മഴപ്പേടികള്‍ക്ക് ഒരാമുഖം

സാനിയോ |  
Published : Mar 22, 2022, 07:37 PM IST
മഴപ്പേടികള്‍ക്ക് ഒരാമുഖം

Synopsis

ആ മഴ ഇനിയും തോര്‍ന്നിട്ടില്ല സാനിയോ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

മഴയോര്‍മകള്‍ക്ക് ഒരു കുളിരുമില്ല, ഒരിക്കലുമവ ഓര്‍മകളെ നനച്ച് കടന്ന് വന്നിട്ടുമില്ല. ആകെ ഓര്‍മയുള്ള സ്‌കൂള്‍ മഴക്കാലം ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉള്ളത് മാത്രമാണ്. മഴ നനയാനോ, ചെളിയില്‍ കളിക്കാനോ ഒന്നും ഉല്‍സാഹമില്ലാത്ത കുട്ടിയായി വളര്‍ന്നതിനാല്‍ എങ്ങനെയൊക്കെയോ നടന്ന് വീട്ടിലെത്തിയത് മാത്രമാണ് അവിടെയും ബാക്കിയാവുന്ന ഓര്‍മ. പിന്നീടുള്ളതെല്ലാം പേടിപ്പെടുത്തുന്നവയായിരുന്നു. ഇടിയെ പേടി, കാറ്റിനെ പേടി, മഴയെ പേടി, മഴക്കാലത്ത് വീട്ടിലും മുറ്റത്തും കരഞ്ഞ് ഒച്ചവെക്കുന്ന പച്ചത്തവളയെ പേടി.... (പിന്നീട് അവയെ പിടിച്ച് പൊരിച്ച് തിന്ന് പേടി മാറ്റിയെങ്കിലും!)

തറവാട്ടില്‍ നിന്നും പെട്ടെന്ന് മാറിയ കാലത്ത് ചുറ്റിനും വെള്ളക്കെട്ടുള്ള ഒരു താഴ്ന്ന പ്രദേശത്തെ ചെറിയ വീട്ടിലായിരുന്നു താമസം. അനിയത്തി കുഞ്ഞുവാവ ആയിരുന്ന കാലത്തൊരിക്കല്‍ ഒരു മഴക്കാലത്ത് പൊടുന്നനെ അവളെ കാണാതായി. എന്നത്തെയും പോലെ മരണത്തെയായിരുന്നു അന്നും പേടി, സ്വന്തം മരണത്തെ അല്ല, പ്രിയപ്പെട്ടവരുടെ മരണത്തെ, അവളെ ആ വെള്ളക്കെട്ടില്‍ കണ്ടെത്തുമെന്നും വെളുത്ത തുണിയില്‍ പൊതിഞ്ഞ് അവളെ വീട്ടില്‍ കൊണ്ട് വരുമെന്നും കരുതി പേടിച്ച് വിറച്ച് പോയി. എല്ലാരും അവളെ വിളിച്ച് ഓടി നടക്കുമ്പോാള്‍ ഞാന്‍ മാത്രം വരാനിരിക്കുന്ന ദുരന്തമോര്‍ത്ത് പുതച്ച് മൂടിക്കിടന്നു. പിന്നീടവളെ വീടിന്റെ പുറകില്‍ കണ്ടെത്തിയെങ്കിലും മെനഞ്ഞ് കൂട്ടിയ കഥകളുടെ പേടിയില്‍ കുറേ ദിവസം അങ്ങനെ പോയി. ഇന്നും മഴ പെയ്യുമ്പോള്‍ അകാരണമായ പേടിയാണ് കൂട്ടിന്. 

വന്നുപോയ പ്രണയങ്ങളൊക്കെയും വേനലിലായിരുന്നു, വേനല്‍ പോലെ പൊള്ളിപ്പോയവ, ഇപ്പോള്‍ കൂട്ടിനുള്ളത് മഞ്ഞ് പോലെ നെഞ്ചില്‍ ഉറഞ്ഞ് പോയൊരാള്‍, ഒരുമിച്ചുള്ള ഒരുപാട് മഴക്കാലങ്ങള്‍ കടന്ന് പോയിട്ടും ഒരു മഴയാത്രക്ക് പോലും ഇത് വരെ ധൈര്യം വന്നില്ല, പേടിയാണ്. കോരിച്ചോരിയുന്ന മഴയില്‍ ഉടലടക്കം ഒലിച്ച് പോകുമോ എന്ന പേടി, ഒരു വലിയ കാറ്റ് ശൂന്യതയിലേക്ക് പറത്തി കൊണ്ട് പോകുമോ എന്ന പേടി. ഒരിടിവാളില്‍ ആകെ ശൂന്യമായി പോകുമോ എന്ന പേടി. 

മഴച്ചീളുകള്‍ ദേഹത്ത് വന്ന് വീഴുമ്പോാള്‍ മുറിവ് പറ്റാറുണ്ട്, നല്ല ആഴമുള്ള മുറിവ്, മറന്ന് തുടങ്ങിയ സങ്കടങ്ങളെല്ലാം ഒരുമിച്ച് വന്ന് പെയ്ത് പോകുന്ന കാലമാണിത്. മഴക്കാലത്ത് നടുന്ന മരങ്ങള്‍ വേനലില്‍ മാത്രമാണ് ആഹ്ലാദമായത്. എത്ര ഉണങ്ങിക്കരിഞ്ഞാലും മഴ നനഞ്ഞ് നില്‍ക്കുന്നതിനേക്കാള്‍ സ്‌നേഹം തോന്നുക വേനലിന്റെ ഉണക്ക് തന്നെയാണ്.

വര്‍ഷങ്ങള്‍ക്കിപ്പുറത്ത് കഴിഞ്ഞ അഞ്ചാറു വര്‍ഷമായി മഴയാസ്വദിക്കാനുള്ള സാഹചര്യങ്ങളെല്ലാമുണ്ടായിട്ടും ജോലിഭാരവും പഠനത്തിരക്കുകളും അങ്ങനെയെന്തൊക്കെയോ വില്ലനായി. എല്ലാകാലത്തും എന്നപോലെ ഇപ്പോഴും മഴയെത്തുമ്പോള്‍ അകാരണമായും പേടിയും സങ്കടങ്ങളും ഒറ്റപ്പെടലും കൊണ്ട് തണുത്തുവിറക്കുകയാണ് ഞാന്‍,  മനുഷ്യന്‍ മഴക്കാലം മുഴുവന്‍ കിടന്നുറങ്ങുന്ന ജീവിയായിരുന്നെങ്കില്‍ എത്ര നന്നായേനെ!

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: 

ധന്യ മോഹന്‍

ജില്‍ന ജന്നത്ത്.കെ.വി: 

ജാസ്മിന്‍ ജാഫര്‍: 

നിഷ മഞ്‌ജേഷ്: 

കന്നി എം: 

ജ്യോതി രാജീവ്: 

സ്മിത അജു: 

കെ.വി വിനോഷ്: 

ജാസ്‌ലിന്‍ ജെയ്‌സന്‍: 

സഫീറ മഠത്തിലകത്ത്: 

ഹാഷ്മി റഹ്മാന്‍: 

ഡോ. ഹസനത് സൈബിന്‍: 

ഷാദിയ ഷാദി: 

ശരത്ത് എം വി: 

രോഷ്‌ന ആര്‍ എസ്: 

നിച്ചൂസ് അരിഞ്ചിറ: 

ശരണ്യ മുകുന്ദന്‍: 

ഗീതാ സൂര്യന്‍​: 

റീന പി ടി: 

ഫസീല മൊയ്തു: 

മനു ശങ്കര്‍ പാതാമ്പുഴ: 

ഫാത്തിമ വഹീദ അഞ്ചിലത്ത് :  

ഉമൈമ ഉമ്മര്‍: 

ശംഷാദ് എം ടി കെ: 
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ