
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.
കാറ്റൊരു ശല്ല്യമായ നാടായിരുന്നു അത്. ഓണത്തിനുണ്ണാന്‍ ഒരില പോലും തരാതെ കീറിക്കളയുന്ന കാറ്റ്, മുറ്റമെപ്പോഴും ഇലയില്‍ മൂടുന്ന കാറ്റ്, വെയിലില്‍ കഴുകി ഒന്നിന് മുകളില്‍ ഒന്നായി ഉണങ്ങാന്‍ അടുക്കുന്ന അലുമിനിയം കലങ്ങളെ മറിച്ച് വീഴ്ത്തി ഉരുട്ടിക്കളയുന്ന കാറ്റ്.
ആ കാറ്റിലേക്കാണ് വര്‍ഷത്തില്‍ പാതിയും മഴ പെയ്യുന്നത്. 'വേനലാല്‍ പൊള്ളിയ മണ്ണിലേയ്ക്ക് പെയ്യുന്ന മഴ' എന്ന പ്രയോഗമൊന്നും അന്ന് അവിടെ കേട്ട് കേള്‍വി പോലും ഉണ്ടായിരുന്നില്ല. മെയ് മാസത്തിലെ ഇത്തിരി വെയിലായിരുന്നു അവിടെ വേനല്‍ കാലം.
ആ ചൂടിന്‍റെ സുഖത്തിലേക്ക് പെട്ടെന്ന് ആകാശം കറുക്കും. അത് കാണുമ്പോള്‍ മുറ്റത്തെ പരമ്പില്‍ ചൂടുകായുന്ന കുരുമുളക് മണികള്‍ ചണച്ചാക്കിലേക്ക് ഉരുണ്ടു കൂടും, കഴുകിയുണക്കി മടക്കിയ കരിമ്പടം അടുത്ത പൂപ്പല്‍ മണത്തിന് മൂക്ക് കൂര്‍പ്പിക്കും, അടുപ്പിന്‍പാതകത്തിന് മുകളിലെ ചേരിലേക്ക് കോടാലിപ്പാടുണങ്ങാത്ത വിറകുകള്‍ അടുങ്ങിയിരിക്കും, അടുപ്പില്‍ സൂര്യനുരുകുംപോലെ ഉമിത്തീയ് ചുവന്നു ചൂടാകുമ്പോള്‍ തണുത്ത ജീവനുകള്‍ ചുറ്റിനുമിരുന്നു ജീവിതം ചുട്ടുതിന്നും. അപ്പോള്‍ വിനോദ യാത്ര പോയൊരാള്‍ വീട്ടിലേയ്ക്ക് മടങ്ങുന്നത്ര ആലസ്യത്തോടെ മഴക്കാലം അവിടേക്ക് മടങ്ങിവരും.
അങ്ങിനൊരു മഴക്കാലം അടുത്തപ്പോഴാണ് അമ്മയുടെ വയറു വീര്‍ത്തു വീര്‍ത്തു വന്നത്. അതില്‍ നോക്കി നോക്കി നില്‍ക്കെ എന്നെ ജൂണ്‍ ഒന്നാം തീയതി അണക്കര സ്‌കൂളില്‍ കൊണ്ടുചെന്നാക്കിയതും അമ്മയായിരുന്നു. അന്നും മഴ പെയ്തു കാണണം. ഓര്‍മ്മയില്ല. ജനലില്‍ കൂടി പുറത്ത് നില്‍ക്കുന്ന അമ്മയെ ഇടയ്ക്കിടെ നോക്കി 'കരയരുത് കേട്ടോ' എന്ന കണ്‍ഭാവത്തെ അനുസരിച്ച് ഇരുന്നത് മാത്രമേ ഓര്‍മ്മയുള്ളൂ.
എനിക്ക് തണുത്തിട്ടുണ്ടാവണം, എന്റെ പുതിയ ഉടുപ്പും പുസ്തകവും നനയാതെ അമ്മ കുട ചെരിച്ചു പിടിച്ചു കണ്ടത്തിന്‍ വരമ്പിലൂടെ വീര്‍ത്ത വയറിന്‍റെ കിതപ്പിലേയ്ക്ക് എന്നെ ചേര്‍ത്ത് പിടിച്ചു നടന്നിട്ടുണ്ടാവണം. എനിക്ക് അത് ഓര്‍മ്മയേയില്ല.
അതിന്റെ അടുത്ത ആഴ്ച, കൃത്യം ജൂണ്‍ പത്താം തീയതി ഞാന്‍ ആദ്യമായി 'ആദ്യത്തെ മഴയോര്‍മ്മ' എന്ന് പിന്നീട് പേര് വിളിക്കാനുള്ള എന്‍റെ മഴ കണ്ടു, തണുത്തു. അന്ന് മഴ കഴുകിയ വഴികളുടെ തിളക്കം കണ്ടിട്ടും എന്റെ കണ്ണ് നിറഞ്ഞുവന്നു.
അതിന്‍റെ തലേന്നാണ് അമ്മയുടെ വീര്‍ത്ത വയറൊഴിഞ്ഞ് അനിയത്തി വന്നന്നത്. അമ്മയും കുഞ്ഞും ആശുപത്രിയിലായ ആ രാത്രി ഞാന്‍ അച്ഛനെ കെട്ടിപിടിച്ചുറങ്ങി. ഉറങ്ങി എണീക്കുമ്പോള്‍ സ്‌കൂളില്‍ പോകേണ്ടി വരുമെന്ന് ഓര്‍ത്തതേയില്ല. തണുപ്പ് പുതച്ച് അടുക്കളയില്‍ ചെന്നപ്പോഴാണ് ബീന്‍സ് പയര്‍ മെഴുക്കുപുരട്ടിയിലേക്ക് പച്ചവെളിച്ചെണ്ണ ഒഴിക്കുന്ന മണത്തിനൊപ്പം സ്‌കൂളില്‍ പോകണ്ടേ, കുളിച്ചിട്ടു വാ എന്ന നിര്‍ദേശം കിട്ടിയത്.
അന്ന്, ജൂണ്‍ പത്താം തീയതി, ആദ്യമായി ഞാന്‍ അച്ഛന്‍റെ തോളിലിരുന്ന് സ്‌കൂളില്‍ പോയി. എന്‍റെ പുസ്തകവും, ഞാനും, കറുത്ത നീളന്‍ കുടയും, വെള്ളമുണ്ടിന്‍റെ തുമ്പും അച്ഛന്‍റെ കയ്യില്‍ തായം കളിച്ചുകൊണ്ടിരുന്നു.
ഞങ്ങള്‍ സ്‌കൂളിലെത്തുമ്പോള്‍ മഴ ആര്‍ത്തലച്ചു പെയ്യുകയായിരുന്നു. ഞാന്‍ നനഞ്ഞു കുതിര്‍ന്ന പുറവും മുടിയും കുടഞ്ഞ് കൊണ്ട് തോളില്‍ നിന്നും വരാന്തയിലേക്ക് ഇറങ്ങി. ആരും വന്നിട്ടില്ല. മഴയുദ്ധം നടത്തുന്ന മുറ്റത്ത് വെള്ളം കുത്തിനിറയുകയാണ്. ഇടിമുഴങ്ങുന്നത് പോലും നേര്‍ത്ത് പോകും പോലെയാണ് കാറ്റ് മഴയെ തല്ലി ശകാരിക്കുന്ന ശബ്ദം.
ഞാനപ്പോള്‍ ജീവിതത്തിലെ ആദ്യത്തെ ഏകാന്തതയും ശൂന്യതയും ഭയവും അനുഭവപ്പെട്ടതിന്‍റെ ഇരുളില്‍ കണ്ണുരുട്ടി ആ വരാന്തയില്‍ നിന്നു.
എന്‍റെ ഉരുണ്ട കണ്ണിലെ ഭാവങ്ങള്‍ കാണാതെ അച്ഛന്‍ എന്‍റെ കൈപിടിച്ച് കൊണ്ട് ക്ലാസ്സിലേക്ക് നടന്നു. എന്‍റെ കാല്‍മുട്ടില്‍ കൂടി ഉടുപ്പില്‍ നിന്നും ഒലിച്ചിറങ്ങിയ മഴത്തുള്ളികള്‍ എന്നെ നടക്കാന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. മരപ്പലകകള്‍ അടിച്ചു വേര്‍തിരിച്ചതായിരുന്നു ഞങ്ങളുടെ ക്ലാസ് മുറികള്‍. ജനലില്‍ കൂടി വരുന്ന വെളിച്ചത്തിനപ്പുറം മറ്റൊന്നും അവിടെ ഇരുട്ടിനെ മായ്ക്കാന്‍ ഉണ്ടായിരുന്നില്ല.
ആ വലിയ മുറിയുടെ കോണില്‍ മരപ്പലകയിട്ട ഭിത്തിയോട് ചേര്‍ന്ന് ഒരു കുട്ടി ഇരിക്കുന്നത് അച്ഛനാണ് കണ്ടത്. ഞങ്ങളെ കണ്ട് എഴുന്നേറ്റു നിന്ന അവളെ അച്ഛന്‍ അടുത്തേക്ക് വിളിച്ചു. കണക്ക് തെറ്റി തയ്ച്ചതുപോലുള്ള മുക്കാല്‍ നീളം മഞ്ഞ പാവാടയും, പിന്നില്‍ കൊളുത്തുള്ള ഓറഞ്ച് ബ്ലൗസും ആയിരുന്നു അവള്‍ ഇട്ടിരുന്നത്. മുടിയില്‍ കനകാംബര പൂവ് 'റ' പോലെ വച്ചിരുന്നു.
എന്‍റെ കൈ പിടിച്ച് അച്ഛന്‍ അവളുടെ കൈയ്യില്‍ കൊടുത്തു. 'നോക്കിക്കോണേ' എന്നൊരു നിര്‍ദേശം അവള്‍ക്ക് കൊടുത്ത അച്ഛന്‍ 'അവളുടെ കൂടെ ഇരുന്നോ കേട്ടോ , പിള്ളേരൊക്കെ ഇപ്പൊ വരും, നമ്മള് നേരത്തെ വന്നോണ്ടാ' എന്നെന്നോട് പറഞ്ഞ ശേഷം തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് ഇറങ്ങിപ്പോയി.
അവള്‍ക്ക് എന്നെക്കാള്‍ ഉയരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അവളെ വിശ്വസം തോന്നി. മഴയുടെ ആയത്തില്‍ നിന്നും കാറ്റിന്‍റെ ദേഷ്യത്തില്‍ നിന്നും ഇരുട്ടിന്‍റെ ചൂടില്‍ നിന്നും അവള്‍ എന്നെ രക്ഷിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
അവള്‍ എന്‍റെ കൈ മുറുകെ പിടിച്ചുകൊണ്ടു ബെഞ്ചില്‍ ഇരുന്നപ്പോള്‍ 'പേരെന്താ' എന്ന് ഞാന്‍ ചോദിച്ചു. 'വനിത, ഒന് പേരെന്നാ ?' എന്ന മറുപടികൊണ്ട് അവളെന്നെ ഭാഷയുടെ പുതിയ താളം പഠിപ്പിച്ചു. അങ്ങനെ ഞാന്‍ ആദ്യമായി ഒന്നാം ക്ലാസ്സില്‍ പഠനം തുടങ്ങി.
ഞാന്‍ പിന്നെയും പിന്നെയും ആ മഴത്തണുപ്പുകളെ അതിജീവിച്ചുകൊണ്ടിരുന്നു.
മഴ പിന്നെയും പെയ്തുകൊണ്ടേയിരുന്നു. ജൂണില്‍ പുത്തന്‍ പുസ്തക മഴയും, കര്‍ക്കിടകത്തിലെ പഞ്ഞ മഴയും, ചിങ്ങത്തിലെ ഓണം കറുപ്പിക്കുന്ന മഴയും, ഉച്ച പെയ്ത്തു പെയ്യുന്ന തുലാ മഴയും, ഇടമുറിയാത്ത ഇടവപ്പാതി മഴയും, എന്നും ഇടുക്കിയെ, അണക്കരയെ, ഉദയഗിരി മേടിനെ കഴുകിക്കൊണ്ടേയിരുന്നു.
ഒരു രാത്രിയില്‍, മണ്ണെണ്ണ വിളക്കിന്‍റെ പുകമണത്തില്‍, കൂട്ടായ ആട്ടിന്‍കുട്ടിയ്ക്കൊപ്പം വീടിനുള്ളില്‍ പെയ്ത മഴയെ മറച്ച് ഞാന്‍ കുടയ്ക്കുള്ളില്‍ കണ്ണ് കൂമ്പിയിരുന്നപ്പോള്‍ മഴയോടും കാറ്റിനോടും തോറ്റുതുന്നംപാടിയ ആ വീട് അമര്‍ന്നു വീണു പോകവേ, എന്‍റെ കാല്‍ പാദത്തിലേക്ക് തെറിച്ച ഇഷ്ടിക കഷ്ണം ഉറക്കം മാറ്റിക്കളഞ്ഞിട്ടും ഞാന്‍ പിന്നെയും പിന്നെയും ആ മഴത്തണുപ്പുകളെ അതിജീവിച്ചുകൊണ്ടിരുന്നു.
വിശപ്പിനുള്ള അരി പോലും വീട്ടിലേയ്ക്കുള്ള വഴി മറക്കുന്ന ചില മഴക്കാലങ്ങളില്‍ പാതിവിളവില്‍ കാറ്റ് ഓടിച്ച വാഴക്കായകള്‍ വട്ടത്തിലരിഞ്ഞു വേവിച്ച്, തേങ്ങയും കാന്താരി മുളകും ചതച്ചിട്ട്, വെളിച്ചെണ്ണ ഒഴിച്ച് കുഴച്ചെടുത്തത് കാന്താരി ഉടച്ചതില്‍ മുക്കി കഴിച്ച് അരിയേയും മഴയേയും തോല്‍പ്പിക്കുന്നവരുടെ തണലില്‍ മഴ ജീവിതം ജീവിച്ചുകൊണ്ടേ ഇരിക്കുന്നു.
അത് കൊണ്ട്, എനിക്ക് മഴയോര്‍മ്മകള്‍ എന്ന് പറയുമ്പോള്‍ തണുത്ത് കുളിര്‍ന്ന പ്രണയവും ആവി പറക്കുന്ന ചായക്കോപ്പയും, തിളങ്ങുന്ന ഇലകളും കുതിര്‍ന്നു കൂമ്പിയ പൂക്കളും വരിനില്‍ക്കുന്ന ഇടവഴികളും, വലഞ്ഞു നീണ്ടു പോകുന്ന ടാര്‍ റോഡിന്‍റെ തിളക്കത്തില്‍ ചുവന്നു പതുങ്ങുന്ന കെ.എസ്.ആര്‍.ടി.സി ബസും ഓര്‍മ്മയില്‍ നിറയുന്ന അലോസരം ഉണ്ടാവാറില്ല.
അത് ഓര്‍മ്മയില്‍ മഴയില്ലാത്തത് കൊണ്ടല്ല, ഓര്‍മ്മ മഴയായത് കൊണ്ടാണ്.
ഇനിയും തോരാത്ത മഴകള്‍
ധന്യ മോഹന്‍: പെരുമഴയത്തൊരു കല്യാണം!
ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍
ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കുഞ്ഞുണ്ടായ കഥ...
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.