Asianet News MalayalamAsianet News Malayalam

പെരുമഴയത്തൊരു കല്യാണം!

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ധന്യ മോഹന്‍ എഴുതുന്നു
Rain notes Dhanya Mohan

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.


Rain notes Dhanya Mohan

വേനലിന്റെ പടിവാതിലിൽ നിന്നായിരുന്നു എന്റെയും ശ്രീയുടെയും മോതിരം മാറ്റം. അന്നു വന്ന ബന്ധുക്കളൊക്കെ 'എന്തൊരു ചൂടാ' എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. അതിനിടയില്‍, ജോത്സ്യന്‍ പതിവുപോലെ  കല്യാണമുഹൂർത്തം കുറിച്ചു, ഉച്ചത്തിൽ വായിച്ചും കേൾപ്പിച്ചു. ആരു കേൾക്കാനാ, ഈ ഞങ്ങളു പോലും കേട്ടില്ല. അങ്ങനെ 2005 ജൂൺ 20ന് 11.58 നും 12.48 നും ഇടയിലുള്ള മുഹൂർത്തത്തിൽ കല്യാണം എന്നങ്ങുറപ്പിച്ചു. ജൂണിലെ ആദ്യ ആഴ്ചയിൽ തന്നെ മുംബൈയിൽ നിന്നും  നാട്ടിലെത്തി. കല്യാണം കഴിഞ്ഞുപോകുമ്പോൾ പരീക്ഷിക്കാന്‍ അത്യാവശ്യ പാചകപാഠങ്ങളും (ഇല്ലേൽ പട്ടിണി ആയാലോ), സുന്ദരിയാവൽ പ്രക്രിയകളുമായി അങ്ങു കൂടി. സ്കൂള് തുറപ്പോടൊപ്പം ഇരച്ചെത്തിയ മഴ 'ഞാനിനി കല്യാണം കഴിഞ്ഞേ പോണൊള്ളു' എന്നും പറഞ്ഞ് ഒറ്റനില്‍പ്പ്. അല്ലേലും പണി തരികയെന്നത് ഇങ്ങേരുടെ കൂടെപിറപ്പാണല്ലോ. 

അങ്ങനെ കാത്തിരുന്ന കല്യാണത്തലേന്നെത്തി... സന്ധ്യയായി, അകത്ത് കല്ല്യാണമേളം, പുറത്തു മഴയുടെ ഗാനമേള എന്ന രീതിയിൽ കാര്യങ്ങൾ തുടങ്ങി. കല്യാണം അമ്പലത്തിൽ വച്ചായതോണ്ട് ആണുങ്ങൾ പലരും അവിടെയാണ്. കയ്യിൽ വച്ച വെറ്റില നിറയേ നാട്ടുകാരും സ്വന്തക്കാരും കൂടി മൈലാഞ്ചി നിറയ്ക്കുമ്പോൾ മഴയ്ക്കെങ്കിലും തോന്നിയല്ലോ പടുതയിൽ താളം പിടിച്ചു പാട്ടുപാടാൻ... അതൊക്കെ ആസ്വദിച്ചോണ്ട് ഇല്ലാത്ത നാണമൊക്കെ ഫിറ്റ് ചെയ്ത് ഇരിക്കുമ്പോഴാണ് അമ്മായീടെ വക ഇടിവെട്ട് ചോദ്യം.  'ഈ മഴ കല്യാണം കുളമാക്കുമോ' എന്ന്. ദൈവമേ മഴ പണിതരല്ലേ എന്നായി എല്ലാവരുടെയും പ്രാർഥന. ഒരു കണക്കിന് സാരി മാറാൻ മുറിയിലോട്ടു പോയപ്പോളാ അതു കേട്ടത്. ഹാ അതു തന്നേന്നെ എവിടേം കാണൂല്ലോ ചില സദാചാരവാദികൾ.  മഴയ്ക്കും പെണ്ണിന്റെ ചാരിത്ര്യത്തിനും വലിയ ബന്ധമുണ്ടെന്നൊരു കുശുകുശുപ്പ്. ഒരടുത്തബന്ധു വേറെ ഒരാളുടെ ചെവിയിൽ പറഞ്ഞതാ, 'പെണ്ണു ചൊവ്വല്ലേലിങ്ങനാന്നു ഇടമുറിയാതെ മഴപെയ്യൂന്ന്.' ഹോ ഈ ചാരിത്ര്യത്തിനെന്നാ വലിയ സ്കോപ്പാ കാലാവസ്ഥയിൽ അല്ലേ. കടലിൽ പോയ മുക്കുവനെത്തിയില്ലേൽ പെണ്ണു കെട്ടതാന്നു ചെമ്മീൻ സിനിമയിൽ കണ്ടൊരോർമ്മയുമുണ്ട്. ഒന്നും നോക്കിയില്ല ആ അടുത്ത ബന്ധൂനോട് ചോദിച്ചു. ഇനിയിപ്പോ വെർജിനിറ്റി സർട്ടിഫിക്കറ്റ് വാങ്ങിത്തരണോന്ന്. 'ചിരവിയ തേങ്ങാ തിന്നാൽ കല്യാണത്തിനു ഇടുമുറിയാതെ മഴപെയ്യൂന്ന സിംപിൾ മഴചൊല്ലുകൾ പറഞ്ഞൂടെ ആയമ്മേ'ന്നു ഒരു ചോദ്യോംകൂടിയങ്ങു ചോദിച്ചു. ആയമ്മ പ്ലിംങ്ങ്.

എന്നായാലും നേരം വെളുത്തു, മഴ ചായ കുടിക്കാനും പോയി. തൊട്ടടുത്ത കാവിൽ തൊഴുതു വന്ന എന്നെ നേരേ ചൊവ്വേ ബ്രേക്ക്ഫാസ്റ്റുപോലും തരാതെ  ബ്യൂട്ടീഷ്യൻ ചേച്ചീടെ കൈകളിൽ സമർപ്പിച്ചു. അവരെന്നെ സുന്ദരിയാക്കുന്നു, മുടിയിൽ പൂചൂടിക്കുന്നു ആകെ ബഹളമയം. അതിനിടയിൽ ഫോട്ടോയെടുപ്പ്. ഈ പത്തുകിലോയുള്ള സാരി കണ്ടുപിടിച്ചവനെയൊക്കെ മനസ്സില്‍ അറഞ്ചം പുറഞ്ചം ചീത്തവിളിക്കുമ്പോഴാണ് ദക്ഷിണ കൊടുക്കാറായെന്നേതോ കാർന്നോരുടെ വക. ഹോ എന്തോരം കാലുപിടിത്തം, ദൈവമേ ഇത്രേം സ്വന്തക്കാരൊക്കെ ഉണ്ടായിരുന്നല്ലേ എന്നു ചിന്തിച്ചു പോയ ഒരു ഒന്നൊന്നര നേരം. അങ്ങനെ കുനിഞ്ഞു കുനിഞ്ഞു ചുളുക്കിയ സാരിയും വേദനിക്കുന്ന നടുവും, പലരും അറിഞ്ഞനുഗ്രഹിച്ചതിന്റെ ഫലമായി അവിടിവിടെ ചാടിത്തുടങ്ങിയ മുടിയുമായി പിതൃക്കളുടെ അനുഗ്രഹം വാങ്ങി കല്യാണം നടക്കുന്ന അമ്പലത്തിലേക്ക് പോകുന്ന എന്നേ കണ്ടാൽ, നാഗവല്ലീടെ ചായകാച്ചലുണ്ടായിരുന്നു, സത്യാ. എന്നെ വെളിയിൽ കണ്ടതും ആ ചായ കുടിക്കാൻ പോയ മഴ ചാരായം കുടിച്ചപോലെ ഒരു പെയ്യലും തുടങ്ങി. 

മഴയ്ക്കും പെണ്ണിന്റെ ചാരിത്ര്യത്തിനും വലിയ ബന്ധമുണ്ടെന്നൊരു കുശുകുശുപ്പ്. 

അമ്പലത്തിലോട്ട് ചെല്ലണതിനു മുന്നേ കമന്ററി കിട്ടിത്തുടങ്ങി. ചെക്കൻ കൂട്ടത്തിലാരോ വെള്ളം നിറഞ്ഞ കുഴിയിൽ വീണുദ്ഘാടനം നടത്തിയെന്നും പിന്നങ്ങോട്ട് ശടപട വീഴലുകളുണ്ടായെന്നും ഒക്കെ... പെൺവീട്ടുകാരും മോശാക്കിയില്ല വീഴാനെന്നു കേട്ടു. മഴ ഒക്കെ പുല്ലാണേന്നു പറഞ്ഞെന്റെ നാവികൻ എന്റെ കഴുത്തിൽ താലികെട്ടിയപ്പോളും മഴ തകർത്തു പെയ്യുകയായിരുന്നു. മഴയത്തു കുളിച്ചു, പട്ടുസാരിയൊക്കെ നനഞ്ഞുപോയി. നടക്കാൻ പോലും അറിയാത്ത പെണ്ണും മഴയുടെ വികൃതി മുണ്ടിലൊക്കെ നിറച്ച ചെക്കനൂടീ ആരോ തന്ന വലിയ കാലൻ കുടയും ചൂടി അമ്പലം ചുറ്റി വന്നു. ഹോ എന്നാ മഴ ആയാലും, ഈ ഡെഡിക്കേഷൻ  എന്നു പറയണത് ഫോട്ടോ എടുക്കുന്നവരുടേതാണൂട്ടോ. ആ പെരുമഴയിലും അവരെന്നെക്കൊണ്ട് സെറ്റുസാരിയിലും പോസ് ചെയ്യിച്ചു ഫോട്ടോ എടുപ്പിച്ചു. വിശന്നു കുടലുകരിയുമ്പോളും ഇളിച്ചു നിന്നു ഫോട്ടോയെടുത്തോണ്ടേ ഇരുന്നു. അവസാനം ചോറുണ്ണാനിരുന്നപ്പോൾ കേട്ടു ഫോട്ടോഗ്രാഫർ ചേട്ടനും ആ വെള്ളക്കുഴിയിൽ വീണെന്നു. അങ്ങനെ വേണം ഉണ്ണാൻ വിടാതെ ഫോട്ടോ എടുപ്പിച്ചതിനു ഞാൻ പ്രാകീതാ.

ഊണുകഴിഞ്ഞ് അടുത്ത ഫാഷൻപരേഡും ഫോട്ടോയെടുപ്പും കഴിഞ്ഞു കാറിൽ കയറാൻ നേരമായി. മഴകാരണം കരഞ്ഞിട്ടൊരു കാര്യോമില്ല. കരയാൻ നോക്കിയാലും മഴത്തുള്ളി വീണതാന്നു പറയും എന്റെ കുടുംബക്കാര്. അങ്ങനെ ഇവിടുത്തെ യുദ്ധം കഴിഞ്ഞു കിട്ടിയ ചെണ്ട്, മാല സാരി ഇത്യാദിയുമായി ഞാൻ കെട്ടിയോന്റെ വീട്ടിലോട്ട് പോകാനിറങ്ങി. ഒരുവഴിക്കു പോകുവല്ലേ, മഴേം എന്റെ കൂടെ പോന്നു. അങ്ങേരുടെ വീട്ടിലോട്ടു പോണേൽ ബോട്ടിൽ കയറണം. ദേ അടുത്ത പണി. ദൈവമേ അങ്ങേരു കൂളായി കയറിപ്പോണു. ഞാനാണേൽ നനഞ്ഞ സാരിയും ബാക്കി ഐറ്റംസുമായി ഏതു കാലുവച്ചു കയറിയാലും വീഴുമെന്ന ഉറപ്പിലും.ആകെയുള്ള നാത്തൂനും മുങ്ങീന്നു തോന്നുന്നു. കയറാതെ പറ്റില്ല എന്നു കരുതി വിഷമിച്ചു നിന്നപ്പോൾ  അങ്ങേരു തന്നെ വന്നെന്നെ കൈപിടിച്ചുകയറ്റി. എവിടെ ഫോട്ടോ... ചേട്ടനതൊന്ന് ഫോട്ടെയെടുക്കണം ടേക്കൊന്നൂടി. അങ്ങേരെ ചുരുട്ടിക്കൂട്ടി ആ കായലിലോട്ടിടാനുള്ള കലി വന്നെങ്കിലും വീണ്ടും കയറി, അല്ല കയറ്റി എന്നു പറയണതാ ശരി.

മഴ നനഞ്ഞ ആ കല്യാണവും ബോട്ട് യാത്രയും പതിമൂന്നു വർഷായിട്ടും ഞങ്ങളു മാത്രല്ല സ്വന്തക്കാരാരും മറന്നിട്ടില്ല. കുടുംബത്തിലെ ഓരോ കല്യാണത്തിനും വിശേഷങ്ങൾക്കും ആരേലും അത് ഓർമ്മിപ്പിച്ചോണ്ടിരിക്കും. കൈമാറി വരുന്ന കുടുംബകഥകളെപ്പോലെ, വന്നു കയറുന്ന ഓരോ പെണ്ണിനും, ചെക്കനും ഈ കഥയറിയാം. അതുപോലെ അവരുടെ മക്കളിലോട്ടും ആ കല്ല്യാണക്കഥ ഈ മഴ പോലെ ഒഴുകുന്നുണ്ട്.

ഇനിയും തോരാത്ത മഴകള്‍

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍
 

 

Follow Us:
Download App:
  • android
  • ios