എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

By ജാസ്മിന്‍ ജാഫര്‍First Published Jun 7, 2018, 6:10 PM IST
Highlights
  • അതിനിടക്കെപ്പോഴോ അവൻ ചോദിച്ചു "നമുക്കൊന്നു പുറത്തു പോയാലോ"
  • ജാസ്മിന്‍ ജാഫര്‍ എഴുതുന്നു

മഴയെന്നു കേൾക്കുമ്പോൾ തന്നെ, മനസ്സിൽ സന്തോഷത്തിന്റെ പെരുമഴ പെയ്തു തുടങ്ങും... മഴ നൂലുകൾക്കൊപ്പം ഒരായിരം നനവുള്ള ഒർമകൾ മനസ്സിനെ തഴുകിയെത്തും... കുട്ടിക്കാലത്ത് കുട ബാഗിൽ വെച്ച് മഴ നനഞ്ഞോടിയതും, അനിയൻമാർക്കൊപ്പം തൊട്ടടുത്തുള്ള തോട്ടിൽ ചൂണ്ടയിടാൻ പോയതും, കുറേ മീനുകൾ കിട്ടിയ അവരെ നോക്കി, ഒരു മീനിനെ പോലും പിടിക്കാൻ കഴിയാത്ത ഞാൻ, അഹങ്കാരം തെല്ലും കുറക്കാതെ, ഈ പരൽ മീനുകളോ എന്ന് പുച്ഛത്തോടെ ചോദിച്ചതുമെല്ലാം ഇന്നും തെളിഞ്ഞ ഓർമ്മയായി അവശേഷിക്കുന്നു.

ജനാല തുറന്നിട്ട് മഴയുടെ താരാട്ടു കേട്ട്, ചൂടുള്ള വറുത്ത കായയോടൊപ്പം, എം.ടിയുടേയും, ബഷീറിന്റേയും, എം.മുകുന്ദന്റേയും, ദസ്തയോവ്സ്ക്കിയുടേയുമെല്ലാം നോവലുകൾ വായിച്ചു തീർത്തത് ഇന്നുമോര്‍ക്കാറുണ്ട്.

മഴയോടുള്ള ഭ്രാന്തമായ പ്രണയവും അതിലൊന്നായിരുന്നു.

വിവാഹം കഴിഞ്ഞതോടെ എന്റെ ഭ്രാന്തുകൾ ഓരോന്നായി ഞാൻ മനസ്സിൽ ചങ്ങലക്കിട്ടു. മഴയോടുള്ള ഭ്രാന്തമായ പ്രണയവും അതിലൊന്നായിരുന്നു. എത്ര പൂട്ടിയിട്ടിട്ടും എന്നുള്ളിലെ നാഗവല്ലി ഭർത്താവിന്റെ മുമ്പിൽ മാത്രം പുറത്തു വന്നു കൊണ്ടിരുന്നു. ഞാൻ എന്നും ഓർക്കാനിഷ്ടപ്പെടുന്ന ഒരു മഴയനുഭവം ആ നല്ല പാതി എനിക്ക് സമ്മാനിച്ചിട്ടുമുണ്ട്. പക്ഷേ, മൂപ്പർക്ക് അതോർമ്മ കാണാൻ വഴിയില്ല. ഭാര്യമാരെക്കുറിച്ചാലോചിച്ച് ഏത് ഭര്‍ത്താവാണ് ഭ്രാന്താവുക!

പറഞ്ഞു വന്നത് അതല്ല. അത്രമേൽ ഇഷ്ടമായ ആ മഴക്കാല യാത്രയെ കുറിച്ചാണ് ഞാൻ എന്നുമെന്നും ഓർക്കുന്നത്. ആ ഓർമ പോലും ഒരു മഴ നനഞ്ഞ കുളിരാണെനിക്ക്. എന്റെ മൂത്ത മകള്‍ ജനിക്കുന്നതിന്റെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഗർഭിണിയായ എന്നെ കാണാൻ ഭർത്താവ് എന്‍റെ വീട്ടിലേക്ക് കയറി വന്നു. തലേ ദിവസം കൂട്ടുകാരോടൊത്ത് കറങ്ങാൻ പോയപ്പോൾ സംഭവിച്ച ചെറിയൊരു ആക്സിഡന്റിന്റെ പശ്ചാത്തലത്തിലുണ്ടായ  അല്‍പ്പമൊരുൾഭയത്തോടെയാണ് പുള്ളിക്കാരന്റെ വരവ്. 

അതിനിടക്കെപ്പോഴോ അവൻ ചോദിച്ചു "നമുക്കൊന്നു പുറത്തു പോയാലോ"

അപ്പോൾ മഴതോർന്നതേ ഉണ്ടായിരുന്നുള്ളൂ. മഴ തോർന്ന അന്തരീക്ഷത്തിന് അന്ന് പതിവിലേറെ ഭംഗി തോന്നി. ഞങ്ങൾ വെറുതെ സംസാരിച്ചിരുന്നു. അപ്പോഴേക്കും മഴത്തുള്ളികൾ പതിയെ തിരികെ വരുന്നുണ്ടായിരുന്നു. അതിനിടക്കെപ്പോഴോ അവൻ ചോദിച്ചു "നമുക്കൊന്നു പുറത്തു പോയാലോ" എന്ന്. യാത്രകൾ ഒരുപാടിഷ്ടമായിരുന്ന എനിക്ക് നിറവയറൊന്നും ഒരു പ്രശ്നമല്ലായിരുന്നു. ഞാൻ സന്തോഷത്തോടെ ഡബിൾ ഓക്കെ പറഞ്ഞു.

ഡെലിവറി ഡേറ്റ് അടുത്തിരുന്നതിനാൽ ഉമ്മക്ക് പുറത്തേക്ക് വിടാൻ പേടിയായിരുന്നു. എന്റെ സന്തോഷം ഇല്ലാതാക്കേണ്ടെന്ന് കരുതിയാവണം ഒടുവിൽ ഉമ്മ സമ്മതിച്ചു. വേഗം വരണമെന്ന നിബന്ധനയിൻമേൽ. അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചിരുന്നു. കാറിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ മുറ്റത്ത് ആധിയോടെ ഉമ്മ നിൽപ്പുണ്ടായിരുന്നു.

മോൾ ഉദരത്തിലിരുന്നു മൃദുവായി ചവിട്ടിക്കൊണ്ടിരുന്നു.

വിൻഡോ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി മഴ കണ്ടു കൊണ്ടുള്ള  ആ യാത്ര എന്നും എനിക്ക് പ്രിയപ്പെട്ടതാണ്... അത്രക്കും മനോഹരിയായിരുന്നു പ്രകൃതി. മുഹമ്മദ് റാഫിയുടെ ഗസലിന്റെ മാധുര്യവും, 

//സിന്ദഗി ഭർ നഹി ബുലേഖി
യേഹ് ബർസാത് കി രാത്‌....//

പുറത്തെന്റെ പ്രിയപ്പെട്ട മഴയും, ഇക്കയുടെ സാമീപ്യവും, അതിനുമപ്പുറം ഞാനാദ്യമായി അമ്മയാകുന്നതിന്റെ ത്രില്ലും കൂടിയായപ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് തോന്നിപ്പോയി. അതിനെ പിന്തുണച്ചിട്ടാണോ, പ്രതിഷേധിച്ചിട്ടാണോ എന്നറിയില്ല മോൾ ഉദരത്തിലിരുന്നു മൃദുവായി ചവിട്ടിക്കൊണ്ടിരുന്നു.

അലക്ഷ്യമായി ഓടിക്കൊണ്ടിരുന്ന ആ യാത്രയിൽ പുള്ളി എന്നോട് ചോദിച്ചു " നിനക്കെന്താ വേണ്ടത് ?? ''
" ഐസ് ക്രീം "
" ഈ പെരുമഴയത്തോ " അവൻ പൊട്ടിച്ചിരിച്ചു .
പക്ഷേ, ഐസ്ക്രീം എന്ന ബോർഡ് കണ്ടിടത്ത് വണ്ടി നിർത്തി വാങ്ങിക്കൊണ്ടു വന്നു തന്നു. കാറിലിരുന്ന് ഓരോ സ്പൂൺ നുണയുമ്പോഴും എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ഈ ദിനം അവസാനിക്കാതിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു പോയി. യാത്ര ചെയ്തു മതിവരാതെ ഞാൻ തിരിച്ചു വീട്ടിലിറങ്ങുമ്പോൾ, മഴ പെയ്തു തീർന്ന പ്രകൃതി പോലെ  ഞാൻ മൂകയായിരുന്നു.

അതു കഴിഞ്ഞ് പത്താം നാൾ ഞാനെന്റെ കുഞ്ഞിന് ജൻമം നൽകി.  മഴയോടുള്ള പ്രണയം കാരണം അവളെ ഞാൻ മഴ എന്നു വിളിച്ചു. അങ്ങിനെ അവളെല്ലാവർക്കും മഴ മോളായി. (ഇന്നിതൊക്കെ പറഞ്ഞു ചെന്നാൽ മൂപ്പർ എന്റെ തലയിൽ പാണ്ടി ലോറി കയറ്റും... അതു വേറെ കാര്യം).

 

പെരുമഴയത്തൊരു കല്യാണം!

പെണ്‍മഴക്കാലങ്ങള്‍

click me!