭക്തവത്ചലം എന്നയാളുടെതാണ് റിസോര്‍ട്ടെന്ന് അന്വേഷിച്ചപ്പോള്‍ മനസിലായി. ഇയാള്‍ ബിനാമിയാണെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ പറയുന്നുണ്ടായിരുന്നു. പക്ഷെ മാധ്യമപ്രവര്‍ത്തകരുടെ വാദത്തിന് സ്ഥിരീകരണം ഇല്ല. പുഴയിലെ ഭക്ഷണശാല, വലിയ നീന്തല്‍കുളങ്ങള്‍, ചൂണ്ടലിടാനുള്ള പ്രത്യേക സ്ഥലം. മസാജ് കേന്ദ്രങ്ങള്‍. ഇങ്ങനെ ആഡംബര ജീവിതമാണ് ജനപ്രതിനിധികള്‍ നയിച്ചത്. എംഎല്‍മാര്‍ താമസം തുടങ്ങിയതോടെ റിസോര്‍ട്ടിന്റെ വെബ്‌സൈറ്റിലേക്ക് നിരവധി മെസ്സേജുകള്‍ എത്തി. മുറി ഒഴിവുണ്ടോയെന്ന് ചോദിച്ച് ഇമെയിലും ഫോണ്‍കോളും കൂടിയതോടെ മാനേജ്‌മെന്റ് വെബ്‌സൈറ്റ് പൂട്ടി.
         
നേരത്തെ ഓര്‍ഡര്‍ ചെയ്തത് അനുസരിച്ച്  ഫെബ്രുവരി 14ന് 150 കിലോ ആട്ടിറച്ചിയുമായി ഗോള്‍ഡന്‍ ബേ റിസോട്ടിലെത്തിയ കശാപ്പുകാരന്‍  നിരാശനായാണ് റിസോര്‍ട്ട് വിട്ടത്. എംഎല്‍എമാര്‍ക്കായി കൊണ്ടുവന്ന ആട്ടിറച്ചി റിസോര്‍ട്ടുകാര്‍ വാങ്ങിയില്ല. ശശികലയെ അനധികൃത സ്വത്ത് കേസില്‍ സുപ്രീം കോടതി നാല് വര്‍ഷത്തേക്ക് ശിക്ഷിച്ച ദിവസമായിരുന്നു അത്. വാര്‍ത്ത വരുമ്പോള്‍ ശശികല റിസോര്‍ട്ടിലായിരുന്നു. മുഖ്യമന്ത്രിയാകാന്‍ കാത്തിരുന്ന ശശികല ജയിലില്‍ പോകാനാണ് വിധിയെന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു. ശശികല ഉണ്ടായിരുന്ന റൂമിലേക്ക് പോകാന്‍ എംഎല്‍എമാര്‍ക്കൊന്നും ധൈര്യം ഉണ്ടായിരുന്നില്ല. ശശികലയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അതല്ല അവര്‍ കീഴടങ്ങും എന്നൊക്കെ അഭ്യൂഹങ്ങള്‍ പരന്നെങ്കിലും റിസോര്‍ട്ടിനുള്ളില്‍നിന്നും മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയും കിട്ടിയില്ല. ഡിജിപിയും കൂവത്തൂരെത്തി. റിസോട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിനിടെ ശശികലയ്ക്ക് പകരം ജയലളിതയുടെ വിശ്വസ്തനായിരുന്ന ഇടപ്പാടി കെ പളനി സാമിയെ നിയമസഭാകക്ഷി നേതാവാവാക്കിയതായി പാര്‍ട്ടി മാധ്യമങ്ങളെ അറിയിച്ചു. രാത്രി റിസോര്‍ട്ടില്‍നിന്നും പോയസ് ഗാര്‍ഡനിലേക്ക് പോയ ശശികല പിറ്റേന്ന് ബംഗലൂരു കോടതിയില്‍ കീഴടങ്ങി.

മുറി ഒഴിവുണ്ടോയെന്ന് ചോദിച്ച് ഇമെയിലും ഫോണ്‍കോളും കൂടിയതോടെ മാനേജ്‌മെന്റ് വെബ്‌സൈറ്റ് പൂട്ടി.

കളികള്‍ പലവിധം 
ആറ് വനിതാ എംഎല്‍മാരായിരുന്നു റിസോട്ടില്‍ ഉണ്ടായിരുന്നത്. പ്രമേഹരോഗികളായ എംഎല്‍എമാര്‍, പ്രായമായ ജനപ്രതിനിധികള്‍ എന്നിവരെല്ലാം ഉള്ളതിനാല്‍ പ്രത്യേക മെഡിക്കല്‍ സംഘവും റിസോര്‍ട്ടിന് പുറത്ത് സജ്ജീകരിച്ചു. ഓരോ ദിവസവും റിസോര്‍ട്ടിന്റെ കോണ്‍ഫറന്‍സ് റൂമില്‍ എംഎല്‍എമാരുടെ യോഗം നടക്കും. റിസോര്‍ട്ട് ജീവനക്കാരെയെല്ലാം പുറത്താക്കി വാതിലുകള്‍ അടച്ചാണ് യോഗം.  20 എംഎല്‍എമാര്‍ പതിനാല് കിലോമീറ്റര്‍ അപ്പുറത്ത് വേറൊരു റിസോര്‍ട്ടിലായിരുന്നു താമസം. യോഗസമയത്ത് എംഎല്‍എമാരെ മന്ത്രിവാഹനങ്ങളില്‍ ഇങ്ങോട്ടെത്തിക്കും. റിസോര്‍ട്ടിനകത്ത് ജീവനക്കാരെയും ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല. മഫ്തിയിലും യൂണിഫോമിലും പൊലീസ് റിസോര്‍ട്ടിന് ചുറ്റും സുരക്ഷാവലയം തീര്‍ത്തു. എംഎല്‍എമാരെ തിരിച്ചയക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും എംഎല്‍എമാര്‍ പൊലീസുമായി സഹകരിച്ചില്ല. ഇതിനിടെ ഒ പനീര്‍ശെല്‍വം നേരിട്ട് റിസോര്‍ട്ടിലെത്തി എംഎല്‍എമാരെ കാണുമെന്ന് വാര്‍ത്തവന്നു. ഒരുതവണ എംഎല്‍എമാരെ കാണാനായി പുറപ്പെട്ട ഒപിഎസ് ക്യാമ്പിലെ മൈത്രേയന്‍ അടക്കമുള്ളവരെ കോവളം എന്ന സ്ഥലത്ത് പൊലീസ് തടഞ്ഞു. 

ശശികല ക്യാമ്പില്‍ എത്ര എംഎല്‍എമാര്‍ ഉണ്ടെന്ന കൃത്യമായ വിവരം പുറത്തുവന്നില്ല. ഇടയ്ക്ക് റിസോര്‍ട്ടില്‍ നിന്ന് നേതൃത്വം നിശ്ചയിച്ച പ്രകാരം ചില എംഎല്‍എമാര്‍ പുറത്തുവന്നു മാധ്യമങ്ങളെക്കണ്ടു. ശശികലയ്‌ക്കൊപ്പം ഒറ്റക്കെട്ടാണെന്ന് ആവര്‍ത്തിച്ചു. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിന്റെ പുറത്ത് പൊരിവെയിലത്തും അര്‍ദ്ധരാത്രിയും മാധ്യമങ്ങള്‍ വാര്‍ത്തയ്ക്കായി നോമ്പ്‌നോറ്റു. ഇതിനിടെ ചില എംഎല്‍എമാര്‍ റിസോര്‍ട്ടില്‍നിന്നും മുങ്ങി ഒപിഎസ് ക്യാമ്പിലേക്കെത്തി. റിസോര്‍ട്ടില്‍നിന്നും പുറത്തുവന്ന മധുര നോര്‍ത്ത് എംഎല്‍എ സെമ്മലൈ ശശികല പക്ഷം എംഎല്‍മാരെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്ന് ഡിജിപിക്ക് പരാതി നല്‍കി. വിശ്വാസവോട്ടിന്റെ തലേന്ന് രാത്രി റിസോട്ടില്‍നിന്നും മുങ്ങിയ കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ അരുണ്‍കുമാര്‍ ഒരുപക്ഷത്തെയും പിന്തുണയ്ക്കില്ലെന്നറിച്ചു. വോട്ടെടുപ്പിന് നിയമസഭയിലേക്കെത്തില്ലെന്നും വീട്ടിലിരിക്കുമെന്നും മാധ്യമങ്ങളോട് ഫോണില്‍ പറഞ്ഞു.

ജേണലിസ്റ്റുകളോട് ഉത്തരം പറയാതിരിക്കാം. പക്ഷെ ജനങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ട്.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
മുഖ്യമന്ത്രിക്കസേരയ്ക്കായി ശശികലയും ഒ പനീര്‍ശെല്‍വവും നടത്തിയ പോരാട്ടത്തില്‍ ഒരര്‍ത്ഥത്തില്‍ രണ്ടുപേരും തോറ്റു. എന്നും ജയലളിതയുടെ പിന്നില്‍മാത്രം നിന്ന ഇടപ്പാടി കെ പളനിസാമി തമിഴകത്തിന്റെ 'മുതലമൈച്ചര്‍' ആയി ജയലളിതയുടെ കസേരയില്‍ ഇരുന്ന് ഭരണം തുടങ്ങി. (നേരത്തെ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ ശെല്‍വം ഒരിക്കലും ജയലളിതയുടെ കസേരയില്‍ ഇരുന്നിട്ടില്ല). ജനപ്രതിനിധികളുടെ പതിനൊന്ന് ദിവസത്തെ റിസോര്‍ട്ട് വാസം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്തൊക്കെയാണ്. റിസോട്ടില്‍ തിരുത്തണി എംഎല്‍എ പിഎം നരസിംഹനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. 

'നീങ്ക മക്കള്‍ സെവയ്ക്ക് പോകാമെ ഇവളോം നാള്‍ റിസോട്ട്ക്കുള്ളെ ഇറക്ക്ത് ന്യായമാ..?'

എംഎല്‍എ ഒന്നും മിണ്ടാതെ റിസോട്ടിലേക്ക് തിരിച്ചുനടന്നു. ജേര്‍ണലിസ്റ്റുകളോട് ഉത്തരം പറയാതിരിക്കാം. പക്ഷെ ജനങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ട്.


 


 

click me!